21 Jun 2013

കാഞ്ഞിരമധുരം


ഇരവി

മൃദുല പുഴമറിച്ച്‌ കടക്കുമ്പോൾ സന്ധ്യ ഒരു പഞ്ചവർണ്ണക്കിളിയെപ്പോലെ ചിറകൊടിഞ്ഞ്‌ മരങ്ങളിൽ വീണു കിടപ്പുണ്ടായിരുന്നു. സലജയെയും സുധർമ്മയെയും മഞ്ജിമയെയും കണ്ണുവെട്ടിച്ച്‌ ഒറ്റയ്ക്ക്‌ വരാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അപ്പോൾ അവൾക്ക്‌ നദിക്കരയിലെ പാറമേൽ അപ്പോൾ ശിവൻകുട്ടി ഉണ്ടാവില്ലെന്ന്‌ അവൾക്കറിയാം. കാവിലെ കാഞ്ഞിരമരത്തിൽ തറച്ച ആണികളിൽ ആ ആത്മാവ്‌ അപ്പോഴും പിടയുന്നുണ്ടാവുമെന്നോർത്തപ്പോൾ അവൾക്ക്‌ സഹിക്കാനായില്ല! ഇതുപോലായിരുന്നില്ലേ യേശുദേവനും കുരിശിൽ കിടന്നത്‌! യേശുദേവനെപ്പോലെ ശിവൻകുട്ടിയും ഉയിർത്തെഴുന്നേൽക്കുമെന്ന്‌ അവൾക്ക്‌ നിശ്ചയമുണ്ടായിരുന്നു.
    കൊല്ലന്റെ ആലയിൽ നിന്ന്‌ കെഞ്ചി വാങ്ങിയ കൊടിൽ സഞ്ചിയിലുണ്ടെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ അവൾ മുന്നോട്ടു നടന്നു. കുട്ടിക്ക്‌ എന്തിനാ ഇത്‌. ഈ കൊടിൽ എന്ന്‌ സംശയിച്ച്‌ ചോദിച്ച കൊല്ലനോട്‌ ചുമരിലെ ആണി ഇളക്കാനാണെന്നാണ്‌ പറഞ്ഞത്‌. കുട്ടിക്ക്‌ പറ്റുമോ എന്ന്‌ സ്നേഹത്തോടെ ചോദിച്ചപ്പോൾ പറ്റുമെന്ന്‌ മനസ്സുറപ്പോടെ തലകുലുക്കിയത്‌ ഇഷ്ടപ്പെട്ട്‌ കൊല്ലൻ അപ്പോൾത്തന്നെ ഒരു കൊടിൽ എടുത്തുകൊടുക്കുകയും ചെയ്തു. കൊടിലുമായി നടന്നപ്പോൾ പതുക്കെ തിരിച്ചുതന്നാൽ മതീട്ടോ എന്നൊരു സൗജന്യം ആ മിടുക്കിന്‌ നൽകുകയും ചെയ്തുകൊല്ലൻ.
    ഇനിമുതൽ ശിവൻകുട്ടിയെ വീണ്ടും കാണാമല്ലോ എന്ന്‌ ഓർത്തപ്പോൾ അവളുടെ നടപ്പിന്‌ ചുറുചുറുക്കും മനസ്സിന്‌ ആഹ്ലാദവും ഏറി. ശിവൻകുട്ടിയെ ആദ്യം കണ്ടത്‌ മനസ്സിൽ നിന്ന്‌ മാഞ്ഞിട്ടില്ല. അച്ഛന്റെ കാര്യസ്ഥൻ കുഞ്ഞുണ്ണിപ്പിള്ളയ്ക്കൊപ്പമാണ്
‌ തെല്ല്‌ ഭയത്തോടെ മുറ്റത്ത്‌ വന്ന്‌ നിന്നത്‌. അവൾ മുറ്റത്ത്‌ നടന്ന്‌ ഗുണനപ്പട്ടിക ചൊല്ലിപ്പഠിക്കുകയായിരുന്നു. ശിവൻകുട്ടി കീറിമുഷിഞ്ഞ ഒരു തോർത്തുമുണ്ടാണ്‌ ഉടുത്തിരുന്നത്‌. തലമുടിയാണെങ്കിൽ ച്ചറുപിറുന്നനെ ചെവിയ്ക്കു പുറത്തുകൂടി വളർന്ന്‌ കിടക്കുന്നു. രസകരമായിത്തോന്നിയത്‌ കഴുത്തിലെ കറുത്ത ചരടിൽ കൊരുത്തിട്ടിരുന്ന മഞ്ഞ ഏലസ്സാണ്‌. രാപ്പനിമാറ്റാൻ ശിവൻകുട്ടിയുടെ അമ്മ ഏതോ മന്ത്രവാദിയിൽ നിന്ന്‌ ജപിച്ചുവാങ്ങിയതാണത്രെ അത്‌. മൂക്കിനുതാഴെ പുറത്തുവരാൻ മടിച്ചു നിൽക്കുന്ന രോമത്തളിരുകൾ. പിന്നീട്‌ ചേട്ടന്റെ പഴയ ഉടുപ്പിട്ട്‌ ലുങ്കിയുടുത്ത്‌ നിന്നപ്പോൾ കാണാൻ ചന്തം തോന്നി. മുടിവെട്ടി വന്നപ്പോൾ ഇത്തിരിക്കൂടി ചന്തം തോന്നിയതും അവൾ ഓർത്തു.
