സുധാകരൻ ചന്തവിള
ഓർമ്മകളുടെ
ചെങ്കുപ്പായത്തിൽ
ജീവിക്കുക
അസാദ്ധ്യമായ
സാധ്യതയാണെന്ന്
നീ ആവർത്തിച്ചു
പറഞ്ഞത് ഞാൻ
മറന്നിട്ടില്ല.
വെറുപ്പിന്റെ
ചെന്നിനായകം കുടിച്ച്
പകയുടെ
പുതുവസ്ത്രമണിഞ്ഞ്
ഏകാന്തത്തയുടെ
കുടജാദ്രിയിൽ
എത്രകാലമെന്നറിയാതെ നീ
വീണ്ടും തപസ്സന്വേഷിക്കുന്നു.
മാമ്പൂക്കൾ വിടരുന്നതും
മധുമാസചന്ദ്രിക തിളങ്ങുന്നതും
കാണാഞ്ഞിട്ടല്ല;
സ്നേഹത്തിന്റെ പെൺവേഷവും
ധാർഷ്ട്യത്തിന്റെ ആൺവേഷവും
മാറിമാറിയണിയുന്നത്
എത്രവട്ടമാണ് ഞാൻ
അനുഭവിച്ചതു!
പാരസ്പര്യത്തിന്റെ
പരവതാനിയിൽ
നീ പകുത്തുവച്ച
ഇത്തിരി ആർദ്രതയുടെ
ആവരണം ഇനിയും
അഴിഞ്ഞുപോയിട്ടില്ലെന്ന്
അർദ്ധരാത്രിയിലിപ്പോഴും
എന്നെ ആർദ്രമാക്കുന്നു.
ഭയപ്പാടിന്റെ
പുറന്തോടുപൊട്ടിച്ച്
പലകുറി രക്ഷപ്പെടാൻ
ശ്രമിച്ചെങ്കിലും
ആഭിജാത്യത്തിന്റെ
ആലങ്കാരികത നിന്നെ
ഭയപ്പെടുത്തിക്കൊണ്ടിരുന്നു
സ്വയം ജീവിക്കാത്ത
ജീവിതങ്ങളാണ്
അധികം ജീവിക്കുന്നതെന്ന
നിന്റെ വാക്കുകൾക്കപ്പുറം
എന്താണ് ഇനി
പുതിയ പാഠം.