23 Feb 2013

മനസ്സ്


വിവ: എസ്‌.സുജാതൻ





ആയൂർവേദത്തിന്റെ ഒരു നിർമ്മല ശ്വാസം
ശ്രീ.ശ്രീ.രവിശങ്കർ


    ജീവന്‌ നാല്‌ വിശേഷവിധിയാണുള്ളത്‌.  പ്രാണാധാരം, പുഷ്ടിപ്പെടൽ, പ്രകാശനം, വിലയംപ്രാപിക്കൽ.  ഇതിനുവേണ്ടി പഞ്ചഭൂതങ്ങളെ ജീവൻ ആശ്രയിക്കുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം. ഇവ യഥാക്രമം അഞ്ച്‌ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: ഗന്ധം, രുചി, കാഴ്ച, സ്പർശം, ശബ്ദം.
    ആയൂർവേദം ജീവനെക്കുറിച്ചുള്ള പഠനമാണ്‌. വേദം എന്നാൽ ?അറിയേണ്ടത്‌?, ആയൂർ എന്നാൽ ?ജീവൻ?.  ആയൂർവേദപ്രകാരം ജീവൻ അഥവാ പ്രാണൻ ഒരു ഉറച്ച വസ്തുവിന്റെ ഭാഗമാകുന്നില്ല.  അതൊരു രമ്യതയാർന്ന ഒഴുക്കാണ്‌.  പഞ്ചഭൂതങ്ങൾപോലും ഒരു നിശ്ചിത പദാർത്ഥത്തിന്റെ ഞെരുങ്ങിയ രൂപമാകുന്നില്ല.  അത്‌ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്നു.  ഓരോ ഭൂതത്തിലും മറ്റ്‌ നാലെണ്ണം അടങ്ങിയിരിക്കുന്നു.  അതിനാൽ ജീവനുനേർക്കുള്ള ആയൂർവേദത്തിന്റെ സമീപനം ആത്മീയതയിൽ അധിഷ്ഠിതമാണ്‌.
    നമ്മിലെ സൂക്ഷ്മമായ മൂലഘടകം (Element) ആകാശമാണ്‌.  അതിൽ നിന്നാണ്‌ മനസ്സ്‌ നിർമ്മിതമായിട്ടുള്ളത്‌.  ഏറ്റവും സ്ഥൂലമായ മൂലഘടകം ഭൂമിയും. എല്ലും, ത്വക്കും, ശരീരാവയവങ്ങളും അതിൽ നിന്നും നിർമ്മിക്കപ്പെട്ടിരിക്കുന്നു.  ശരീരത്തിന്റെ ലക്ഷണവും സവിശേഷതയും, അത്‌ മനസ്സിനുമേൽ ഉണ്ടാക്കുന്ന പ്രതിധ്വനി ഇവയെക്കുറിച്ച്‌ മനസ്സിലാക്കാൻ ശരീരശാസ്ത്രത്തിൽ, മനുഷ്യശരീരത്തെ ത്രിദോഷങ്ങളായി വിഭജിച്ചിരിക്കുന്നു; അഥവാ വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥകളായി തരംതിരിച്ചിരിക്കുന്നു.
    ഒരസുഖം ജനിക്കുന്നത്‌ ആദ്യം ചിന്തയുടെ രൂപത്തിലാണ്‌.  അത്‌ അതിസൂക്ഷ്മഭാവത്തിലുള്ള രോഗാവസ്ഥയാകുന്നു.  പിന്നീട്‌ ശബ്ദരൂപത്തിലാകുന്നു.  തുടർന്ന്‌ പ്രകാശരൂപത്തിലും. അങ്ങനെ പ്രകാശവലയത്തിൽ (Aura) രോഗം ദൃശ്യമാകുന്നു.  ഇതിനെല്ലാം ശേഷം മാത്രമാണ്‌ രോഗം ശരീരത്തിൽ പ്രവേശിക്കുന്നത്‌.  അപ്പോഴേക്കും ശരീരദ്രാവകത്തിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.  അതിനുംശേഷമാണ്‌ സ്ഥൂലാവസ്ഥയിൽ രോഗം അറിയുന്നത്‌.  അപ്പോൾ ചികിത്സ ആവശ്യമായിവരുന്നു.  അരോമതെറാപ്പിയിൽ ഒരു അസുഖം ഭേദമാക്കാൻ കേവലം പരിമള ചികിത്സയിലൂടെ (ഘ്രാണ തർപ്പണം) സാധ്യമാകുന്നു.  ഇതു പ്രധാനമായും പ്രതിരോധഭാവത്തെ കേന്ദ്രീകരിച്ചാണ്‌.
