ഒന്നിനി പാടട്ടെ


ചവറ കെ.എസ്‌.പിള്ള

പടിനീയിറങ്ങയോ കർക്കിടം വിമൂകമായ്‌
വിടവാങ്ങയോ, വീണ്ടുമൊന്നിനി വരാമെന്നോ
അല്ല നീ പിരിയുമ്പോൾ ചിന്തകൾ തിരിതെളി-
ച്ചന്തരംഗത്തിൽ കത്തും മൺചിരാതെരിയുന്നു
ഭിത്തിയിൽ കലണ്ടറിലാണ്ടറുതിതന്നക്ക
പൊട്ടുകൾ തുടികൊട്ടിയെന്നെ വന്നുണർത്തുമ്പോൾ
ഞാനറിയുന്നിമ്മണ്ണിലൊരു വേരു മുറിവതായ്‌.
ഇന്നലേകളേ നിങ്ങൾതന്നതാം സർവ്വത്തിനും
നന്ദിനന്ദിയെന്നല്ലാതെന്തുഞ്ഞാൻ പറയേണ്ടു.
നിഴലും പൂനിലാവും നീ എനിക്കായ്‌ വിരിച്ചല്ലോ
ഇരുളും വെളിച്ചവുമൊന്നുപോൽ തുണച്ചല്ലോ
ഇനിയും കൊതിപ്പതീ വാഴ്‌വേ താനഭികാമ്യം
നഷ്ടലാഭത്തിൻ നീണ്ട പട്ടിക കൂട്ടിക്കിഴി-
ച്ചെത്ര നോക്കിലും ശിഷ്ടം നഷ്ടമെന്നറികിലും
വിട്ടുമാറില്ലെൻ വഴി കല്ലു മുള്ളുകൾ കുപ്പി-
ച്ചില്ലുകളൊക്കെ പഥ്യരഥ്യയാണെനിക്കെന്നും
നിനവിന്നോളങ്ങളിലുലയും മനസ്സിങ്കൽ
വിരിയുന്നൊരു പുഷ്പം ചിങ്ങത്തിൻ പൂമങ്കയോ?
കറുപ്പായ്‌, വെളുപ്പായ്‌, ചുവപ്പായ്‌ ചിരിക്കുന്നു
അറയിലമൃതുമായ്‌ വിളിപ്പൂ വരൂ...വരൂ...
സൽക്കാരസുഭഗമാം ഭാവിതൻ മണിയറ
ഉത്സാഹപൂർവ്വം തുറന്നെന്നെനീ ക്ഷണിക്കുമ്പോൾ
നിൽപു നിൻ പടിക്കലീ പാണനാർ കരൾ തുടി
കൊട്ടി നിൻ വരവേൽക്കാനൊന്നിനി പാടട്ടെ ഞാൻ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