26 Mar 2013

വണ്‍ റുപ്പി കോയിന്‍

എൽ. ടി. മാരാത്ത് 



എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.ഈ അണ്ഡകടാഹത്തിലെ എല്ലാ ജാതിയിലും പെട്ട കാമുകന്‍മാര്‍ക്കും ഇങ്ങനെ ഒരു അനുഭവം പറയാനുണ്ടാകുമെന്ന്.അല്ലെങ്കില്‍ ഇതിന് സമാനമായ മറ്റൊന്ന്.അതിങ്ങനെ ഞാന്‍ തറപ്പിച്ച് പറയണമെങ്കില്‍ തക്കതായ എന്തെങ്കിലും കാരണമുണ്ടാകും എന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നുണ്ടായിരിക്കുമല്ലോ.ഈയുള്ളവന്റെ വളരെ ചെറിയ ലോകപരിചയംവെച്ച് ഞാന്‍ ആ കണ്ടെത്തലുകള്‍ നിങ്ങളോട് പറയാം.നമുക്ക് അഖില ലോക കാമുകീകാമുകന്‍മാരുടെ കാര്യങ്ങള്‍ ഒന്ന് പരിഗണിക്കാം.അതില്‍ പൊതുവെ 99.99 ശതമാനം കാമുകന്‍മാരും വെറും പാവങ്ങളും പ്രലോഭനങ്ങളില്‍ വീണുപോകുന്നവരുമാണ് എന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ.ആ സമയത്ത് ഈ പാവങ്ങളുടെ കൈ ‘ഓട്ട കൈ’യാകും.കാശ് പലവഴിക്കും ചോര്‍ന്നുപോകുക എന്നൊരു പ്രതിഭാസം നടക്കുന്ന സമയമായിരിക്കുമത്.(അപ്രിയ സത്യമാണെങ്കിലും എന്റെ പ്രിയ സ്ത്രീവായനക്കാര്‍ എന്നോട് പൊറുക്കുമല്ലോ)എന്തിന് പറയുന്നു.കാമുകിയുടെ പിറന്നാള്‍ മുതല്‍ അവളുടെ ട്യൂഷന്‍ ടീച്ചറുടെ കൊച്ചിന്റെ ചരടുകെട്ടുവരെ..കാമുകന്‍മാര്‍ക്ക് ചിലവോട് ചിലവ്.എന്തേലും ജോലി കൂടിയുള്ള കാമുകന്‍മാരുടെ അവസ്ഥയാണെങ്കില്‍ പറയുകയും വേണ്ട.
ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു തുടങ്ങിയത് കഴിഞ്ഞ ദിവസത്തെ ആ സംഭവത്തിന് ശേഷമായിരുന്നിരിക്കണം.അതിനുമുന്‍പ് ഞാനും വൊഡാഫോണ്‍ പരസ്യത്തിലെ നായക്കുട്ടീനെ പോലെ അനുസരണയുള്ള കാമുകനായിരുന്നു.ഇനി നിങ്ങളോട് എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ച ആ കൊടും സംഭവത്തെ കുറിച്ച് പറയാം. അതിനുമുന്‍പ് എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ.അടിയനെ നിങ്ങള്‍ക്ക് ‘കൈയാല പുറത്തെ തേങ്ങ’ എന്ന് വിളിക്കാം.അതായത് ബിടെക് പാസ്സായോ എന്ന് ചോദിച്ചാല്‍ പാസ്സായി എന്ന് പറയുകയും ഒന്നു കൂടി ഉറപ്പിച്ച് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടിവരുകയും എന്ന അവസ്ഥ.കെമിസ്ട്രിയില്‍ പദാര്‍ത്ഥത്തിന്റെ ആറോ ഏഴോ അവസ്ഥകളെ പറ്റി പണ്ട് പഠിച്ചതോര്‍ക്കുന്നു.ഇത് ജീവിതത്തിലെ പതിനായിരത്തിയൊന്നാമത്തെ അവസ്ഥയാകുന്നു.എന്റെ ബിടെക് സുഹൃത്തുകള്‍ക്ക് മനസ്സിലാകുന്നുണ്ടാകുമല്ലോ.പറഞ്ഞുവരുന്നത് എന്റെ സമ്പാദ്യത്തെ കുറിച്ചാണ് -നാല് കിടുകിടിലന്‍ സപ്‌ളികള്‍..!പിന്നെ എഴുതലോട് എഴുതല്‍ തന്നെ.പക്ഷെ ഇന്ന് വരെ എന്റെ മാവ് പൂത്തില്ല എന്ന് മാത്രമല്ല യൂണിവേഴ്‌സിറ്റിക്ക് നേരെയുള്ള തള്ളക്കുവിളിമാത്രം മുട്ടില്ലാതെ തുടര്‍ന്നു പോകുകയും ചെയ്യുന്നു.
