സുനില്‍ പൂവറ്റൂര്‍
നിനക്കു തളിരിടുവാന്‍
ഞാന്‍ കുളിരു കോരി.
പൂത്തു പൊട്ടിച്ചിരിക്കുവാന്‍
വസന്തമൊരുക്കി.
കല്ലേറുകള്‍ക്ക് ഞാന്‍
പരിചയായ് നിന്നു.
കണ്‍ നീരിനൊഴുകു വാന്‍
എന്‍ കവിളുകള്‍ തന്നു.
നിന്നെ രുചിക്കാനായ്
നാവ് നീട്ടും കൊടുംവേനലിന്റെ,
കൊതി ഞാന്‍
പെയ്തിറങ്ങി കെടുത്തി.
മുള്ളുകളും വിഷപ്പല്ലുകളും
നിനക്ക് മുമ്പേ
നടന്നേറ്റു വാങ്ങിയെന്‍
ചുവടുകള്‍ വളരാന്‍
നിനക്ക് വഴിയൊരുക്കി.
എന്റെ തഴുകലാല്‍ മാത്രമേ
നീ തളിര്‍ത്തതുള്ളൂ.
ഞാന്‍ പറയും നിറത്തിലെ
നീ പൂത്തതുള്ളൂ.
അന്ധനായിരുന്നു ഞാന്‍
എന്നറിഞ്ഞതിനു ശേഷം
മൊട്ടിടാത്ത നിന്നെ ഞാന്‍
എന്ത് പറഞ്ഞു പൂവണിയിക്കണം?