ജ്യോതിർമയി ശങ്കരൻ
ചൌമീനും ഡാൻസും
വിചിത്രമായ
ചിന്താഗതികളാണിന്നിന്റെ പ്രത്യേകത.നാം ഏതു നൂറ്റാണ്ടിലാണ്
ജീവിയ്ക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്. മനുഷ്യൻ ലൌകികതയുടെ ആകർഷണത്തിൽ
സ്വയം മറന്ന് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണെങ്ങും. കാലപ്രവാഹത്തിൽ
സൃഷ്ടികളിൽ വന്നു ചേരുന്ന പല മാറ്റങ്ങളും ചുരുങ്ങിയ ജീവിതത്തിന്നിടയിൽ
നമുക്കു തന്നെ അനുഭവപ്പെടാൻ തുടങ്ങിയിരിയ്ക്കുന്നുവോ? പണ്ടൊക്കെ ആൾക്കാർ
പറയും അടുത്ത തലമുറയാകും അനുഭവിയ്ക്കാൻ പോകുന്നതെന്ന്. എന്നാൽ സുഖമായാലും
ദു:ഖമായാലും കർമ്മഫലം ഈ തലമുറ തന്നെ അനുഭവിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു.
സ്വയം ഒന്നു തിരിഞ്ഞു നോക്കാനും ഇതവരെ പ്രേരിപ്പിച്ചിരുന്നെങ്കിൽ!
നാട്ടിലുടനീളം
നടക്കുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിയ്ക്കാനും സ്ത്രീ സുരക്ഷ
ഉറപ്പുവരുത്തുന്നതിനുമായി പുതിയ ബിൽ . ഇതിനെ പിന്താങ്ങാനും വിമർശിയ്ക്കാനും
ഒരേപോലെ ആൾക്കാർ. മോറൽ പോലീസ് ചമയുന്നവർക്ക് എന്നും സ്ത്രീയെ കുറ്റം
പറയാനേ നേരം കാണൂ. അവൾ ചെയ്യുന്നതാണെപ്പോഴും തെറ്റ്. അവളുടെ പെരുമാറ്റം,
വസ്ത്രധാരണം, സംഭാഷണ രീതി എല്ലാം വിമർശിയ്ക്കപ്പെടുന്നു. പുരുഷനോടു
തോളുരുമ്മി നിന്ന് ഏതുകാര്യവും ചെയാനുള്ള പ്രാപ്തി സ്ത്രീയ്ക്കുണ്ടെന്ന
നഗ്ന സത്യം പലർക്കും ദഹിയ്ക്കുന്നില്ലെന്നു തോന്നും ഇതു കേട്ടാൽ. അവളെ
ദുർബലയാക്കിക്കാട്ടാനുള്ള ഒരവസരവും ഇവർ പാഴാക്കുന്നില്ല.
മാറിക്കൊണ്ടിരിയ്ക്കുന്ന സമൂഹമനസ്സാക്ഷിയുടെ പ്രതിഫലനം തന്നെയല്ലേ
ഇത്തരക്കാർ? ഹരിയാനയിലെ രോഹ്തക് ജില്ലയിലെ ഖാപ് പഞ്ചായത്തുകളുടെ വിധിയെഴുതൽ
ശരിയ്ക്കും നമ്മെ ഞെട്ടിപ്പിയ്ക്കുന്നതു തന്നെ. പലഗ്രാമങ്ങൾ ചേർന്നു
നടത്തുന്ന ഇത്തരം ഖാപ് പഞ്ചായത്തുകൾ സ്ത്രീപീഡനക്കേസുകളിൽപ്പെടുന്ന
സ്ത്രീയെ കുറ്റക്കാരിയായിക്കാണുന്നു. ഈയിടെ ഗാംഗ് റേപ്പിനിരയായ ദളിത്
പെൺകുട്ടിയെപ്പറ്റി ഇവർ പറഞ്ഞത് ചെറുപ്രായത്തിൽ തന്നെ വിവാഹം
കഴിച്ചയച്ചിരുന്നെന്കിൽ ഇതു സംഭവിയ്ക്കുമായിരുന്നില്ലല്ലോ എന്നാണ്. കിനാന
ഗ്രാമപഞ്ചായത്ത് അൽപ്പം കൂടി കടന്ന പ്രയോഗമാണല്ലോ പരിഹാരമായി കണ്ടത്.
സ്ത്രീകൾ പൊതു സ്ഥലത്ത് നൃത്തം വെയ്ക്കുന്നത് സ്ത്രീകൾക്കെതിരയുള്ള
അതിക്രമങ്ങൾക്കും ബലാത്സംഗങ്ങൾക്കും കാരണമാകുമെന്നാണവരുടെ കണ്ടു പിടുത്തം.