അങ്ങനെയിരിക്കെയാണ് പിള്ളാരെ പഠിപ്പിക്കുക എന്ന അതിസാഹത്തിന് ഞാന്‍ മുതിരുന്നത്.സാഹചര്യങ്ങളാണല്ലോ മനുഷ്യരുടെ തലക്കുമുകളില്‍ ചാക്കുകെട്ടുകള്‍ പെറുക്കിയിടുന്നത്.ചിലകെട്ടില്‍ സ്വര്‍ണ്ണമാകാം.ചിലതില്‍ വെറും ഉപ്പാകാം.വേറെ ചിലതില്‍ പിണ്ണാക്കുമാകാം.എന്റെ കാര്യത്തില്‍-നിങ്ങളിപ്പോള്‍ വിചാരിക്കുന്നതുപോലെ പിണ്ണാക്കിന്റെ ചാക്ക് തന്നെയാണ് വീണത്.ഈ പ്രത്യേക സാഹചര്യത്തില്‍ 41 സപ്‌ളികള്‍ വരെയുള്ള എന്റെ കൂട്ടുകാരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേര്‍ സംഘം ചേര്‍ന്ന് ഒരു ട്യൂഷന്‍ സെന്റര്‍ അങ്ങ് കെട്ടിപൊക്കി.എട്ട് നിലയില്‍ പൊട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.സംഭവം ക്‌ളെച്ചു പിടിച്ചു.അത്യാവശ്യം പിള്ളാരെയൊക്കെ കിട്ടി തുടങ്ങി.അങ്ങനെ തട്ടീം മുട്ടീം ജീവിതം കഴിഞ്ഞുപോകാനുള്ള കാശും.. ഈ മാസത്തില്‍ കിട്ടിയതിന്റെ മിച്ചം രണ്ടായിരം രൂപ എന്റെ കൈയിലുണ്ടായിരുന്നു.രണ്ട് ജീന്‍സും രണ്ട് ടീഷര്‍ട്ടും വാങ്ങാന്‍ പിശുക്കി മാറ്റിവെച്ചതാണത്.പക്ഷെ ഞാന്‍ ആ രണ്ടായിരം രൂപയ്‌ക്കെഴുതിയ വിധി മാറിമറിഞ്ഞത് അന്ന് അവളുടെ ഫോണ്‍കോള്‍ വന്നപ്പോഴാണ്.
ഇനിയിപ്പോള്‍ അവളെ കുറിച്ചു കൂടി രണ്ട് വാക്ക് പറയാം.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഞങ്ങളുടെ പ്‌ളസ്ടു കാലഘട്ടം.അന്ന് ഞാനത്ര സുന്ദരനൊന്നുമല്ലെങ്കിലും അത്യാവശ്യം ഒരു പെണ്ണിനെ വീഴ്ത്താനുള്ള ‘ആകര്‍ഷണീയത’യൊക്കെ എന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിച്ച് പോന്നിരുന്നു.അതില്‍ എപ്പോഴോ അവള്‍ വീഴുകയും ചെയ്തു.എനിക്ക് വന്നുചേര്‍ന്ന അരിമണി..ഹൊയ് ഹൊയ്-അന്നെന്റെ പിഞ്ച് മനസ്സ് കുറേ സന്തോഷിച്ചു.എന്റെ ആദ്യത്തെ ടു-വെ പ്രണയത്തിന്റെ തുടക്കം.
