മേഘഗർഭങ്ങൾ


വി.പി.ജോൺസ്‌
ദീർഘപാണികൾ നീണ്ടുവന്നിക്ഷണം
ഹൃസ്വകായനാക്കുന്നെന്നെയത്ഭുതം
സ്വത്വം വിസ്മൃതമാക്കുകയാണു നിൻ
മിഴികൾ നിർദ്ദയം പ്രേമസ്വപ്നങ്ങളെ

കാത്തുകാത്തു തുടങ്ങിയ യാത്രയിൽ
ഏകനാക്കി നീ എന്നെയകാരണം
കാമുകീമനം തേടിയലഞ്ഞതി
പ്രണയനിർത്ത്ധരി നിബിഡ വനങ്ങളിൽ

ശിരസ്സലച്ചുകരങ്ങൾ പിണച്ചുകൊ-
ണ്ടേവൾക്കായി കൃത്തു പകുത്തു ഞാൻ?
താപശേഷി നിറയും ഗിരിശൃംഗ-
ത്തടിനിയാർത്തലച്ചെത്തിയതിദ്രുതം

ആത്മദാഹം പൊഴിയും മിഴികളി-
ലഗ്നിചക്രം ചെരാതായ്‌ തെളിഞ്ഞുവോ?
വീണ്ടുമുത്ഥാനം ചെയ്യും നിഴലുകൾ
വേപഥുപൂണ്ട ശിശിരഗഗനവും
വർത്തുളാകൃതിപൂണ്ട ധരിത്രിയിൽ
വാതിൽപ്പാളികൾ തള്ളിത്തുറക്കയാം

മേഘഗർഭത്തിലാഴ്‌ന്നിരിക്കും കൊടുംമാരി-
പോൽ വീഴ്കയാം ജലപാളികൾ
ധൂമ്രവർണ്ണം സാന്ദ്രമൗനത്തിൻ നീർമുദ്ര
ഭേസിക്കൊണ്ടാഗമിച്ചൂ വനദുർഗ്ഗ!

ദീപ്തമുഗ്ധമാം തീക്ഷ്ണസ്മൃതിയുടെ
ഘോഷനിർഭരം ചൂഴും മഴമുകിൽ
മീതെനിന്നെന്നെ മാടിവിളിക്കയാൽ
പോയ്‌വരട്ടെ ഞാൻ മേഘമാർഗ്ഗംവഴി

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