“പെട്ടെന്ന് ഈ മരുന്ന് വാങ്ങി വരണം .ഇവിടെ കിട്ടിയില്ലെങ്കില്‍ പുറത്തു നിന്നും വാങ്ങി കൊണ്ട് വരണം .”
നേഴ്സ് ശീട്ട് നീട്ടികൊണ്ട് പറഞ്ഞു.അയാള്‍ അതും കൈപറ്റി കൊണ്ട് താഴേക്കു ഓടി .ഇത് എത്ര ദിവസമായി ഈ ഓട്ടം തുടങ്ങിയിട്ട് ..ഇനി എത്ര നാള്‍ ഓടണം.ആര്‍ക്കും ശരിയായി ഒരു അഭിപ്രായം ഇല്ല.അമ്മയെ ഇവിടെ ആക്കിയിട്ടു രണ്ടു ആഴ്ചകള്‍ ആയി.അതിനു മുന്‍പ് വേറെ ആശുപത്രിയില്‍ ആയിരുന്നു.അവിടുന്നാണ് ഇവിടേയ്ക്ക് ആക്കുവാന്‍ പറഞ്ഞത്.പ്രായം ഉണ്ട് ..ഒരു എഴുപതുവരും.പ്രായത്തിന്റെ എല്ലാ അസുഖങ്ങളുംഒന്നിച്ചു തന്നെ ഉണ്ട്.അതിനിടയിലാണ് മുറ്റത്തു വീണത്. അതോടെ എല്ലാ അസുഖങ്ങളും ഒന്നിച്ചു ആക്രമിച്ചു.ഇപ്പോള്‍ തീരെ വയ്യ.ഒന്നും പറയാന്‍ പറ്റില്ല എന്നാണ് വന്ന അന്ന് ഇവിടുന്നു പറഞ്ഞു കൊണ്ടിരുന്നത്.അത് തന്നെ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു.
മക്കളുടെ അഭിപ്രായത്തില്‍ അമ്മ കുറച്ചു കാലം ആയി എല്ലാവരെയും വിഷമിപ്പിക്കുകയാണ്. രോഗവും ആശുപത്രിവാസവും തന്നെ കാരണം.ഇപ്പോള്‍ ഇത് കുറെ പ്രാവശ്യമായി.ആശുപത്രിയും വീടുമായി.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അമ്മയെ മടുത്തു. വെറുത്തും തുടങ്ങിയോ?
ആറ് മക്കള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടെന്തു കാര്യം.സ്വത്തുകള്‍ ഒക്കെ വീതിച്ചു കഴിഞ്ഞപ്പോള്‍ അമ്മയെ ആര്‍ക്കും വേണ്ടാതായി.അത് മാത്രമല്ല കാര്യം .അമ്മ എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കാണ് പ്രാധ്യാനം കൊടുത്തിട്ടുള്ളത്.അങ്ങിനത്തെ ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ആ തറവാടിത്തം നിലനിര്‍ത്തുവാന്‍ ജീവിതവും അങ്ങിനെ ആയിരുന്നു.മക്കള്‍ക്ക് അച്ഛനോടായിരുന്നു അതുകൊണ്ടുതന്നെ താല്പര്യം കൂടുതല്‍.അച്ഛന്‍ പലപ്പോഴും അമ്മക്ക് മുന്നില്‍ ഒതുങ്ങി കൂടുവാനാണ് ആഗ്രഹിച്ചതും.അച്ഛന്‍ പോയപ്പോള്‍ അമ്മ ഒന്ന് ഒതുങ്ങി എന്ന് പറയാം.
നാല് പെണ്മക്കള്‍ ഉണ്ട് .പക്ഷെ അവരവരുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ അമ്മയെ നോക്കാന്‍ ആര്‍ക്കും സമയം ഇല്ല.ആദ്യം ഒക്കെ ചേച്ചിമാര്‍ വന്നു നിന്നിരുന്നു.ആശുപത്രി വാസം നീണ്ടപ്പോള്‍ അവര്‍ക്കും മടുത്തു.മരുമക്കള്‍ ആരും വരില്ല കാരണം അമ്മ അവരെ മക്കളായി ഒരിക്കലും കണ്ടിരുനില്ല മരുമക്കള്‍ ആയി മാത്രമേ കണ്ടുള്ളൂ.അതിന്റെ ഒരു ദേഷ്യം എല്ലാവര്ക്കും ഉണ്ട്.ഭാര്യയോട് ഒന്ന് രണ്ടു ദിവസം നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ ഈ കാര്യം സൂചിപ്പിച്ചു.പിന്നെ നിര്‍ബന്ധിച്ചുമില്ല.എല്ലാവര്ക്കും അമ്മ മരിക്കുന്നതായിരുന്നു താല്പര്യം.ബുദ്ധിമുട്ടണ്ടല്ലോ .ചില അവസരങ്ങളില്‍ ഞാനും അങ്ങിനെ ആഗ്രഹിച്ചു പോയോ ?എന്തിനു ഇങ്ങിനെ മറ്റുള്ളവരെ കഷ്ട്ടപെടുതുന്നു എന്ന്.
