തളിരിലകളെ കരിച്ചുണക്കി
മാറാപ്പിലാക്കുന്നു ഭ്രാന്തന്‍ കാലം .
എരിയുന്ന തിരിയാളിച്ച്
നീറുന്ന കാഴ്ചകള്‍ നുള്ളിയെടുത്ത്
ഹൃദയത്തിലേക്ക് വിരുന്നു വരുന്നുണ്ട് ,
യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു
പച്ചമുറിവ് .ഞാനെന്‍റെ മിഴികളില്‍
നീര്‍മറയൊരു
തിരശ്ശീലയായ് അണിയട്ടെ .
മനുഷ്യപൂതങ്ങളുടെ
മൃഗമാനസങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന
തോന്ന്യവാസങ്ങളുടെ
കാവുതീണ്ടല്‍ കാലമിത് .
പിഞ്ചു കുഞ്ഞിന്‍റെ പുഞ്ചിരിയിലും
കാമം തിരുകിക്കയറ്റുന്ന
വിശ്വോത്തര കലാമേളകള്‍തന്‍
വസന്തം .
വാര്‍ത്തകളില്‍
മുക്കുത്തിതിളക്കമായ് ,
വിറ്റവളും പിഴച്ചവളും
പ്രാപിച്ച പുണ്യാള ജന്മങ്ങളും
മഷിപുരണ്ടിരിക്കുന്നു .പെണ്ണുടല്‍ രുചി തേടുന്ന
വേടന്‍മ്മാരുടെ നൃത്തച്ചുവടുകള്‍
ഞെരിച്ചമര്‍ത്തി അട്ടഹസിക്കുന്നത്
സ്വന്ത ബന്ധമില്ലാത്തവന്‍റെ
തൃഷ്ണകള്‍ മാത്രം .
കല്ലറകള്‍ക്കു മീതെ
ആര്‍ത്തിപൂണ്ടു നില്‍ക്കുന്ന
പച്ചമണ്ണിന്‍റെ ഗന്ധം
നിന്‍റെ ചിന്തയുടെ നാസികക്കിന്നും
അന്യമെന്നോ !
വിടരുന്ന പൂക്കളില്‍ ,
കൊഴിയുന്ന ഇലകളില്‍
നീയും ഞാനുമൊരു നിമിഷമത്രേ.ഇറുത്തുമാറ്റാനാകാത്ത
വികാരങ്ങള്‍ക്കുള്ളില്‍
സ്വയം കളഞ്ഞുപോകുന്നവരെ ,
നിങ്ങളിപ്പോഴും
വര്‍ത്തമാനകാലത്തിന്‍റെ
ഇത്തിരിവട്ടക്കിണറ്റിലെ
സഞ്ചാരം പൂര്‍ത്തിയാക്കാത്തൊരു
ഒറ്റക്കണ്ണ്‍ .
_______________________