എല്ലാ പ്രണയകഥകളിലേയും കാമുകിമാരെ പോലെ അവള്‍ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു.മിക്ക കാമുകന്‍മാരേയും പോലെ പിറകിലത്തെ ബഞ്ചിലിരുന്നു അവളുടെ പിറകുവശത്തിന്റെ സൗന്ദര്യം നോക്കിയിരിക്കലായിരുന്നു എന്റെ പണി.അതുപോലെ തന്നെ അവള്‍ അത്യാവശ്യം പണമുള്ള വീട്ടിയെ പെണ്ണും ഞാന്‍ ഒരു ഇടത്തരം കുടുംബത്തിനെ അംഗവുമായിരുന്നു.അങ്ങനെ കൈയില്‍ അഞ്ചിന്റെ കൂറ കാണില്ലെങ്കിലും സ്വര്‍ണ്ണ കൊലുസ് വാങ്ങികൊടുക്കാമെന്ന് ഞാന്‍ എല്ലാ കാമുകന്‍മാരെ പോലെ എന്റെ കാമുകിക്ക് മുടങ്ങാതെ വാക്കുകൊടുക്കുകയും ചെയ്തുപോണു.
അവള്‍ അന്ന് വിളിച്ചത് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് വേണ്ടിയാണ്.സുന്ദരമായ ആവശ്യം.’എന്റെ കൈയിലാകെ രണ്ടായിരമേ ഉള്ളെടി പെണ്ണേ അതു ഞാന്‍ പാന്റ്‌സും ഷര്‍ട്ടും വാങ്ങിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്’-എന്നൊന്നും ഞാന്‍ പറഞ്ഞില്ല.കാശ് നാളെ തന്നെ കൊടുക്കാമെന്ന് ഞാന്‍ സമ്മതം മൂളി.മറുതലയ്ക്കല്‍ സന്തോഷത്തോടെ ഫോണ്‍ കട്ടാകുകയും ചെയ്തു.
അവളിപ്പോള്‍ എം.ടെക് പഠിക്കുകയാണ്.(പ്രിയരെ,ഞാന്‍ ബിടെക് ഫെയില്‍ഡാണെന്ന് ഓര്‍ക്കണം)എന്റെ വീട്ടില്‍ നിന്ന് അവളുടെ കോളേജിലേക്ക് പത്തറുപത് കിലോ മീറ്റര്‍ ദൂരമുണ്ട്.പോയി വരാന്‍ 200 രൂപയെങ്കിലും ചിലവാണ്.ഞാന്‍ അപ്പോള്‍ തന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു നന്നായി എരന്നു.ഭൂമിയിലൊന്നുമില്ലാത്ത ദാരിദ്ര്യം പറഞ്ഞ് എല്ലാ പുല്ലന്‍മാരും എന്നെ കൈയൊഴിഞ്ഞു.കൂട്ടുകാരണത്രേ കൂട്ടുകാര്‍..ദരിദ്ര്യവാസികള്‍.
ഒടുവില്‍ എന്റെ ഫോണില്‍ ബാലന്‍സ് തീരുകയും എന്തരോ വരട്ടെ എന്നു കരുതി ഞാന്‍ ഉറങ്ങുകയും ചെയ്തു.
നേരം പുലര്‍ന്നു.അടുത്തതൊരു ‘മാരക’ ട്വിസ്റ്റാണ്.ബി ഉണ്ണികൃഷ്ണന്‍ സിനിമകളിലേതു പോലത്തെ ട്വിസ്റ്റ്.അല്ലെങ്കില്‍ ഒരു പണിയുമില്ലാതെ അച്ഛന്‍ വീട്ടിലിരുന്നിട്ടും അമ്മ എന്നോടു തന്നെ കറണ്ട് ബില്ലടിച്ചിട്ടു വരാന്‍ പറയേണ്ടുന്ന കാര്യമെന്താണ്.ഞാന്‍ ബില്ലു കൈയിലെടുത്തു-കൂട്ടത്തില്‍ 750 രൂപയും.പടച്ചോനിതാ കറണ്ടു ബില്ലിന്റെ രൂപത്തില്‍ അവതരിച്ചിരിക്കുന്നു.അടുത്ത ബുധനാഴ്ചയാണ് ബില്ല് അടയ്‌ക്കേണ്ടുന്ന ലാസ്റ്റ് ഡേറ്റ്.അതിന് മുന്‍പ് 750 രൂപ എങ്ങനെയെങ്കിലും സംഘടിപ്പിച്ചാല്‍ മതി.ഇപ്പോഴിത് ഒരു കുഞ്ഞുപോലുമറിയാതെ സുഖായി മുക്കാം..അമ്മേ നന്ദി..
