27 Apr 2013

അന്നു മഴ പെയ്തിരുന്നില്ല

അസ്സീസ് ഈസ 


അതെ അന്ന് മഴ പെയ്തിരുന്നില്ല
വര്‍ഷ കാലത്തിന്റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ …നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
നോവ് കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്റെ കുളിരില്‍ ലയിച്ച്…!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ….
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്‌കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത് വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
‘എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് ‘
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
‘നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ ‘
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്‌കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്‌കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം വീണു
നമസ്‌കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക് കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
‘കുഞ്ഞൂട്ടിക്കാ ‘
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്റെ തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍ മുഴങ്ങില്ല
പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്റെ ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്റെ വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ ആ ദിവസം കൊഴിഞ്ഞുവീണു
പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ലയിരുന്നു
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ … ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ ..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...