    പശുവിനെ തീറ്റലും പുല്ലരിയലും മുത്തശ്ശിക്ക്‌ കുഴമ്പിടലും ചന്തയിൽപ്പോക്കുമായിരുന്നു ശിവൻകുട്ടിയുടെ പ്രധാനജോലി. മുത്തശ്ശി നീട്ടിവച്ചകാലിൽ ശിവൻകുട്ടി തറയിലിരുന്നുകൊണ്ട്‌ കുഴമ്പുപുരട്ടും. അപ്പോൾ അവൾ വെറ്റഉമ്മാൻ ഇടിക്കാൻ അടുത്തുകൂടും. മുത്തശ്ശി കുറ്റങ്ങളും കുറവുകളും പറയുകയും ശകാരിക്കുകയുമൊക്കെച്ചെയ്യുമ്പോൾ അവളും ശിവൻകുട്ടിയും സംസാരിക്കുകയാവും. നിശ്ശബ്ദരായി. ശിവൻകുട്ടിയുടെ വെളുത്ത വിരലുകൾ മുത്തശ്ശിയുടെ കാലുകളിലൂടെ അമർന്ന്‌ നീങ്ങുന്നത്‌ കാണാൻ രസമാണ്‌. അപ്പോൾ നെറ്റിയിൽപ്പൊടിയുന്ന വിയർപ്പുബിന്ദുക്കളും.
    സ്കൂൾ വിട്ടുവരുമ്പോൾ പുഴക്കരയിലെ പാറയിൽ ബീഡിവലിച്ചിരിപ്പുണ്ടാവും പലപ്പോഴും തലയിൽ വട്ടക്കെട്ടുമായി ശിവൻകുട്ടി. പുഴയിൽ വെള്ളം പെരുകുമ്പോൾ ശിവൻകുട്ടിയാണ്‌ അവളെ കൈപിടിച്ച്‌ അക്കരെ കയറ്റാറ്‌. ഒരുകൈകൊണ്ട്‌ പാവാട മുട്ടോളം പൊക്കിപ്പിടിച്ച്‌ ഒരു കൈ ശിവൻകുട്ടിക്ക്‌ നൽകിക്കൊണ്ടുള്ള ആ പോക്കിന്‌ എന്തു രസമാണ്‌. പുഴകടക്കുമ്പോൾ മാഷന്മാര്‌ ഇന്ന്‌ തല്ല്യോ, പെൻസിലിന്റെ മൊന തേഞ്ഞോ, പദ്യം ചെല്ലിയത്‌ തെറ്റ്യോ, എന്നൊക്കെ ചോദിക്കും.
