ഒരിക്കൽ ഞാനും നീയും
മരിക്കുമെന്നിരിക്കെ
സ്നേഹിച്ചുകൊണ്ടെന്തേ
ജീവിച്ചുകൂടാ?
മത്സരങ്ങൾ നീളുമോ
മരണത്തിനപ്പുറം?
വാശി ജീവിക്കുമോ
മരണം കഴിഞ്ഞും?
മരണം സമ്മാനിക്കുന്നതല്ലേ
നിസ്തുലമായ വിജയപ്പതക്കം.
നീയാണാദ്യം മരിക്കുന്നതെങ്കിൽ
നീ തന്നെ ആദ്യം ജയിക്കും
ശിഷ്ട ജീവിതം എനിക്കുള്ള ശിക്ഷ
പശ്ചാത്തപിച്ചു കഴിയും.
ഞാനാണാദ്യം മരിക്കുന്നതെങ്കിൽ
അന്ന് നീ എന്നോടു തോല്ക്കും.
മാപ്പിരക്കാൻ മനം വെമ്പും
അതിനും കഴിയാത്തതോർത്തു ദു:ഖിക്കും.
സ്നേഹിച്ചാണ് ജീവിക്കുന്നതെങ്കിൽ
മത്സരിക്കാതെ ജയിക്കാം.
വിദ്വേഷത്തിലാണെങ്കിലോ
ആരു ജയിച്ചെന്നറിയാൻ
മരണം വരെ കാത്തിരിക്കുക നമ്മൾ.