അങ്ങിനെ ഞാന്‍ 2750 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി.ആരതി ബസ്സും രണ്ട് കെ.എസ്.ആര്‍.ടിസിയും കയറി അവളുടെ കോളേജിലെത്തി.ആ സമയത്ത് എന്റെ മനസ്സില്‍ ഒരു ദുരുദ്ദേശമുദിച്ചു.
അവിടെ ഒരാള്‍ സിനിമാ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരിക്കുന്നു.’രഘുവിന്റെ സ്വന്തം റസിയ’-വിനയന്‍ സാറിന്റെ കളറു പടം.അവളുമൊന്നിച്ച് കേറിയാലോ.മനസ്സിലങ്ങനെ ആക്രാന്തം മൂത്ത് മൂത്ത് വന്നു.അങ്ങനെ അവളും വന്നു.
പക്ഷെ എന്റെ പ്രതീക്ഷകളുടെ നെറുകും തലയ്ക്കു തന്നെ ചുറ്റികകൊണ്ടടിച്ച് ‘കാശ് കാശ്’ എന്നലറികൊണ്ടായിരുന്നു അവളുടെ വരവ്.’പിന്നെ നിന്റെ അപ്പന്‍ ഉണ്ടാക്കി തന്ന കാശാണല്ലോ’-എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ‘എന്റെ ചക്കരകുട്ടി എന്തെങ്കിലും കഴിച്ചോ’-എന്നാണ് എന്റ പാവം നാവതിനെ പരിഭാഷപ്പെടുത്തിയത്.
പെണ്ണിന് ഒടുക്കത്തെ ധൃതിയായിരുന്നു.തമ്മില്‍ കണ്ടിട്ട് ഒരു മാസത്തിലേറെയായി.എന്നിട്ടും അവള്‍ ഒരു മിനിട്ടുപോലും അടുത്തു നിന്നില്ല.’സ്‌പെഷ്യല്‍ ക്ലാസുണ്ട്,മിസ് കേറികാണും’ എന്നൊക്കെ പുലമ്പി കോത്താഴത്തെ നന്ദിയും പറഞ്ഞ് അവളങ്ങ് പോയി.
അതെ അവളു പോയി.
പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന ചേട്ടനും പോയി.
ഇനി എന്റെ കൈയില്‍ കഷ്ടി ഒര് 175 രൂപകൂടി കാണും.ഒര് നാരാങ്ങാവെള്ളം മോന്തി വീട് പിടിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ മൊബൈല്‍ കരയാന്‍ തുടങ്ങി.അവളാണ്.ഞാന്‍ പോകരുതെന്നും ഒരു മണിക്കൂറിനകം അവള്‍ വരുമെന്നും എന്നെ കാണണമെന്നും പറഞ്ഞു.
രഘുവിന്റെ സ്വന്തം റസിയ-മാറ്റിനി-അതാണപ്പോളെന്റെ മനസ്സില്‍ മിന്നിയത്.ഞാന്‍ ആ പോസ്റ്ററിനടുത്തേക്ക് പോയി നിന്നു.പിന്നെ കുറച്ചു നേരം വലത്തോട്ടും അത് കഴിഞ്ഞ് കിഴക്കോട്ടും നടന്നു.കുറച്ചു നേരം പോയി ബസ്റ്റോപ്പിലിരുന്നു.നാരാങ്ങാവെള്ളം കുടിച്ചു.(ചിലവ് പത്തു രൂപ.ഇനി കൈയിലുള്ളത് 165 രൂപ).വീണ്ടും നടന്നു.മണി പത്തായി പതിനൊന്നായി..അവളുടെ വിളി മാത്രം വന്നില്ല.
