27 Mar 2013

അക്ഷരരേഖ



ആർ.ശ്രീലതാവർമ്മ
ഫലപ്രദമായ മാറ്റം
         മാറ്റം എന്നത് അവസ്ഥയിലുള്ള വ്യത്യാസത്തെ കുറിക്കാനായി നമ്മൾ ഉപയോഗിക്കുന്ന ചെറിയൊരു പദമാണ്.ഈ ചെറിയ പദം വിപുലമായ ഒട്ടേറെ അർഥാന്തരങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട് എന്ന് നമുക്കറിയാം.ചിലപ്പോൾ മാറ്റം വ്യക്തിപരമാകാം;പലപ്പോഴും സാമൂഹികവും.ഏത് തരത്തിലായാലും ഗുണപ്രദമായ മാറ്റത്തെയാണ് നമ്മൾ സ്വീകരിക്കുക.അല്ലാത്തവയെ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല.വാസ്തവം ഇതാണെങ്കിലും നമ്മുടെ അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.നമ്മുടെ പല സങ്കല്പങ്ങളും വ്യവസ്ഥാപിതസ്വഭാവം ഉള്ളവയാണ്.അവയൊക്കെ തിരുത്തിയെഴുതപ്പെടേണ്ടവയാണെന്
ന് നമ്മൾ ചിന്തിക്കാറില്ല.അഥവാ ചിന്തിച്ചാലും അതിനായി ശ്രമിക്കാറില്ല.
              നമ്മുടെ സമൂഹം വർഷങ്ങളായി അങ്ങനെയല്ലേ?നവോത്ഥാനത്തിലൂടെ കൈവന്ന സാമൂഹികപുരോഗതിയെ അതേരീതിയിൽ ,തുടർചലനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകാനോ,നവോത്ഥാനം മുന്നോട്ടുവച്ച മൂല്യസങ്കല്പനങ്ങൾ പിന്തുടരാനോ നമുക്ക് കഴിഞ്ഞില്ല.ഏതേത് മൂല്യങ്ങളാണ് അന്ന് ഉയർത്തപ്പെട്ടിരുന്നത്,അവയുടെയെല്ലാം വിപരീതഭാവമോ, അഭാവമോ ആണ് ഇന്നത്തെ സമൂഹത്തിലുള്ളത്.അപചയങ്ങളുടെ പട്ടിക അതിബൃഹത്താണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് അഴിമതിയല്ലാതെ മറ്റൊന്നുമല്ല.അഴിമതി എന്ന് കേൾക്കുമ്പോൾ,രാഷ്ട്രീയം എന്ന് കൂട്ടിച്ചേർക്കാനുള്ള പ്രവണത എങ്ങനെയോ ഉറച്ചുകിട്ടിയിട്ടുണ്ട്.രാഷ്ട്രീയരംഗത്ത് ധാരാളം അഴിമതിയുണ്ട്.പക്ഷേ,എല്ലാ അഴിമതിയും രാഷ്ട്രീയമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അല്ല എന്ന ഉത്തരത്തിലാണ് നാം എത്തുക.
                  ദൈനംദിനജീവിതത്തിലെ അതിസാധാരണകാര്യങ്ങളിൽപ്പോലും സത്യാത്മകമായി ഇടപെടാൻ നമുക്ക് പറ്റുന്നില്ല എന്നതാണ് വാസ്തവം.വീട്ടിലെ അന്തരീക്ഷത്തിൽ നിന്നാണ് കുട്ടികൾ സത്യവും നന്മയും നീതിയും മറ്റും അറിഞ്ഞും അനുഭവിച്ചും വളരുന്നത്,വളരേണ്ടത്.അച്ഛന്റെ സമയക്കുറവ് മൂലമോ,മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാലോ,അദ്ദേഹത്തിന്റെ സന്ദർശകനായി എത്തുന്ന ഒരാളോട് 'അച്ഛാൻ ഇവിടെയില്ല'എന്നുപറയാൻ നിർബന്ധിതനായിത്തീരുന്ന കുട്ടിഉൾക്കൊള്ളുന്ന ആശയം,വേണമെങ്കിൽ അസത്യം പറയാം എന്നുള്ളതാണ്.കുട്ടികളുടെ വയസ്സ് കുറച്ചുകാണിച്ച് യാത്രകളിൽ പകുതി നിരക്കിൽ ടിക്കറ്റെടുക്കുകയും സിനിമാ തീയേറ്ററുകളിൽ ടിക്കറ്റെടുക്കാതെ കുട്ടികളെ മടിയിലിരുത്തുകയും ചെയ്യുന്നവരുണ്ട്.ഈവക അനഭിലഷണീയപ്രവണതകൾ കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന തെറ്റായ ചിന്തയെക്കുറിച്ച് അപ്പോഴവർ ഓർക്കാറില്ല.
