എഴുത്തുകാരന്റെ ഡയറി
സി.പി.രാജശേഖരൻ

ഉത്സവക്കച്ചവടവും
കച്ചവടോത്സവങ്ങളും
 

  ഇത്‌ ഉത്സവമാസമാണ്‌. അമ്പലപ്പറമ്പിലേക്ക്‌ ഒന്ന്‌ ചെല്ലൂ. കച്ചവടവും ഉത്സവങ്ങളും തമ്മിൽ പണ്ടുപണ്ടേ ബന്ധമുണ്ട്‌. ലോകത്തിന്റെ ഏതുഭാഗത്തും എല്ലാക്കാലത്തും നടന്നിരുന്ന ഉത്സവങ്ങളുടെ ഒരു ഭാഗമായി കച്ചവടങ്ങൾ നടന്നിരുന്നുതാനും. അത്‌ നാടിന്റെ സാംസ്കാരികത്തനിമയുടെ ഭാഗമായി അന്ന്‌ മാറുകയും ചെയ്തിരുന്നു.ഞങ്ങളുടെ നാട്ടിലെ ചെറുകിട ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും  അക്കാലത്ത്‌ പ്രത്യക്ഷപ്പെട്ടിരുന്ന ചെറുകിട കച്ചവടക്കാരെ അന്ന്‌ ഞങ്ങൾ വിചിത്രജീവികളായാണ്‌ കണ്ടിരുന്നത്‌. അതുവരെ നാട്ടിൽ കാണാതിരുന്ന ഒരുകൂട്ടം ആളുകളാണ്‌ അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും ചെറിയ ചെറിയ പന്തൽസ്റ്റാളുകൾ ഉണ്ടാക്കി കച്ചവടം ചെയ്തിരുന്നത്‌. നാട്ടിൻപുറത്ത്‌ സാധാരണകിട്ടാത്ത വളകൾ, മാലകൾ, ഓട്ടുപാത്രങ്ങൾ, വെള്ളിയാഭരണങ്ങൾ, അടുക്കളപ്പാത്രങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം സ്റ്റാളുകളിൽ അന്ന്‌ വിൽക്കുമായിരുന്നു. ഈന്തപ്പഴംപോലുള്ള ചില അന്യനാട്‌ ഫലങ്ങളും ആഹാരസാധനങ്ങളും അന്നൊക്കെ ഉത്സവപ്പറമ്പിൽ നിന്ന്‌ മാത്രമാണ്‌ കിട്ടുക. ഒരു ഭാഗത്ത്‌ ഉത്സവമേളം മുറുകുമ്പോൾ മറുഭാഗത്ത്‌ കച്ചവടവും നന്നായി മിനുങ്ങിയിരുന്നു. കൗമാരപ്രായക്കാർ മാത്രമല്ല പ്രായമേറിയവരും ഇത്തരം കച്ചവട സ്റ്റാളുകളിൽ നിന്ന്‌ സാധനം വാങ്ങാൻ കാത്തു നിന്നിരുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഉത്സവക്കച്ചവടങ്ങളെ ഞാൻ അവഗണിക്കുകയോ അനാദരിയ്ക്കുകയോ ചെയ്യുന്നില്ല.
    പക്ഷേ, ഉത്സവക്കച്ചവടം പോലെയല്ല ഇന്നത്തെ കച്ചവടോത്സവങ്ങൾ എന്നു പറയാതെ വയ്യ. അന്ന്‌ പരിമിതമായ സ്ഥലത്ത്‌ ഓലവച്ച്‌ കെട്ടി വലിയ ആർഭാടങ്ങളോ ചിലവുകളോ ഇല്ലാതെ കൊച്ചുകൊച്ചു പന്തലുകളിൽ കച്ചവടം നടത്തിയിരുന്നതുകൊണ്ട്‌, മറ്റ്‌ റീട്ടെയിൽ കടകളിൽ കിട്ടുന്ന അതേ വിലയ്ക്ക്‌, ചിലപ്പോൾ അതേക്കാൾ കുറഞ്ഞ വിലയ്ക്കും സാധനങ്ങൾ ഉത്സവക്കച്ചവടത്തിൽ ലഭിയ്ക്കുമായിരുന്നു. തന്നെയുമല്ല അതിനായി ഒരു പരസ്യച്ചെലവും അന്നുണ്ടായിരുന്നില്ല. വൻ സന്നാഹങ്ങളോ, ഒരുപാട്‌ തൊഴിലാളികളോ ഒരുസ്റ്റാളിലും ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെയാണ്‌ സാധനങ്ങൾക്ക്‌ ഭീമമായ വില അന്ന്‌ ഈടാക്കാതിരുന്നത്‌.
