കേരളത്തിനു നഷ്ടമാകുന്ന കാർഷികസംസ്കൃതി


ഡോ. അംബിക. എ. നായർ

ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നാടാണ്‌ കേരളം. ഓണവും വിഷും തിരുവാതിരയും മനസ്സിൽനിറയ്ക്കുന്ന കുളിർമ ഇന്ന്‌ അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്നു. എങ്കിലും ഗതകാലസ്മൃതികൾ നമ്മെ എത്തിക്കുന്നത്‌ ഹരിതസമൃദ്ധമായ കേരളഭൂവിലേക്കാണ്‌. തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും പാടിയുണർത്തിയ ഹരിതകേരളം ഓർമ്മയിൽ മാത്രം. കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷികസംസ്കാരത്തെപ്പറ്റിച്ചിന്തിക്കുമ്പോൾ പാരമ്പര്യത്തിന്റെ പൊട്ടിപ്പൊയകണ്ണികൾ അവിടവിടെച്ചിതറിക്കിടക്കുന്നതുകാണാം. ഇവ ഒരുതുണ്ടുഭൂമിയിലോ, അതിലെ വിളസമൃദ്ധിയിലോ, ഒരുനാടൻപാട്ടിലോ, ഒരുനാടൻ കളിയിലോമാത്രമൊതുങ്ങുന്നില്ല. ഇവയൊക്കെ പഴയകാലത്തിന്റെ പുനർധ്വനിയായി നാം ഉൾക്കൊള്ളാൻ ശ്രദ്ധിക്കുകയാണു ചെയ്യുന്നത്‌. ഒന്നോർത്താൽ നമ്മുടെ ബോധമണ്ഡലത്തിൽ നാം അഭിമാനിക്കുന്ന ഒരു സംസ്ക്കാരം നഷ്ടപ്പെട്ടുപോകുന്നുണ്ടോ എന്നു സംശയം തോന്നും.

കേരരാജ്യം എന്ന്‌ ഊറ്റം കൊണ്ടിരുന്ന കേരളത്തിൽ കേരത്തിന്റെ വിളവുകുറയുകയാണ്‌. തമിഴുനാടാണ്‌ കേരം ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്‌. നമ്മുടേതായിട്ടുള്ളതൊന്നും ഇന്നുനമുക്കില്ല. മണ്ഡരിബാധിച്ച തെങ്ങിൻ തലപ്പുകൾ നിവർന്നുനിൽക്കാനാകാതെ തലതാഴ്ത്തിനിൽക്കുന്ന കാഴ്ച്ചകൾ എങ്ങും കാണാം. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞിരുന്ന സ്ഥലങ്ങൾ നാണ്യവിളകൾ കവർന്നെടുത്തു. പാരമ്പര്യമായ കൃഷിരീതികൾ തുടരാൻ നമുക്കാവുന്നില്ല. അതിനുകാരണം ആദായക്കുറവാണ്‌. അതുകൊണ്ട്‌ റബ്ബറും വനിലയും നമുക്കു പ്രിയപ്പെട്ടവയായി. വിദ്യാഭ്യാസം നേടുകവഴി കാർഷികവൃത്തി നിലവാരം കുറഞ്ഞതൊഴിലായിമാറി. വിദേശരാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റം  പാരമ്പര്യകൃഷിരീതികളിൽ നിന്നു പൂർണ്ണമായും വിട്ടുപോകാൻ നമ്മെ പ്രേരിപ്പിച്ചു. അങ്ങനെവരുമ്പോൾ നാട്ടുസൗഭാഗ്യങ്ങളൊക്കെ നമുക്കുനഷ്ടമായി.

