21 Jun 2013

നോവൽ/കുലപതികൾ/10


സണ്ണി തായങ്കരി 



ഒരു ദിവസം വെയിൽ മൂത്തനേരം യജമാനൻ കൂടാരവാതിക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ മാമ്രേയുടെ ഓക്കുമരച്ചുവട്ടിൽ മൂന്നുപേർ നിൽക്കുന്നതുകണ്ടു. ആദ്യം കരുത്തിയത്‌ അടിമകളായിരിക്കുമെന്നാണ്‌. വെയിൽ മൂക്കുന്ന സമയത്ത്‌ മടിയന്മാരായ ചിലർ അങ്ങനെ വയലിൽനിന്ന്‌ നിഴൽ തേടി വരാറുണ്ട്‌. കുറേനേരം വിശ്രമിച്ച്‌ മടങ്ങിപ്പോകുകയും ചെയ്യും.
ഓക്കുമരച്ചുവട്ടിൽ കണ്ട അപരിചിതരിൽനിന്ന്‌ പ്രകാശം നിർഗമിക്കുന്നത്‌ അദ്ദേഹം കണ്ടു. അതോടെ സന്ദർശകർ സാധാരണക്കാരല്ലെന്ന്‌ മനസ്സിലായി. അദ്ദേഹം ഓടി അവരുടെ അടുത്തെത്തി ശാഷ്ടാംഗം പ്രണമിച്ചു.
'യജമാനനെ... അങ്ങെന്നിൽ സംപ്രീതനെങ്കിൽ എന്നെ കടന്നുപോകരുതേ. കാലുകഴുകാൻ അടിയൻ വെള്ളംകൊണ്ടുവരാം. മരത്തണലിലിരുന്ന്‌ വിശ്രമിക്കാം. അപ്പോഴേയ്ക്കും ഞാൻ കുറെ അപ്പം തയ്യാറാക്കാം. വിശപ്പടക്കിയിട്ട്‌ യാത്ര തുടരുകയുംചെയ്യാം.'
അപേക്ഷകേട്ട്‌ 'നീ പറഞ്ഞതുപോലെ ചെയ്യുക'യെന്ന്‌ മധ്യത്തിൽനിന്ന ആൾ പറഞ്ഞു.
യജമാനൻ വേഗം കൂടാരത്തിൽ തിരിച്ചെത്തി സാറായോട്‌ പറഞ്ഞു-
'മൂന്നിടങ്ങഴി മാവെടുത്ത്‌ കുഴച്ച്‌ അപ്പമുണ്ടാക്കുക.'
സാറാ യജമാനത്തി മാവ്‌ കുഴയ്ക്കുമ്പോഴേയ്ക്കും യജമാനൻ കാലിക്കൂട്ടിൽനിന്നും കൊഴുത്ത ഒരു കടിഞ്ഞൂൽ കാളക്കുട്ടിയെ പിടിച്ച്‌ ഭൃത്യനെ ഏൽപിച്ച്‌ പാകംചെയ്യാൻ കൽപിച്ചു.
യജമാനൻ അപ്പവും മൂരിയിറച്ചിയുമായി അതിഥികളുടെ അടുത്തെത്തി.  അപ്പവും മൂരിയിറച്ചിയും വെണ്ണയും പാലും വിളമ്പി. വിനീതഭൃത്യനെപ്പോലെ യജമാനൻ അവരെ പരിചരിച്ചു. ഭക്ഷണത്തിനിടെ മധ്യത്തിലെ ദിവ്യപുരുഷൻ ചോദിച്ചു-
'നിന്റെ ഭാര്യ സാറാ എവിടെ?'
'കൂടാരത്തിലുണ്ട്‌ പ്രഭോ.'
'വസന്തത്തിൽ തിരികെയെത്തുമ്പോൾ നിന്റെ ഭാര്യ സാറായ്ക്ക്‌ ഒരു പുത്രനുണ്ടായിരിക്കും.'
സംസാരം ശ്രദ്ധിച്ച്‌ കൂടാരവാതിക്കൽ യജമാനത്തി നിൽക്കുന്നുണ്ടായിരുന്നു. അവർ ഉള്ളിൽ ചിരിച്ചുകൊണ്ട്‌ മനോഗതം ചെയ്തു.
