സണ്ണി തായങ്കരി
ആറ്
യജമാനനെ തനിച്ചൊരുനോക്കുകാണാൻ, തന്റെ വേദനകൾ അറിയിക്കാൻ എത്രയോ ദിവസങ്ങൾ കാത്തിരുന്നു! ഒരുനാൾ സാറായി യജമാനത്തിയെ കൂടാരത്തിൽ കണ്ടില്ല. അന്വേഷിച്ചപ്പോൾ വയലിലേക്ക് പോയെന്ന് ഭൃത്യരിൽ ആരോ പറഞ്ഞു. യജമാനൻ ഏകനായി ഇരിക്കുന്നതും കണ്ടു. അദ്ദേഹത്തിന്റെ കിടക്കറയിലേക്കുചെന്നു. ഉള്ളം പിടയ്ക്കുന്നുണ്ടായിരുന്നു. സാറായി യജമാനത്തിയെങ്ങാൻ കണ്ടാൽ...
തലയുയർത്തിനോക്കിയതല്ലാതെ ഒരക്ഷരം അദ്ദേഹം സംസാരിച്ചില്ല. ഒരടുപ്പവും കാണിച്ചില്ല. സാറാ യജമാനത്തിയെ ഭയന്നാവുമോ...?
മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമെന്ന് അന്നാണറിഞ്ഞത്. ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ബീജമല്ലേ തന്റെ വയറ്റിൽ വളരുന്നത്. അതിനുവേണ്ടിയല്ലേ ഒരു ജന്മം മുഴുവൻ അദ്ദേഹം കേണത്? സ്വന്തം ഭാര്യയ്ക്ക് സംവത്സരങ്ങളായി നൽകാൻ കഴിയാത്തത്താണ് ദിവസങ്ങൾക്കുള്ളിൽ താൻ സാധിച്ചതു. വാർധക്യത്തിന്റെ ബീജത്തിനുപോലും സ്വീകാര്യത നൽകിയ തന്റെ ഗർഭപാത്രത്തിന്റെ മഹനീയതയെ ശ്ലാഘിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നുകൂടെ?
"യജമാനനെ, എനിക്കു ചില സങ്കടങ്ങൾ പറയാനുണ്ട്." അബലയുടെ നിരാശ്രയബോധം വാക്കുകളിൽ വിഹ്വലതയുടെ തിരകളുയർത്തി.
"എന്താണ് ഹാഗാറേ നിന്റെ പ്രശ്നം?" അദ്ദേഹം തലയുയർത്തി.
സ്ത്രീക്ക് സുരക്ഷിതത്വത്തിന്റെ വൻമതിൽ ഒരുക്കേണ്ടവൻതന്നെ ഒരേ കൂരയ്ക്ക് കീഴിൽ കഴിയുമ്പോഴും കേവല കാഴ്ചക്കാരനാകുമ്പോൾ അവളുടെ പരിമിതികൾ പരിധികൾ ലംഘിക്കുക സ്വാഭാവികം.
"സാറായി യജമാനത്തിയുടെ ക്രൂരത എനിക്ക് താങ്ങാനാവുന്നില്ല. ഇങ്ങനെപോയാൽ എന്റെ ഉദരത്തിലെ കുഞ്ഞ് പുറംലോകം കാണില്ല..."
നിയന്ത്രണം നഷ്ടപ്പെട്ട് കരഞ്ഞ തന്നെ അദ്ദേഹം തലോടുമെന്നും ആശ്വാസവാക്കുകൾ പറയുമെന്നും കരുതി. പ്രതീക്ഷ അസ്ഥാനത്താണെന്നറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വരമുയർന്നു-
"നീ നിലവിട്ട് പെരുമാറരുതായിരുന്നു. ഓരോരുത്തർക്കും ഓരോ സ്ഥാനമുണ്ട്. ഇപ്പോൾ കുഞ്ഞിനെ സംരക്ഷിക്കേണ്ടത് നിന്റെ ചുമതലയാണ്. സാറായി നിന്റെ യജമാനത്തിയാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും. അവൾ പറയുന്നതുകേട്ട് കഴിഞ്ഞുകൊള്ളുക. അതാണ് നിനക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലത്."
ആ തീർപ്പിനുമുമ്പിൽ അന്തിച്ചുപോയി. അപ്പോഴേയ്ക്കും വയലിൽനിന്ന് ആട്ടിൻകുട്ടിയുമായി യജമാനത്തി വരുന്നതുകണ്ടു.