    ചന്തയിൽ നിന്ന്‌ മിഠായിയോ പ്ലാസ്റ്റിക്‌ മോതിരമോ പൊട്ടുകളൊ ഒക്കെ കൊണ്ടുവരാറുണ്ടായിരുന്നു. അത്‌ രഹസ്യമായി കൈമാറുന്നതായിരുന്നു അവർക്കിഷ്ടം. അതൊരു പരസ്പരധാരണയായിരുന്നു. ബോധപൂർവ്വമെടുത്ത തീരുമാനമൊന്നുമായിരുന്നില്ല. അതിന്‌ പണം സ്വരൂപിക്കുന്നത്‌ അമ്മയോട്‌ കള്ളക്കണക്കുപറഞ്ഞാണെന്ന സത്യം ശിവൻകുട്ടി അവളോട്‌ വെളിപ്പെടുത്തിയിരുന്നു. സ്നേഹത്തിന്‌ വേണ്ടി ഒരു കള്ളം, അതിലെന്താ എന്ന വിചാരമായിരുന്നു അവൾക്ക്‌.
    ആയിടയ്ക്ക്‌ അവൾ തിരഞ്ഞു. പത്താദിവസമേ പുറത്തിറങ്ങാനായുള്ളൂ. മുറ്റത്ത്‌ വിരിയുന്ന പുതിയ പൂക്കളേയും ശിവൻകുട്ടിയെയും പശുക്കുട്ടിയേയും കാണാൻ പറ്റാതായപ്പോൾ വലിയവിഷമമുണ്ടായിരുന്നു. മുട്ടയും പാലും ഔഷധഇല കുറുക്കിയതും അമ്മയും പാറുവമ്മയും അടുത്തിരുന്ന്‌ ഊട്ടിയപ്പോൾ കാതോർത്ത്‌ ശിവൻകുട്ടിയുടെ മധുരശബ്ദത്തിനുവേണ്ടിയായിരുന്നു. പലപ്പോഴും പശുക്കിടാവിന്റെ ഉമ്പാ വിളികേട്ട്‌ തൃപ്തിയടയേണ്ടി വന്നു.
    പത്താദിവസം തളിച്ചുകുളിച്ച്‌ പുതിയ ഉടുപ്പും പാവാടയുമിട്ട്‌ കണ്ണെഴുതിപൊട്ടുതൊട്ട്‌ പുത്തൻവർണ്ണക്കൊലുസിട്ട്‌ തൊടിയിലേയ്ക്ക്‌ തുള്ളിച്ചാടാൻ തുടങ്ങിയപ്പോൾ മുത്തശ്ശികോപിച്ചു. തെരണ്ടുകുളികഴിഞ്ഞപെണ്ണാ ഇനി അടക്കോം ഒതുക്കോം ഒക്കെ വേണം എന്ന്‌ പറഞ്ഞത്‌ വകവയ്ക്കാതെ കമുകിൻ കൂട്ടത്തിലേയ്ക്ക്‌ ഓടി. തോട്ടിൽ തലയിൽവട്ടക്കെട്ടുമായി നിന്ന്‌ പശുവിനെ കുളിപ്പിക്കുകയാണ്‌ ശിവൻകുട്ടി. പത്ത്‌ ദിവസം കാണാതിരുന്നതല്ലേ... അവളുടെ കണ്ണുകൾ കരിവണ്ടുകളായി അവന്‌ ചുറ്റും പറന്നു. ശിവൻകുട്ടിയുടെ കണ്ണുകൾ വിടർന്നുവിടർന്ന്‌ താമരപ്പൂക്കളായി അവളെ പൊതിയുകയായിരുന്നപ്പോൾ. നാൽകണ്ണുകളിൽ അവർ പരസ്പരം നിറഞ്ഞ്‌ എത്രനേരം നിന്നുവേന്നറിയില്ല...
    ഇപ്പോൾ അവർ തൊട്ടുതൊട്ടു നിൽക്കുന്നു. അവൻ പതുക്കെ കുനിഞ്ഞ്‌ അവളുടെ കവിളിൽ ചുണ്ടുകളമർത്തി. പതുക്കെ പൂവിതൾപോലെ അത്‌ ഇഴഞ്ഞ്‌ അവളുടെ ചുണ്ടുകളിൽ നിശ്ചലമായി. അവൾ കൈകൾ വിടർത്തി അവന്റെ അരക്കെട്ടിൽ ചുറ്റി അവനെ ചേർത്തു പിടിച്ചു.
    ഒരലർച്ച! അവർ ഞെട്ടി വേർപെട്ട്‌ നോക്കിയപ്പോൾ കാര്യസ്ഥൻ ഉണ്ണിപ്പിള്ള നിന്ന്‌ ജ്വലിക്കുന്നു.
