രാമകൃഷ്ണൻ ചുഴലി
കൂറച്ചോക്കിന്
ലക്ഷ്മണരേഖ എന്നും
പേരുണ്ടെന്ന്
വിൽപനക്കാരൻ തന്നെയാണ്
വെളിപ്പെടുത്തിയത് .
നിങ്ങൾ ചുമരിലോ
മറ്റോ വരഞ്ഞാൽ മതി
ശത്രുസൈന്യം മഹായുദ്ധത്തിന്റെ
കാർഗിൽ മഞ്ഞുമലകളിൽ നിന്ന്
ഇടിഞ്ഞു വീണു മരിക്കും
(ഹിംസയുടെ കഠോപനിഷത്ത്
വിൽപനക്കാരൻ മരണസ്പീഡിൽ
പറഞ്ഞുകൊണ്ടേയിരിക്കുന്നു)
ഇല്ലായ്മയുടെ മീനത്തിളക്കത്തിൽ
വാരിയെറിയുന്ന ഒറ്റപ്പെട്ട
മഴയ്ക്കുശേഷം എല്ലാം പെറ്റുപെരുകും
ചുവരുകളിൽ മോന്തായത്തിൽ
യുദ്ധസന്നാഹവുമായി
തമ്പടിച്ചിട്ടുണ്ടാകും ഓട്ടുറുമുകൾ
മുറ്റത്തിന്റെ തെക്കേ കോണിലെ
ചെറിയ ദ്വാരത്തിൽ നിന്ന്
പൂക്കൂറ്റി യാത്രകൾ നടത്തും
പാറ്റകൾ...
ചാരനിറമുള്ള സന്ധ്യയിൽ
അടുപ്പത്ത് ശൂന്യതയുടെ
മൺകലം തിളയ്ക്കുമ്പോൾ
എവിടേക്കെങ്കിലും
ഓടിപ്പോവണമെന്ന് തോന്നും
രക്ഷയില്ലെങ്കിൽ
ഒരു വലിയ കൂറച്ചോക്കു വാങ്ങി സ്വയം
ഒരു വലിയ വര വരയ്ക്കും.
അല്ല; പിന്നെ!