'രണ്ടു പേർക്കും പ്രായമേറെയായി. വൃദ്ധരായ ഞങ്ങൾക്കിനി സന്താനം ഉണ്ടാകുമെന്നോ?'
'വൃദ്ധരായ തങ്ങൾക്കിനി കുഞ്ഞുണ്ടാകുമോയെന്ന്‌ ഉള്ളിൽ സംശയിച്ച്‌ സാറാ ചിരിച്ചതെന്തുകൊണ്ട്‌?' ദൈവപുരുഷൻ ചോദിച്ചു.
 ആ ചോദ്യം അകലെ നിന്ന അവൾ വളരെ വ്യക്തമായി കേട്ടു. അരുതാത്തത്‌ ചിന്തിച്ചുവല്ലോയെന്ന കുറ്റബോധം അവൾക്കുണ്ടായി.
 'ഇല്ല. ഞാൻ ചിരിച്ചില്ല.' സാറാ നിഷേധിച്ചു. ദൈവപുരുഷന്റെ വാക്കിനെ സംശയിച്ചതിൽ അവൾ ഭയപ്പെട്ടു. ആ സ്വരം കടുത്തു-
'അല്ല. നീ സംശയിക്കുകതന്നെ ചെയ്തു.'
യജമാനൻ 'മാപ്പാക്കണേ'യെന്ന്‌ മണ്ണിൽ കമഴ്‌ന്നുവീണ്‌ അപേക്ഷിച്ചു.
ദൈവപുരുഷന്മാർ ഏഴുന്നേറ്റ്‌ സോദോമിലേയ്ക്ക്‌ യാത്ര ആരംഭിച്ചു. യജമാനൻ വയലറ്റത്തോളം അവരെ അനുഗമിച്ചു. അവർ ചിന്തിച്ചു-
അബ്രാഹത്തിന്റെ വംശം മഹത്തും ശക്തവുമായ ഒരു ജനതയാകുമെന്നും ഭൂമിയിലെ ജനപഥങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നുമിരിക്കെ തങ്ങൾ ചെയ്യാൻ പോകുന്ന കാര്യം അവനിൽനിന്ന്‌ മറച്ചുവെയ്ക്കുന്നതെന്തിന്‌? അവനെ തെരഞ്ഞെടുത്തിരിക്കുന്നത്‌ നീതിയും ന്യായവും വർത്തിച്ച്‌ കർത്താവിന്റെ വഴികളിലൂടെ നടക്കാൻ തലമുറകളോട്‌ കൽപിക്കുന്നതിനും കർത്താവ്‌ അവനോട്‌ ചെയ്ത വാഗ്ദാനം പൂർത്തീകരിക്കുന്നതിനുമാണ്‌. മാത്രമല്ല, നീതി നടപ്പാക്കുന്നതിൽ അവനെത്രമാത്രം ജാഗരൂപനാണെന്ന്‌ തെളിയിക്കേണ്ടതുമുണ്ട്‌.
'സോദോമിനും ഗെമോറയ്ക്കുമെതിരെയുള്ള മുറവിളി വലുതാണ്‌. അവരുടെ പാപം ഗുരുതരവുമാണ്‌. അതിനാൽ അവരുടെ പ്രവൃത്തികൾ നമ്മുടെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നുണ്ടോയെന്നറിയാൻ നാം അവിടേയ്ക്കുപോകുകയാണ്‌.' ദിവ്യപുരുഷന്മാരിലൊരാൾ പറഞ്ഞു.
"മൂന്നുപേരായി വന്നത്‌ കർത്താവുതന്നെയായിരുന്നോ?" സഹഭൃത്യന്റെ സംശയം.
"അതെ. പലപ്പോഴും കർത്താവ്‌ ദൂതൻവഴിയാണ്‌ യജമാനനോട്‌ സംസാരിച്ചിരുന്നത്‌."
"കർത്താവ്‌ നേരിട്ട്‌ ഇപ്പോളെത്തിയത്‌ സാറാ യജമാനത്തിയെ ആശ്വസിപ്പിക്കുന്നതിനുവേണ്ടിയായിരുന്നുവേന്നാണോ?"