പീഡനം പൂർവാധികം ശക്തമായപ്പോൾ യജമാനന്റെ ഭവനത്തിൽനിന്ന് രക്ഷപ്പെടണമെന്നുതോന്നി. അല്ലെങ്കിൽ സാറായിയുടെ ക്രൂരതമൂലം തന്റെ കുഞ്ഞ് വയറ്റിൽവച്ചുതന്നെ മരിച്ചുപോയേക്കാം. ഇല്ല, മരണത്തിന് തന്റെ പിഞ്ചോമനയെ വിട്ടുകൊടുക്കില്ല. ആർക്കും കൊടുക്കാതെ വളർത്തും. ഇവിടെ കിടന്ന് പ്രസവിച്ചാൽ കുഞ്ഞിനെ ഇവർ തട്ടിയെടുക്കും. അപ്പോൾ താൻ കൂടുതൽ നികൃഷ്ടയും തിരസ്കൃതയുമാകും. അതിനേക്കാൾ വലുതായിരിക്കും കുഞ്ഞിനെ നഷ്ടപ്പെട്ട, നൊന്തുപ്രസവിച്ച ഒരമ്മയുടെ വേദന.
ഇരുട്ട് കട്ടപിടിച്ച ഒരു രാത്രി. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് കൂടാരത്തിന് പുറത്തുകടന്നു. എവിടേയ്ക്കോ ലക്ഷ്യമില്ലാതെ ഓടി. ആരിൽനിന്നൊക്കെയോ രക്ഷപ്പെടാനുള്ള വെമ്പലലോടെയുള്ള പലായനം! അനാഥത്വത്തിലേക്കുള്ള ആ യാത്ര ശരീരത്തെയും മനസ്സിനെയും തളർത്തുംവരെ തുടർന്നു. പ്രഭാതമായി, മധ്യാഹ്നമായി. ആകാശത്തുനിന്നും പുറപ്പെട്ടുവന്ന അഗ്നിയുടെ തന്മാത്രകൾ ചൊരിമണലിൽപതിച്ച് ആളിപ്പടരുമ്പോൾ സമതലഭൂമിയും പിന്നിട്ട് മരുഭൂമിയിലെത്തിപ്പെട്ടിരുന്നു. വിശപ്പും ക്ഷീണവും അസഹനീയമായി. ഈജിപ്തിന്റെ എതിർവശത്തുള്ള ഷേർ മരുഭൂമിയിലേയ്ക്കുള്ള വഴിയിൽ കാടേഷിനും ബേരെദിനും ഇടയ്ക്കുള്ള ബേരൢായ്‌റോയ് നീരുറവയ്ക്കുസമീപം ഒരടി മുന്നേറാനാവാതെ തളർന്നിരുന്നു. ജീവശ്വാസത്തെ ദുർബലമായ ശരീരത്തിന് താങ്ങിനിർത്താനാവില്ലെന്ന് ബോധ്യമായപ്പോൾ നീരുറവയിൽനിന്ന് രണ്ടുകൈക്കുമ്പിൾ ജലം കോരിക്കുടിച്ചു.
ആകാശത്ത് വട്ടമിട്ടുപറക്കുന്ന കഴുകക്കൂട്ടങ്ങളെകണ്ട് അലറിവിളിച്ചുപോയി. അത് താഴ്‌ന്നു വരികയാണ്. ഏതുനിമിഷവും കൊത്തിപ്പറിച്ചേക്കാം. താനും ഉദരത്തിലുള്ള ശിശുവും മരുഭൂമിയിൽ കഴുകന്മാരുടെ ഭക്ഷണമാകുമെന്നോർത്തപ്പോൾ പ്രാണവേദനയോടെ കരഞ്ഞു. കഴുകന്റെ നീണ്ടുകൂർത്ത ചുണ്ടുകൾ നിറകണ്ണുകളെ കൊത്തിയെടുക്കാൻ തലയ്ക്ക് തൊട്ടുമുകളിൽ ചിറകടിച്ചുനിന്നു.
പെട്ടെന്ന് അതിശക്തമായ കാറ്റുവീശി. കഴുകക്കൂട്ടം ഞൊടിയിടയിൽ അപ്രത്യക്ഷമായി. ഝടുതിയിൽ വേച്ചുവേച്ച് എഴുന്നേറ്റു. ആ കാറ്റ് തന്നിൽ അനൽപമായ ആശ്വാസം പകർന്നതായി തോന്നി.