പണ്ട്‌ ലളിതമായജീവിതവും പരിമിതമായലക്ഷ്യങ്ങളുമായിരുന്നു. ഇന്ന്‌ ജീവിതം സങ്കീർണ്ണമാണ..​‍്‌.ലക്ഷ്യങ്ങൾ അനവധി... അത്‌ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും പാർപ്പിടസൗകര്യങ്ങളിലും ചിന്താഗതിയിലും പ്രവർത്തിപഥങ്ങളിലുമെല്ലാം അത്‌ പ്രതിഫലിച്ചു, പ്രതിധ്വനിച്ചു? ചേന, ചേമ്പ്‌, കാച്ചിൽ, കപ്പ തുടങ്ങി പറമ്പുകളിൽ വിളയിച്ചെടുക്കുന്ന ഭക്ഷണപദാർഥങ്ങളിലുള്ള കമ്പം നഷ്ടപ്പെട്ട്‌ ഫാസ്റ്റുഫുഡ്ഡുകൾക്കുപുറകേ പായുമ്പോൾ ആരോഗ്യം പോകുന്നതുനാം അറിയുന്നില്ല. ഗതാഗതം വർദ്ധിച്ചപ്പോൾ തമിഴ്‌ വിപണിയിൽനിന്ന്‌ സാധനങ്ങൾ ഒഴുകിയെത്തി. പൂക്കൾ, പച്ചക്കറി, പഴം, ഊണിന്റെ ഇല എന്നിവയെല്ലാം അതിലുണ്ട്‌. കേരളം അലസൻമാരുടെ നാടായിമാറി. പരസ്യങ്ങളുടെപുറകേപോയി കർക്കിടകത്തിലെ മരുന്നുകഞ്ഞിവരെ പാക്കറ്റിൽ കിട്ടുന്നു. അവ തേടി നമുക്കു വളപ്പിൽ അലയേണ്ടതില്ലല്ലോ...!.. തിരുവാതിരക്കാലത്തു സ്ത്രീകൾകഴിക്കുന്ന 'എട്ടങ്ങാടി' ഒരുവർഷത്തെ മുഴുവൻ പോഷകഗുണങ്ങളും നൽകുന്നുണ്ട്‌. കാർഷികവ്യവസ്ഥയിലെ നഷ്ടം ഇതൊക്കെയൊരാചാരമാക്കി മാറ്റി.
 
പാരമ്പര്യകാർഷികസംസ്കാരത്തിൽ നിലനിന്നിരുന്ന ഔഷധച്ചെടികൾ  ഇന്ന്‌ അപൂർവമായിട്ടെ അറിയുകയുള്ളു. തുമ്പ, കുറുന്തോട്ടി, നറുനീണ്ടി, ആടലോടകം, ഉമ്മം, കുടുക്കമൂലി, തുടങ്ങിയവ ഏതൊരുമനുഷ്യനും പണ്ട്‌ അറിയാമായിരുന്നു. ഇടവഴികളിലും പറമ്പുകളിലും തളിർത്തുമറിഞ്ഞ്‌ ഇന്നും അവയുണ്ടെങ്കിലും പുതിയതലമുറയ്ക്കത്‌ അന്യം. കൃഷിയുമായി ബന്ധപ്പെട്ടപലവസ്തുക്കളും കൗതുകവസ്തുക്കളാകുന്ന കാലം വിദൂരമല്ല. പാളത്തൊപ്പി, ഒറ്റത്തോർത്ത്‌, കലപ്പ, പറ, ചങ്ങഴി, നാഴി, കളപ്പുര, പത്തായം, തൊഴുത്ത്‌, കച്ചിത്തുറു എന്നൊക്കെപ്പഞ്ഞാൽ ഇന്ന്‌ ഇതറിയാവുന്നവർ ചുരുങ്ങും. ഞാറ്റുപാട്ടും പുള്ളുവപ്പാട്ടുമൊക്കെ ചിലപ്രത്യേക കേന്ദ്രങ്ങളിൽ മാത്രംനടക്കുന്നരീതിയാണു കാണുന്നത്‌. നാടൻ കലകളുടെ അനുഷ്ഠാനസ്ഥലികൾക്കുവന്ന   ഈ മാറ്റം പഠനീയമാണ്‌.

യാന്ത്രികപുരോഗതിയിലൂടെ ജീവിതവേഗം കൂടിയത്‌ ഹരിതസൗഭാഗ്യങ്ങളെ ഹനിച്ചു.ജീവിതത്തിന്റേതിരക്ക്‌  വലയം ചെയ്യുമ്പോൾ ഫാസ്റ്റുഫുഡ്ഡുകളെ ആശ്രയിക്കാതെ മാർഗ്ഗമില്ല. വയലുകളും പറമ്പുകളും  കോൺക്രീറ്റുസൗധങ്ങൾക്കു വഴിമാറിയതോടുകൂടി മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. ജലദൗർലഭ്യം മൂലംവരളുന്ന മണ്ണും കരിയുന്നവിത്തും മലയാളിക്ക്‌ കൂടപ്പിറപ്പുകളായി. മുമ്പ്‌ ഉപയോഗിച്ചിരുന്ന  ചാണകവും മറ്റും മാറ്റി കൃത്രിമവളത്തിനു സ്ഥാനംകിട്ടിയതോടുകൂടി പരമ്പരയാകിട്ടിക്കൊണ്ടിരുന്ന ഫലഭൂയിഷ്ഠത പോയ്മറഞ്ഞു. പൂക്കാനും തളിർക്കാനും വളരാനും മരുന്നുതളിക്കുന്ന സംസ്കാരത്തിലേക്ക്‌ അറിയാതെ നമ്മൾ വഴുതിവീണു.