                വലിയ അഴിമതികളെക്കുറിച്ച് വാതോരാതെ വിമർശിക്കുന്നവർ സ്വന്തം ചുറ്റുവട്ടത്തുള്ള ഇത്തരം ചെറിയ-വലിയ അസത്യങ്ങളെക്കുറിച്ച് മിണ്ടാറില്ല.ഈ വിധമുള്ള വ്യതിചലനങ്ങളിലൂടെ,അഥവാ അസത്യങ്ങളിലൂടെ വലിയ തെറ്റുകളിലേക്കും അപകടങ്ങളിലേക്കും ഉള്ള വഴി പെട്ടെന്ന് തുറന്നുകിട്ടുകയായി.സത്യം തിരിച്ചറിയാനും ഉൾക്കൊള്ളാനും ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്ക് കഴിയണമെങ്കിൽ അതിനുള്ള അന്തരീക്ഷം വീടുകളിൽ തീർച്ചയായും ഉണ്ടാകണം.സത്യം എന്താണെന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥ രോഗം തെറ്റായി നിർണയിക്കുന്നതുപോലെ അപ്കടകരമാണ്.ഇല്ലാത്ത രോഗത്തിന് ചികിത്സ നൽകിക്കൊണ്ടിരിക്കുകയും ,ഉള്ള രോഗം ചികിത്സിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയെക്കുറിച്ച് ആലോചിച്ചാൽത്തന്നെ അതിന്റെ ഭീകരത വ്യക്തമാകും.
              ഇതെല്ലാം നമ്മെ എവിടേക്കാണ് നയിക്കുക എന്നതിനെക്കുറിച്ച് വേണ്ടത്ര ചിന്തിക്കുന്നവർ നമുക്കിടയിൽ തന്നെ എത്രപേരുണ്ടാകും?അനീതിയ്ക്കെതിരെ ശബ്ദിക്കുന്നവരുണ്ട്.പക്ഷേ,അവരെ പിന്തുണയ്ക്കാൻ എപ്പോഴും ഒരു ന്യൂനപക്ഷമേ ഉണ്ടാവുകയുള്ളൂ.ഭൂരിപക്ഷം പേരും സ്വന്തം നില ഭദ്രമാക്കുന്ന തരത്തിലുള്ള നിലപാടുകളായിരിക്കും സ്വീകരിക്കുക.ഈ നിലയ്ക്കാണ് മാറ്റമുണ്ടാകേണ്ടത്.ഏതുരംഗത്തുമുള്ള അനഭിലഷണീയപ്രവണതകൾ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കാൻ സംഘബോധത്തോടെ പ്രവർത്തിക്കുകയാണ് ആവശ്യം.പൊതുനന്മ മാത്രമാണിവിടെ ലക്ഷ്യം.സാമൂഹികക്ഷേമത്തിനുള്ള പദ്ധതികൾ നമുക്ക് വേണ്ടുവോളമുണ്ട്.പക്ഷേ,അവ നടപ്പിലാക്കുന്ന രീതികളിലാണ് കുഴപ്പം.ഒന്നുകിൽ പല പ്രവർത്തനങ്ങളും കടലാസ്സിൽ ഒതുങ്ങുന്നു.അല്ലെങ്കിൽ അവയ്ക്ക് വലിയ കാലതാമസം നേരിടുന്നു.ആ വക തടസ്സങ്ങൾ നീങ്ങി നടപ്പിൽ വന്നാൽത്തന്നെ,ചിലപ്പോൾ പരിതാപകരമായ വിധത്തിലായിരിക്കും അവ നടപ്പിലായിട്ടുണ്ടാവുക.അപ്രകാരമായ പ്രതികൂലസാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ രാഷ്ട്രീയവും സാമൂഹികവുമായ തികഞ്ഞ അവബോധം വേണം.അതിനുപരിയായി ഉയർന്ന ജനാധിപത്യവീക്ഷണവും മാനുഷികതയും ധാർമ്മികതയും കൂടാതെ കഴിയുകയുമില്ല.അങ്ങനെയുള്ള അവബോധങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന കൂട്ടായ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട സാമൂഹികസാഹചര്യങ്ങളിലേക്ക് നമ്മെ നയിക്കുമെന്നതിൽ സംശയമില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...