ഒരു മനുഷ്യരൂപം എതിരെ വരുന്നതുകണ്ടു! അയാളിൽനിന്ന് പ്രകാശം നിർഗമിക്കുന്നു! യജമാനന്റെ കർത്താവിന്റെ ദൂതനായിരുക്കുമോ? ദൂതനിൽനിന്ന് പ്രകാശം നിർഗമിക്കുമെന്ന് കേട്ടിട്ടുണ്ട്.
പ്രകാശരൂപം ചോദിച്ചു-
"സാറായിയുടെ ദാസിയായ ഹാഗാറേ, നീയെവിടെനിന്നുവരുന്നു?"
"ഞാൻ... ഞാൻ..."
"എവിടേയ്ക്കാണ് യാത്ര?"
"അറിയില്ല പ്രഭോ..."
നിസ്സഹായയും പരിത്യക്തയുമായ സ്ത്രീയുടെ ആത്മവിലാപം ദൂതൻ തിരിച്ചറിഞ്ഞു.
"ലക്ഷ്യമില്ലാത്ത യാത്ര നാശത്തിലേക്കാണ്."
"ഞാൻ യജമാനത്തിയായ സാറായിയിൽനിന്ന് ഓടിപ്പോന്നതാണ്."
"എന്തുകൊണ്ട്?"
"അങ്ങതറിയുന്നുവല്ലോ."
"നീ മടങ്ങിപ്പോയി സാറായിക്ക് കീഴ്പ്പെട്ടിരിക്കുക. നിനക്കും ജനിക്കാനിരിക്കുന്ന ശിശുവിനും ഇപ്പോൾ അവരുടെ ആശ്രയം ആവശ്യമുണ്ട്."
"ഞാനാഗ്രഹിക്കാത്ത എന്റെ ഉദരഫലം നിമിത്തം ഞാൻ പീഡിപ്പിക്കപ്പെടുന്നു."
"നിന്റെ വേദന കർത്താവ് കാണുന്നുണ്ട്. എണ്ണിയാൽ തീരാത്തത്ര അധികമായി നിന്റെ സന്തതിയെ കർത്താവ് വർധിപ്പിക്കും. നീ ഒരു ആൺകുട്ടിയെ പ്രസവിക്കും. അവന് ഇസ്മായേലെന്ന് പേരിടണം. അവൻ കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കയ്യ് എല്ലാവർക്കും എതിരായും എല്ലാവരുടെയും കൈകൾ അവനെതിരായും ഉയരും. അവൻ തന്റെ സഹോദരങ്ങൾക്കെതിരായി വർത്തിക്കുകയും ചെയ്യും."
"എൽറോയി..." നാവിൽ രൂപപ്പെട്ട വാക്ക് അതായിരുന്നു. കുനിഞ്ഞ ശിരസ്സ് ഉയർത്തുമ്പോൾ ദൂതൻ അപ്രത്യക്ഷണായിരുന്നു. അപ്പോൾ മരുഭൂമി കൂടുതൽ വന്യമായി. മണൽക്കാടുകളുടെ ഏകാന്തത്ത യിലേക്ക് കഴുകക്കൂട്ടങ്ങൾ വീണ്ടും ഇരച്ചുവന്നു. രാക്ഷസർ അട്ടഹാസത്തോടെ വായ് പിളർന്നടുക്കുന്നതായി തോന്നി. അടുത്തക്ഷണം സാറായി യജമാനത്തിയുടെ ഭവനത്തെ ലക്ഷ്യമാക്കി തിരിഞ്ഞോടി.
"അമ്മ ഏറെനേരമായി ഒരേനിൽപ്പാണല്ലോ." ഹാഗാറിനെ ചിന്തയിൽനിന്ന് ഉണർത്തിയത് ഇസ്മായേലിന്റെ ഭാര്യയുടെ സ്വരമാണ്.
"നമുക്കിന്ന് വളരെ ആദരണീയനായ ഒരു അതിഥിയുണ്ട്. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കണം. വിശ്രമസ്ഥലവും. അതിഥിയെ ആദരവോടെ സ്വീകരിക്കണം. അദ്ദേഹത്തിന്റെ അനുഗ്രഹം നിനക്കും പിൻതലമുറകൾക്കും വിലപ്പെട്ടതാണ്."
"ആരാണമ്മേ സംപൂജ്യനായ അതിഥി?"
"ഇസ്മായേലിന്റെ പിതാവ്."
