23 Feb 2013

വിചിന്തനങ്ങള്‍

  സുധാകരൻ ചന്തവിള


കല്ലടക്കാരന്റെ കാവ്യലോകങ്ങൾ


    മലയാള കവിതയ്ക്ക്‌ ഡി. വിനയചന്ദ്രനെ നഷ്ടപ്പെട്ടു. കവിതയിൽ നിശൂന്യതയുടെ ഇടം കൂടുതൽ ഉണ്ടായതുപോല! കവിയായി ജനിച്ചയാളാണദ്ദേഹം. വ്യാപരിച്ച എല്ലാ മണ്ഡലങ്ങളിലും ഒരു പ്രത്യേകതയോടെ ജീവിച്ചയാൾ. അദ്ധ്യാപനത്തിലും കവിതയിലും ജീവിതത്തിലുമെല്ലാം ഒരു വേറിട്ട ശബ്ദത്തിനുടമ.  ഉടുപ്പിലും നടപ്പിലും ചൊല്ലലിലും വാമൊഴിയിലുമൊക്കെ ഒരു അനന്യത-അതായിരുന്നു ഡി. വിനയചന്ദ്രൻ.
    ആയിരത്തിതൊള്ളായിരത്തിയെൺപതിലാ

ണ്‌ ഞാൻ വിനയചന്ദ്രനെക്കുറിച്ച്‌ കേൾക്കുന്നത്‌. പൊതുവിൽ കവിതയുടെയും സാഹിത്യത്തിന്റെയും ജൈവാവസ്ഥ കൂടുതലുണ്ടായിരുന്ന എൺപതുകൾ എന്നിൽ കാവ്യാഭിനിവേശവും സാഹിത്യാഭിനിവേശവും കടന്നുവന്ന കാലം. രണ്ടുവർഷങ്ങൾക്കുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സാഹിത്യം ഐച്ഛികമായി പഠിക്കാൻ എത്തിച്ചേർന്നു. ക്ലാസ്സുതുടങ്ങി രണ്ടാം ദിവസം, കുറുത്തു നീണ്ട ആ കല്ലടക്കാരനായ കവിയെ-അദ്ധ്യാപകനെ നേരിൽ കണ്ടു. ഞങ്ങളുടെ ക്ലാസ്‌ ടീച്ചറായിരുന്നു അദ്ദേഹം. ടെയിം ടേബിൾ (Time Table) പറഞ്ഞുതരുന്നതിനിടയിൽ അദ്ദേഹത്തിന്റെ ക്ലാസ്‌ പിരീഡിനെ ഡി. വി (D.V) എന്നു ചുരുക്കിയെഴുതാൻ പറഞ്ഞു. അതിനർത്ഥവും അദ്ദേഹത്തിൽ നിന്നു വൈകാതെ പുറത്തുവന്നു, ഡി. വി. എന്നാൽ 'പരീക്ഷയ്ക്കു പഠിപ്പിക്കാത്ത അദ്ധ്യാപകൻ'. പിറ്റേദിവസം മുതൽ ആ നിർവ്വചനം എത്രയോ ശരിയാണെന്നു മനസ്സിലായി. ക്ലാസ്സുർറൂമിൽ വന്നയുടനെ പുസ്തകം തുറക്കുകയും പിന്നീട്‌ 'ഗുരുവിനും ശിഷ്യനും ഇടയിൽ പുസ്തകം ഗുരുതരമായ തടസ്സമല്ലോ' എന്ന കുഞ്ഞുണ്ണിക്കവിതപോല വല്ലാത്തൊരു അനുഭവമേഖല സൃഷ്ടിക്കുകയും ചെയ്യുന്ന ലഹരിയാണ്‌ സമ്മാനിച്ചതു. മറ്റു ക്ലാസ്സുകളിൽ കയറാത്ത കുട്ടികൾ പോലും വിനയചന്ദ്രൻ മാഷിന്റെ ക്ലാസ്സിൽ കയറിയിരിക്കുന്നത്‌ ഒരു അപൂർവ്വതയായിരുന്നു. രണ്ടാം ഭാഷ മലയാളമായി പഠിക്കുന്നവരുടെ ജനറൽ ക്ലാസ്സുകളും (കോളേജിലെ 400, 108 എന്നീ നമ്പരുകളുള്ള ക്ലാസ്സുമുറികൾ) നിറഞ്ഞു കവിഞ്ഞിരുന്നു.