അവളെ അങ്ങോട്ടു വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു.എന്റെ ഫോണില്‍ ബാലന്‍സ് തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയായോണ്ട് ഞാന്‍ അടുത്തുകണ്ട കടയിലെ കോയിന്‍ ബോക്‌സ് ഫോണിന്റെ ചാരത്തേക്ക് നടന്നു.പേഴ്‌സില്‍ കുറേനേരം തപ്പിയിട്ടാണ് ഒരു രൂപാ കിട്ടിയത്.അത് ഫോണിന്റെ പള്ളയിലേക്കിട്ട് ഞാന്‍ അവളുടെ നമ്പര്‍ ഞെക്കി.കൃത്യം 20 തവണ ബെല്ലടിച്ചു എന്നല്ലാതെ എന്റെ ചക്കരകുട്ടി ഫോണ്‍ എടുത്തില്ല.മൂന്ന് തവണ കൂടി ശ്രമം തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല.
അങ്ങനെ പിന്നെയും ഒരു മണിക്കൂര്‍ കൂടി എന്നെ കടന്നുപോയി.ഹോട്ടലിലെ ചേട്ടന്‍ പുറത്തേക്ക് വന്ന് ‘ബിരിയാണി റെഡി’ എന്ന ബോര്‍ഡും തൂക്കി കയറിപോയി.എന്റെ ആമാശയം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയെങ്കിലും ഞാന്‍ എല്ലാം സഹിച്ചിരുന്നു.അവള്‍ ഉടനെ വിളിക്കുമായിരിക്കും.വരുമായിരിക്കും..
കൃത്യം മൂന്ന് മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിട്ട് നാല്‍പ്പത് സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വന്നു.കരണകുറ്റിക്ക് ഒന്നു പൊട്ടിക്കാന്‍ തോന്നിയെങ്കിലും എന്റെ മുഖത്തെ വൃത്തികെട്ട പല്ലുകളും ചുണ്ടുകളും ചേര്‍ന്ന് അവളെ ചിരി അകമ്പടിയോടെ വരവേല്‍ക്കുകയാണുണ്ടായത്.ഇവറ്റകള്‍ക്കിത് എന്തിന്റെ കേടാണ്.
വരാന്‍ താമസിച്ചതിന്റെ എന്തോ കാരണം അവള്‍ പറഞ്ഞെങ്കിലും ഞാനത് ശ്രദ്ധിച്ചിരുന്നില്ല.’രഘുവിന്റെ സ്വന്തം റസിയ’ എന്ന് ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും ‘എനിക്കൊരു ഇരുന്നൂറ് രൂപ തരാനുണ്ടോ’ എന്നൊരു ചോദ്യമവള്‍ എന്റെ മുന്നിലേക്കിട്ടു.’എന്നെ അങ്ങു കൊന്നിട്ട് ചോര മൊത്തം ഊറ്റികുടിക്കെടി യക്ഷീ’ -എന്ന് പറയാന്‍ വിചാരിച്ചെങ്കിലും എന്റെ വലത്തെ കൈ പോക്കറ്റിനുള്ളിലേക്ക് പോകുകയും പേഴ്‌സ് മുകളിലേക്ക് ഉയരുകയും അതില്‍ നിന്ന് ഞാന്‍ 165 രൂപ പുറത്തെടുക്കുകയും ചെയ്തു.
‘പെണ്ണേ എന്റെ കൈയിലിനി ഇതേയുള്ളൂ’-എന്ന് താഴ്മയോടെ പറഞ്ഞ് ഞാന്‍ കാശ് അവളുടെ കൈയിലേക്ക് കൊടുത്തു.ഓട്ടിയില്ലാത്ത അവളുടെ വെളുത്ത കൈകള്‍ അപ്പോള്‍ ഞാന്‍ കണ്ടു. കാശ് കിട്ടിയതോടെ അവളുടെ ധൃതി കൂടുകയും ‘അയ്യോ ഇപ്പോള്‍ ബെല്ലടിച്ചു കാണും’ എന്ന് പറഞ്ഞങ്ങ് ഓടി മറയുകയും ചെയ്തു
. ഈ ഒരു സീനോടു കൂടി ഈ കഥ എനിക്ക് തീര്‍ക്കാമായിരുന്നു.