    ആയൂർവേദത്തിന്റെ പവിത്രമായ സമീപനത്തിൽ യോഗാസന, പ്രാണായാമം, ധ്യാനം ഇവ ഉൾപ്പെട്ടിരിക്കുന്നു.  ശ്വാസം ജീവന്‌ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌.  ഒരാൾ ശ്വസിക്കുന്നില്ലെങ്കിൽ അതിന്റെ സൊ‍ാചന ജീവനില്ല എന്നാണ്‌ നാം പ്രായോഗികമായി മനസ്സിലാക്കുന്നത്‌.
    ശ്വാസവും ത്രിദോഷങ്ങളും തമ്മിലുള്ള ബന്ധം വളരെ രസകരമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ഈ ദോഷങ്ങൾ ചില അവയവങ്ങളെ മറ്റു ചിലതിനേക്കാൾ കൂടുതൽ ബാധിക്കുന്നു.  ഉദാഹരണമായി വാതദോഷം ശരീരത്തിന്റെ കീഴ്ഭാഗത്തെ കൂടുതലായി ബാധിക്കുന്നു.  വയർ, കുടൽ തുടങ്ങിയവയെ. ഗ്യാസ്ട്രബിൾ, സന്ധിവേദന മുതലായ അസുഖങ്ങൾ ഇതുമൂലമുണ്ടാകുന്നു.  കഫദോഷം ശരീരത്തിന്റെ മധ്യഭാഗത്തെ പ്രബലമായി ബാധിക്കുന്നു.  ചുമ പ്രധാനമായും ഈ ദോഷത്തിന്റെ ഫലം കൊണ്ട്‌ ഉണ്ടാകുന്നതാണ്‌.  പിത്തം ശരീരത്തിന്റെ മുകൾഭാഗത്തെയാണ്‌ ബാധിക്കുന്നത്‌ - അതായത്‌ തലയിൽ.  തലവേദനയും മുൻദേഷ്യവും പിത്തദോഷത്തിന്റെ ഒരു അടയാളമാണ്‌. 
മൂന്നുപടികളിലുള്ള (three stages) പ്രാണായാമം ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ മാറ്റാൻ സഹായിക്കുന്നു.  വിവിധ ശ്വസനപ്രക്രിയകളിൽ ചില പ്രത്യേകതരം പ്രാണായാമങ്ങൾ ശരീരത്തിന്റെ കീഴ്ഭാഗത്തിനുവേണ്ടിയും, മധ്യഭാഗത്തിനുവേണ്ടിയും, മുകൾഭാഗത്തിനുവേണ്ടിയും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു.  മൂന്നു തട്ടുകളിലുള്ള പ്രാണായാമം കഴിയുമ്പോൾ ത്രിദോഷങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ നമുക്ക്‌ അനുഭവവേദ്യമാകും.  ശരീരത്തിൽ എന്തോ ചില മാറ്റങ്ങൾ സംഭവിക്കുന്നു. നിങ്ങൾക്ക്‌ കൂടുതൽ സന്തുലിതാവസ്ഥ അനുഭവപ്പെടുന്നു.  ഈ പ്രാണായാമം ശരീരത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ്‌.  ഒരിക്കൽ നിങ്ങൾക്ക്‌ പ്രാണായാമത്തിന്റെ ലയം ലഭിച്ചുകഴിഞ്ഞാൽ ശരീരം സന്തുലിതാവസ്ഥയിൽ ഉറയ്ക്കുന്നത്‌ കണ്ടെത്താനാകും.  നിശ്ചിത പ്രാണലയം അഥവാ പ്രാണായാമരീതികൾ ത്രിദോഷങ്ങളെ തിരുത്തുകയും അതുമായി ബന്ധിക്കുന്ന ശരീരാവയവങ്ങളെ സന്തുലിതാവസ്ഥയിലേക്കു കൊണ്ടുവരികയും ചെയ്യുന്നു.  ത്രിദോഷങ്ങളെ നമ്മുടെ വിരലിലൂടെയും നാഡി അഗ്രങ്ങളിലൂടെയും അറിയാൻ കഴിയുന്നു.  ഉദാഹരണത്തിന്‌ ചൂണ്ടുവിരൽ കഫം, മധ്യവിരൽ വാതം, മോതിരവിരൽ പിത്തം. ശരീരത്തിലോടുന്ന ദോഷങ്ങൾ ചിലരിൽ ഈ വിരലുകളുടെ ആകൃതിയിലൂടെ ദർശിക്കാവുന്നതാണ്‌.  കൈവിരലുകളിലെ നാഡി അഗ്രങ്ങൾ സൂക്ഷ്മഭാവത്തിൽ മൃദുവായി അമർത്തിക്കൊണ്ട്‌ ?ഉജ്ജയ്‌ ശ്വാസ-മുദ്രപ്രാണായാമം? ചെയ്യുമ്പോഴും ശരീരത്തിലെ ത്രിദോഷങ്ങൾ സന്തുലിതാവസ്ഥയിലെത്തുന്നു.
