21 Jun 2013

ആഗോളസാദ്ധ്യതകൾ


മോഹൻ ചെറായി
    വിൽപനക്കോരോരോ സാദ്ധ്യത കാണുന്ന
    വിപണനക്കാരന്റെ ഭാരത ദർശനം
    ഭാരത ദർശനമല്ലിതു നാടിനെ,
    പാടേ ഗ്രസിച്ചൊരു മാരണ ദംശനം
        എന്തുമേ വിറ്റിടാം വാങ്ങിടാനാളുകൾ
        ക്രയ വിക്രയത്തിന്റെ ആഗോള സാദ്ധ്യത
        വിറ്റിടാൻ വാങ്ങിടാൻ മാനം തുറക്കുന്നു
        വിക്രമ വീരർ വിലസുന്ന മേഖല
    സ്ഥാവരമെന്തിന്‌, ജംഗമം വേണ്ടിനി
    സ്ഥാവര ജംഗമമാകവേ വിറ്റിടാം
    മാനസം വിറ്റിടാം മസിലുകൾ വിറ്റിടാം
    മാനാഭിമാനങ്ങളൊക്കെയും വിറ്റിടാം
        വൃഥാവിൽ മേവുന്ന ഒരു വൃക്കയേകിടാം
        വലിയോരുകരളിന്റെ പകുതിയും നൽകിടാം
        കണ്ണുകൾ, കാതുകൾ, കൈകാലുകൾ പിന്നെ
        ദ്വയമായ്‌ പിറന്നതിൽ അദ്വൈത സാദ്ധ്യത
    വിക്രിയയേറെ നടക്കും ദശാന്തരേ
    ക്രയശേഷി വീണ്ടുമേ ശുഷ്കമായീടവേ
    അഷ്ടിക്കു വേണ്ടി പരതുന്നു ചുറ്റിലും
    ദൃഷ്ടിയുടക്കുന്നു ഭാര്യയിൽ മക്കളിൽ !
        കുട്ടിയെ തട്ടിടാം; ഭാര്യയെ മാറ്റിടാം
        വാടകക്കേകിടാം ഗർഭപാത്രങ്ങളെ
        കുട്ടികൾ പെണ്ണെങ്കിൽ കൂട്ടമായ്‌ വിറ്റിടാം
        കുട്ടനാണെങ്കിലോ ഗുണ്ടയായ്‌ മാറ്റിടാം.
    മാതാപിതാക്കളെയാകവേ തട്ടിടാം
    'മാ നിഷാദ' പാടാൻ മാമുനി മാരില്ല.
    വിഷണ്ണനാകുന്നു പുരുഷജന്മത്തിനാൽ!
    ഷണ്ഡതയേകണോ തേനും വയമ്പുമായ്‌ ?
        സാദ്ധ്യതയങ്ങനെയേറുംകാലാന്തരേ
        സാദ്ധ്യതയെത്തുന്നു പാന പാത്രങ്ങളിൽ !
        വന്നുദിക്കാൻ മടിക്കുന്ന സൂര്യന്‌
        നിന്നുനേർന്നിടാം ഇന്ത്യന്റെ സ്വാഗതം !!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...