പക്ഷെ ശരിക്കുമുളള കഥ ഇനിയാണ് തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്രപേര്‍ മൂക്കത്ത് വിരലു വെക്കാതിരിക്കും.
ങ്ങനെ പുറകുവശം കുലുക്കിയുള്ള അവളുടെ ഓട്ടവും നോക്കി എന്തു ചെയ്യണമെന്നറിയാതെ നിന്നഞാന്‍ ഒടുവില്‍ ബസ്റ്റോപ്പില്‍ പോയിരിക്കാന്‍ തീരുമാനിച്ചു.പുറത്ത് വെയിലിന്റെ ചൂട് കൂടുന്നതിനോടൊപ്പം മനസ്സും ചൂടാകാന്‍ തുടങ്ങിയിരുന്നു.വിശപ്പിന്റെ ചിന്നംവിളി വേറെയും.ഞാന്‍ പേഴ്‌സില്‍ നിന്ന് മിച്ചമുള്ള ഒരു രൂപ പുറത്തെടുത്തു.അവള്‍ നേരത്തെ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ഈ ഒരു രൂപയും എനിക്ക് നഷ്ടമാകുമായിരുന്നു.ഇനി ഞാനെങ്ങനെ വീടെത്തും..എങ്ങനെ ഞാന്‍ അറുപത് കിലോമീറ്ററുകള്‍ താണ്ടും..
അപ്പോള്‍ ഓര്‍മ്മ വന്നത് ശിവാജി പടത്തിലെ രജനി കാന്തിനെയാണ്.തലൈവരതില്‍ ഒരു രൂപയില്‍ നിന്ന് കോടികളുണ്ടാക്കിയില്ലേ.പക്ഷെ എന്തു ചെയ്യാനാണ്-ഞാന്‍ രജനികാന്തല്ലല്ലോ..
ആദ്യമായി കടലുകാണുന്ന കുട്ടിയുടെ അത്ഭുതത്തോടെ ഞാന്‍ വെറുതെ ആ നാണയത്തില്‍ നോക്കിയിരുന്നു.വേറെയെന്തു ചെയ്യാനാണ്.വൈകുന്നേരം കോളേജ് വിട്ടിറങ്ങുമ്പോള്‍ അവളുടെ കൈയില്‍ നിന്ന് തിരിച്ചുപോകാനുള്ള വണ്ടികൂലിക്കുള്ള കാശ് വാങ്ങിയാലെ എനിക്കിനി എന്റെ അമ്മയേയും അച്ഛനേയും കാണാന്‍ പറ്റൂ-ഞാന്‍ ഓര്‍ത്തു.
ബസുകള്‍ ഓരോന്നായി കടന്നുപോകുകയും യാത്രക്കാര്‍ മാറിമാറി വരികയും ചെയ്തുകൊണ്ടിരുന്നു.
‘തലയോ വാലോ’-എന്റെ ഭാവിയറിയാന്‍ ഞാന്‍ ടോസിട്ടു.നാണയം മാനത്തേക്കുയരുകയും താഴ്ന്ന് കൈക്കുള്ളിലേക്ക് വീഴുകയും-ഒരു നിമിഷം-തട്ടി തെറിച്ച് താഴേക്കുരുണ്ടു പോകുകയും ചെയ്തു.പടച്ചോനേ..
ഉരുണ്ടുരുണ്ട് റോഡിലേക്കാണ് പോയത്.ഞാന്‍ ഓടിച്ചെന്നെടുത്തതും ഒര് ബസ്സ് സഡന്‍ ബ്രേക്കിട്ട് എന്റെ പിറകില്‍ നിന്നതും ഒരു നിമിഷംകൊണ്ട് കഴിഞ്ഞു.കേട്ട തെറികളിപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല.അല്ലെങ്കില്‍ നിങ്ങളോട് പറയാമായിരുന്നു.അത്രയ്ക്കുണ്ടായിരുന്നു.
