23 Feb 2013

സമഗ്ര കേര വികസനം - പദ്ധതി ഏകോപനസാധ്യതകൾ


ആർ. ജ്ഞാനദേവൻ
അസിസ്റ്റന്റ്‌ ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌, കൊച്ചി

തെങ്ങുകൃഷിയിൽ ഉത്കണ്ഠയുണ്ടാക്കുന്ന ഒരു പ്രധാന കാര്യം ഉയർന്ന ഉത്പാദനചെലവും കുറഞ്ഞ ഉത്പാദനക്ഷമതയുമാണ്‌. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റേയും കാർഷിക സർവ്വകലാശാലയുടേയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ്‌ വന്ന നൂതന സാങ്കേതികവിദ്യകൾ വിശിഷ്യാ സംയോജിതകൃഷിമുറകൾ, ഇടവിളകൃഷി തുടങ്ങിയവയിലൂടെ ആദായവും, തൊഴിലവസരങ്ങളും മൂന്ന്‌, നാലിരട്ടിവരെ വർദ്ധിപ്പിക്കാവുന്നതാണ്‌. ഇടവിളകളും മിശ്രവിളകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കൃഷിരീതിയിലൂടെ മാത്രമേ മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാനും അതുവഴി തെങ്ങിന്റെ ഉത്പാദനക്ഷമത കൂട്ടാനും കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുവാനും കഴിയൂ. കൃഷിച്ചെലവ്‌ പരമാവധി കുറയ്ക്കുന്നതിന്‌ ഗ്രൂപ്പടിസ്ഥാനത്തിൽ വളമിടീൽ, സസ്യസംരക്ഷണ മാർഗ്ഗങ്ങൾ തുടങ്ങിയ കൃഷിപ്പണികൾ ചെയ്യുന്നത്‌ വളരെ സഹായകരമാകും. മേൽ വിവരിച്ച കൃഷി മുറകൾ തെങ്ങ്‌ കൃഷിയിൽ അവലംബിച്ച്‌ ഉത്പാദനക്ഷമത പരമാവധി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡ്‌ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കിവരുന്നുണ്ട്‌.
തെങ്ങുകൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ ബഹുവിളകൃഷി ചെയ്തുവരുന്ന തെങ്ങിൻ തോപ്പുകളിലെ ഉത്പാദനക്ഷമതയും വരുമാനവും പരമാവധി ഉയർത്തുന്നതിന്‌ ബോർഡ്‌ നടപ്പിലാക്കുന്ന പദ്ധതികൾക്ക്‌ പുറമേ മറ്റ്‌ ഏജൻസികളുടെ  പദ്ധതികളിലൂടെയുള്ള ആനുകൂല്യവും ഫലപ്രദമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനകൃഷി വകുപ്പ്‌, ഹോർട്ടികൾച്ചർ മിഷൻ, ഗ്രാമപഞ്ചായത്ത്‌ തുടങ്ങിയ വിവിധ ഏജൻസികളും കേരവികസന പദ്ധതികളുമായി ഏകോപിപ്പിച്ച്‌ നടപ്പിലാക്കാൻ സാദ്ധ്യതയുള്ള വിവിധ കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്‌. ഇടവിളക്കൃഷി, ജലസേചനം, വിളവെടുപ്പിനുശേഷമുള്ള സംസ്ക്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുകയും അവയുടെ ഏകോപനത്തിന്‌ ആക്കം കൂട്ടുകയും ചെയ്താൽ മാത്രമേ സമഗ്ര കേരവികസനം സാദ്ധ്യമാകൂ. ഇതിനായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന  ഏജൻസികളുടെ ഏകോപനം കൂടിയേ തീരൂ. നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിവരുന്ന നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ഒരു സുപ്രധാന ലക്ഷ്യം ഇതാണ്‌. എന്നാൽ വിവിധ പദ്ധതികളുടേയും ഏജൻസികളുടേയും ഏകോപനം പദ്ധതി നടത്തിപ്പിൽ ഉദ്ദേശിച്ച രീതിയിൽ കൈവരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിവരുന്ന വിവിധ കേരവികസന പദ്ധതികളുമായി ഏകോപിപ്പിച്ച്‌ നടപ്പിലാക്കാവുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന്‌ നോക്കാം.
