ചെമ്മനം ചാക്കോ
പടങ്ങൾ ചില്ലിട്ടേറെ
വിൽക്കുവാൻ വച്ചുള്ളോരു
കടയിൽത്തിരക്കീ ഞാൻ:
'ടാഗോറിൻ പടമുണ്ടോ?'
'ആരു സാർ ടാഗോർ?' ചോദി-
ച്ചാനുടൻ മഹാത്ഭുത-
മേരുവിൻ മുടിത്തുമ്പിൽ
നിൽക്കും പോൽ കടക്കാരൻ.
'ഇല്ലയോ മഹാകവി
ടാഗോറിൻ പടം വിൽക്കാൻ?'
വല്ലതുമൊരു തുമ്പു
നൽകുവാൻ തുനിഞ്ഞു ഞാൻ.
വെറ്റിലക്കറ പറ്റും
പല്ലുകൾ കാണിച്ചും
കൊണ്ടുറ്റൊരു ചിരി ചിരി
ച്ചുത്തരം നൽകീടിനാൻ:
'കവിയും കിവിയുമി-
ല്ലിപ്പൊൾ മാർക്കറ്റിൽ, നല്ല
കളിയായ്; വരുന്നു
സാറേതു ദേശത്തിൽ നിന്നും?
ക്രിസ്തുവിൻ വില പോയീ,
കൃഷ്ണനും ഡിമാന്റില്ലാ,
ബുദ്ധനെ വിൽക്കാൻ പാടു
പെട്ടാലും നടപ്പീല.
ഗാന്ധിയും മോശം മോശം
നെഹ്രുവും ചെലവില്ല,
ഞാൻ തീരെപ്പണിഞ്ഞാലും
വിൽക്കില്ല നേതാജിയെ!'
മർത്ത്യസംസ്കാരം രൂപം
കൊടുത്ത-ദൈവങ്ങളും,
ഹൃദ്യസ്വാതന്ത്ര്യം നേടി
യെടുത്ത നേതാക്കളും
പൊടിയും പറ്റി ഭിത്തി
മേലുറങ്ങുമ്പോൾ ചോദി-
ച്ചിടയിൽ:'മാർക്കറ്റിപ്പോ
ളെന്തിനു മാനേജരേ?'
സസ്മിതം പറഞ്ഞയാൾ:
'കഷ്ടമേ, ഭഗവാന്റെ
ഭസ്മമെത്തിടാതുള്ള
നാടേതെന്നറിഞ്ഞീല!
സായിബാബതൻ ചിത്രം
ചില്ലിടും മുമ്പേ തീരും,
മായമില്ലൊട്ടും 'വയ്ക്കു
ന്നിടത്തു ഭസ്മം വീഴും!'
സത്യമേ സത്യം, സായി
ഭഗവാൻ പ്രസാദിച്ചി-
ട്ടിത്തിരി നിലം വാങ്ങീ,
ബിസിനസ്സിരട്ടിച്ചു.
സാറിന്നു വേണോ? പിന്നിൽ
പ്ലൈവുഡ്ഡു തറച്ചോരു
സ്വാമിയെത്തരാം; തുച്ഛം
നൂറു രൂപയേ വേണ്ടൂ!'
ഇന്നലെ സന്ധ്യയ്ക്കാണീ
സംഭവം; മാന്യന്മാരേ,
ചെന്നു നോക്കുവിൻ, ചിത്രം
വാങ്ങുവിൻ തീരും മുമ്പേ.