അത് കേട്ടപ്പോൾതന്നെ അവൾ ആദരവോടെ ആ രൂപം മുന്നിൽ കണ്ടിട്ടെന്നപോലെ ശിരസ്സ് നമിച്ചു. ശിരോവസ്ത്രംകൊണ്ട് ശിരസ് മറച്ചു. ഇസ്മായേലിന്റെ പിതാവിന്റെ കീർത്തി ഈജിപ്തിലെങ്ങും പരന്നിരുന്നു. ശക്തനും കർത്താവ് തെരഞ്ഞെടുത്തവനുമായ അദ്ദേഹം തന്റെ ഭർത്താവിന്റെ പിതാവാണെന്നതിൽ അവൾക്ക് അഭിമാനമുണ്ട്. അദ്ദേഹത്തെ ഒരുനോക്കുകാണാൻ, അനുഗ്രഹം വാങ്ങാൻ എത്ര കൊതിച്ചിരുന്നു. ആ സുദിനമിതാ എത്തിയിരിക്കുന്നു...!
അബ്രാം യജമാനന്റെ ഇഷ്ടഭക്ഷണങ്ങളെപ്പറ്റി നല്ലബോധ്യമുണ്ട്. എത്രയോ സംവത്സരങ്ങൾ ഈ കൈകൾകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹം കഴിച്ചു. സാറായി യജമാനത്തിയേക്കാൾ കൈപ്പുണ്യം തനിക്കുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.
അബ്രാം യജമാനന്റെ ഭക്ഷണം സ്വന്തം കൈകൾകൊണ്ടുതന്നെ ഉണ്ടാക്കാൻ ഹാഗാർ തീരുമാനിച്ചു. അത് കഴിക്കുമ്പോഴെങ്കിലും അദ്ദേഹം തന്നെ ഓർമിക്കുമോ, ആവോ...?
ഭൃത്യന്മാർ വിശ്രമസ്ഥലം ഒരുക്കുമ്പോൾ കൂടാരത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെപ്പറ്റി ഹാഗാർ വാചാലയായി. വെറുപ്പിന്റെയും പകയുടെയും തീപ്പൊരിവീണ് തിളയ്ക്കുന്ന അഗ്നികുണ്ഠമായിരുന്നു മനമെങ്കിലും ഈ വിശിഷ്ടാതിഥി തന്റെ മകന്റെ പിതാവാണെന്ന ചിന്ത, അത്ഭുതമെന്നുപറയട്ടെ, ഹൃദയ കാഠിന്യത്തെ ഇപ്പോൾ ലഘൂകരിച്ചിരിക്കുന്നു. കേവലമൊരുഅടിമയായിരുന്ന തന്നെ ഇസ്മായേലിനെപ്പോലെ കരുത്തനായ ഒരു മകന്റെ അമ്മയാക്കിയത് അദ്ദേഹമല്ലേ?
ഹാഗാർ ഓർക്കുകയായിരുന്നു...
ഇസഹാക്കിന്റെ ജന്മശേഷം സാറായി യജമാനത്തി തന്നോടുള്ള ക്രൂരത പതിന്മടങ്ങ് വർധിപ്പിച്ചു. യജമാനന്റെ കർത്താവിന്റെ ദൂതൻ കൽപിച്ചതനുസരിച്ചാണ് എല്ലാം സഹിച്ചതു. എന്തും സഹിക്കാൻ തയ്യാറുമായിരുന്നു. പക്ഷേ...
സാറായി യജമാനത്തി ഗർഭിണിയാണെന്ന് അറിഞ്ഞശേഷം ഒരിക്കലും അദ്ദേഹം തന്നെ പ്രാപിച്ചിട്ടില്ല. ആത്യന്തികമായി ഒരടിമയുടെ അസ്തിത്വം എന്താണെന്ന തിരിച്ചറിവിലേയ്ക്ക് അത് മനസ്സിനെ പാകപ്പെടുത്തി. കഴിഞ്ഞുപോയതെല്ലാം ഒരു ദുഃസ്വപ്നം മാത്രമാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഒരുനാൾ ജേഷ്ഠാനുജന്മാർ കളിക്കുന്നതുകണ്ട് സാറായി യജമാനത്തി കോപത്തോടെ യജമാനനെ സമീപിച്ചു.
"എന്റെ മകന്റെ കൂടെ അടിമയുടെ മകൻ വളരണ്ട. ഇതിന്നിവിടെവച്ച് അവസാനിപ്പിക്കണം."
"ഇസ്മായേലും എന്റെ മകനല്ലേ സാറായി?" യജമാനൻ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"അങ്ങയുടെ മകനായിരിക്കും. എന്റേതല്ലല്ലോ?"
ഭാര്യയുടെ കാരുണ്യമില്ലാത്ത മറുപടി അദ്ദേഹത്തെ നിശബ്ദനാക്കി.
"അടിമയുടെ മകന് ഇസഹാക്കിന്റെ അവകാശത്തിൽ പങ്ക് പാടില്ല. അവനേയും ആ സ്ത്രീയേയും പറഞ്ഞുവിടണം."
"പക്ഷേ, എവിടേയ്ക്ക്...?" അദ്ദേഹത്തിന്റെ നിസ്സഹായതയ്ക്കുമേൽ നിഷേധഭാവം പ്രകടിപ്പിച്ച് അവർ കടന്നുപോയി.
ഏതു നിമിഷവും അവിടെനിന്ന് നിഷ്കാസിതയാകുമെന്ന ഭയത്തോടെ ഇസ്മായേലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉറക്കം നഷ്ടപ്പെട്ട ഒരു മുഴുരാത്രി... സ്വന്തമെന്നുകരുതി പരിപാലിച്ച ഈ കൂടാരം ഉപേക്ഷിക്കേണ്ടി വരിക...! എവിടേയ്ക്കാണ് പോകുക...? ആരാണ് അഭയം നൽകുക...?
പിറ്റേന്നുപ്രഭാതത്തിൽ ഒരു സഞ്ചിവെള്ളവും കുറെ അപ്പവും സ്വന്തം പുത്രനേയും കയ്യിൽ തന്ന് 'വിശാലമായ ഈ ഭൂമിയിൽ എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളു'വേന്ന് പറയുമ്പോൾ തന്റെ മുഖത്ത് നോക്കാൻ അദ്ദേഹം ധൈര്യപ്പെട്ടില്ലായെന്നത് ഓർക്കുന്നു. ഇസ്മായേലിന്റെ മൂർധാവിൽ ചുംബിക്കുമ്പോൾ വാത്സല്യത്തിന്റെ ഒരു മണിമുത്ത് ആ കണ്ണുകളിൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നോ...?
എത്രയോ വർഷങ്ങളായി അടിമയായി, സഹോദരിയായി, ഭർത്താവിന് മകനെ സമ്മാനിച്ച സ്ത്രീയായി കൂടെ വസിച്ചു... എന്നിട്ടും യാത്രയാകുമ്പോഴോ ഭവനം പിന്നിട്ട് ഒരുവേള തിരിഞ്ഞുനോക്കുമ്പോഴോ സാറായി യജമാനത്തിയുടെ മുഖം വാതിൽപ്പടിയിൽ കണ്ടില്ല. നന്ദിഹീനതയുടെ ഒരു നീണ്ട അദ്ധ്യായം അവിടെ അവസാനിച്ചു.
വീണ്ടും മരുഭൂമിയിലേയ്ക്ക്... അശരണരുടെയും പരിത്യക്തരുടെയും വാഗ്ദത്തഭൂമിയിലേക്ക്... വലിച്ചെറിയപ്പെടാൻ പാകത്തിൽ അനന്തമായി നീണ്ടുകിടക്കുന്ന വന്യതയുടെ തരിശിടങ്ങളിലേക്ക്...
ഇത് രണ്ടാമത്തെ മരുഭൂയാത്ര...! ഒരിക്കൽ ഇസ്മായേലിനെ ഗർഭത്തിൽ വഹിച്ചുകൊണ്ട്. ഇപ്പോൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട്... അന്ന് യജമാനത്തിയിൽനിന്ന് ഒളിച്ചോടി. ഇന്ന് അവരാൽ തിരസ്കൃതയായി...
ബേർഷെബാ മറുപ്രദേശത്ത് അലഞ്ഞുതിരിയുമ്പോൾ തോൽസഞ്ചിയിലെ വെള്ളംതീർന്നു, അപ്പവും. പകൽ കത്തുന്ന വെയിലും രാത്രി എല്ലു നുറുങ്ങുന്ന തണുപ്പും. മേൽക്കൂര നഷ്ടപ്പെട്ട തങ്ങളെ അത് തീർത്തും അവശരാക്കി. രാത്രി മാളത്തിൽനിന്ന് ഇര തേടിയിറങ്ങിയ മരുക്കരടികളിൽനിന്ന് ഇസ്മായേലിന്റെ പ്രാണനെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ ഓടി. പ്രഭാതമാകും മുമ്പേ കരടി തളർന്നുകാണും. ഏതായാലും പിന്നീടതിനെ കണ്ടില്ല. വലിയ ആശ്വാസമാണ് തോന്നിയത്.
