27 Apr 2013

വിഷാദത്തിന്റെ തമ്പുരാക്കൾ


ഫസൽ റഹ്മാൻ 


(പ്രവാസ ദിനങ്ങളുടെ ഓർമ്മയ്ക്ക്‌)

I.
മുഴങ്ങുന്ന ശബ്ദത്തിൽ
ഫ്രാങ്ക് സിനാത്ര പാടുന്നു:
വിഡ്ഢിയുടെ ജീവിതത്തിൽ ഒരു ദിനം-
വിഷാദ ഭരിതം, ഏകാന്തം, ദീർഘം.
നീവരുന്നതും നോറ്റു
ഞാൻ തെരുവിലൂടെ നടക്കുന്നു,
നീയോ, ഈ വഴി മറന്നേ പോയി.
എന്റെ വിഷണ്ണമായ മുറിക്കകത്ത്
വിരഹത്തിന്റെ കണ്ണീരും ഞാനും.

ഉറഞ്ഞുരുകുന്ന വേദന മറച്ച്
എൽവിസ് ചോദിക്കുന്നു:
നീ തനിച്ചാണോ ഈ രാവിൽ?
ഞാനില്ലാത്ത വിഷമം നീ അറിയുന്നുവോ?
ഭാവം പകർന്നവൻ പിടയുന്നു:
പ്രിയേ എന്നോട് പ്രണയമെന്നു
നീ കളവു പറഞ്ഞു ;
എനിക്കിനിയും ആ കളവു കേട്ട് കൊണ്ടിരിക്കണം.
നീ എന്നിലേക്ക്‌ തിരിച്ചു വരില്ലെങ്കിൽ
ഈ അരങ്ങിനു കർട്ടൻ വീഴ്ത്തുക.
പ്രിയേ, ഈ രാവിൽ നീ തനിച്ചാണോ
എന്നെന്നോട് പറയുക .

ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പിൽ
ബില്ലി ഹോളിഡെ ചൂണ്ടയിടുന്നു:
മൂകമായ ഞായർ -
മാലാഖമാർ നിന്നെ തിരിച്ചു തരില്ലെങ്കിൽ
വെള്ളപ്പൂക്കൾക്ക് ചുവടെ
നീയുറങ്ങിയ ഉറക്കത്തിലേയ്ക്കു
എണ്ണമറ്റ നിഴലുകളുടെതാഴ്വരയിലേക്ക്
ഞാനിനി എന്തിനു മടിച്ചു നില്ക്കണം!.
എന്റെ സ്വപ്നം നിന്നെ അശാന്തനാക്കും മുൻപ്
എന്റെ മൂക ഞായറിന്റെ തേരിൽ ഞാനും!.

മധുരോദാരം സെലിൻ ഡിയോണ്‍ മന്ത്രിക്കുന്നു :
രാവിലൊക്കെയും കനവിലൊക്കെയും
കാണുന്നു ഞാൻ നിന്നെ, അറിയുന്നു-
നീയുണ്ടെന്നു ഞാനറിയുന്നതും
കടലാഴങ്ങൾക്കപ്പുറം നീയെന്നിലെത്തുന്നതും
എന്റെ ഹൃദയത്തിൽ നീയുള്ളത് കൊണ്ട്.
നിത്യതയുടെ കൂട് വിട്ടു നീ വരുന്നു
എന്നിലേയ്ക്ക്- എന്റെ ഹൃദയത്തിന്റെ
സുരക്ഷിതത്വത്തിലെയ്ക്ക്.

II
വേദനകളുടെ ഹിമക്കാറ്റായി
മെഹ്ദി ഹസൻ പാടുന്നു:
ദിൽ സെ തേരി നിഗാഹ് മേം-
കടലാഴമുള്ള വിഷാദത്തോടെ
മരുഭൂ ചൂടിൻ പെരുക്കത്തിൽ
നൂർ ജഹാൻ ഇളം കാറ്റാവുന്നു.:
ഹമാരി സാസോം മേം ആജ് തക് വോ-
അലസം തളർന്ന് സൈഗാൾ
രാജകുമാരിയെ ഉറക്കുന്നു:
സോജ രാജകുമാരീ സോജാ-

വാച്യാർത്ഥങ്ങൾ പിണങ്ങി നിൽക്കുമ്പോഴും
നാദ വീചികളിലെന്റെ ഹൃദയം
സാഷ്ടാംഗം പ്രണമിക്കുന്നു:
പ്രപഞ്ചങ്ങളുടെ ദുഃഖ സാഗരങ്ങളേ,
ഈ നിമിഷം ഞാൻ നിങ്ങളെ ജയിക്കുന്നു.

III
അകലെ,
എന്റെ പെണ്ണും കുഞ്ഞുങ്ങളും
ഉമ്മയും വൃദ്ധ പിതാവും
പ്രാർത്ഥനാ നിരതരാവുന്നതും
എനിക്കായി കായ്ക്കുന്ന തേൻവരിക്കയിൽ
വിരഹത്തിന്റെ പഴം കായ്ക്കുന്നതും
ഏതോ അരാജക വാനരർ
പല്ലിളിച്ചു കാവലാവുന്നതും
പയ്യാരങ്ങളുടെ ആവർത്തന പർവത്തിൽ
എനിക്ക് മനസ്സിടറുന്നതും -

മദീന റോട്ടിൽ എന്റെ ടാക്സി ചീറിപ്പായുന്നു.
ജോലി സമയത്തിനില്ലെങ്കിലും
കൂലിക്കുണ്ട് കണക്ക്, കൃത്യം .
വണ്ടിക്കകത്ത് യാന്ത്രികത്തണുപ്പെങ്കിലും
തീ തുപ്പുന്ന പുറം വെയിൽ എന്റെയുള്ളിൽ.

അന്യ ദേശത്തു നിന്റെയും ശബ്ദമിടറാം:
എന്നാൽ അവർ
നിനക്കായി പാടിക്കൊണ്ടിരിക്കും-
ഈ വിഷാദത്തിന്റെ തമ്പുരാക്കൾ.

(ആദ്യ പാദത്തിൽ നാല് വിഖ്യാത വിഷാദ ഗീതങ്ങൾ ആണ് സൂചിപ്പിക്കപ്പെടുന്നത് : ഫ്രാങ്ക് സിനാത്ര (Frank Sinatra) പാടിയ A Day in the Life of a Fool, എൽവിസ് പ്രിസ് ലി (Elvis Presley)യുടെ Are You Lonesome Tonight?, ബില്ലി ഹോളിഡെ (BillieHoliday) പാടിയ Gloomy Sunday, സെലിൻ ഡിയോണി (Celin Dion) ന്റെ Every Night in My Dreamsഎന്നിവ.)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...