വീണ്ടും പഴയ സ്ഥാനത്തുവന്നു ഞാന്‍ പിന്നാമ്പുറം പ്രതിഷ്ഠിച്ചു.ഒരു കുഞ്ഞിനെ താലോലിക്കുന്നതു പോലെ ഞാന്‍ നാണയത്തിനു മുകളില്‍ പറ്റിയ അഴുക്കൊക്കെ തുടച്ചു കളയാന്‍ തുടങ്ങി.
ഇനി നിങ്ങളോട് ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ.ഒരു വണ്‍ റുപി ഇന്ത്യന്‍ നാണയത്തില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ.അതില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ.എന്നാല്‍ എനിക്കു നന്നായി അറിയാം. -നിങ്ങള്‍ക്കതു പറയാന്‍ കഴിയില്ല.കുറച്ചു മുന്‍പ് വരെ ഞാനും നിങ്ങളെ പോലെയായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാനത് പറയും -
രണ്ട് നെല്‍ക്കതിരുകള്‍ക്കിടയില്‍ ഒന്ന് എന്ന് അക്കത്തിലെഴുതിയിട്ടുണ്ട്.അതിനു മുകളില്‍ ഹിന്ദിയിലും താഴെ ഇംഗ്ലീഷിലും രൂപ എന്നെഴുതിയിരിക്കുന്നു.അതിനു താഴെ വര്‍ഷം.എന്റെ തങ്കകുടത്തിനെ 2001-ല്‍ പടച്ചതാണ്.അടുത്ത വശത്ത് മൂന്ന് ദിക്കുകളിലേക്ക് നോക്കി നില്‍ക്കുന്ന സിംഹത്തലകള്‍,അതിനിരുവശങ്ങളിലുമായി ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും.അതിനും താഴെ സത്യമേവ ജയതേ-സത്യം ജയിക്കട്ടെ.അപ്പോള്‍ എന്നിലെവിടെയോ രാജ്യ സ്‌നേഹമുണര്‍ന്നു.
പ്രിയ വായനക്കാരെ,സാഹചര്യങ്ങള്‍ അതു മാത്രമാണ് എന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്.നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടാകുമല്ലോ.
അങ്ങനെ ഒരു മണിക്കൂര്‍ കൂടി കഴിയുന്നു.
തുടര്‍ന്ന് നടന്ന സംഭവം-ഇപ്പോള്‍ എഴുതുമ്പോഴും എന്നെ ചിരിപ്പിക്കുന്നുണ്ടായിരുന്നു.ഞാനങ്ങനെ ബസ്സ്‌റ്റോപ്പിലിരിക്കുമ്പോള്‍ എന്റെ മുന്നിലേക്ക് ഒരു പാത്രം നീണ്ടു വന്നു.എന്റെ ചിന്തയിലുണര്‍ന്നത് നല്ല മുന്തിരിയും അണ്ടിപരിപ്പും കിടന്നു തിളക്കുന്ന ബിരിയാണിയായിരുന്നു.പക്ഷെ ആ പാത്രം ഒരു യാചകന്റെ ആയിരുന്നു.അയാളുടെ പാത്രത്തിലേക്ക് ഞാന്‍ നോക്കി.ഒരു രൂപ,രണ്ട് രൂപ,അഞ്ച് രൂപ..അങ്ങനെ പത്തുമുപ്പത് നാണയങ്ങള്‍.ടാ ‘കോടീശ്വരാ’..-ഞാനറിയാതെ വിളിച്ചുപോയി.എന്റെ കൈയിലിരുന്ന ഒരു രൂപ അയാളെ കാണിച്ചിട്ട് വേറെ ഒന്നും എന്റെ കൈയിലില്ല എന്നുഞാന്‍ പറഞ്ഞു.അയാള്‍ എന്നെ നോക്കി ചിരിച്ചു.അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരു പിച്ചക്കാരന്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു.അതും അയാളെക്കാള്‍ വലിയ പിച്ചകാരനെ നോക്കി.അത് ഞാനായിരുന്നല്ലോ..