''അതും ഒരു കാരണമാകാം. അക്കാലത്ത്‌ സോദോം ഗെമോറദേശങ്ങളിലെ ജനങ്ങൾ അക്രമികളും മഹാപാപികളുമായിരുന്നു. ലൈംഗിക അരാജകത്വം അവരുടെയിടയിൽ മഹാമാരിപോലെ പടർന്നിരുന്നു. യുവാക്കളും പടുവൃദ്ധന്മാരും ലൈംഗികാസക്തിയോടെ വഴിവക്കിൽ കാത്തുനിന്നു. പരദേശികളെയും വഴിപോക്കരെയും സ്ത്രീപുരുഷഭേദമന്യേ ബലമായിപിടിച്ചുകൊണ്ടുപോയി അവർ രതിവൈകൃതത്തിൽ ഏർപ്പെട്ടു. ഇരകളുടെ വിലാപം കർത്താവിന്റെ സന്നിധിയിലെത്തി."
"കർത്താവിനെ യജമാനൻ മുഖാമുഖം ദർശിച്ചെന്നോ?" മറ്റൊരു ഭൃത്യൻ അത്ഭുതപ്പെട്ടു.
"മുഖാമുഖം ദർശിച്ചെന്നുമാതമല്ല, അവിടുത്തോട്‌ നിരപരാധികളുടെ ജീവനുവേണ്ടി വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തു."
യജമാനൻ കർത്താവിന്റെ മുമ്പിൽ വിനീതനായി ചോദിച്ചു-
'അവരുടെ പ്രവൃത്തികൾ പാപം നിറഞ്ഞതാണെന്ന്‌ അവിടുന്ന്‌ കണ്ടെത്തിയാൽ ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അവിടുന്ന്‌ നശിപ്പിക്കുമോ? നഗരത്തിൽ അമ്പത്‌ നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി നഗരത്തെ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കില്ലേ? ദുഷ്ടന്മാരെപ്രതി നീതിമാന്മാരെയും സംഹരിക്കുക, അത്‌ അങ്ങിൽനിന്ന്‌ ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാർക്കും സംഭവിക്കുകയോ? ഭൂമി മുഴുവന്റെയും വിധികർത്താവ്‌ നീതി പ്രവർത്തിക്കാതിരിക്കുമോ?'
'അവിടെ അമ്പതു നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി ആ നഗരത്തോട്‌ നാം ക്ഷമിക്കും.' താൻ തെരഞ്ഞെടുത്തവന്റെ നീതി ബോധത്തെയോർത്ത്‌ അവിടുന്ന്‌ അഭിമാനംകൊണ്ടു.
യജമാനൻ താണുവണങ്ങിക്കൊണ്ട്‌ പറഞ്ഞു-
'പൊടിയും ചാരവുമായ ഞാൻ സർവശക്തനായ അവിടുത്തോട്‌ സംസാരിക്കാൻ തുനിഞ്ഞല്ലോ? നീതിമാന്മാർ അമ്പതിന്‌ അഞ്ച്‌ കുറവാണെങ്കിലോ?'
 'നാൽപ്പത്തിയഞ്ച്‌ നീതിമാന്മാരെക്കണ്ടാൽ നാം നഗരത്തെ നശിപ്പിക്കുകയില്ല.'
 "കർത്താവിനെ മുഖാമുഖം ദർശിച്ചാൽപോലും ചാരമായി മാറുന്ന മനുഷ്യൻ അവിടുത്തോട്‌ തർക്കിച്ചുവേന്നോ?" ഭൃത്യന്മാർ അതിശയിച്ചു.
"അതെ. സോദോം ഗെമോറാ നഗരങ്ങളെ നശിപ്പിക്കാൻ നേരിട്ടിറങ്ങിവന്ന ദൈവം അബ്രാഹം യജമാനന്റെ നീതിമാന്മാർക്കുവേണ്ടിയുള്ള മുറവിളി കേട്ടു. അദ്ദേഹത്തിന്റെ നീതിബോധം പ്രതീക്ഷിച്ചവിധംതന്നെയെന്ന്‌ കണ്ടു. അതിൽ ദൈവം സംപ്രീതനായി. നാൽപ്പത്തിയഞ്ചിൽനിന്ന്‌ താഴ്‌ന്ന്‌, വീണ്ടും താഴ്‌ന്ന്‌ അവസാനം പത്ത്‌ നീതിമാന്മാർ സോദോമിലും ഗെമോറായിലും ശേഷിക്കുന്നുണ്ടെങ്കിൽ അവർക്കായി ആ നഗരങ്ങളെ നശിപ്പിക്കില്ലെന്ന്‌ അവിടുന്ന്‌ വാഗ്ദാനം ചെയ്തു."
