നിലാവിന്റെ വഴി

 ശ്രീപാര്‍വ്വതി  
ഒരു ആനക്കഥ 


പുതിയ വര്‍ഷം കടന്നു വന്നു, മാസങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ഉത്സവദിനങ്ങളാണ്‍ കടന്നു പോകുന്നത്. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കു പിറകിലാണ്. എടുപ്പു കുതിരകളുടേയും വര്‍ണവിസ്മയമൊരുക്കുന്ന ബലൂണുകളുടേയും വിവിധതരം ഐസ്ക്രീമുകളുടേയും അത്ഭുതലോകം. നെഞ്ചില്‍ നിറഞ്ഞു തുളുമ്പുന്ന ആഹ്ലാദം. ഒഴുകി നീങ്ങുന്ന നിരവധി ഫ്ലോട്ടുകള്‍ കാണാം , ബലൂണ്‍ വാങ്ങി അപ്പൂപ്പാ-അമ്മൂമ്മാ എന്ന് നീട്ടി വിളിക്കാം, രാത്രിയില്‍ നാടകം കാണാം പിന്നെ എപ്പൊഴും എന്നെ തന്നെ നോക്കിയിരിക്കുന്ന രണ്ട് കണ്ണുകള്‍ കാണാം. ഏറ്റവ്മൊടുവില്‍ കുണുങ്ങി പോകുന്ന തലയെടുപ്പുള്ള കൊമ്പന്‍റെ മസ്തക പെരുമ കാണാം. അല്ലെങ്കിലും പണ്ടു മുതലേ ആനകളോട് വളരെയധികം ഇഷ്ടവുമായിരുന്നല്ലോ.


ഇപ്പോഴും എനിക്കു മുന്നില്‍ ഉത്സവങ്ങളുണ്ട്, കെട്ടുമേളങ്ങളില്ലാത്ത എന്നാല്‍ പുതിയ അനുഭവങ്ങളുടെ തീരങ്ങള്‍ .എങ്കിലും എന്‍റെ കണ്ണുകള്‍ തിരഞ്ഞത് തലയെടുപ്പുള്ള ഒരു കൊമ്പനെ. പക്ഷേ ഇവിടുത്തെ അമ്പലത്തില്‍ ഉത്സവത്തിന്, ആനയെ എഴുന്നെള്ളിക്കുകയില്ലത്രേ. എങ്കിലും കണ്ണിന്, ആഘോഷമേകി അടുത്ത അമ്പലങ്ങളില്‍ നിന്നും ആനകള്‍ നെറ്റിപ്പട്ടം കെട്ടി മുന്നിലൂടെ നടന്നു പോയി. കണ്ടാല്‍ തൊടാന്‍ തോന്നുന്നു നല്ല കറുത്ത് മിനുത്ത നിരവധിയാനകള്‍ ...


അസാധാരണ വലിപ്പമുള്ള ആ കൊമ്പന്‍ എന്‍റെ മുന്നില്‍ വന്നു പെട്ടതും ഒരു ഉത്സവക്കാഴ്ച്ചയുടെ അനുഭവം. നെറ്റിപ്പട്ടം കെട്ടി ഭഗവതിയുടെ തിടമ്പേറ്റി അവന്‍ എന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു. തന്‍റെ മുതുകത്തിരിക്കുന്ന പയ്യനെ അവന്‍ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. അടുത്തു നിന്ന ആനപാപ്പാന്‍ തോട്ടി കൊണ്ട് കാലില്‍ ഒന്ന് ഉരസിയപ്പോഴും അവന്‍ പ്രതിഷേധിച്ചില്ല, ശീലമുള്ളവനെ പോലെ അനുസരണയുള്ള നായെ പോലെ പാപ്പാന്‍ പറയുന്ന ദിക്കിലേയ്ക്ക് പതുക്കെ കാലെടുത്തു വച്ചു. പക്ഷേ നെറ്റിപ്പട്ടത്തിന്‍റെ മറവിലൂടെ അവന്‍റെ കണ്ണുകള്‍ എനിക്കു മുന്നില്‍ സമുദ്രങ്ങളായിരുന്നു. അതിവൈകാരികതയുടെ രണ്ട് ഗര്‍ത്തങ്ങള്‍ പോലെ രണ്ട് കണ്ണൂകള്‍ . ആനകളുടെ കണ്ണുകള്‍ക്ക് ഇത്ര ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം. ആ ഒരു നേരത്ത് മനസ്സിലേയ്ക്കോടി വന്ന വൈലോപ്പിള്ളിയുടെ "സഹ്യന്‍റെ മകന്‍ "."ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" എന്നും കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന വരികള്‍ .മോഹങ്ങളുടെ ഭ്രാന്തിനെ മനസ്സിന്‍റെ തടവറയ്ക്കുള്ളിലാക്കി കഴിയാന്‍ വിധിക്കപ്പെട്ട സഹ്യന്‍റെ മകന്‍ . കല്‍പ്പിക്കപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് വലിപ്പമറിയാതെ കാല്‍പൊക്കമുള്ള മനുഷ്യന്‍റെ അടിമയായി ജീവിതം തീര്‍ക്കുന്ന സഹ്യന്‍റെ മകന്‍ . മൃഗങ്ങള്‍ക്ക് കോടതിയുണ്ടായിരുന്നെങ്കില്‍ നീതി നിഷേധിക്കപ്പെട്ട ആയിരക്കണകിന്, ആനകള്‍ മനുഷ്യര്‍ക്കെതിരേ നിയമയുദ്ധം നടത്തിയേനേ. ചട്ടം പഠിപ്പിക്കലിനിറ്റയില്‍ അവയവഭം വന്നവര്‍ , കാഴ്ച്ച പോയവര്‍ , കേള്‍വി നഷ്ടപ്പെട്ടവര്‍ , വൃണത്തില്‍ പുഴുവരിച്ച്  ചരിഞ്ഞു പോയവര്‍ . എന്നിട്ടും ഒരെതിര്‍പ്പുമില്ലാതെ ചങ്ങലയ്ക്കുള്ളില്‍ ജന്‍മമെരിക്കുന്നവര്‍ .


ഇല്ല.... ഇനിയും അവന്‍റെ മുഖത്തു നോക്കാനുള്ള ശക്തിയെനിക്കില്ല. എന്‍റെ മനുഷ്യനെന്നുള്ള ധാര്‍ഷ്ട്യം മണ്ണില്‍ വീണ്‍ തകരുന്നു. അവന്‍റെ മുന്നില്‍ ഞാന്‍ ചുരുങ്ങി പോകുന്നു. മാനവരുടെ ദൈവം തിടമ്പേറ്റ്യാലും നിന്‍റെ വിളി കേട്ടില്ലെങ്കിലും വളര്‍ത്തച്ഛനായ സഹ്യനറിയുന്നുണ്ടാകാം നിന്‍റെ ആത്മാവുയര്‍ത്തുന്ന നൊമ്പരം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?