എങ്ങനെയാണ്‌ നമ്മുടെ ശരീരത്തിന്‌ നല്ല ആരോഗ്യം കൊണ്ടുവരുന്നത്‌?  ആദ്യം നമ്മിലെ പഞ്ചഭൂതങ്ങളിൽ ആകാശഘടകത്തെ ശ്രദ്ധിക്കുക.  മനസ്സ്‌ അവിടെയാണ്‌.  നിങ്ങളുടെ മനസ്സ്‌ ധാരാളം മുദ്രണങ്ങൾകൊണ്ടും ചിന്തകൾകൊണ്ടും മൂടപ്പെട്ടതാണെങ്കിൽ നിങ്ങളുടെ പ്രതിരോധശക്തിയെ അത്‌ ചോർത്തിക്കളയുകയും നിങ്ങളുടെ ശരീരം അസുഖങ്ങൾക്കുവേണ്ടി തയ്യാറാവുകയും ചെയ്യുന്നു.  മനസ്സ്‌ ശാന്തവും സ്വച്ഛവും സന്തുഷ്ടവും ജാഗരൂകവുമാണെങ്കിൽ ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിക്കുന്നു.  ഇത്‌ രോഗം ശരീരത്തിൽ കടക്കാൻ അനുവദിക്കുന്നില്ല.  അതിനാൽ ആദ്യപ്രതിവിധി ആകാശനിർമ്മിതമായ മനസ്സ്‌ ശാന്തമാക്കുക എന്നതാണ്‌.  ഇനി അടുത്ത ഘടകമായ വായുവിലേക്കു വരാം; ശ്വസനം.  അരോമ തെറാപ്പി, പഞ്ചഭൂതങ്ങളിൽ വായുവിനെ ആശ്രയിച്ചിരിക്കുന്നു.  അടുത്തത്‌ പ്രകാശമാണ്‌; അഗ്നി - വർണ്ണ തെറാപ്പി.  രോഗം ശരീരത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ നിങ്ങൾക്ക്‌ ഒരാളുടെ പ്രകാശവലയത്തിൽ രോഗത്തെ ദർശിക്കാവുന്നതാണ്‌.  ചില ഡോക്ടർമാർ പ്രകാശവലയ ഫോട്ടോഗ്രാഫിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്‌.  പ്രത്യേകിച്ചും അൾസർ, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ.  ഈ രോഗം ശരീരത്തിൽ വ്യക്തമാകുന്നതിനു ആറുമാസം മുമ്പ്‌ അവർ ഫോട്ടോഗ്രാഫ്‌ എടുക്കുകയും അതിൽ ചില പുള്ളികൾ കാണപ്പെടുകയും ചെയ്തിട്ടുണ്ട്‌.  നമ്മുടെ ശരീരവ്യൂഹത്തെ പ്രാണൻകൊണ്ട്‌ ഊർജ്ജം കൊടുക്കുമ്പോൾ - ജൈവ ഊർജ്ജം അഥവാ ശ്വസനം - നമ്മുടെ പ്രകാശവലയം സ്വച്ഛമാകുകയും രോഗം കടന്നുവരുന്നത്‌ തടയുകയും ചെയ്യുന്നു.  അതാണ്‌ യോഗ ചെയ്യുന്നത്‌.  യോഗസൂത്രത്തിൽ പതഞ്ജലി പറയുന്നു, ?യോഗയുടെ ഉദ്ദേശ്യം ദു:ഖം ജനിക്കുന്നതിനുമുമ്പുതന്നെ നിർത്തുക എന്നതാണ്‌. ഇനി പഞ്ചഭൂതങ്ങളിൽ ജലത്തിലേക്കു വരാം.  ജലം കുടിച്ച്‌ ഉപവസിക്കുന്നത്‌ നമ്മുടെ ശരീരവ്യൂഹത്തെ ശുദ്ധീകരിച്ച്‌ സന്തുലിതാവസ്ഥയിലെത്തിക്കുന്നു.