ദേശീയ ഹോർട്ടികൾച്ചർ മിഷൻ വഴി തെങ്ങധിഷ്ഠിത ബഹുവിളകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ
ഉദ്യാനവിളകളുടെ വിത്തുമുതൽ വിപണനം വരെ സമഗ്രവികസനം ലക്ഷ്യമിട്ട്‌ കേന്ദ്ര ഗവണ്‍മന്റിന്റെ 2005 -06 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കി വരുന്ന ഒരു ബൃഹദ്‌ പദ്ധതിയാണ്‌ ദേശീയ ഉദ്യാന വിള മിഷൻ. ഈ പദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്ന മേഖലയായ തെങ്ങധിഷ്ഠിത ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുകയെന്നതിന്‌ ദേശീയ ഉദ്യാനവിള മിഷനിൽ പങ്കാളികളായ സ്ഥാപനങ്ങളിൽ ഒന്നാണ്‌ നാളികേര വികസന ബോർഡ്‌. ഈ പദ്ധതിയിൽ തെരഞ്ഞെടുത്ത  ഉദ്യാന വിളകളായ വാഴ, പച്ചക്കറികൾ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, ജാതി, ഔഷധ സസ്യങ്ങൾ, കൊക്കോ, പുഷ്പകൃഷി തുടങ്ങിയവ തെങ്ങിനിടയിൽ വിജയകരമായി കൃഷി ചെയ്യാൻ കഴിയുന്നവയാണ്‌. ഈ വിളകളുടെ മെച്ചപ്പെട്ട ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നതിന്‌ ധനസഹായം നൽകിവരുന്നു. ഈ വിളകൾ കൃഷി ചെയ്യാൻ ഒരു വർഷത്തേക്ക്‌ വേണ്ടിവരുന്ന ചെലവിന്റെ 50 ശതമാനം പരമാവധി ഹെക്ടറിന്‌ 12,000 രൂപ മുതൽ 30,000 രൂപ വരെ ഓരോ വിളയും കൃഷി ചെയ്യാൻ വേണ്ടിവരുന്ന ചെലവിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകിവരുന്നു. ഈ ധനസഹായം 60 : 20 : 20 എന്ന അനുപാതത്തിൽ മൂന്ന്‌ ഗഡുക്കളായിട്ടാണ്‌ നൽകി വരുന്നത്‌.  നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിവരുന്ന പ്രദർശന തോട്ടം സ്ഥാപിക്കൽ, തെങ്ങ്‌ കൃഷി പുനരുദ്ധാരണ പദ്ധതി എന്നിവയുമായി ഏകോപിപ്പിച്ച്‌ മുകളിൽ പറഞ്ഞ ദേശീയ ഹോർട്ടികൾച്ചർ മിഷൻ പദ്ധതികൾ നടപ്പാക്കുന്നത്‌ വഴി കർഷകന്റെ ചെലവ്‌ കുറയ്ക്കാനും തെങ്ങിൻ തോപ്പിൽ നിന്നുള്ള വരുമാനം പരമാവധി കൂട്ടുവാനും കഴിയും. ഉദാഹരണമായി തെങ്ങിൻ  തോപ്പിൽ ലാഭകരമായി കൃഷി ചെയ്യാവുന്ന ഒരു വിളയാണ്‌ കൊക്കോ. ഒരു ഹെക്ടർ തെങ്ങിൻ തോപ്പിൽ കൊക്കോ കൃഷി ചെയ്യുന്നതിന്‌ 20,000 രൂപ നിരക്കിൽ ധനസഹായം നൽകി വരുന്നു. ഈ പദ്ധതി നാളികേര വികസന ബോർഡിന്റെ സംയോജിത കേര വികസന  പദ്ധതിയുമായി ഏകോപിപ്പിച്ച്‌ ഇതുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കാവുന്നതാണ്‌. ഈ ഏകോപനം തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള ആദായം വർദ്ധിപ്പിക്കുവാനും മണ്ണിന്റെ ഫലഭൂയിഷ്ടിത വർദ്ധിപ്പിക്കുവാനും സഹായിക്കും.
ജലസേചനസൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾ
തെങ്ങിൻ തോപ്പിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്താനുള്ള മറ്റൊരു മാർഗ്ഗമാണ്‌ ജലസേചനം. പ്രത്യേകിച്ച്‌ ഇടവിളക്കൃഷി ചെയ്യുമ്പോൾ ജലസേചനം ഒരു പ്രധാനഘടകമാണ്‌.നാളികേര വികസന ബോർഡ്‌ നടപ്പിലാക്കുന്ന പദ്ധതികളിൽ ജലസേചന സൗകര്യം ഏർപ്പെടുത്തുന്നതിന്‌ ധനസഹായം നൽകാൻ നിർവ്വാഹമില്ല. അതിനാൽ മറ്റ്‌ ഏജൻസികൾ നടപ്പിലാക്കുന്ന ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഏകോപിപ്പിച്ച്‌ നടപ്പാക്കിയാലേ ഇത്‌ സാദ്ധ്യമാകൂ. പൊതുകുളങ്ങൾ, കൃഷിയിടങ്ങളിലെ കുളങ്ങൾ, പ്ലാസ്റ്റിക്‌ ലൈനിങ്ങോടെയുള്ള ജലസംഭരണികൾ തുടങ്ങിയവയുടെ നിർമ്മാണത്തിലൂടെ ജലസ്രോതസ്സുകൾ ഒരുക്കുന്നതിന്‌ മിഷൻ ധനസഹായം ചെയ്തുവരുന്നു. കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ 10 ഹെക്ടർ സ്ഥലത്തേക്കായി ഏറ്റെടുക്കുന്ന 100 മീ ത 100 മീ ത  3 മീ വലിപ്പമുള്ള ഒരു യൂണിറ്റിന്‌ പരമാവധി 15 ലക്ഷം രൂപവരെ ദേശീയ ഹോർട്ടികൾച്ചറൽ മിഷനിലൂടെ ധനസഹായം ലഭ്യമാണ്‌. കൂടാതെ 20 മീ ത 20 മീ ത  3 മീ. വലിപ്പമുള്ള ചെറിയ കുളങ്ങളും കിണറുകളും കുഴിക്കുന്നതിന്‌ വേണ്ടി വരുന്ന ചെലവിന്റെ 50 ശതമാനം പരമാവധി 60,000 രൂപ സബ്സിഡിയായി നൽകി വരുന്നു. കൂടാതെ തെങ്ങിൻ തോട്ടങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ഏറ്റവും യോജിച്ച ജലസേചന രീതിയാണ്‌ കണിക ജലസേചനം (റൃശു/​‍്​‍ൃശിസഹലൃ). ഈ ജലസേചന രീതി പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ മൈക്രോ ജലസേചന മിഷൻ വഴി ധനസഹായം നൽകി വരുന്നു. തെങ്ങിൻ തോപ്പിൽ ബഹുവിളക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഈ രീതി വളരെ യോജിച്ചതാണ്‌.
ദേശീയ മൈക്രോ ഇറിഗേഷൻ മിഷന്റെ ഡ്രിപ്പ്‌, സ്പ്രിംഗ്ലർ ജലസേചന രീതികൾ അവലംബിക്കുന്നതിനുള്ള പദ്ധതികളും കേരവികസന പദ്ധതിയുമായി ഏകോപിപ്പിച്ച്‌ ഇവ അവലംബിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കാവുന്നതാണ്‌.തെങ്ങിൻ തോട്ടത്തിൽ ഡ്രിപ്പ്‌/ സ്പ്രിംഗ്ലർ ജലസേചന സംവിധാനം ഏർപ്പെടുത്തുന്നതിനുവേണ്ടി വരുന്ന ചെലവിന്റെ 80 മുതൽ 90 ശതമാനം വരെ തുക ദേശീയ മൈക്രോ ഇറിഗേഷൻ മിഷൻ പദ്ധതി മുഖേന ധനസഹായമായി നൽകുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏകോപനത്തിലൂടെ കൂലി ഭാരം കുറയ്ക്കാം
കൃഷി ഇന്ന്‌ നേരിടുന്ന പ്രധാന പ്രശ്നമാണ്‌ ഉയർന്ന കൂലിയും തൊഴിലാളികളുടെ ക്ഷാമവും. വളരെയധികം തൊഴിലാളികളുടേയും വിവിധ ഏജൻസികളുടേയും ഏകോപനം ആവശ്യമുള്ള ഒരു ബൃഹദ്‌ പദ്ധതിയാണ്‌ നാളികേര വികസന ബോർഡ്‌ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി. പ്രായമായ തെങ്ങുകളും തണൽമരങ്ങളും വെട്ടിമാറ്റുക. പകരം തൈ നടീൽ, വളമിടീൽ, ഇടവിളക്കൃഷി തുടങ്ങിയ വിവിധ പദ്ധതിഘടകങ്ങൾ ഈ പദ്ധതി വഴി നടപ്പിലാക്കുന്നു. തെങ്ങുകൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രദേശത്തെ ഭൂരിഭാഗം കർഷകരേയും കൂട്ടിയോജിപ്പിച്ച്‌ ക്ലസ്റ്ററടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ ബൃഹദ്‌ പദ്ധതി നടപ്പിലാക്കുന്നതിന്‌ വിവിധ തലത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളുടേയും അവരുടെ പദ്ധതികളുടേയും ഏകോപനം കൂടിയേ തീരൂ. ബോർഡിന്റെ പദ്ധതി വഴി തെങ്ങ്‌ വെട്ടിമാറ്റുന്നതിനും ശാസ്ത്രീയ വളപ്രയോഗത്തിനും ധനസഹായം മാത്രമാണ്‌ നൽകുന്നത്‌. അതിനാൽ കർഷകന്റെ ചെലവ്‌ കുറയ്ക്കുന്നതിനായി അതാത്‌ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയും ബോർഡിന്റെ പദ്ധതികളുമായി ബന്ധപ്പെടുത്തി നടത്തിയാൽ പദ്ധതി നടത്തിപ്പിന്റെ ആക്കം കൂട്ടുവാനും കർഷകർക്ക്‌ കൂലിഭാരം കുറയ്ക്കുന്നതിനും സഹായകമാകും.
തെങ്ങിന്റെ തടം തുറക്കുക, തൈ നടാൻ കുഴിയെടുക്കുക, ഇടവിള നടാൻ കുഴിയെടുക്കുക, വിത്തുതേങ്ങ സംഭരണം, നഴ്സറിക്കുള്ള സ്ഥലമൊരുക്കൽ, വിത്തു തേങ്ങ പാകൽ, ജലസേചനം, കേടായ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈ നടുക തുടങ്ങിയ ഒട്ടേറെ കൃഷിപ്പണികൾ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പടുത്തി ചെയ്യുന്നതുവഴി കർഷകന്റെ കൂലിഭാരം കുറയ്ക്കുന്നതിനും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും കഴിയും. 2006-07ൽ തുടക്കം കുറിച്ച ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ നടപ്പിലാക്കി വരുന്നത്‌. തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ചിലതൊക്കെ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധിപ്പിച്ച്‌ പരിഹരിക്കാവുന്നതാണ്‌. ഇതിനായി നാളികേര വികസന ബോർഡ്‌, കൃഷിവകുപ്പ്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയെല്ലാം സഹകരിച്ച്‌ വികസന പദ്ധതി തയ്യാറാക്കണം. ഇതിനായി കേരക്ലസ്റ്ററുകളും നാളികേരോത്പാദക സംഘങ്ങളും പദ്ധതി നടത്തിപ്പിനുള്ള അടിസ്ഥാന വേദിയായി തെരഞ്ഞെടുക്കാവുന്നതാണ്‌.
രാഷ്ട്രീയ കൃഷി വികാസ്‌ യോജന പദ്ധതി-യന്ത്രവത്ക്കരണം സാധ്യമാക്കാം
കേരകൃഷി വികസന പദ്ധതികളുമായി ഏകോപനത്തിന്‌ സാദ്ധ്യതയുള്ള മറ്റൊരു പദ്ധതിയാണ്‌ രാഷ്ട്രീയ കൃഷി വികാസ്‌ യോജന (ആർകെവിവൈ) പദ്ധതി. ഇതിലൂടെ നടപ്പാക്കുന്ന പല കാർഷിക വികസന ഘടക പദ്ധതികളും കേരവികസന പദ്ധതികളുമായി ഏകോപിപ്പിച്ച്‌ നടത്താൻ സാദ്ധ്യതയുണ്ട്‌.  ആർകെവിവൈ പദ്ധതി വഴി കൃഷിച്ചെലവ്‌ കുറയ്ക്കുന്നതിനുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും വിപണന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്തുന്നതിനും സംയോജിത കേര കീട, രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും ധനസഹായം നൽകി വരുന്നു.
