ആവർത്തനങ്ങൾ

ഫസൽ റഹ്മാൻ പിഴച്ച പെണ്ണ്
രഹസ്യങ്ങളുടെ കടന്നൽക്കൂട്.
പട്ടണ നടുവിൽ
പാതിരാ സൂര്യൻ.
സാമ്രാജ്യങ്ങൾ ഉദിച്ചസ്തമിച്ചതും
ആസ്ഥാന കവികൾ
തെരുവ് ഗായകരായതും
കൂട്ടിരുപ്പുകാരന്റെ അന്നം മുടിച്ചതും
കടന്നൽക്കൂടിളക്കത്തിന്റെ
നാൾ വഴി ചരിതം.
കാവിലെ ഉത്സവ നാളിൽ
കാമത്തിന്റെ ഊഴം വിറ്റവൾ,
കുലപതിയുടെ രഹസ്യങ്ങളിലേക്ക്
ഉടൽപ്പഴുതിലൂടെ ചൂണ്ടയിട്ടവൾ,
പരിത്യാഗിയുടെ ധ്യാനങ്ങളിൽ
പാപചിന്തയുടെ കനല് വിതച്ചവൾ-

സന്ദർശകരൊഴിഞ്ഞ
പുലർക്കാലങ്ങളിൽ
വറ്റിപ്പോയ കണ്ണീരിൽ
സ്വയം കഴുകിയെടുക്കുന്നു.
ആശ്രിതരുടെ ഉയിരിലേക്ക്
അന്നവും ഔഷധവുമാകുന്നു.
അടുത്ത പകലിന്റെ കല്ലേറേൽക്കാൻ
നിസ്സംഗതയുടെ പടച്ചട്ടയണിയുന്നു.
രക്ഷകനാരും വാരാഞ്ഞു
മുറിഞ്ഞ ഉടലുമായി
രാത്രി വീണ്ടും പായ വിരിക്കുന്നു-
എറിഞ്ഞു തളർന്നവർക്കായി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?