തലയ്ക്കുമുകളിൽ സൂര്യൻ സംഹാരക ദൗത്യത്തോടെ ജ്വലിച്ചുനിന്നു. ഇസ്മായേലിന്റെ പിഞ്ചുമേനിയിൽനിന്ന് ജലാംശം പൂർണ്ണമായും വറ്റിപ്പോയിരുന്നു. അവൻ ഇനി അധികസമയം ജീവിച്ചിരിക്കില്ലെന്നു ബോധ്യമായി. പ്രാണനെക്കാൾ വലുതായ മകന്റെ മരണം കാണാൻ കെൽപില്ലാതെ, കരിവാളിച്ച്, വാടിത്തളർന്ന അവനെ മരണത്തിനുവിട്ടുകൊടുത്ത് ഒരു മുൾപ്പടർപ്പിൽ കിടത്തി. അവിടെനിന്ന് കുറെ ദൂരം നടന്ന് എതിർദിശയിലേയ്ക്കുനോക്കി തിളയ്ക്കുന്ന ചൊരിമണലിൽ ഇരുന്നു. ഒരിറ്റുജലത്തിനുവേണ്ടിയുള്ള കുഞ്ഞിന്റെ വിലാപം ദുർബലമായ ഒരു പിൻവിളിയായി. അത് നിലയ്ക്കുന്ന നിമിഷത്തിനായി കാതോർത്തു. എല്ലാം നഷ്ടപ്പെട്ട ഒരടിമപ്പെണ്ണിന്റെയും അവളുടെ പുത്രന്റെയും അവസാനനിമിഷങ്ങളാകണേ അതെന്ന് ആഗ്രഹിച്ചുപോയി. ഗർഭിണിയായ തന്നെ സാറായിയുടെ ഭവനത്തിലേയ്ക്ക് തിരിച്ചയച്ച ദൂതനും തന്നെ രക്ഷിക്കാനായില്ലല്ലോയെന്ന് നിരാശപ്പെട്ടു.
പൊടുന്നനെ, ആകാശം മുഴങ്ങി. ഭൂമിവിറകൊണ്ടു. പ്രപഞ്ചത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ഒരു സ്വരമുയർന്നു...
"ഹാഗാർ..."
വിഭ്രാന്തിയുടെ വിജനതയിൽ ഇടിമുഴക്കമായ സ്വരം ദൂതന്റേതുതന്നെയെന്ന് തിരിച്ചറിഞ്ഞു. ഏതു സമസ്യക്കും പരിഹാരവുമായാണല്ലോ യജമാനന്റെ കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുക... പിടഞ്ഞെഴുന്നേറ്റ് നിറമിഴികളടച്ച്, കൈകൾകൂപ്പി.
"കുട്ടിയുടെ കരച്ചിൽ കർത്താവിങ്കൽ എത്തിയിരിക്കുന്നു."
"പ്രഭോ... ഞാനും എന്റെ പുത്രനും മരുഭൂമിയിൽ..."
"ഭയപ്പെടേണ്ട. നിങ്ങളുടെ കാര്യത്തിൽ അവിടുന്നു ശ്രദ്ധാലുവാണ്. അവനിൽനിന്ന് ഒരു ജനതയെ കർത്താവ് പുറപ്പെടുവിക്കും. എഴുന്നേറ്റ് കുട്ടിയുടെ അടുത്തേയ്ക്ക് മടങ്ങുക."
