23 Feb 2013

ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം


സിദ്ധരാമേശ്വര സ്വാമി ജി. എം.

ഉണ്ടക്കൊപ്രയും തൂൾതേങ്ങയും മറ്റ്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യൻ നഗരങ്ങളിൽ പ്രചാരമാർജ്ജിച്ച ഉൽപന്നങ്ങളാണ്‌. "ഡ്രൈഫ്രൂട്ട്‌" എന്ന നിലയിൽ ഉണ്ടകൊപ്ര നഗരവിപണികളിൽ സുപരിചിതമാണെങ്കിൽ തൂൾതേങ്ങ ബേക്കറി, മധുരപലഹാര നിർമ്മാണമേഖല കൈയ്യടക്കിവെച്ചിരിക്കുന്നു. ഉണ്ടകൊപ്രയുടേയും തൂൾതേങ്ങയുടേയും ഉത്പാദനം കേന്ദ്രീകരിച്ചിരിക്കുന്നത്‌ കർണ്ണാടകത്തിലാണ്‌.
ഉണ്ടകൊപ്ര
കർണ്ണാടകയിലെ തുംകൂർ, ഹസൻ, ചിത്രദുർഗ്ഗ, ചിക്കമഗ്ലൂർ ജില്ലകളിലെ കേരകർഷകരെല്ലാം തന്നെ ഉത്പാദനത്തിന്റെ 60 ശതമാനം നാളികേരവും ഉണ്ടകൊപ്രയാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. 1.30 ലക്ഷം ഉണ്ടകൊപ്രയാണ്‌ സംസ്ഥാനത്തെ മൊത്തം ഉത്പാദനം. പരമ്പരാഗത രീതിയിൽ നന്നായി വിളഞ്ഞ നാളികേരം 11-12 മാസം അട്ടത്തിൽ സൂക്ഷിച്ചാണ്‌ ഉണ്ടകൊപ്രയുണ്ടാക്കുന്നത്‌. അടുത്തിടെയായി ചില കർഷകർ ഗോഡൗണുകൾ നിർമ്മിച്ച്‌ നാളികേരം സൂക്ഷിച്ച്‌ വരുന്നുണ്ട്‌. കർണ്ണാടകത്തിൽ ഉത്പാദിപ്പിക്കുന്ന ഉണ്ടക്കൊപ്ര ഗുണമേന്മയിൽ ഏറ്റവും മികച്ചതും മാധുര്യമേറിയതുമായി കണക്കാക്കപ്പെടുന്നു. ഉണ്ടക്കൊപ്ര കാഴ്ചയിൽ മികച്ചതും വലിപ്പം കുറഞ്ഞതും ഈർപ്പാംശം കുറഞ്ഞതുമായിരിക്കണം.
ഉണ്ടക്കൊപ്രയുടെ വ്യാപാരം പ്രധാനമായും അഗ്രികൾച്ചർ പ്രോഡ്യൂസ്‌ മാർക്കറ്റ്‌ കമ്മിറ്റി (എപിഎംസി), റേഗുലേറ്റഡ്‌ മാർക്കറ്റ്‌ കമ്മിറ്റി (ആർഎംസി) എന്നിവ മുഖേനയാണ്‌ നടക്കുന്നത്‌. തീപ്തൂർ എപിഎംസിയും, അരസിക്കര, കഡൂർ, തുറുവക്കരെ, പുളിയാർ, ഗബ്ബി, തുംകൂർ എന്നിവിടങ്ങളിലെ ആർഎംസികളുമാണ്‌ ഉണ്ടകൊപ്ര വ്യാപാരം നടത്തുന്നത്‌. സംസ്ഥാനത്ത്‌ ഉത്പാദിപ്പിക്കുന്ന ഉണ്ടക്കൊപ്രയുടെ ബഹുഭൂരിഭാഗവും പ്രസ്തുത മാർക്കറ്റുകൾ വഴിയാണ്‌ വിപണനം ചെയ്യപ്പെടുന്നത്‌.
80 ശതമാനം ഉണ്ടക്കൊപ്രയും ഉത്തരേന്ത്യൻ വിപണിയിലേയ്ക്കാണ്‌ പോകുന്നത്‌. ഡൽഹി, അഹമ്മദാബാദ്‌, കൊൽക്കത്ത, പൂന, മുംബൈ, ജയ്പൂർ, പട്ന, നാഗ്പൂർ, കട്ടക്ക്‌, പുരി, ഇൻഡോർ, ഗുവാഹട്ടി മുതലായ നഗരങ്ങളിൽ ഉണ്ടക്കൊപ്രയ്ക്ക്‌ നല്ല വിപണിയുണ്ട്‌.
കമ്മീഷൻ ഏജന്റുമാരും വ്യാപാരികളുമാണ്‌ വിപണി കയ്യാളുന്നത്‌. വ്യാപാരികൾ ബ്രോക്കർമാർ മുഖേനയാണ്‌ വിപണനം നടത്തുന്നത്‌.
ആവിഷ്ക്കരിക്കേണ്ട വിപണന തന്ത്രം
*    നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും രൂപീകരിച്ച്‌ ഉണ്ടക്കൊപ്രയുടെ വിപണനം, മദ്ധ്യവർത്തികളെ ഒഴിവാക്കി നേരിട്ട്‌ നടത്തണം.
*    സംസ്ക്കരണത്തിന്‌ ആധുനിക സാങ്കേതിക വിദ്യ അവലംബിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം നൽകുകയും ചെയ്യണം.
*    'ഡ്രൈഫ്രൂട്ട്‌' എന്ന നിലയിൽ ശരീരത്തിൽ ചൂട്‌ ഉണ്ടാക്കുവാനാണ്‌ ഉണ്ടക്കൊപ്ര ഉപയോഗിക്കുന്നത്‌. ശൈത്യകാലത്തും ശീതരാജ്യങ്ങളിലും പ്രസ്തുത ഗുണം ഉയർത്തിക്കാട്ടി വിപണനം പ്രോത്സാഹിപ്പിക്കാവുന്നതാണ്‌.
