ടി.കെ. ഉണ്ണി
എന്റെ മുറ്റത്തെ മുല്ലയിലും
പൂമൊട്ടുകളുണ്ടാവുന്നു..!!
പൂ വിരിയുമോ, കൊഴിയുമോ
തല്ലിക്കൊഴിക്കുമോ..?
അല്ല, ഇത് നമ്മുടെ മുറ്റത്ത്
നമ്മൾ നട്ട മുല്ല
വളരാൻ താമസിച്ച കുറ്റിമുല്ല..
കുളിർ കാറ്റേറ്റ് വിരിയേണ്ടുന്ന മുല്ലമൊട്ടുകൾ
രോഷാഗ്നിപ്രളയത്തിൻ താപമേറ്റ്
വിനയമറ്റ് ജ്വലിച്ചുനില്ക്കേ
വിരിയുവതെങ്ങനെ തമ്പുരാനേ.!
മുല്ല വിരിഞ്ഞാൽ മണമൊഴുകും..
മരണമണിയടിച്ചൊഴുകുന്ന പൂമണം!
അതിനു നിറവും മണവും ഉണ്ടെന്ന്
ഭരണത്തമ്പുരാനും കണ്ടല്ലോ പേക്കിനാവ്.!
അവർ കിനാക്കണ്ട പൂക്കൾക്ക് നിറം ചുവപ്പത്രേ..
മഞ്ചലേറിവന്നു ഉത്തരവ്
തല്ലിക്കൊഴിക്കുക പൂക്കളെ
ചവിട്ടിമെതിക്കുക പൂക്കളെ.!
മൊട്ടുകൾ വിരിയാനനുവദിക്കാതെ
തല്ലിക്കൊഴിക്കുന്നവരോർക്കുമോ,
മുഖമ്മൂടിയും ചട്ടിത്തൊപ്പിയും
അവർക്ക് സ്വന്തമെന്ന്.!
മുല്ലപ്പൂക്കൾ വിരിയട്ടെ
അതിന്റെ വെണ്മയും പരിമളവും പരക്കട്ടെ
അരുതേ, ഏറ്റമരുതേ!
തൂവെള്ളപ്പൂക്കളിൽ നിണമേറ്റരുതേ.!
തമ്പുരാന്മാരറിയട്ടെ, അവർ കണ്ടതെല്ലാം
വെറും കിനാക്കളെന്ന്..
വിരിയട്ടെ, നറുമണമൊഴുകട്ടെ
പരിലസിക്കട്ടെ സമത്വത്തിൻ സുലഭത
വിഹരിക്കട്ടെ ശാന്തിയും സമാധാനവും
ഉയരട്ടെ മനുഷ്യത്വം മമനാട്ടിൽ.