കണ്ണുതുറന്നു നോക്കിയപ്പോൾ തൊട്ടരുകിൽ ഒരു നീർച്ചാൽ... അൽപംമുമ്പ് ഏതാനും കരിങ്കൽകൂട്ടമായിരുന്ന ഇടം...! ഓടിച്ചെന്ന് സഞ്ചിനിറയെ വെള്ളമെടുത്തു. അതുമായി മകന്റെയടുത്തേക്ക് നടക്കുമ്പോൾ അവൻ അതാ, എതിരെ വരുന്നു. എല്ലാ ക്ഷീണവും അവനെ അപ്പോൾ വിട്ടകന്നിരുന്നു. അവന്റെ കയ്യിൽ ഒരു വില്ലുണ്ടായിരുന്നു. ബാല്യത്തിന്റെ നിഷ്കളങ്കഭാവത്തിനുപകരം പകയുടെയും വിദ്വേഷത്തിന്റെയും തീജ്വാല ആ കണ്ണുകളിൽ കത്തുന്നത് ഹാഗാർ കണ്ടു. മരുഭൂമിയുടെ വിരിമാറിൽനിന്നുകൊണ്ട് അവൻ ഭൂമിയുടെ മറ്റേയറ്റത്തേയ്ക്ക് ഒരമ്പെയ്തുവിട്ടു. ദിഗന്തങ്ങളിൽ ദീനരോദനം പ്രതിധ്വനിച്ചു.
അബ്രാഹത്തെയും സംഘത്തെയും നയിച്ചുകൊണ്ട് ഇസ്മായേലിന്റെ സംഘത്തലവൻ മുമ്പേ കഴുതപ്പുറത്തു സഞ്ചരിച്ചു. പെട്ടെന്ന് സംഘത്തലവന്റെയും കഴുതയുടെയും കണ്ണുകളിൽ ഇരുട്ട് പടർന്നു. ഒരടിപോലും മുന്നോട്ട് സഞ്ചരിക്കാനാവാതെ അയാളും കഴുതയും വഴിയോരത്തുനിന്നു. അത് യാത്രാസംഘം അറിഞ്ഞതേയില്ല!
ഇസ്മായേലിന്റെ കൂടാരസമുച്ചയത്തിലെത്തുമുമ്പ് കൺമുമ്പിൽ തേജോമയമായ ഒരു അത്ഭുതകൂടാരം കാണപ്പെട്ടു. അബ്രാഹവും ഭൃത്യന്മാരും അതിൽ പ്രവേശിച്ചു. അവിടെ സജ്ജമാക്കിയിരുന്ന വിഭവങ്ങൾ ആഹരിച്ചു. അപ്പോഴെല്ലാം ഹാഗാറിന്റെ അസാന്നിധ്യം അബ്രാഹത്തെ തെല്ലൊന്നുമല്ല നിരാശനാക്കിയത്. ഒരു നോക്കുകാണാൻ ആഗ്രഹിച്ചതല്ലേ? മകനെയും പുത്രവധുവിനെയും അനുഗ്രഹിക്കാൻ മനം വെമ്പൽകൊണ്ടു. ഇസ്മായേലിന്റെ കടിഞ്ഞൂൽ പുത്രാവകാശം നൽകാൻ തീരുമാനിച്ചകാര്യം അവനെ അറിയിക്കണം.
അവർക്കിടയിൽ എവിടെനിന്നോ ഒരാൺകുട്ടി പ്രത്യക്ഷപ്പെട്ടു. കൂസലില്ലാതെ അവൻ അബ്രാഹത്തിന്റെ അരികിലേക്ക് നടന്നു. ഹാഗാറിന്റെയും പുത്രവധുവിന്റെയും സാമീപ്യം കാംക്ഷിച്ചുകിടന്ന അദ്ദേഹം ഒട്ടൊരു കൗതുകത്തോടെ അവനെ നോക്കി. വിശ്രമശയ്യയിൽനിന്ന് യാന്ത്രികമായി എഴുന്നേറ്റു. സമീപമെത്തിയ കുട്ടി വിനയപുരസ്സരം കുനിഞ്ഞ് അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ചു. അബ്രാഹം ക്ലേശിച്ച് കുനിഞ്ഞ് ആ കുഞ്ഞുശിരസ്സിൽ കൈവച്ചു. വിറയാർന്ന കൈകൾകൊണ്ട് പിടിച്ചെഴുന്നേൽപ്പിച്ചു. ഓമനത്തമുള്ള അവനെ മാറോട് ചേർത്തണയ്ക്കുമ്പോൾ ഒരുൾപ്പുളകം... ഉത്ക്കണ്ഠയും ഹൃദയമിടിപ്പും വർധിക്കുന്നത് അബ്രാഹം അറിഞ്ഞു. വർധിതമായ ആ ഹൃദയത്തുടുപ്പിൽ അനിർവചനീയമായ ആത്മനിർവൃതി നിറഞ്ഞു. അജ്ഞാതവും അപരിമേയവുമായ ജന്മസാഫല്യം ഒരൊറ്റ നിമിഷംകൊണ്ട് കരഗതമാകുമ്പോലെ...!യജമാനനെ തനിച്ചൊരുനോക്കുകാണാൻ, തന്റെ വേദനകൾ അറിയിക്കാൻ എത്രയോ ദിവസങ്ങൾ കാത്തിരുന്നു! ഒരുനാൾ സാറായി യജമാനത്തിയെ കൂടാരത്തിൽ കണ്ടില്ല. അന്വേഷിച്ചപ്പോൾ വയലിലേക്ക് പോയെന്ന് ഭൃത്യരിൽ ആരോ പറഞ്ഞു. യജമാനൻ ഏകനായി ഇരിക്കുന്നതും കണ്ടു. അദ്ദേഹത്തിന്റെ കിടക്കറയിലേക്കുചെന്നു. ഉള്ളം പിടയ്ക്കുന്നുണ്ടായിരുന്നു. സാറായി യജമാനത്തിയെങ്ങാൻ കണ്ടാൽ...