ഓരോ പ്രദേശത്തേയും കൃഷിവികസനത്തിന്‌ ആവശ്യമായ യന്ത്രവത്ക്കരണത്തിന്‌ പ്രത്യേകിച്ച്‌ സ്ത്രീകൾക്ക്‌ ഉപയോഗിക്കാവുന്ന ചെറുയന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്‌ ആർകെവിവൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഘടകമാണ്‌. ഈ ഘടകപദ്ധതി വഴി തെങ്ങുകയറുന്നതിനുള്ള യന്ത്രം, തേങ്ങ പൊതിക്കുന്ന യന്ത്രം,  കള വെട്ടിമാറ്റുന്നതിനുളള വീഡ്‌ കട്ടർ, തടം തുറക്കുന്നതിനുള്ള മിനി ട്രില്ലർ, കൊപ്ര ഡ്രയർ, മരുന്ന്‌ തളിക്കുന്നതിനുള്ള സ്പ്രെയർ, തേങ്ങ ഇടുന്നതിനുള്ള ഭാരം കുറഞ്ഞ അലുമിനിയം തോട്ടി, ഏണി തുടങ്ങിയവ വാങ്ങുന്നതിന്‌ കേരകർഷകർക്ക്‌ ധനസഹായം ലഭ്യമാക്കാവുന്നതാണ്‌.
കൂടാതെ ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ഉത്പാദനം സ്വകാര്യ നഴ്സറികളിൽക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സാമ്പത്തിക സഹായം ലഭ്യമാക്കാവുന്നതാണ്‌.  നാളികേര വികസന ബോർഡിന്റേയും കൃഷിവകുപ്പിന്റേയും പഞ്ചായത്തിന്റേയും സഹകരണത്തോടെ അതാത്‌ പ്രദേശത്തേക്ക്‌ ആവശ്യമായ തെങ്ങിൻ തൈ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാനുള്ള നഴ്സറികൾ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി തുടങ്ങാവുന്നതാണ്‌.
തെങ്ങിൻ തോപ്പിൽ തേനീച്ച വളർത്തലിലൂടെ പരാഗണം മെച്ചപ്പെടുത്തൽ
എത്ര നല്ല തൈ തെരഞ്ഞെടുത്ത്‌ നട്ടാലും,  ശാസ്ത്രീയ പരിചരണ മുറകൾ അവലംബിച്ചാലും പ്രകൃതിയിലെ പരാഗ വാഹികളായ തേനീച്ചകൾ ഇല്ലെങ്കിൽ പൂങ്കുലയിൽ ഉണ്ടാകുന്ന വെള്ളയ്ക്ക തേങ്ങയാവുകയില്ല. തേനീച്ച വളർത്തുന്ന തെങ്ങിൻ തോപ്പുകളിലെ ഉത്പാദനക്ഷമത പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ ഹോർട്ടികൾച്ചർ മിഷൻ പദ്ധതി വഴി കർഷകർക്ക്‌ ധനസഹായം നൽകി വരുന്നു. ഈ പദ്ധതിയുടെ ഏകോപനം വഴി പരമാവധി പരാഗണം ലഭ്യമാക്കുവാനും നാളികേരോത്പാദനം പരമാവധി കൂട്ടുവാനും സാധിക്കും.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കേരകൃഷി അഭിവൃദ്ധിപ്പെടുത്തി കേരകർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ഉറപ്പ്‌ വരുത്തുവാൻ ഇതുമായി ബന്ധപ്പെട്ട്‌ വിവിധ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടേയും, അവരുടെ പദ്ധതികളുടേയും ഏകോപനം അനിവാര്യമാണ്‌. ഗുണമേന്മയുള്ള, കർഷകർക്ക്‌ ആവശ്യമുള്ള ഇനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നതിനും, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും അനുയോജ്യമായ ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിച്ച കൂലിഭാരം ഒരു പരിധി വരെ കുറയ്ക്കുന്നതിനും മുകളിൽ വിവരിച്ച വിവിധ ഏജൻസികളുടെ പദ്ധതി ഏകോപനത്തിന്‌ ഇനിയും വൈകിക്കൂടാ
.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...