ചേട്ടന്മാര്‍ ഒക്കെ വല്ലപ്പോഴും വരും.അവരുടെ തിരക്കുകളും പരാധീനതകളും പറഞ്ഞു തിരിച്ചു പോകും.സഹികെട്ടപ്പോള്‍ ഒരിക്കല്‍ പറഞ്ഞു പോയി.
“എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം .നിങ്ങള്‍ ഇങ്ങിനെ ഇവിടെ വന്നു കഷ്ട്ടപെടെണ്ട ”
അത് അവര്‍ക്കും ഒരു ആശ്വാസം ആയി കാണും.പിന്നെ ഇപ്പോള്‍ വരാറെയില്ല .എല്ലാറ്റിനും ഞാന്‍ മാത്രം.അങ്ങിനെയാണല്ലോ പലപ്പോഴും.അമ്മയോട് എനിക്കെന്നും സ്നേഹമായിരുന്നു.അമ്മയില്‍ നിന്നും വേണ്ടത്ര സ്നേഹം കിട്ടിയില്ലെങ്കില്‍ കൂടി എനിക്ക് മാത്രം എങ്ങിനെ അമ്മയെ സ്നേഹിക്കുവാന്‍ പറ്റുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പലരും ചോദിചിട്ടുമുണ്ട്..അതുകൊണ്ട് എനിക്ക് വിഷമം ഒന്നും തോന്നിയില്ല.എന്റെ അമ്മയെ ഞാനല്ലേ നോക്കേണ്ടത് എന്ന് കരുതി. ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളി കാര്യം പറഞ്ഞപ്പോള്‍ വേണ്ടത്ര ലീവ് അനുവദിച്ചത് കൊണ്ട് അത്തരം ഒരു ടെന്‍ഷന്‍ ഇല്ല.എന്നാലും അവര്‍ ഇനി എത്ര നാള്‍ ഇതുപോലെ എന്നെ കാണും ?പ്രൈവറ്റ് ആയതിനാല്‍ അവരുടെ ചിന്തകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം.
ഒന്ന് രണ്ടു മെഡിക്കല്‍ ഷോപ്പ് കയറേണ്ടി വന്നു.അതുമായി ഓടി പിടിച്ചു എത്തിയപ്പോഴേക്കും കുറച്ചു വൈകിയിരുന്നു.താമസിച്ചാല്‍ എപ്പോഴും വഴക്ക് പറയുമായിരുന്ന നേഴ്സ് ഒന്നും പറഞ്ഞില്ല . അവര്‍ ശാന്തമായി പറഞ്ഞു
“ഇനി ഇതിന്റെ ആവശ്യം ഇല്ല .അവര്‍ പോയി.”
എവിടെയോ ഒരു ആളല്‍ .എന്റെ അമ്മ പോയി.ഈ ലോകത്തുനിന്നും…ഇനി ആരും ബുദ്ധിമുട്ടേണ്ട .ഇനി അമ്മ ആര്‍ക്കും ഒരു ഉപദ്രവം ആകില്ല.
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍ നന്നായി അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര്‍ ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്‍പില്‍ അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.
ശവമടക്കു കഴിഞ്ഞു.നാട്ടുകാര്‍ ഒക്കെയും പിരിഞ്ഞുപോയി.വീട്ടുകാര്‍ മാത്രം ആയി.പിന്നെ പിന്നെ അവരും കുറഞ്ഞു തുടങ്ങി.എല്ലാവര്ക്കും പോകുവാന്‍ ഓരോരോ കാരണങ്ങള്‍ .ആരും ആരെയും തടഞ്ഞില്ല.കാരണം അവരും ഇന്നലെങ്കില്‍ നാളെ ഇതേപോലെ പോകേണ്ടവര്‍ ആയിരുന്നു. അകലങ്ങളില്‍ ഉള്ളവര്‍ മാത്രം അവിടെ തങ്ങി.അന്ന് പോകുവാന്‍ പറ്റാത്തവര്‍ മാത്രം
മനസ്സില്‍ എല്ലാവരാലും വെറുക്കപെട്ട അമ്മയുടെ മുഖം വന്നു.ഞാനും ആഗ്രഹിച്ചു പോയി അമ്മെ ….അമ്മയുടെ മരണത്തിനു ….എന്നോട് ക്ഷമിക്കൂ അമ്മെ ….ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞു കിടക്കുന്നതിനിടയില്‍ പ്രാര്‍ഥിച്ചു
“ദൈവമേ ആരെയും വിഷമിപ്പിക്കാതെ എന്നെ ജീവിക്കുവാന്‍ അനുവദിക്കണം.ആര്‍ക്കെങ്കിലും ഭാരം ആവും എന്ന് തോന്നിയാല്‍ എന്നെ അങ്ങോട്ട് വിളിക്കണമേ ……”