    അതീവ ഹൃദ്യങ്ങളായിരുന്ന വിനയചന്ദ്രൻ മാഷിന്റെ ക്ലാസ്സുകൾ കാൽ നൂറ്റാണ്ടിനുശേഷവും മനസ്സിൽ മായാതെ-മങ്ങാതെ നിൽക്കുന്നു. 'മഗ്ദലനമറിയ'ത്തിൽ നിന്നു വള്ളത്തോൾ കവിതയുടെ പാരാവാരം തുറന്നിട്ടതും ആശാൻ കവിതയുടെ അനന്താകാശാങ്ങളെ പരിചയപ്പെടുത്തിത്തന്നതും ഊഞ്ഞാലും പന്തങ്ങളും ലില്ലിപ്പൂക്കളും തൊട്ടുകാണിച്ച്‌ വൈലോപ്പിള്ളിയെ ഹൃദയത്തോടടുപ്പിച്ചതും 'ഉത്തരരാമചരിത'ത്തിൽ നിന്ന്‌ ഭവഭൂതിയുടെ കാവ്യബോധത്തെ കാട്ടിത്തന്നതും ഇ. ആർ. രാജരാജവർമ്മയുടെ വൃത്തശാസ്ത്രത്തിന്‌ എന്തു സാംഗത്യമാണുള്ളതെന്നും മലയാളവൃത്തങ്ങൾങ്ങളുടെ വകഭേദത്തെക്കുറിച്ചുമെല്ലാം പാടിയും പറഞ്ഞും തകർത്തുപെയ്ത ആ വിനയചന്ദ്രിക പെട്ടെന്നു മാഞ്ഞുപോകുന്നതെങ്ങനെ? അദ്ദേഹത്തിന്റെ ഇഷ്ടകവികളെക്കുറിച്ചു പറയുമ്പോൾ കൂടുതൽ വാചാലനാകുന്നതും മറ്റുചില കവികളെക്കുറിച്ച്‌ ഒന്നും പറയാതെ പോകുന്നതും ശ്രദ്ധേയമായിരുന്നു. എല്ലാം പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന, പഠിപ്പിക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ, പരീക്ഷയ്ക്കു പഠിപ്പിക്കാത്ത ഈ അദ്ധ്യാപകനെ ഇന്നത്തെ കുട്ടികൾ എങ്ങനെ സ്വീകരിക്കുമായിരുന്നു എന്ന്‌ ഈ സന്ദർഭത്തിൽ ചിന്തിച്ചുപോകുന്നു? പക്ഷേ, എല്ലാം പറയുമ്പോഴും എന്തോ ഒളിക്കുന്ന-അന്വേഷിക്കുന്ന തിളങ്ങുന്ന കണ്ണുകൾ ആ മുഖത്ത്‌ കാണാമായിരുന്നു. ഒരു അവധൂതമനസ്സിന്റെ അലച്ചിലായിരുന്നുവോ അതെന്നു മനസ്സിലായത്‌ കുറേക്കഴിഞ്ഞാണ്‌.
     അദ്ധ്യാപനത്തിന്റെയും കവിതയുടെയും മോഡലായി വിദ്യാർത്ഥികൾ അനുകരിച്ചുപോകുന്ന വിനയചന്ദ്രൻ അക്കാലത്തെ ആവേശമായിരുന്നു. കവിതയെഴുത്തിന്‌ സാമ്പ്രദായികമായ ഒരു തൊഴിലും ആവശ്യമില്ലെന്നും ജീവിക്കാൻ മറ്റു വഴിയില്ലാത്തതുകൊണ്ടാണ്‌ അദ്ധ്യാപകവേഷം കെട്ടിയതെന്നും പിൽക്കാലത്ത്‌ അദ്ദേഹം പലപ്രാവശ്യം പറഞ്ഞുകേട്ടു. സ്വയം അലഞ്ഞും എരിഞ്ഞും കവിതയ്ക്കുവേണ്ടി രാപകലുകൾ താണ്ടിയ, ഒറ്റയ്ക്കുള്ള നടപ്പും കിടപ്പും ഒരിക്കലും മടുക്കാത്ത അവിവാഹിതനായ അദ്ദേഹം എഴുതിയ പ്രണയ കവിതകൾക്കു കണക്കില്ല. ഒരു പക്ഷേ, മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയകവിതകളെഴുതിയത്‌ താനാണെന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്‌ ശരിവയ്ക്കേണ്ടതാണ്‌.
