26 Mar 2013

നിരുപാധികസ്നേഹം തന്നെ യോഗക്ഷേമാധാരം


സി.രാധാകൃഷ്ണൻ

കുട്ടിക്കാലത്ത്‌ വീട്ടിൽ ദൂരെനിന്ന്‌ ഒരു അമ്മായിയുടെ ആങ്ങള വല്ലപ്പോഴും വിരുന്നുവരുമായിരുന്നു. എന്നെക്കാൾ നാലഞ്ചു വയസ്സ്‌ മൂപ്പേ ഉള്ളൂ. അയാൾ വന്നുപോയാൽ വീട്ടിൽ എന്തെങ്കിലുമൊന്ന്‌ കാണാതാവും! പേന, വാച്ച്‌ എന്നുതുടങ്ങി ചെറിയ ഉരുപ്പടി എന്തെങ്കിലുമാവും നഷ്ടപ്പെടുന്നത്‌. വിറ്റ്‌ കാശുണ്ടാക്കി ധൂർത്തടിക്കാനൊന്നും അല്ല, ഒരു രസത്തിനാണ്‌ മോഷണം. ഒരിടത്തുനിന്ന്‌ എടുക്കുന്നത്‌ അടുത്ത താവളത്തിൽ ഇട്ടിട്ടുപോവും! പാവം, അയാൾക്ക്‌ മോഷ്ടിക്കാൻ വാസനയുള്ളതിനാലാണ്‌ ഇതെന്ന്‌ മുത്തശ്ശി പറഞ്ഞുതന്നു.
    എന്നെ അത്ഭുതപ്പെടുത്തിയത്‌ ഒരു ദിവസം അയാൾ നടത്തിയ ഒരു പ്രസ്താവമാണ്‌. വീട്ടിൽ അത്താഴത്തിനിരിക്കെ എല്ലാവരും കേൾക്കെ അയാൾ പറഞ്ഞു-ഞ്ഞാൻ കാണെ വിലപിടിപ്പുള്ള ഒന്നും എവിടെയും വയ്ക്കരുത്‌. എനിക്കത്‌ എടുക്കണമെന്നു തോന്നും!   
    അത്രയും പറഞ്ഞപ്പോഴേക്ക്‌ അയാളുടെ തൊണ്ട ഇടറി, കണ്ണു നിറഞ്ഞു. അരുതാത്തത്താണ്‌ ചെയ്യുന്നതെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. അതേസമയം അതു ചെയ്യാതിരിക്കാൻ കഴിയുന്നുമില്ല!
    അത്താഴം കഴിഞ്ഞാൽ ഉറക്കം വരുവോളം മുത്തച്ഛൻ കുട്ടികളായ ഞങ്ങൾക്ക്‌ കഥകൾ പറഞ്ഞുതരാറുണ്ട്‌. അന്ന്‌ മുത്തച്ഛൻ കഥയല്ല കാര്യമാണ്‌ പറഞ്ഞത്‌. നല്ലതല്ലെന്ന്‌ തോന്നുന്ന ഒരു കാര്യം ചെയ്യാതിരിക്കാൻ ശേഷി ഇല്ലാതായാൽ എന്തു പോംവഴി എന്ന ചോദ്യത്തിൽനിന്നു തുടങ്ങി. ആ വിരുന്നുകാരനും സന്നിഹിതനായിരുന്നു കേൾക്കാൻ.