    ഇന്നത്തെ കച്ചവടോത്സവങ്ങൾ പക്ഷേ, അതല്ല. സർക്കാർ തന്നെ ഭീമമായ തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിൽക്കുന്നു എന്നത്‌ ഖേദകരവുമാണ്‌. അന്ന്‌ ഒരു സർക്കാരും ഈ കച്ചവടത്തെ പ്രോത്സാഹിപ്പിയ്ക്കാനോ അത്‌ ഉത്സവമാക്കി മാറ്റാനോ പ്രസംഗിച്ചിരുന്നില്ല. ഇന്നിപ്പോൾ ഒരുലക്ഷം സ്ക്വയർ ഫീറ്റും രണ്ട്‌ ലക്ഷം സ്ക്വയർഫീറ്റും തമ്മിലുള്ള മത്സരമാണ്‌ വ്യാപാരോത്സവങ്ങളിൽ പലതിലും കാണുന്നത്‌. ഒരു സാരി വാങ്ങാനോ, ഒരു മാല വാങ്ങാനോ പോകുന്നയാൾക്ക്‌ കടയുടെ വലുപ്പം ഒരു രീതിയിലും ഗുണം ചെയ്യില്ല എന്നു മാത്രമല്ല കടനടത്തിപ്പുകാരന്റെ സകലചിലവുകളും റേഡിയോ, ടി.വി പരസ്യങ്ങളുമെല്ലാം സാധാനം വാങ്ങാൻ ചെല്ലുന്നവന്റെ പിടലിയിലാണ്‌ വന്നു വീഴുന്നത്‌ എന്നതും സത്യം. കച്ചവടോത്സവം മൂത്ത്‌ മൂത്ത്‌ ദോശ മേള, ചപ്പാത്തിമേള തുടങ്ങി നാട്ടിലെ സകല മേളത്തട്ടിപ്പുകാരും സംഘടിച്ച്‌ ജനത്തെകൊള്ളയടിക്കുന്ന സമ്പ്രദായത്തിന്‌ വ്യാപാരോത്സവം എന്നും കേരളോത്സവം എന്നും മറ്റും പേരിട്ട്‌ ജനങ്ങളെ ആകർഷിക്കുന്നത്‌ കടുത്ത അനീതിയും അക്രമവുമാണ്‌. ഒരു ഭാഗത്ത്‌ സബ്സിഡികളും സൗജന്യങ്ങളും നൽകി സാധനങ്ങൾ ഉൽപാദിപ്പിയ്ക്കുകയും അവ ഇടനിലക്കാരെവച്ച്‌ വൻ ലാഭത്തിന്‌ വിൽക്കാൻ മറുഭാഗത്ത്‌ ഉത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്‌, ഇരട്ടി നഷ്ടം രാഷ്ട്രത്തിന്‌ സംഭവിക്കുകയാണ്‌. യഥാർത്ഥ ഉൽപ്പാദകനും കച്ചവടക്കാരനും തമ്മിൽ നേരിട്ട്‌ യാതൊരുബന്ധവുമില്ലാത്ത ഏർപ്പാടാണിത്‌. ഇടനിലക്കാർ തഴച്ചു വളരാൻ സഹായിയ്ക്കുന്ന വ്യാപാരോത്സവങ്ങൾ നാടിനോ നാട്ടാർക്കോ ഗുണം ചെയ്യില്ല എന്ന്‌ മാത്രമല്ല ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ്‌ വർദ്ധിക്കുകയും ചെയ്യും.
    മറിച്ച്‌ ഒന്ന്‌ ചിന്തിയ്ക്കു. ഇപ്പോൾ സബ്സിഡിയായും സൗജന്യമായും വിത്തും വളവും കാർഷിക സഹായവും നൽകുന്നവരെ ഉത്തേജിപ്പിച്ച്‌ സംഘടിപ്പിച്ച്‌ അവരുടെ ഉൽപ്പന്നങ്ങൾ അവർക്ക്‌ നേരിട്ട്‌ വിൽക്കാൻ പറ്റുന്ന കാർഷിക മേളകൾ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകട്ടെ. പഴയ അമ്പലപ്പറമ്പുകളും പള്ളിപ്പറമ്പുകളും വീണ്ടും കൃഷിയുമായി ബന്ധപ്പെടുത്തി ഉണരണം. കൂട്ടത്തിൽ ചെറുകിട വ്യവസായികോൽപന്നങ്ങളും പ്രദർശന വിൽപനയിൽ എത്തിയാൽ നന്നായി. അങ്ങിനെ എല്ലാ ഗ്രാമങ്ങളും ഉണർന്നാൽ ഭക്ഷ്യ ദൗർലഭ്യം തീരും. വിലക്കയറ്റം ശമിക്കുകയും ചെയ്യും. പക്ഷേ നമ്മുടെ ലക്ഷ്യമതല്ലല്ലോ. ആര്‌ എങ്ങിനേയും വിൽക്കട്ടെ. പാർട്ടിയ്ക്കുള്ളത്‌ പാർട്ടിയ്ക്കും തനിക്കുള്ളത്‌ തനിക്കും പ്രത്യേകം കിട്ടണം. ബലേഭേഷ്‌ വ്യാപാരോത്സവം സിന്ദാബാദ്‌!! സ്ത്രീയും സ്ത്രീവസ്ത്രവും കച്ചവടം തന്നെ!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