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ കോളേജ് വിട്ടു.തരുണീമണികളായ പെണ്‍കിടാങ്ങള്‍ എന്റെ മുന്നിലൂടെ പോയിട്ടും ഞാന്‍ വായിനോക്കിയില്ല.മരണവീട്ടില്‍ പോയാല്‍ പോലും ഞാന്‍ തെറ്റിക്കാതെ നടത്തുന്ന പ്രവര്‍ത്തിയായിരുന്നു.ഇന്ന് അതുണ്ടായില്ല.എന്റെ കണ്ണും മനസ്സുമൊരുമിച്ചു അവളെ തിരയുകയായിരുന്നു.
ഒടുവില്‍ ആ ആട്ടിന്‍പറ്റത്തിനിടയില്‍ നിന്ന് അവളെ ഞാന്‍ കണ്ടു പിടിച്ചു.എന്റെ ദയനീയമായ അവസ്ഥ അവളോട് പറയുകയും വണ്ടികൂലിക്ക് കാശു തരൂ പെണ്ണേ എന്ന് അപേക്ഷിക്കുകയും ചെയ്തു.എന്റെ ആകെയുണ്ടായിരുന്ന പ്രതീക്ഷ മുന്നില്‍ കൈമലര്‍ത്തി നില്‍ക്കുന്നതാണ് പിന്നീട് ഞാന്‍ കണ്ടത്.ഞാന്‍ കുറച്ചു മുന്‍പ് കൊടുത്തതെല്ലാം പല ആവശ്യങ്ങള്‍ക്കായി ചിലവായി പോയി പോലും.
‘ശരി എങ്കില്‍ നീ പൊയ്‌ക്കോളു.ഞാന്‍ വേറെ വഴി നോക്കിക്കോളാം’-ഞാന്‍ പറഞ്ഞു.വെറെ എന്ത് തേങ്ങ നോക്കാനാണ് ഞാന്‍.ആകെയുള്ള വഴിയാണ് പെരുവഴിയായി നില്‍ക്കുന്നത്.ഞാനിത് അനുഭവിക്കണം.
പോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അവള്‍ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു.(എന്റെ പ്രിയപ്പെട്ടവരെ നിങ്ങളിലാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതെയിരിക്കട്ടെ)
അവളുടെ കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് കുറച്ചു ദൂരമുണ്ട്.ബസ്സില്‍ വേണം പോകാന്‍.എന്നോടവളപ്പോള്‍ ചോദിച്ചു..പ്രിയപ്പെട്ടവരെ എന്നോടവള്‍ ചോദിച്ചു..അവള്‍ക്ക് ഒരു രൂപ വേണം.കൈയില്‍ ചില്ലറയില്ല.കണ്‍സെഷന്‍ എടുക്കാനാണ്..ഒരു രൂപ വേണം.. ഒരു രൂപ … ഒരു രൂപ..എന്റെ കാതിലത് മുഴങ്ങി.
അങ്ങനെ അതും ഞാനവള്‍ക്കു കൊടുത്തു.നിങ്ങളാരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നെനിക്ക് തോന്നുന്നില്ല.എന്റെ മകന്‍ എന്നെ വിട്ടിട്ട് പോകുന്നതുപോലെ ഒരു അനുഭവമായിരുന്നു അത്.
‘എന്റെ പടച്ചോനെ..അവള്‍ക്ക് നല്ലതു മാത്രം വരുത്തണമേ.അവള്‍ കേറുന്ന ബസ്സിന് ഒന്നും സംഭവിക്കല്ലേ.ബസ്സ് മറിഞ്ഞാല്‍ തന്നെയും അതു പുഴയിലേക്കു വീഴരുതേ..വീണാല്‍ തന്നെ അവള്‍ വെള്ളം കുടിച്ചു ചാകരുതേ..’
‘ആ ദുഷ്ട ,ഹൃദയശൂന്യ വെള്ളം കിട്ടാതെ ചാകണം..’
എന്ന്
ഒരു പാഠം പഠിച്ച കാമുകന്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...