  അവസാനത്തേത്‌ ഭൂമി.  വിവിധതരം പച്ചിലമരുന്നുകൾ, ഔഷധങ്ങൾ, ശസ്ത്രക്രിയകൾ തുടങ്ങിയവ ഭൂമിഘടകത്തിൽ വേണ്ടിവരുന്നു.  മുകളിൽ പറഞ്ഞവയിൽ നാം തോൽക്കുമ്പോൾ അഥവാ അവയെ അവഗണിക്കുമ്പോൾ ഔഷധസേവയും മറ്റും അനിവാര്യമായിവരുന്നു.
നമ്മുടെ ശ്വാസത്തിന്‌ ധാരാളം രഹസ്യങ്ങൾ നമുക്കുവേണ്ടി സമ്മാനിക്കാനുണ്ട്‌.  ഓരോ വ്യത്യസ്ത വികാരങ്ങൾക്കും സമസ്ഥാനീയമായ ശ്വസനതാളമാണുണ്ടാകുന്നത്‌.  ഓരോ വ്യത്യസ്ത ശ്വസനതാളവും ശരീരത്തിലെ ചില ഭാഗങ്ങളെ ഭൗതികമായി ബാധിക്കുന്നു.  വികാരങ്ങളുടെയും ശ്വസനങ്ങളുടേയും ഈ അത്ഭുതകരമായ പരസ്പരബന്ധം നിരീക്ഷിക്കുന്നതിലൂടെ ശരീരനിലയും മനസ്സിന്റെ ഭാവവും ധ്യാനാവസ്ഥയിലെത്തുന്നു!
നിങ്ങളെ ആരെങ്കിലും പ്രകീർത്തിക്കുമ്പോഴുണ്ടാകുന്ന സംവേദനങ്ങൾ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ?  ഒരു സൂര്യാസ്തമനം കാണുമ്പോഴോ, ഏറ്റവും വേണ്ടപ്പെട്ട പ്രിയപ്പെട്ട ഒരാളെ കാണുമ്പോഴോ നിങ്ങൾക്ക്‌ സന്തോഷം അനുഭവപ്പെടുന്നില്ലേ?  നിങ്ങൾ അപ്പോൾ അനുഭവിക്കുന്നത്‌ മനസ്സിന്റെ വികാസമാണ്‌; ബോധത്തിന്റെ വികാസം.  എന്നിരുന്നാലും നമുക്ക്‌ അനുഭവപ്പെടുന്ന സന്തോഷവും സംവേദനവും തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുന്നതിൽ നാം പരാജിതരാകുന്നു.  എന്തെന്നാൽ നമ്മുടെ പരിപൂർണ്ണശ്രദ്ധയും ആ വസ്തുവിൽ മാത്രമായി ചുരുങ്ങുന്നു.  സംവേദനത്തിൽ ശ്രദ്ധ തിരിയുന്നില്ല.  ദുരിതമനുഭവിക്കുന്ന വേളയിൽ ചുരുങ്ങിപ്പോകലിന്റെ സംവേദനം നിങ്ങൾ അനുഭവിക്കുന്നു. ഉള്ളിലെവിടെയോ മുറുക്കവും വീർപ്പുമുട്ടലും!  ബോധത്തിന്റെ ചുരുങ്ങൽ അവിടെ സംഭവിക്കുന്നു.  -  അതാണ്‌ ദുരിതം, ദു:ഖം.  നമ്മിലെ വികാസത്തെ അറിയുന്നതാണ്‌ അറിവ്‌.  എന്താണ്‌ നമ്മുടെ ശരീരത്തിൽ ചിലത്‌ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത്‌?  ഏതാണ്‌ നമുക്ക്‌ സന്തോഷവും ദു:ഖവും അനുഭവപ്പെടുത്തുന്നത്‌? ഏതാണ്‌ പ്രകടിതമാകുന്നത്‌? ഏതാണ്‌ അനുഭവവേദ്യമാകുന്നത്‌?  ഏതാണ്‌ വെളിപ്പെടുന്നത്‌?  ഏതാണ്‌ സംഭവങ്ങളിലൂടെ ചലിക്കുന്നത്‌?  ഈ അറിവ്‌, ഈ അന്വേഷണമാണ്‌ ബോധത്തെക്കുറിച്ചുള്ള പഠനം.  ജീവനെക്കുറിച്ച്‌, പ്രാണനെക്കുറിച്ച്‌, ആയൂർവ്വേദത്തെക്കുറിച്ചുള്ള പഠനം.
