കാവിൽ രാജ്
നരനായ് ജനിച്ചാൽ നരവീഴും പ്രായം
നരകത്തിലാക്കും ജരവീഴും കായം
പരലോകമെന്തെന്നുരയ്ക്കുന്ന കാലം
മരണം വരിയ്ക്കുവാൻ കാക്കുന്ന കോലം.
പടിവരെ പോകാൻ കൊതിക്കുന്ന ദേഹം
അടിതെറ്റി വീഴുവാൻ പോകുന്ന മോഹം
കൊടിയേന്തിയൂർജ്ജം കളഞ്ഞോരു ഹസ്തം
വടിയൂന്നിയിന്നോ നടത്തുന്നു വ്യർത്ഥം.
എഴുന്നേറ്റു നിൽക്കുവാനാവാത്ത രൂപം
മുഴുനേരം മൂകമായ് തൂങ്ങുന്ന കോപം
തഴുകുന്നൊരോർമ്മകൾ പൂവിടും കാമം
നെടുലാന്റെ കൂവൽ മുഴങ്ങുന്ന യാമം.
വൃദ്ധരെ സദനത്തിലാക്കുന്ന കാലം
മക്കൾ പ്രവാസികളാകുവാൻ യോഗമോ?
ലക്ഷങ്ങൾ നൽകിടാൻ മക്കൾക്കു ദാഹമോ?
ലക്ഷ്വറിക്കൂട്ടിലേക്കുന്തിടാൻ മോഹമോ?
സ്വച്ഛമാം ശാന്തിയും സ്നേഹവും പുണ്യവും
ഇച്ഛിപ്പതെല്ലാം ലഭിക്കുമോ,സംശയം?
മക്കൾതൻ കാരുണ്യമല്ലയോ ശിക്ഷയും
മർത്യജന്മം തരും സ്വർല്ലോക മോക്ഷവും.
----------
1.നെടുലാൻ-കാലൻകോഴി.അതിന്റെ ശബ്ദം മൃത്യുഭയമുണ്ടാക്കുന്നു.
2.ലക്ഷ്വറിക്കൂട്-സദനത്തിൽതാ
നൽകിയ ലക്ഷങ്ങൾ അവകാശികൾക്കു തിരികെ
നൽകുന്ന ചാരിറ്റിബിൾ സ്ഥാപനങ്ങളുണ്ട്.