"അത്ഭുതം തന്നെ. അബ്രാഹം യജമാനനെ കർത്താവ്‌ എത്രയധികമായി സ്നേഹിക്കുന്നുവേന്നതിന്റെ തെളിവാണിത്‌."
"സോദോമിലെത്തിയപ്പോൾ പത്ത്‌ നീതിമാന്മാരെയെങ്കിലും അവിടുത്തേയ്ക്ക്‌ കാണാൻ കഴിഞ്ഞോ?"
"ഇല്ല. അവശേഷിച്ച നീതിമാന്മാരിൽ ഒരാളെപ്പോലും അവിടുന്ന്‌ നശിപ്പിച്ചില്ല."
"അവരെയെങ്ങനെ രക്ഷിച്ചു?"
"സന്ധ്യമയങ്ങിയിരുന്നു. സോദോമിൽ പ്രവേശിച്ച ദിവ്യപുരുഷന്മാരെ നഗരകവാടത്തിൽ ഇരുന്ന യജമാനന്റെ സഹോദരപുത്രൻ ലോത്ത്‌ കണ്ടു. അയാളവരെ താണുവണങ്ങി എതിരേറ്റു. സോദോമിലെ ജനങ്ങൾ അക്രമികളായതിനാൽ അവരിൽനിന്ന്‌ രക്ഷനേടാൻ രാത്രി തന്റെ ഭവനത്തിൽ തങ്ങാൻ നിർബന്ധപൂർവം അയാൾ അവരെ ക്ഷണിച്ചു. അവർ ലോത്തിനോടൊപ്പംപോയി. ലോത്തിന്റെ ഭാര്യ തയ്യാറാക്കിയ അത്താഴം അവർ പങ്കിട്ടു. വിശ്രമിക്കാൻ ഒരുമ്പെടുമ്പോഴേക്കും സോദോം നഗരത്തിലെ യുവാക്കളും വൃദ്ധന്മാരും അതിഥികളെ വിട്ടുകിട്ടുന്നതിനായി ലോത്തിന്റെ ഭവനംവളഞ്ഞു.
"നിന്റെ അതിഥികളെ ഞങ്ങൾക്ക്‌ വിട്ടുതരിക.ഞങ്ങളവരെ ഭോഗിക്കട്ടെ."ജനം വാതിലിൽ മുട്ടി ആക്രോശിച്ചു.
അക്രമാസക്തരായ ജനക്കൂട്ടം ഭവനം തകർക്കുമെന്ന്‌ ലോത്തിന്‌ ബോധ്യമായി. അയാൾ പുറത്തെത്തി വാതിൽ ഭദ്രമായി അടച്ച്‌ ജനക്കുട്ടത്തോട്‌ യാചിച്ചു-
"അവരെന്റെ അതിഥികളാണ്‌. അതിഥികളോട്‌ മ്ലേച്ഛത കാട്ടരുതെന്ന്‌ ഞാനപേക്ഷിക്കുന്നു."
കൂപ്പിയ കൈകളിൽ കടന്നുപിടിച്ചുകൊണ്ട്‌ അക്ഷമനായ ഒരാൾ ലോത്തിന്റെ കവിളിൽ കടിച്ചു. ഒരു വൃദ്ധൻ ലോത്തിന്റെ നാഭിക്ക്‌ പിടിച്ചുകൊണ്ട്‌ മുരണ്ടു-
"നമുക്കാദ്യം ഇവനെ ഭോഗിക്കാം. ഇവനും വിദേശിയാണല്ലോ."
ജനക്കൂട്ടത്തിന്റെ ശാഠ്യം വർധിച്ചപ്പോൾ ലോത്ത്‌ പറഞ്ഞു-
"എന്തുവേണമെങ്കിലും ആയിക്കോ. പക്ഷേ, എന്റെ അതിഥികളെ ദയവായി ഉപദ്രവിക്കരുത്‌."
"ഇല്ല. ഞങ്ങൾക്ക്‌ അവരെത്തന്നെ വേണം."
