റൂബി
സാജു പുല്ലൻ

മുട്ടുകേട്ടപ്പോൾ
വഴക്കിട്ടു പോയതൊക്കെ തിരിച്ചു വരികയാണെന്ന്‌
റൂബി കരുത്തിയതേയില്ല
വാതിൽ തുറക്കും വരെ.

ആദ്യം കടന്നു വന്നത്‌ ഒരു റോസാ പൂവായിരുന്നു
ഹാപ്പി ബർത്ത്ഡേ ടു യു എന്ന്‌ അത്‌ ആശംസിച്ചപ്പോൾ
ദീപക്കിന്റെ സ്വരം -
മൂന്നുകൊല്ലം റൂബിയുടെ ബർത്ത്ഡേ അവൻ ഓർത്തിരുന്നു
പിന്നെയെപ്പോഴോ മറന്നു
അല്ലെങ്കിലും
എത്ര മനഃപാഠമാക്കിയാലും ചില കാര്യങ്ങൾ
പഠിപ്പു കഴിയുമ്പോഴേക്കും മറക്കും...!

പിന്നാലെ വന്നത്‌ ഒരു പ്രസന്റേഷൻ കിറ്റായിരുന്നു
അമ്പേറ്റ ഒരു ഹൃദയം അതിൽ തുടിച്ചുകൊണ്ടിരുന്നു
മനേഷ്‌ അതു തന്നു കൊണ്ട്‌ - ഇതാ ഒരു സമ്മാനം -
എന്ന്‌ ചുണ്ടിനോട്‌ പറഞ്ഞത്‌...
ഇന്നലെ കേട്ടപോലെ റൂബിയോർക്കുന്നു -
അവനതൊക്കെ എന്നോ മറന്നു കളഞ്ഞു!!

അല്ലെങ്കിലും പറഞ്ഞതൊക്കെ ഓർത്തിരിക്കാൻ
ആരെകൊണ്ടാവും...
അമ്പ്‌ അവളിൽ ഉപേക്ഷിച്ച്‌
ഹൃദയം
വന്ന വഴി തന്നെ തിരിച്ചുപോയി.

ഒടുവിൽ വന്നത്‌ സംഗീതായിരുന്നു...
വേഷം മാറി മറ്റൊരു പേരിൽ വന്നാലും
റൂബിക്കവനെ തിരിച്ചറിയാം
സുന്ദരീന്ന്‌ അവന്റെ വിളിമാത്രം മതി
തളിർക്കാൻ
തനിയെ നിൽക്കില്ലല്ലോ; താങ്ങില്ലെങ്കിൽ വീഴുമല്ലോ;
എപ്പോഴുമവൻ മുല്ലവള്ളീന്ന്‌ കളിയാക്കും...
നെഞ്ചോരം താങ്ങും...,
ചുറ്റി അവനിൽ പടരുമെന്നേരം.
മുല്ല പൂത്തു...
അവൻ കളിപറയലും നിർത്തി
അല്ലെങ്കിലും പൂത്തമുല്ലയെക്കാളും അവനിഷ്ടം
തളിരിടുന്നതിനെയായിരുന്നു...

പൂവും സമ്മാനപൊതിയും
വാതിലിനു മുമ്പിൽ കാത്തു നിൽക്കുന്നു...

സുന്ദരീന്നും വിളിച്ച്‌ നിൽക്കുന്നത്‌
സന്തോഷാണെന്ന്‌
റൂബി സമ്മതിക്കുന്നില്ല...

ദീപക്കല്ല മനേഷല്ല സംഗീതല്ല
സന്തോഷാണ്‌ ഞാൻ
എന്ന്‌ സന്തോഷ്‌ തന്നെ ഉറപ്പിച്ചു പറഞ്ഞാലും -

റൂബി വിശ്വസിക്കുന്നില്ല...

എല്ലാം മറക്കുന്നതാണെളുപ്പമെങ്കിലും
റൂബി അക്കൂട്ടത്തിൽ കൂടുന്നില്ല,
എപ്പോഴും ഓർത്തു കൊണ്ടിരിക്കുന്നു
വഴക്കിട്ടു പോയതിനെയൊക്കെ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