    എൺപതുകളിലെ യൂണിവേഴ്സിറ്റി കോളേജ്‌ ഇന്ന്‌ തികച്ചു ഗൃഹാതുരം തന്നെ. പി. വി. ശിവകുമാർ, നരേന്ദ്രപ്രസാദ്‌, ദേശമംഗലം രാമകൃഷ്ണൻ എന്നീ യുവാദ്ധ്യാപകരുടെ ചൈതന്യം കൊണ്ടു ധന്യത പകർന്ന കലാലയാന്തരീക്ഷം. പല പുതുകളും ഉണർന്നുവന്ന നാളുകൾ. ആയിരത്തിതൊള്ളായിരത്തിഎ ൺപത്തിമൂന്നിൽ ഒരുകൂട്ടം വിദ്യാർത്ഥികളായ കവികൾ വിനയചന്ദ്രൻ മാഷിന്റെ നേതൃത്വത്തിൽ ഒത്തുകൂടി യൂണിവേഴ്സിറ്റി കോളേജ്‌ കവിതകൾ (ഈയുള്ളവന്റെ 'മുത്തുകൾ ഉറങ്ങുന്നു' എന്ന കവിതയും അതിൽ ഉൾപ്പെട്ടിരുന്നു) എന്ന പേരിൽ ഒരു കാവ്യസമാഹാരം പ്രസിദ്ധികരിച്ചതും അത്‌ എഡിറ്റ്‌ ചെയ്തുകൊണ്ട്‌ അദ്ദേഹം എഴുതിയ ആമുഖക്കുറിപ്പ്‌ സാഹിത്യാന്തരീക്ഷത്തിൽ ഒച്ചപ്പാടുണ്ടാക്കിയതും പിന്നീട്‌ സാഹിത്യവാരഫലക്കാരനായ എം. കൃഷ്ണൻ നായരുമായുള്ള വാഗ്വാദത്തിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ കോളേജ്‌ കാമ്പസിൽ വിനയചന്ദ്രൻ മാഷ്‌ നോട്ടിസടിച്ച്‌ വിതരണം ചെയ്തതുമെല്ലാം സാഹിത്യചരിത്രത്തിന്റെ ഭാഗമാകേണ്ട സംഭവങ്ങളാണ്‌. യൂണിവേഴ്സിറ്റി കോളേജിലെ മഹാഗണി മരങ്ങളെ മുറിച്ചുമാറ്റാൻ ഭരണകൂടം തയ്യാറായപ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ മുൻനിരയിൽ അദ്ദേഹം നിലകൊണ്ടതും മിഴിവുറ്റ സ്മരണയാണ്‌.