ശ്വസനമാണ്‌ ജീവന്റെ ആദ്യകർമ്മം.  ജീവന്റെ അവസാന കർമ്മവും ശ്വസനമാണ്‌.  ഇതിനു രണ്ടിനുമിടയിൽ നാം ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക്‌ വിടുകയും നിരന്തരം ചെയ്തുകൊണ്ടേയിരിക്കുന്നു.  എന്നാൽ നാം ശ്വാസത്തിൽ ശ്രദ്ധ വെക്കുന്നില്ല.  ശ്വാസത്തെ ശ്രദ്ധിച്ചാൽ ഒരു മിനുട്ടിൽ 16 മുതൽ 17 പ്രാവശ്യം നമ്മൾ ശ്വാസോച്ഛ്വാസം ചെയ്യുന്നുവേന്ന്‌ കണ്ടെത്താൻ കഴിയും.  നിങ്ങൾ നിരാശയിലാണെങ്കിൽ ഇത്‌ 20 പ്രാവശ്യമായി ഉയരും.  നിങ്ങൾ വളരെ പിരിമുറുക്കത്തിലും ദേഷ്യത്തിലുമാണെങ്കിൽ ഒരു മിനുട്ടിൽ 25 പ്രാവശ്യവുമാകാം.  എന്നാൽ ശാന്തവും സന്തോഷവുമാണെങ്കിൽ പത്തുപ്രാവശ്യം മാത്രം ശ്വസിക്കുന്നു.  നിങ്ങൾ ആഴ്‌ന്ന ധ്യാനത്തിലാണെങ്കിൽ രണ്ട്‌ ശ്വാസം അല്ലെങ്കിൽ മൂന്ന്‌!
നിങ്ങൾ ഒരു ശിശുവിനെ നിരീക്ഷിച്ചാൽ അതിന്റെ ശ്വസനക്രമം എത്ര വിസ്മയകരം!  എത്ര സന്തുലിതമാണ്‌ അതിന്റെ ശ്വസനം.  ശിശുവിന്റെ ശ്വസനം ശരീരത്തിന്റെ മൂന്നു ഭാഗങ്ങളിൽനിന്നും നടക്കുന്നു.  അവരുടെ ശ്വാസം വളരെ ആഴമുള്ളതാണ്‌.  അവർ ശ്വാസം എടുക്കുമ്പോൾ വയർ പുറത്തേക്ക്‌ വരുന്നു,  ശ്വാസം വിടുമ്പോൾ വയർ അകത്തേക്കു പോകുന്നു.  എന്നാൽ കൂടുതൽ പിരിമുറുക്കത്തിലാണ്‌ നിങ്ങളെങ്കിൽ നിങ്ങൾക്ക്‌ നേരെ മറിച്ചാവും സംഭവിക്കുക.  നിങ്ങൾ സ്കൂളിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഇതു പഠിക്കുന്നില്ല.  നിങ്ങളുടെ മനസ്സിൽ തീക്ഷ്ണതയും സൂക്ഷ്മതയും ഉണ്ടെങ്കിൽ നിങ്ങൾ വളരെ കൂടുതൽ പഠിക്കുന്നു.  കേവലം നിങ്ങൾക്കു ചുറ്റുമുള്ള കുട്ടികളെ, ജനങ്ങളെ, പ്രകൃതിയെ നിരീക്ഷിക്കുന്നതിലൂടെ. എന്നാൽ, നമ്മുടെ മനസ്സ്‌ നമ്മുടേതായ ചില നിർണ്ണയങ്ങളും അഭിപ്രായങ്ങളും മുദ്രണങ്ങളും കൊണ്ട്‌ നേരത്തെ നിറഞ്ഞു കവിഞ്ഞിരുന്നാൽ നമുക്ക്‌ പ്രകൃതിയിലെ സംശുദ്ധമായ, സംസ്കൃതമായ കാര്യങ്ങളെ നിരീക്ഷിക്കാനും ഗ്രഹിക്കാനും കഴിയാതെ പോകുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...