    രാവിലെ ഉണർന്നെണീക്കുമ്പോഴും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും കണ്ണടച്ച്‌ കുറച്ചിട ഇരുന്ന്‌ മനസ്സിനെ ഇഷ്ടപ്പടി അലയാൻ വിടുക. ഒരു നിമിഷവും അടങ്ങിയിരിക്കാൻ കഴിയാത്തതിനാൽ മനസ്സ്‌ മാറിമാറി പല കുസൃതികളും കാണിക്കും. കൂട്ടത്തിൽ പ്രാമുഖ്യം ആ നല്ലതല്ലാത്ത കാര്യത്തിനാവും. തടയരുത്‌, നോക്കി ഇരിക്കുക. ആ ഇരിപ്പ്‌ അനുഭാവപൂർവവും ആകരുത്‌. ഇത്‌ കുറച്ചിട ശീലമാക്കിയാൽ, ആ ചീത്തക്കാര്യം ചെയ്യാനാഗ്രഹിക്കുന്ന മനസ്സിനകത്ത്‌ അത്‌ ശരിയല്ലെന്നു നിശ്ചയമുള്ളൊരു മനസ്സ്‌ വളർന്നുവരും. നിൽപ്പ്‌ മെല്ലെമെല്ലെ അതിന്റെ കൂടെ ആക്കണം. ആ നിൽപ്പുറച്ചാൽ പിന്നെ ശാസനയും നിരോധവും തുടങ്ങാം. നന്നായി മനസ്സുവച്ചാൽ, പഴുത്ത ഇല കൊഴിയുന്നപോലെ ആ വേണ്ടാതീന വാസന പൊഴിഞ്ഞു പോവും!
    എന്റെ ആ കൂട്ടുകാരൻ പിന്നീട്‌ തന്റെ ഗതികേടിൽ നിന്ന്‌ പൂർണ്ണമായും രക്ഷപ്പെട്ടു എന്നു മാത്രമല്ല എല്ലാരും ആദരിക്കുന്ന ഒരു അധ്യാപകനായി പ്രശസ്ത സേവനം അനുഷ്ഠിച്ച്‌ വിരമിക്കുകയും ചെയ്തു. തനിക്ക്‌ എങ്ങനെ കിട്ടി മോഷണവാസന എന്ന്‌ പിൽക്കാലത്ത്‌ അദ്ദേഹം തന്നെ എന്നോടു പറഞ്ഞു. അക്ഷരാഭ്യാസവും വകതിരിവും ഒന്നും ഇല്ലാത്ത ഒരാളായിരുന്നു അദ്ദേഹത്തിന്റെ അമ്മ. തൊട്ടപ്പുറത്തെ തൊടിയിൽ ധാരാളം കൃഷി ഉണ്ടായിരുന്നു. ഇടയിൽ ഒരു മുള്ളുവേലിയേ ഉള്ളൂ. വേലിക്കൊരു നൂത്ത-ചെറിയ ദ്വാരം-വകഞ്ഞുണ്ടാക്കി അമ്മ അതിലൂടെ നാലഞ്ചു വയസ്സുകാരനായ കുട്ടിയെ കടത്തിവിടും. വെള്ളരിക്കയും കുമ്പളങ്ങയും മറ്റും അറുത്തുകൊണ്ടുവരുവിക്കും. അഥവാ ആരെങ്കിലും കണ്ടാലും ഒരു ചെറിയ കുട്ടിയല്ലേ എന്ന അനുഭാവം കിട്ടുമല്ലോ.
    മനസ്സിനെ അലയാൻ വിട്ട്‌ അതിന്റെ ചെയ്തികൾ നിരീക്ഷിക്കുന്ന മറ്റൊരു മനസ്സിന്റെ ഉൽപത്തിക്കും വളർച്ചയ്ക്കും വഴിവയ്ക്കുന്നതിന്‌ നിരീക്ഷണധ്യാനമെന്നും ആ രണ്ടാം മനസ്സിന്റെ ആധിപത്യംകൊണ്ട്‌ വേണ്ടാവാസനയെ പിഴുതുകളയുന്നതിന്‌ നിരോധന ധ്യാനമെന്നുമാണ്‌ പേരെന്ന്‌ വളരെ കാലശേഷമാണ്‌ ഞാൻ അറിയുന്നത്‌. അതിനിടെ, ഒരിക്കൽ ഈ വിദ്യ മറ്റൊരു സുഹൃത്തിനുകൂടി ഉപകാരപ്പെടുത്താൻ സാധിക്കുകയും ചെയ്തു.
