നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...

ശിവശങ്കരൻ  കാരാവിൽ 


 സു ഹൃത്തെ.....

നിന്റെ ഓര്‍മ്മകള്‍
എനിയ്ക്ക് ചിരി സമ്മാനിയ്ക്കാറുണ്ട്.
എന്നും... എപ്പോഴും.

എന്റെ രചനകളെ
കാരണങ്ങളില്ലാതെ
സൂക്ഷ്മദര്‍ശിനി വച്ചു
കുറ്റം കണ്ടെത്താറുണ്ട്‌ നീ.

നിന്റെ രചനാവിശേഷം
സർവ്വ വൈകല്യങ്ങളുമുണ്ടായിട്ടും
പഞ്ചാമൃതം പോലെ
എന്നും
രുചിച്ചരുളും ഞാന്‍.

നിനക്ക് എന്നെ
ബോധിയ്ക്കാതിരിയ്ക്കുന്നു
എന്നത് കൊണ്ട്
എനിയ്ക്ക് നീ
പ്രിയതരമാവാതിരിയ്ക്കില്ല.

നീ എത്താ ഉയരത്തിലേയ്ക്ക്
എകരപ്പലക വെച്ച്
മാനം നീട്ടിപ്പിടിയ്ക്കാനായുമ്പോൾ
ഞാന്‍ തീരെ താഴെ
എന്റെ കൈകുറ്റപ്പാടുകളുമായി
മോക്ഷ മന്ത്രമുരുവിട്ടു കഴിയുന്നു.

കൂട്ടുകാരാ .....
നമുക്ക് ഒന്നിച്ചുറങ്ങേണ്ടേ
ഈ മണ്ണില്‍.

ഈ ഇടനേരത്തിന്
നീളമൊട്ടുമില്ലതാനും.

ആകാശത്തു
കുഴിവെട്ടാനാവാതെ
ഒരു ചെറുകാറ്റിൽ
പിടുത്തം വിട്ടു നീ
താഴെയെത്തുമ്പോള്‍.

എന്റെ ചങ്ങാതീ....

അന്ന്....
നാമൊന്നിച്ച്
ഈ മണ്ണറയില്‍...!!

ഞാന്‍ കാത്തിരിയ്ക്കും...
പ്രാര്‍ത്ഥനയോടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?