കൂട്ടുകുടുംബം നഷ്ടപ്പെട്ടതോടുകൂടി അണുകുടുംബം രംഗത്തെത്തിയത്‌ ഒരുവിധത്തിൽ കാർഷിക അറിവുകളുടെ ശൈഥില്യം കൂട്ടി. ഓലയിലെ എഴുത്തും മണ്ണിലെ എഴുത്തും ചിലരെങ്കിലും തുടരുന്നുണ്ട്‌. പക്ഷെ, പുലികളി, കിളിത്തട്ട്‌, വട്ടുകളി, തുമ്പിതുള്ളൽ, കളംചവുട്ടിക്കളി എന്നിവ തീരാനഷ്ടങ്ങളായി  മാറി. ആശാൻ കളരി ഇല്ലാതായി. അദ്ധ്വാനിക്കുന്നവൻ തെങ്ങിൻ കള്ളായിരുന്നു പണ്ടുകഴിച്ചിരുന്നത്‌. ഇന്നത്തെ സംസ്കാരം മാരകമായൊരു മദ്യപാനശീലം വളർത്തിക്കൊണ്ടുവരുന്നു. സസ്യാഹാരപ്രിയത ഇല്ലാതായതും കാർഷികബന്ധം അയയാൻ കാരണമായി.

പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റം, ആഗോളവത്കരണം എന്നിവ മനുഷ്യനെ കൂടുതൽ മേഖലകളിലേക്ക്‌ എത്തിക്കുന്നുണ്ട്‌. ഇതുതന്നെയാണ്‌ കർഷകഭാവം നഷ്ടപ്പെടുത്തിയതും. വാണിജ്യവത്ക്കരികപ്പെട്ട കാർഷികരീതിമൂലം ശുദ്ധമായവിളവിന്റെ ലഭ്യതക്കുറവും സാമൂഹ്യബന്ധങ്ങളുടെ ശൈഥില്യവും ഉണ്ടായിരിക്കുന്നു. സമൃദ്ധി കൈയ്യെത്താദൂരത്തു നിൽക്കുമ്പോഴും പഴയ സംസ്കാരച്യുതി വളരെവ്യക്തമായി ഫ്യൂഡലിസത്തിന്റെ തകർച്ചയിൽ കാണാം. കാർഷികമേഖലയെ അടിസ്ഥാനമാക്കിയാണ്‌ അടിമ-ഉടമ ബന്ധം നിലനിന്നത്‌. ഭരണം ജനാധിപത്യവത്കരിക്കപ്പെട്ടതോടുകൂടി ആ സങ്കൽപം തകർന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വേർതിരിവ്‌ ആചാര്യമര്യാദകളിലോ സംഭാഷണത്തിലോ വേഷഭൂഷാദികളിലോ ജീവിതരീതികളിലോ ഇന്നില്ല. ആചാരഭാഷകളുടെ തകർച്ച കാർഷികസംസ്കാരത്തിന്റെ അടർന്നുപോയ ഒരുതട്ടായി നമുക്കുവായിച്ചെടുക്കാം. അതുപോലെ അമ്മാവൻ-മരുമകൻ ബന്ധശൈഥില്യവും കാർഷികവ്യവസ്ഥയുമായി  കൂട്ടിയിണക്കാം.

ജനനം മുതൽ മരണം വരെനിലനിന്നിരുന്ന കൂട്ടായ്മയുടെ നഷ്ടമാണ്‌ കാർഷികസംസ്കാരത്തിന്റെ ശോഷണംകൊണ്ട്‌ നാം അനുഭവിക്കുന്നത്‌. മണ്ണിൽ സ്പർശിക്കാതെ വളർന്നുവരുന്ന ഫ്ലാറ്റ്‌ സംസ്കാരം നമ്മെക്കൊണ്ടെത്തിക്കുന്നത്‌ അനതിവിദൂരമായ ഊഷരഭൂവിലേക്കാണ്‌.  ഉർവരയായമണ്ണിനെ ചവുട്ടിമെതിച്ചുനീങ്ങുന്ന തലമുറയെക്കാത്തിരിക്കുന്നത്‌ ശാരീരികമാനസികപിരിമുറുക്കങ്ങൾ മാത്രം.  പ്രകൃതിയെ ചൂഷണംചെയ്യാതെ, സമൂഹത്തിന്റെസമൃദ്ധിക്കുമുൻതൂക്കംനൽകി, പ്രകൃതിയോടിണങ്ങി, അതിന്റേഗന്ധവും ഊഷ്മളതയും നുകർന്നു ജീവിച്ച മുൻമുറക്കാരിൽനിന്ന്‌ പലതും നമ്മൾ ഉൾക്കൊള്ളേണ്ടതായുണ്ട്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