    ഞാൻ ബിരുദത്തിനു പഠിക്കുന്ന കാലത്തായിരുന്നു ഇത്‌. അച്ഛന്റെ ഒരു സുഹൃത്ത്‌ സിങ്കപ്പൂരിൽ നിന്നു വന്നപ്പോൾ ഒരു പാർക്കർ -51 പേന എനിക്കു സമ്മാനമായി കൊണ്ടുവന്നു. ഞാനത്‌ പൊന്നുപോലെ സൂക്ഷിച്ചുകൊണ്ടുനടക്കുംകാലം ക്ലാസ്സിൽവച്ച്‌ അതു കാണാതായി. പുറത്തുനിന്ന്‌ ആരും വരാനിടയില്ലാത്ത സാഹചര്യത്തിലാണ്‌ പേന നഷ്ടപ്പെട്ടത്‌. ഡിഗ്രി ക്ലാസ്സിൽ ആകെ എട്ടുപേരേ ഉള്ളൂ. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്‌, മാറിയാണിരിപ്പ്‌.
    ഒരാഴ്ച കഴിഞ്ഞ്‌ ഒരു സഹപാഠിയുടെ നോട്ടുപുസ്തകത്തിൽ എന്റെ പേന കൊണ്ടുള്ള എഴുത്ത്‌ അയാളറിയാതെ ഞാൻ കാണാനിടയായി. കറുത്ത പാർക്കർ ക്വിങ്കാണ്‌ ഞാൻ ആ പേനയിൽ നിറച്ചിരുന്നത്‌. നന്നെ കൂർത്ത മുനയുമായിരുന്നു ആ പേനയ്ക്ക്‌. അതേ നോട്ടു പുസ്തകത്തിൽ അതേവരെ എഴുതിയത്‌ ഈ മഷികൊണ്ടോ ആ പേന കൊണ്ടോ ആയിരുന്നുമില്ല എന്നുറപ്പായപ്പോൾ എനിക്കൊരു കുസൃതി തോന്നി. ആ നോട്ടു പുസ്തകത്തിൽ തന്നെ ഞാൻ എഴുതിവച്ചു - കുട്ടികൾ കോണകം കക്കാറുണ്ട്‌ കണ്ടാൽ കൊടുക്കാറുമുണ്ട്‌ എന്നല്ലേ പഴമൊഴി? കുഴപ്പമില്ല, എന്റെ പേന ഇങ്ങു തന്നേക്കൂ.
    പിറ്റേന്ന്‌ ആ ചങ്ങാതി പേന എനിക്കു തിരികെ തന്നത്‌ അതിന്റെ ക്ലിപ്പിനടിയിൽ മടക്കിത്തിരുകിയ ഒരു കുറിപ്പോടെയാണ്‌-ക്ഷമിക്കണം, മോഹം തോന്നി, എടുത്തുപോയി!
    അപ്പോഴാണ്‌ മുത്തച്ഛന്റെ ചികിത്സാവിധി ഞാനയാൾക്ക്‌ കുറിച്ചുകൊടുത്തത്‌. മോഹം തോന്നിയാൽ എടുക്കാനുള്ള വാസന പേനയുടെ കാര്യത്തിൽ ഒതുങ്ങണമെന്നില്ലല്ലോ. ഇയാളാകട്ടെ, ഞാൻ ഉദ്ദേശിച്ചതിനും അപ്പുറത്തേക്ക്‌ വളർന്ന്‌ സന്ന്യസിച്ച്‌ ആത്മാനന്ദം എന്ന അമൂല്യവസ്തു തേടിയാണ്‌ പിന്നെ ജീവിതയാത്ര തുടർന്നത്‌.
    നല്ലതല്ലാത്തൊരു വാസനയുടെ മുള നമ്മിൽ കാണുമ്പോൾ ഒട്ടും അമ്പരക്കുകയോ അപകർഷത തോന്നുകയോ വേണ്ട. കാരണം, എല്ലാ ജന്തുക്കൾക്കും ഉടൽ വീഴുവോളം വാസനാബന്ധം തുടരുന്നു. അനാദികാലം മുതൽ ജീവൻ കടന്നുപോന്ന വഴികളിലെ എല്ലാ വാസനകളും പ്രാഗ്‌ രൂപത്തിൽ നമ്മിൽ ഉണ്ട്‌. ആത്മസംസ്കരണം എന്ന പരിണാമത്തിലൂടെ ഈ വാസനകൾക്ക്‌ നിയതമായ മുൻഗണനാക്രമം ഉണ്ടായിരിക്കുന്നു എന്നേ ഉള്ളൂ. ഈ സംസ്കരണത്തിന്‌ ഇനിയും മാറ്റു കൂട്ടാൻ നാം ശ്രമിക്കുകയും ചെയ്യുന്നു.
