24 May 2013

അക്ഷരരേഖ


   ആർ.ശ്രീലതാ വർമ്മ
സന്തോഷത്തിന്റെ വഴി
             സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരാണ്?ആരുമില്ല. എന്താണ് സന്തോഷം,അതെങ്ങനെ ഉണ്ടാകും/ഉണ്ടാക്കും എന്നെല്ലാം വിവരിച്ചുതരാൻ ആചാര്യന്മാരുണ്ട്,മഹദ്വചനങ്ങളു
ണ്ട്,ഗ്രന്ഥങ്ങളുണ്ട്.എങ്കിലും ബഹുഭൂരിപക്ഷം പേരും സന്തുഷ്ടരല്ല.ഡിപ്രഷനെക്കുറിച്ചു തന്നെയാണ് നമ്മൾ കൂടുതലും കേൾക്കുന്നത്.വിചാരിച്ചതുപോലെ നടക്കാതെ വരുമ്പോൾ വീടുവിട്ടു പോകുന്ന കുട്ടികൾ,ഗുണദോഷിച്ചാൽ ജീവിതം അവസാനിപ്പിക്കുന്ന കുട്ടികൾ-ഈവക കാര്യങ്ങളും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു.പൊതുവെയുള്ള ഈ അസന്തുഷ്ടികൾക്ക് എന്താകാം കാരണം?
                                            കൂടുതൽ ചിന്തിച്ചാൽ വ്യക്തമാകുന്ന ചില കാരണങ്ങളുണ്ട്.സന്തോഷം എന്നത് ഒരനുഭവമല്ല.ഒരവസ്ഥയാണ്.സന്തുഷ്ടാനുഭവങ്ങൾ എന്നുപറയാൻ ഒന്നും തന്നെ നമുക്കില്ല.ഏതെങ്കിലും ഒരനുഭവവുമായി ചേർന്നുനിൽക്കുന്ന ഒന്നാണ് സന്തോഷം.അപ്പോൾ സന്തോഷം ഒരനുഭവം പോലുമല്ല.ഏതേതനുഭവങ്ങളിൽ നിന്നാണ് ഈ അവസ്ഥയുണ്ടാകുന്നത്?ദേശ,കാല,വ്യക്തി നിരപേക്ഷമായി ഇതിനൊരുത്തരം എളുപ്പമല്ല.ഇഷ്ടമുള്ളതെല്ലാം നിറവേറിയാൽ അത് സന്തോഷമാണോ?ഒരൊറ്റയാൾക്കും അയാൾ വിചാരിക്കുന്ന കാര്യങ്ങളെല്ലാം നിറവേറ്റിക്കൊണ്ടുള്ള ഒരു ജീവിതം സാധ്യമാകുകയില്ല.ഏത് പ്രവൃത്തി ചെയ്താലും അത് ആത്മാർപ്പണത്തോടെയും ആസ്വദിക്കാൻ കഴിയുന്ന മാനസികാവസ്ഥയോടെയും ചെയ്യുമ്പോൾ മാത്രമേ സംതൃപ്തി ഉണ്ടാകുകയുള്ളൂ.വാസ്തവത്തിൽ ഈ സംതൃപ്തി തന്നെയാണ് സന്തോഷം.വിമുഖതയോടെയും ആത്മാർപ്പണം കൂടാതെയും ചെയ്യുന്നതെന്തും നമുക്ക് അസംതൃപ്തിയും അസഹനീയതയും മാത്രമേ നൽകുകയുള്ളൂ.ഈ അസംതൃപ്തമയ അവസ്ഥയാണ് ദു:ഖം അഥവാ,സന്തോഷമില്ലായ്മ.
                         ജീവിതവിജയത്തിനുള്ള മാർഗം,സന്തുഷ്ടരായിരിക്കാനുള്ള വഴികൾ എന്നെല്ലാമുള്ള ശീർഷകങ്ങളിൽ പുസ്തകശാലകളിൽ വില്പനയ്ക്കെത്തുന്ന പുസ്തകങ്ങൾ നിരവധിയാണ്.ഇത്തരം പുസ്തകങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾക്ക് വിധേയരായിട്ടല്ല ആരും ജീവിക്കുന്നത്.ഇവയൊന്നും വായനക്കാരെ ആഴത്തിൽ സ്വാധീനിക്കുക പോലുമില്ല എന്നുള്ളതാണ് സത്യം.ചില ആശയങ്ങൾ ഉപരിപ്ലവമായി സംവേദനം ചെയ്യും എന്നല്ലാതെ മറ്റൊന്നും ഇത്തരം പുസ്തകങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുപോലുമില്ല.വ്യക്തികേന്ദ്രിതമായി മാത്രം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും ഈവിധമുള്ള പുസ്തകങ്ങളുടെ ഉള്ളടക്കം.വ്യക്തി,തന്റെ സുഖത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു,തന്റെ സന്തോഷത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു എന്ന സ്ഥിതിയുടെ അപകടം നിസ്സാരമല്ല.തന്റെ സുഖം/സന്തോഷം ചുറ്റുമുള്ളവർക്ക് ഏതെങ്കിലും വിധത്തിൽ സുഖക്കുറവോ,സന്തോഷമില്ലായ്മയോ ഉണ്ടാക്കുന്നതാണെങ്കിൽ തീർച്ചയായും അത്തരം സുഖങ്ങളെക്കുറിച്ച് ഏത് വ്യക്തിയും പുനരാലോചിക്കണം.ആത്മസുഖവും അപരന്റെ സുഖവും ബന്ധിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരു മുന്നോട്ടുവച്ച ആ മഹത്തായ ദർശനം ഏത് കാലത്തും പ്രസക്തമാണ്.തന്നെ മാത്രം പരിഗണിക്കാതെ,മറ്റുള്ളവരെയും പരിഗണിക്കുക,മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന തരത്തിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക-ഇതെല്ലാം ചെറുതെന്നു തോന്നിപ്പിക്കുന്ന വലിയ കാര്യങ്ങളാണ്.
                      ഔദ്യോഗികമേഖലയിലായാലും കുടുംബമേഖലയിലായാലും സങ്കീർണതകളും സംഘർഷങ്ങളും കടന്നുവരിക സ്വാഭാവികമാണ്.സ്വച്ഛവും ശാന്തവും സുഗമവുമായി നീങ്ങുന്ന ഒന്നല്ല ഒരു മനുഷ്യന്റെയും ജീവിതം.പ്രതിബന്ധങ്ങൾ,പ്രതികൂലാവസ്ഥകൾ,ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ എത്രയോ സങ്കീർണതകൾ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്നു.ഇവയൊന്നുമില്ലാത്ത സുഖജീവിതം ഭൂമിയിൽ അസാധ്യമാണെന്നു തന്നെ പറയണം.ഏത് പ്രതികൂല സാഹചര്യത്തിലും,ചെയ്യുന്ന പ്രവൃത്തികളിൽ വിശ്വാസവും ആത്മാർത്ഥതയും അർപ്പിക്കുകയാണ് പ്രധാനം.വിശ്വാസമില്ലായ്മയും ആത്മാർത്ഥതയില്ലായ്മയും ഉടലെടുക്കുന്നിടത്താണ് വെറുപ്പും ആത്മനിന്ദയും ഉണ്ടാകുന്നത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...