പെൺകുട്ടികൾ നൃത്ത മത്സരങ്ങളിൽപ്പോലും പങ്കെടുക്കാൻ പാടില്ലെന്നാണ് വിധി.
ഗാനവും നൃത്തവും ഒഴിവാക്കാനാവാത്ത ഉത്തരേന്ത്യൻ ജീവിതരീതിയെ ഇതെത്ര മാത്രം
ബാധിയ്ക്കാമെന്നോർക്കാനാവില്ല. ഇതു നടക്കുന്നതോ രാജ്യത്തിന്റെ തലസ്ഥാന
നഗരിയിൽ നിന്നും ഏറെ ദൂരെയല്ല താനും. സർവം സഹയല്ലോ നാരിയിന്നും!.
ഖാപ്
പഞ്ചായത്തുകൾ അധികാരം കൈയിലെടുക്കുന്നു. അവർക്കു മുകളിലായുള്ള സർക്കാർ
എന്തേ പലപ്പോഴും കണ്ണടയ്ക്കുന്നത്? പഴമയെ പുറന്തള്ളാൻ കഴിയാത്ത, പുതുമ
കടന്നു ചെല്ലാൻ മടിയ്ക്കാത്ത ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമങ്ങളിലെ മുഖ്യന്മാർ
പലപ്പോഴും സ്വന്തം നിഗമനങ്ങൾ ഗ്രാമവാസികളിൽ അടിച്ചേൽപ്പിയ്ക്കുന്നത്
ഇവിടത്തെ നിയമപാലകരും പലപ്പോഴും നിശ്സബ്ദരായി നോക്കി നിൽക്കുന്നു. ചൌമീൻ(
ഒരു തരം മസാല ചേർത്ത കുഴഞ്ഞ നൂഡിത്സ്), ബർഗ്ഗേർസ്, പിസ്സ തുടങ്ങിയ
ആഹാരപദാർത്ഥങ്ങൾ കുറ്റകൃത്യങ്ങൾക്കു കാരണമാകുന്നെന്നാണ് ഹരിയാനയിലെ
മറ്റൊരു ഖാപ് പഞ്ചായത്തുമുഖ്യന്റെ കണ്ടെത്തൽ. നാം കഴിയ്ക്കുന്ന ഭക്ഷണം
തന്നെയാണ് നമ്മെ നാമാക്കി മാറ്റുന്നതെന്ന സതം(You are what you eat)
ഭാരതീയർക്ക് പുതിയതല്ലെങ്കിലും ഈ വാദത്തിൽ എത്രത്തോളം കഴമ്പുണ്ടെന്നത്
ചിന്തിയ്ക്കേണ്ടതു തന്നെ.
സ്ത്രീയ്ക്കു
നേരിടേണ്ടി വരുന്ന യഥാർത്ഥ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചിത്രം തന്നെ
പൂർണ്ണമല്ല.എവിടെയവൾ സുരക്ഷിതയെന്നും എവിടെയവൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി
വരുമെന്നും പറയാനാകില്ല. അവളുടെ ആത്മവിശ്വാസത്തെത്തന്നെ ഉലയ്ക്കുന്ന
ഒന്നാണിത്. സ്വയം സദാജാഗരൂകയാകണമെന്ന ചിന്തയുടെ മുന്തൂക്കം അവളുടെ ഓരോ
പ്രവൃത്തിയ്ക്കും മങ്ങലേൽപ്പിയ്ക്കില്ലേ? സത്യം പറഞ്ഞാൽ നിനക്കു നീയേ
എന്നതായി മാറിയിരിയ്ക്കുന്നല്ലോ അവളുടെ അവസ്ഥ. പുതിയ സ്ത്രീ സുരക്ഷാ നിയമം
എത്രമാത്രം ഫലവത്താവുമെന്നു കണ്ടു തന്നെ അറിയണം. രാജ്യമൊട്ടാകെ കോളിളക്കം
സൃഷ്ടിച്ച ഡെൽഹിക് റേപ് കേസ് നിയമത്തിന്റെ കർശനം കൂട്ടാൻ കാരണമായെങ്കിലും
അതേ തരം സംഭവങ്ങൾ യാതൊരു വിധ ഭയവും കൂടാതെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ
നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാണാനുണ്ടല്ലോ? ഇതിന്റെയർത്ഥം
നിയമത്തിന്റെ കാർക്കശ്യത്തേക്കാളേറെ മറ്റെന്തൊക്കെയോ മാറ്റങ്ങൾ
ആവശ്യമാണെന്നല്ലെ?