    ഇതിനിടെ ചെറിയ വ്യതിയാനങ്ങൾ വന്നാൽ പഴയ ചിലത്‌ ഊക്കാവും. അത്‌ ചീത്തയാണ്‌ എന്ന്‌ അറിയാമെങ്കിലും സ്വയം നിയന്ത്രിക്കാൻ ശക്തിയില്ലാതെയും വരാം. കുറ്റകൃത്യങ്ങളുടെ ഉറവിടം ഇതാണ്‌. പുറത്തുനിന്നുള്ള നിർബന്ധമോ ദണ്ഡനമോ ദുർവാസനകളെ അതിജീവിക്കാൻ അവയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരെ പ്രാപ്തരാക്കില്ല. അവരുടെ മനസ്സിനകത്ത്‌ കൂടുതൽ ശക്തമായ മറ്റൊരു മനസ്സ്‌ വളരുന്നതിലൂടെയേ ഇത്‌ സാധിക്കൂ.
    മുളയിൽ നുള്ളുകയാണ്‌ കൂടുതൽ എളുപ്പവും ഫലപ്രദവും. വിദ്യാഭ്യാസകാലം ഇതിനു പ്രയോജനപ്പെടണം. ഒരു വേണ്ടാതീനം ചെയ്യുമ്പോൾ പ്രാകൃതമായ ആറാമിന്ദ്രിയമെന്ന മനസ്സിന്‌ ഒരൽപം ആനന്ദം തോന്നാം. ഈ ആനന്ദമല്ല ശരിയായ ആനന്ദമെന്ന്‌ അനുഭവംകൊണ്ട്‌ തിരിച്ചറിയാൻ ചെറുപ്പത്തിലേ പഠിക്കണം. മറ്റൊരാളുടെ പോക്കറ്റിലെ മിഠായി മോഷ്ടിച്ച്‌ തിന്നുമ്പോൾ ഉള്ളതിനെക്കാൾ എത്രയോ വലുതും സ്ഥിരവുമായ ആനന്ദമാണ്‌ തന്റെ പോക്കറ്റിലെ മിഠായി മറ്റൊരാളുമായി പങ്കുവച്ച്‌ അനുഭവിക്കുമ്പോൾ കിട്ടുന്നതെന്ന പാഠം പഠിപ്പിക്കാനോ പഠിക്കാനോ എന്തു പ്രയാസം? പക്ഷെ, ടിഫിൻ ബോക്സിലെ വിശിഷ്ടവിഭവം ആരും കാണാതെയും ഒരു തരിമ്പും ആർക്കും കൊടുക്കാതെയും മുഴുവനായി കഴിച്ചുകൊള്ളണമെന്നല്ലേ നമ്മിൽ പലരും കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റാൻ പടിയിറക്കുമ്പോൾ ചെവിയിൽ ആവർത്തിച്ച്‌ മന്ത്രിക്കുന്നത്‌?
    അടുത്ത തൊടിയിലെ കുമ്പളങ്ങ നൂത്ത നൂണ്ട്‌ അറുത്തുകൊണ്ടുവന്നാലേ അമ്മയുടെ സ്നേഹം കിട്ടൂ എന്നും വന്നുകൂടാ. നിരുപാധിക സ്നേഹമാണ്‌ മനോബലത്തിന്‌ മികച്ച വളം. അതുതന്നെയാണല്ലോ യോഗക്ഷേമത്തിനാധാരമായ യജ്ഞസങ്കൽപത്തിനും പോഷകം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...