ജനക്കൂട്ടത്തിന്റെ ആക്രോശം പൂർവാധികം ശക്തമായതേയുള്ളു. അവരെന്തും ചെയ്യാൻ മടിക്കില്ലെന്ന്‌ ലോത്തിന്‌ ബോധ്യമായി. ഹൃദയം നുറുങ്ങുന്ന വേദനയോടെ അയാൾ അറിയിച്ചു-
 "നിങ്ങൾക്ക്‌ വേണമെങ്കിൽ അതിഥികൾക്കുപകരം പുരുഷസ്പർശമേൽക്കാത്ത എന്റെ രണ്ടു പെൺമക്കളെ ഞാൻ വിട്ടുതരാം. അവരെ കൊണ്ടുപോയി  നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക."
 അപ്പോൾ ഒരാൾ രോഷത്തോടെ ഗർജിച്ചു-
"വിദേശത്തുനിന്നുവന്ന്‌ ഞങ്ങളുടെ മണ്ണിൽപാർത്ത്‌ ഞങ്ങളുടെ ഉപ്പും ചോളവും തിന്നുന്ന നീ ഞങ്ങളോട്‌ ന്യായം പറയുന്നോ? അവരോടെന്നതിനേക്കാൾ കൂടുതൽ മോശമായി നിന്നോടും നിന്റെ പെൺമക്കളോടും ഞങ്ങൾ പെരുമാറും."
"ആദ്യം ഞങ്ങൾക്ക്‌ നിന്റെ അതിഥികളെത്തന്നെ വേണം. ഞങ്ങളുടെ ഭോഗാസക്തി അഗ്നിയായി മാറും മുമ്പ്‌ അവരെ ഇറക്കിവിട്‌." ജനം ആർത്തട്ടഹസിച്ചു.
ലോത്തിനെ ശക്തിയായി തള്ളിമാറ്റി അക്രമാസക്തരായ ജനക്കൂട്ടം ആക്രോശത്തോടെ വാതിൽ തല്ലിപ്പൊളിക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. അതിഥികൾ വാതിൽ മെല്ലെ തുറന്ന്‌ ആദ്യം കതകിൽ സ്പർശിച്ചവന്റെ കൈയിൽ കടന്നുപിടിച്ച്‌ വലിച്ച്‌ വീടിനുള്ളിലിട്ട്‌ കതകടച്ചു. നിമിഷങ്ങൾക്കുള്ളിൽ അനേകർ അപ്രകാരം ഇരയുടെ വായിലേക്കെന്നപോലെ വലിച്ചിഴയ്ക്കപ്പെട്ടു. ഭോഗാസക്തിയോടെ വാതിക്കൽനിന്ന്‌ ഗർജിച്ച ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ പൊടുന്നനെ അന്ധത ബാധിച്ചു. അകത്തുകടക്കാനായി അവർ വാതിൽ തപ്പിത്തടഞ്ഞ്‌ വലഞ്ഞു.
ദൈവപുരുഷൻ ലോത്തിനോട്‌ ചോദിച്ചു-
'നിനക്ക്‌ പ്രിയപ്പെട്ടവരും നല്ലവരുമായ ആരെങ്കിലും ഈ നഗരത്തിലുണ്ടോ? ഉണ്ടെങ്കിൽ അവരെ ഉടൻ നഗരം കടത്തിവിട്ടുകൊള്ളുക. ഈ ജനത്തിന്റെ മ്ലേച്ഛതമൂലം നഗരം നശിപ്പിക്കാൻ നാം തീരുമാനിച്ചിരിക്കുന്നു.'
തന്റെ പെൺമക്കളെ വിവാഹം കഴിക്കാനിരുന്ന യുവാക്കളുടെ ഭവനത്തിലേക്ക്‌ ലോത്ത്‌ അപ്പോൾതന്നെ തിടുക്കത്തിൽ പുറപ്പെട്ടു. കർത്താവിന്റെ തീരുമാനം അറിയിച്ചെങ്കിലും അവരത്ത്‌ കാര്യമാക്കിയില്ല. അവരുടെ തീരുമാനം ഇളക്കാനാവാത്തത്താണെന്ന്‌ ബോധ്യമായപ്പോൾ അയാൾ നിരാശയോടെ മടങ്ങി. നേരം പുലരാൻ വിനാഴികകൾ മാത്രം ശേഷിച്ചിരിക്കെ, ലോത്ത്‌ ഭവനത്തിൽ തിരിച്ചെത്തി. അപ്പോഴും ജനങ്ങൾ വീഥികളിൽ വഴിയറിയാതെ തപ്പിത്തടയുന്നത്‌ അയാൾ കണ്ടു.