*  ഇപ്പോഴത്തെപ്പോലെ ചാക്കുകളിൽ പായ്ക്ക്‌ ചെയ്യുന്നതിനുപകരം സുരക്ഷിതവും ആരോഗ്യകരവും ആകർഷകവുമായ പായ്ക്കിംഗിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതും ഇത്‌ അവലംബിക്കാൻ കർഷകർക്ക്‌ പരിശീലനം നൽകേണ്ടതുമാണ്‌.
തൂൾതേങ്ങ
കർണ്ണാടകത്തിൽ നൂറോളം തൂൾതേങ്ങ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. മൊത്തം ഉത്പാദനം 60,000 മെട്രിക്‌ ടൺവരും. ഈ യൂണിറ്റുകളിലെല്ലാംകൂടി 19 ലക്ഷത്തോളം നാളികേരം പ്രതിദിനം സംസ്ക്കരിക്കുന്നതായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഭൂരിപക്ഷം യൂണിറ്റുകളും സ്ഥാപിതശേഷിയുടെ 75 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. തൂംകുർ, മൈസൂർ, മാണ്ഡ്യ, ചാമരാജ്‌ നഗർ, ഹസൻ, ഉത്തരകന്നഡ, ദക്ഷിണകന്നഡ എന്നീ ജില്ലകളിലാണ്‌ തൂൾതേങ്ങ ഉത്പാദനം നടക്കുന്നത്‌.
വിതരണക്കാരും ഏജന്റുമാരുമാണ്‌ തൂൾതേങ്ങ വിപണി കയ്യടക്കിവെച്ചിരിക്കുന്നത്‌. അവരുടെ താൽപര്യാർത്ഥം നിർമ്മാതാക്കൾ വിവിധ ബ്രാൻഡുകളിൽ ഉൽപന്നം പായ്ക്ക്‌ ചെയ്ത്‌ കൊടുക്കുകയാണ്‌ പതിവ്‌. ചിലപ്പോഴെല്ലാം വിതരണക്കാർ മൊത്തമായി വാങ്ങി പല ബ്രാൻഡുകളിൽ വീണ്ടും പായ്ക്ക്‌ ചെയ്ത്‌ വിപണനം നടത്തുന്നു.
ഉത്പാദത്തിന്റെ 80 ശതമാനത്തിന്റേയും ഉപഭോക്താക്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മധുരപദാർത്ഥ, ബേക്കറി ഉൽപന്ന നിർമ്മാതാക്കളും ബിസ്ക്കറ്റ്‌ നിർമ്മാതാക്കളുമാണ്‌. പത്ത്‌ ശതമാനം മാത്രമേ അവിടങ്ങളിൽ ജീവിക്കുന്ന ദക്ഷിണേന്ത്യക്കാർ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. ന്യൂഡൽഹി, മുംബൈ, അഹമ്മദാബാദ്‌, കൊൽക്കത്ത, ഹൈദരാബാദ്‌, ഘാസിയാബാദ്‌, പട്ന, ലുധിയാന, ജയ്പൂർ, പൂന, അമൃത്സർ, സൂറത്ത്‌, നാഗ്പൂർ, ജമ്മു എന്നിവിടങ്ങളിലാണ്‌ തൂൾതേങ്ങയുടെ പ്രധാന വിപണികൾ. അമ്പത്‌ ശതമാനവും ഡൽഹിയിലാണ്‌ വിപണനം ചെയ്യപ്പെടുന്നത്‌. അമൃതസറിൽ നിന്നും ജമ്മുവിൽ നിന്നും പാക്കിസ്ഥാനിലേക്കും കൊൽക്കത്തയിൽ നിന്ന്‌ ബംഗ്ലാദേശിലേക്കും തൂൾതേങ്ങ പോകുന്നുണ്ട്‌.
വിപണി വിപൂലീകരണത്തിലേക്കുള്ള ചുവടുവെയ്പ്‌
*    ചിരട്ട പൊട്ടിക്കുന്നതിനും തൊലി ചെത്തുന്നതിനുമെല്ലാം യന്ത്രവത്ക്കരണം അത്യാവശ്യമാണ്‌.
*    യൂണിറ്റുകളിൽ ശുചിത്വം ഉറപ്പ്‌ വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
*    ഗുണമേന്മ നിയന്ത്രണങ്ങളും ഉൽപന്നത്തിന്‌ ഗുണമേന്മ സർട്ടിഫിക്കേഷനും നിർബന്ധമാക്കണം.
*   മായം ചേർക്കൽ നിരോധിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌.
ഉത്പാദനം വർദ്ധിപ്പിച്ച്‌ ഗുണമേന്മയുള്ള ഉൽപന്നം വിപണിയിലെത്തിച്ചാൽ വിപണി വിപുലീകരണം സാധ്യമാണ്‌.
സീനിയർ ടെക്നിക്കൽ ആഫീസർ,
നാളികേര വികസന ബോർഡ്‌, ബം
ഗലുരു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...