അവർക്കിടയിൽ എവിടെനിന്നോ ഒരാൺകുട്ടി പ്രത്യക്ഷപ്പെട്ടു. കൂസലില്ലാതെ അവൻ അബ്രാഹത്തിന്റെ അരികിലേക്ക് നടന്നു. ഹാഗാറിന്റെയും പുത്രവധുവിന്റെയും സാമീപ്യം കാംക്ഷിച്ചുകിടന്ന അദ്ദേഹം ഒട്ടൊരു കൗതുകത്തോടെ അവനെ നോക്കി. വിശ്രമശയ്യയിൽനിന്ന് യാന്ത്രികമായി എഴുന്നേറ്റു. സമീപമെത്തിയ കുട്ടി വിനയപുരസ്സരം കുനിഞ്ഞ് അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ചു. അബ്രാഹം ക്ലേശിച്ച് കുനിഞ്ഞ് ആ കുഞ്ഞുശിരസ്സിൽ കൈവച്ചു. വിറയാർന്ന കൈകൾകൊണ്ട് പിടിച്ചെഴുന്നേൽപ്പിച്ചു. ഓമനത്തമുള്ള അവനെ മാറോട് ചേർത്തണയ്ക്കുമ്പോൾ ഒരുൾപ്പുളകം... ഉത്ക്കണ്ഠയും ഹൃദയമിടിപ്പും വർധിക്കുന്നത് അബ്രാഹം അറിഞ്ഞു. വർധിതമായ ആ ഹൃദയത്തുടുപ്പിൽ അനിർവചനീയമായ ആത്മനിർവൃതി നിറഞ്ഞു. അജ്ഞാതവും അപരിമേയവുമായ ജന്മസാഫല്യം ഒരൊറ്റ നിമിഷംകൊണ്ട് കരഗതമാകുമ്പോലെ...!
"നീ ആരാണു കുട്ടി...? ആരുടെ മകൻ...?"
"ഞാൻ നെബായോത്ത്."
രണ്ടാമത്തെ ചോദ്യത്തിന് മറുപടി പറയാതെ അവൻ ഓടിമറഞ്ഞു.
വിശ്രമത്തിന്റെ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏലിയേസർ അടുത്തെത്തി.
"യജമാനനേ... നമുക്ക് യാത്ര തുടരാം. ഇരുട്ടുപരക്കാൻ ഇനി ഏതാനും വിനാഴികയേ ബാക്കിയുള്ളു."
അബ്രാഹം തലയാട്ടി. കൂടാരത്തിൽനിന്ന് സംഭരിച്ച ആഹാരപാനീയങ്ങളുമായി അവർ മുന്നോട്ടുനീങ്ങി. യാത്ര ആരംഭിക്കുമ്പോഴുണ്ടായിരുന്ന പ്രകാശം പൊടുന്നനെ കെട്ടതും മരുഭൂമിയിൽ ഇരുട്ട് വ്യാപിച്ചതും അവർ കണ്ടു. എന്നാൽ അവർക്കു പോകേണ്ട വീഥികളിൽ മാത്രം പ്രകാശം പരവതാനിവിരിച്ചു. പ്രകാശത്തിന്റെ വഴി ഹാഗാറിന്റെ കൂടാരത്തിലേക്കല്ല, യജമാനന്റെ ഭവനത്തിലേക്കുള്ളതാണെന്ന് ഏലിയേസർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.
അബ്രാഹം അപ്പോൾ നീണ്ട മയക്കത്തിലായിരുന്നു.
തുടരും