പുലരിയാകും മുമ്പ്‌ ഭാര്യയെയും പെൺമക്കളെയുംകൂട്ടി നഗരത്തിന്‌ പുറത്തുകടക്കാൻ ദൈവപുരുഷൻ ലോത്തിനോട്‌ ആവശ്യപ്പെട്ടു. ധാരാളം വസ്തുവകകൾ അയാൾക്ക്‌ അവിടെയുണ്ടായിരുന്നതിനാൽ ലോത്ത്‌ ആദ്യം മടിച്ചു. പക്ഷേ, ദൈവപുരുഷന്മാർക്ക്‌ നീതിമാനായ ലോത്തിനോട്‌ കരുണ തോന്നിയതിനാൽ അവരെ കൈക്കുപിടിച്ച്‌ നഗരത്തിന്‌ പുറത്ത്‌ എത്തിച്ചുകൊണ്ട്‌ പറഞ്ഞു-
'ജീവൻവേണമെങ്കിൽ ഓടിപ്പൊയ്ക്കൊള്ളുക. പിൻതിരിഞ്ഞു നോക്കരുത്‌. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്‌. മലമുകളിലേക്ക്‌ കയറി രക്ഷപ്പെട്ടുകൊള്ളുക. അല്ലെങ്കിൽ അഗ്നിയും ഗന്ധകവുമിറങ്ങി ഈ പാപികളെപ്പോലെ നിങ്ങളും വെന്തുമരിക്കും.'
'യജമാനനെ, അടിയന്‌ മലയിൽ ഓടിക്കയറി രക്ഷപ്പെടാനുള്ള ആരോഗ്യമില്ല. അടുത്തുകാണുന്ന ആ ചെറിയ പട്ടണത്തിലേയ്ക്ക്‌ ഓടിപ്പോകാൻ എന്നെ അനുവദിക്കണം.' ലോത്ത്‌ കൈകൾ കൂപ്പി അപേക്ഷിച്ചു.
'ശരി. നിന്റെ അപേക്ഷ നാം സ്വീകരിച്ചിരിക്കുന്നു. വേഗം ഓടിക്കൊള്ളുക. സോവാർ പട്ടണത്തിൽ എത്തുംവരെ നീ സുരക്ഷിതനായിരിക്കും.'
കർത്താവിന്റെ വാഗ്ദാന സ്വരം ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും അപായമണി മുഴങ്ങുന്ന ആ അനിശ്ചിതവേളയിലും ലോത്തിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിച്ചു.
ലോത്തും ഭാര്യയും രണ്ടുപെൺമക്കളും പ്രാണൻ പിടയുന്ന വേദനയോടെ ഓടി. മുന്നിൽ ഓടിയ ലോത്ത്‌ സോവാറിലെത്തിയപ്പോൾ പ്രഭാതം മഞ്ഞിൻ കണികകളിൽ പ്രകാശമായി പടർന്നുതുടങ്ങിയിരുന്നു. അവന്റെ ഭാര്യയും പെൺമക്കളും പിന്നിലായിരുന്നു. എങ്കിലും അവർ നഗരകവാടത്തിന്‌ അടുത്തെത്തിയല്ലോയെന്ന്‌ ലോത്ത്‌ ആശ്വസിച്ചു.