    എൺപതുകൾ കടമ്മനിട്ടയും വിനയചന്ദ്രനും ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം ചൊൽക്കാഴ്ചയിലൂടെ മലയാളിയുടെ കാവ്യബോധവഴിയിൽ കയറിക്കൂടിയ കാലം. കാവ്യാവതരണത്തിലും രചനയിലുമെല്ലാം തികച്ചും പുതുമകൾ പൂത്തുനിന്ന കാവ്യവസന്തത്തിന്റെ കാലം. വിനയചന്ദ്രന്റെ 'യാത്രപ്പാട്ടും' 'വംശഗാഥ'യും 'കൂന്തച്ചേച്ചി'യും 'കുഞ്ഞനുണ്ണി'യും 'കാടു'മെല്ലാം കേരളീയഗ്രാമങ്ങൾക്ക്‌ സുപരിചിതമായിത്തീർന്നു.  സഹകവികളുടെയും നിരൂപകരുടെയും വിമർശനം ഏറ്റുവാങ്ങുമ്പോഴും തന്റെ വഴിയിൽ ഉറച്ചുനിന്നുകൊണ്ട്‌ അൽപവും ഇടറാതെ നിരന്തരം എഴുതാൻ കഴിഞ്ഞ പ്രതിഭയാണ്‌ ഡി. വിനിയചന്ദ്രൻ. നാണാത്തരം കാവ്യരീതികളെ അദ്ദേഹം സ്വീകരിച്ചു. കല്ലടയിൽ നിന്നും തിരുവനന്തപുരവും പട്ടാമ്പിയും എന്നല്ല കേരളവും കടന്ന്‌ ലോകാന്തരങ്ങളിലേയ്ക്ക്‌ കവിതയുടെ തേരോടിച്ചു. ആ കവിതകൾ പലതും കാലദേശങ്ങൾക്ക്‌ അപ്പുറമായി ഭവിച്ചു. വായനയിലും ചിന്തയിലുമെല്ലാം പാരിസ്ഥിതികമായ ബോധവും മാനവികമായ നിലപാടും സ്ഥാപിച്ചു. സഹകവികളെയും ആസ്വാദകരെയും വിസ്മയിപ്പിക്കുന്ന എത്രയെത്ര ഭിന്നാവിഷ്കാരങ്ങളുടെ കലവറയായ ദീർഘകവിതകൾ അദ്ദേഹത്തിൽ നിന്നു പിറന്നുവീണു! ആരെയും അത്രപെട്ടെന്ന്‌ അംഗീകരിക്കാൻ തയ്യാറാകാത്ത ആ കാവ്യഗരിമ തനിക്കിഷ്ടമില്ലാത്തതിനെ മുഖംനോക്കാതെ എതിർക്കാൻ തയ്യാറായി. എന്നാൽ പുതുമയുള്ള കവികളെയും കവിതകളെയും അദ്ദേഹം എന്നെന്നും തിരിച്ചറിഞ്ഞിരുന്നു. കവിയരങ്ങുകളിൽ പുനലൂർ ബാലനെയും കുരീപ്പുഴ ശ്രീകുമാറിനെയും ഉൾപ്പെടുത്തണമെന്നു ഞങ്ങളോട്‌ പറഞ്ഞത്‌ അതിനുദാഹരണമാണ്‌.
    പിൽക്കാലത്ത,​‍്‌ അദ്ദേഹം കോട്ടയം സ്കൂൾ ഓഫ്‌ ഡ്രാമയിൽ നിന്നു വിരമിച്ച ശേഷം തിരുവനന്തപുരം ആയൂർവേദ കോളേജിനു മുൻവശമുള്ള സായികൃഷ്ണ  എന്ന മൂന്നു നില വീട്ടിൽ (മൂന്നു മുറികൾ മാത്രം) പലപ്രാവശ്യം പോകാൻ അവസരമുണ്ടായി. ഒരുമ മാസികയ്ക്കുവേണ്ടി അഭിമുഖം ചെയ്യാനും കവിതകൾ വാങ്ങാനുമായി അവിടെ എത്രയോ ദിവസം ഗേറ്റിനുമുന്നിൽ കാവൽനിൽക്കേണ്ടിവന്നിട്ടുണ്ട്‌. ഗേറ്റിനു മുന്നിൽ ചെന്നുനിന്നു ഫോൺ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പതിവുവാക്ക്‌ 'നമസ്കാരം' എന്നുപറഞ്ഞ്‌ ഫോൺ സംസാരിച്ചുതുടങ്ങുന്നതിന്റെ അടുത്തനിമിഷം പുറത്തുവന്ന്‌ ഗേറ്റുതുറന്ന്‌ സംസാരിക്കുക മാത്രം ചെയ്യുമായിരുന്നു. ഒരിക്കൽപോലും അകത്തുകയറ്റി ഇരുത്തുന്ന പ്രകൃതമില്ല. എപ്പോഴോ ഒരിക്കൽ  ഞാൻ സ്വന്തം ഇഷ്ടത്താലേ ആദ്യ മുറിയിൽ കയറാൻ ഇടവന്നപ്പോൾ ആ മുറികണ്ടു ഞെട്ടിപ്പോയി. അലക്ഷ്യമായി വാരിവിതറിയ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ നിന്നു ഒരു കവിത തപ്പിയെടുത്തു തന്നു. ഒരു ഫോട്ടോ കൂടി ആവശ്യപ്പെട്ടപ്പോൾ കുറേ പുസ്തകങ്ങൾക്കിടയിൽ വീണ്ടും തപ്പിത്തിരഞ്ഞ്‌ കുറേ കവറുകൾക്കകത്തുനിന്നും ഫോട്ടോയും ചെക്കും എടുത്തു. ചെക്കെടുത്ത ഉടനെ വലിച്ചുകീറി. 'എന്താണു മാഷേ അതു കീറിക്കണഞ്ഞത്‌ ' എന്നു ചോദിച്ചപ്പോൾ 'ഇങ്ങനെ പല ചെക്കുകളും ഇവിടെ പുസ്തകങ്ങൾക്കകത്തുണ്ടാവും, അവ പലതും കാലാവധി കഴിഞ്ഞു' എന്നു മാത്രം പറഞ്ഞു. ഒറ്റ മുറിയുള്ള ആദ്യനിലയിലെ ഏറെ പഴകിയ തടിക്കസേര കണ്ടു ഞാൻ ചോദിച്ചു: 'ഈ ഒരു കസേരമാത്രമേ ഇവിടെയുള്ളോ മാഷേ?' കസേരയും കട്ടിലുമെന്തിനാ പടിക്കെട്ടിന്റെ ഇരുവശങ്ങളിലും അടുക്കിയടുക്കിവച്ചിരുന്ന പുസ്തകക്കൂട്ടങ്ങളെ ചൂണ്ടിപ്പറഞ്ഞു 'ഇവിടെയെവിടെയെങ്കിലും കഴിഞ്ഞുകൂടും' ഒറ്റപ്പെടലിന്റെയും ഏകാന്തത്തയുടെയും കൂട്ടുകാരനായ ആ കവിയെ കഴിഞ്ഞ ഒരു മാസം മുമ്പ്‌ കാണുമ്പോഴും  യാതൊരു ഭയാശങ്കയും തീണ്ടിയിരുന്നില്ല. എങ്കിലും എന്തോ ഒരു ക്ഷീണം, ഒരു വയ്യായ്ക ഉണ്ടെന്നു തോന്നാതിരുന്നില്ല. പക്ഷേ ഇത്രപെട്ടെന്ന്‌ ഇങ്ങനെ, തികച്ചും ആകസ്മികമായി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമെന്നു കരുതിയില്ല. മറ്റാരും കൂട്ടിനില്ലാത്ത ആ ഒറ്റയാനായ കവിയ്ക്ക്‌ മരണം തുണയായതാണോ?
    മലയാള കവിതയിൽ തന്റെ ഇടം കണ്ടെത്തി  സ്ഥാപിച്ചുപോയ ആ ഏകാന്തപഥികന്റെ കവിതകൾ മരിക്കുന്നില്ല. അപൂർവ്വമായി മാത്രം ജനിക്കുന്ന ഇത്തരം കാവ്യവ്യക്തിത്വങ്ങളെ നാം അവരുടെ മരണാനന്തരം മാത്രമാണ്‌ തിരിച്ചറിയുന്നത്‌. ഒരുപക്ഷേ, കൂടുതൽ അംഗീകരിക്കപ്പെടാത്തതുകൊണ്ടാകാം
  വൈവിധ്യങ്ങളുടെ കാവ്യാന്വേഷകനായി അദ്ദേഹം മാറിയതും. പി. കുഞ്ഞിരാമൻ നായരെപ്പോലെ ജീവിച്ച കാലമത്രയും കവിതയ്ക്കുവേണ്ടി മാറ്റിവച്ച ആ കല്ലടക്കാരന്റെ വരികൾ മലയാള മണ്ണും മനസ്സും കാടും പുഴയുമെല്ലാം നിരന്തരം ഏറ്റു പാടാതിരിക്കില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...