കർത്താവ്‌ ആകാശത്തുനിന്ന്‌ സോദോമിലും ഗെമോറായിലും തീയും ഗന്ധകവും വർഷിച്ചു. ഉണക്കച്ചുള്ളിയിലെന്നപോലെ പട്ടണങ്ങളിലും താഴ്‌വരകളിലും അതിലെ നിവാസികളിലും അഗ്നി പടർന്നുകയറി. എങ്ങും ഭയാനകമായ രോദനം. അഗ്നിയുടെ പൊള്ളിക്കുന്ന ചൂടും ഗന്ധകത്തിന്റെ രൂക്ഷഗന്ധവുമേറ്റപ്പോൾ ലോത്തിന്റെ ഭാര്യ സോദോമിലെ തങ്ങളുടെ സമ്പത്തിനെപ്പറ്റിയുള്ള ചിന്തയാൽ ഏറെ വിവശയായി. കഷ്ടപ്പെട്ട്‌ നേടിയതൊക്കെ കത്തിയമരുന്നല്ലോ എന്നോർത്തപ്പോൾ വിലപിക്കാനാണ്‌ അവൾക്ക്‌ തോന്നിയത്‌. സമ്പത്തിനോടുള്ള ആസക്തിമൂലം ദൈവത്തിന്റെ മൂന്നാര്റിയിപ്പിനെ അവൾ വിസ്മരിച്ചു. അവൾ തിരിഞ്ഞ്‌ സോദോമിലേക്ക്‌ നോക്കി. തൽക്ഷണം അവൾ ഉപ്പുതൂണായിമാറി.
അബ്രാഹം യജമാനൻ അതിരാവിലെ എഴുന്നേറ്റ്‌ കഴിഞ്ഞ സായംസന്ധ്യയിൽ കർത്താവ്‌ തന്നോട്‌ സംസാരിച്ചുനിന്ന ഇടത്തേയ്ക്ക്‌ നടന്നു. ആ മണ്ണിൽ ചുംബിച്ചു. അവിടെനിന്ന്‌ സോദോമിനും ഗെമോറായ്ക്കും താഴ്‌വരകൾക്കും നേരേനോക്കി. തീച്ചൂളയിലെന്നപോലെ അവിടം അപ്പോഴും കത്തുകയായിരുന്നു. എങ്ങും തീയും പുകയും രൂക്ഷമായ ഗന്ധകത്തിന്റെ മണവും മാത്രം! കനലുകൾക്കുമേൽ അപ്പോഴും ചാരം മൂടിതുടങ്ങിയിരുന്നില്ല. ഭൂമിക്കും ആകാശത്തിനും മദ്ധ്യേ മറതീർത്ത കനത്തപുക മറ്റൊരിടത്തേയ്ക്കും സഞ്ചരിക്കാനാവാതെ സോദോമിന്റെയും ഗമോറയുടെയും നാലതിർത്തികളിൽ പകച്ചുനിന്നു. കത്തിക്കരിഞ്ഞ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും മാംസം കൊത്തിവലിക്കാൻ അസംഖ്യം കഴുകന്മാർ വട്ടമിട്ട്‌ പറന്നു. ആ ശവക്കൂനകൾക്കുമുകളിൽ ആകാശം ശ്വാസംമുട്ടി വിളറി, പിന്നെ അസ്സഹനീയമായ ശോകത്താൻ കറുത്ത മേഘങ്ങളെ വാരിച്ചുറ്റി മുഖം മറച്ചു.
താഴ്‌വാരങ്ങളിലെ നഗരങ്ങൾ നശിപ്പിച്ചപ്പോൾ ദൈവം അബ്രാഹം യജമാനനെ ഓർത്തു. ലോത്തിന്റെയും മക്കളുടെയും സുരക്ഷിതരൂപം കർത്താവ്‌ അദ്ദേഹത്തെ കാണിച്ചുകൊടുത്തു.
ഏലിയേസർ പറഞ്ഞുനിർത്തി.
തങ്ങളുടെ യജമാനന്റെ വിശ്വസ്തത്തയുടെയും അവനോട്‌ കർത്താവ്‌ കാണിച്ച കാരുണ്യത്തിന്റെയും കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ഒരു രാത്രി പകലിന്‌ വഴിമാറുന്നത്‌ അവർ അറിഞ്ഞില്ല. ഉറക്കം  കണ്ണുകളെ സ്പർശിച്ചതുമില്ല. പ്രഭാതം കൂടാരവാതിക്കൽ എത്തുന്നതറിഞ്ഞ്‌ ഉത്സാഹത്തോടെ അവർ എഴുന്നേറ്റു. കൂടാരമഴിച്ച്‌, ഒട്ടകങ്ങൾക്ക്‌ ജീനിയിട്ട്‌ യാത്ര ആരംഭിക്കുമ്പോഴും രാക്ഷസരുടെ പിണങ്ങൾ മരുഭൂമിയിൽ കഴുകന്മാരെ കാത്ത്‌ കിടക്കുകയായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...