    പിന്നെ പാറപ്പുറത്ത്‌ ബീഡി വലിച്ച്‌ ശിവൻകുട്ടി ഇല്ല. തോട്ടുവക്കിൽ പശുവിനെ കുളിപ്പിക്കാൻ ശിവൻകുട്ടി ഇല്ല. മുത്തശ്ശിക്ക്‌ കുഴമ്പുപുരട്ടാൻ ശിവൻകുട്ടി ഇല്ല.
    ശിവൻകുട്ടിയെക്കാണാനുള്ള ദാഹം കത്തിജ്വലിച്ച്‌ എരിഞ്ഞെരിഞ്ഞ്‌ മൃദുല ശോഷിച്ച്‌ ഒരു സ്വർണ്ണനൂലുപോലായി. നിസ്സാഹായമായി മുങ്ങിത്താണുകൊണ്ടിരുന്നപ്പോഴാണ്‌ അവർക്കൊരു പിടിവള്ളി കിട്ടിയത്‌. ഒരു ദിവസം അർദ്ധരാത്രിയിൽ അവളുടെ കട്ടിലിൽ ശിവൻകുട്ടി വന്നിരിക്കുന്നു! വെള്ളമുണ്ടുടുത്ത്‌ വെളുത്ത ഉടുപ്പിട്ട്‌ കഴുത്തിൽ സ്വർണ്ണഏലസ്സുള്ള കറുത്ത ചരടുമായി. അവൻ സാവകാശം വലതുകൈ പൊക്കി അവളുടെ കവിളിൽ തലോടുന്നു. ആ ലാളനയിൽ അവൾ അരൂപിയായി അനംഗയായി അലിഞ്ഞലിഞ്ഞു പോയി. രാവിലെ കണ്ണുതുറന്നപ്പോൾ ശൂന്യമായ മുറിയിൽ ഇളവെയിൽ നാളങ്ങൾ അവളെ തഴുകാൻ വിരലുകൾ നീട്ടുന്നു. ആ ശൂന്യത അവളെ കരയിപ്പിച്ചു.
    പക്ഷെ പിറ്റേന്ന്‌ രാത്രിയിലും ശിവൻകുട്ടി വന്നു. പുഴ നിറയുമ്പോൾ അവനെ പുഴക്കടവിലും കണ്ടു. അവളെ പുഴ കടത്തുകയും മാഷന്മാർ തല്ല്യോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
    ഈ വിവരം മൃദുലയിൽ നിന്ന്‌ മഞ്ജിമ അറിഞ്ഞു. ജൂലി അറിഞ്ഞു. ജിഷ അറിഞ്ഞു. ഒടുവിൽ വീട്ടിലും...അവൻ അവിടെയൊക്കെ കറങ്ങിനടപ്പുണ്ടാവുമെന്ന്‌ അമ്മ അച്ഛനോട്‌ പറയുന്നതുകേട്ടു. തെക്കേപ്പറമ്പിലെ ഇളകിക്കിടന്ന മണ്ണിലേക്ക്‌ അച്ഛന്റെ കണ്ണുകൾ നീണ്ടത്‌ അവൾ അറിഞ്ഞില്ല. എങ്കിലും ആ നിശ്ശബ്ദതയിൽ അവൾ എന്തോ വായിച്ചറിഞ്ഞു. അവനിനി കറങ്ങിനടക്കാനാവില്ലെന്ന്‌ അറിഞ്ഞ അമ്മ സമാധാനിച്ചതുപോലെ. പക്ഷെ അവൻ സ്ഥിരമായി അവളുടെ കട്ടിലിൽ വന്നിരുന്നു. അവളെ പുഴ കടത്തി...
    ശിവൻകുട്ടിയുടെ ആത്മയാനങ്ങൾ അവസാനിപ്പിക്കാൻ വന്നത്‌ ചമ്രവട്ടം മന്ത്രവാദിയായിരുന്നു. മന്ത്രശക്തിയാൽ ആത്മാവിനെ ക്രൂശിക്കാനുള്ള കഴിവ്‌ ചമ്രവട്ടം മന്ത്രവാദിക്കുണ്ട്‌. ശിവൻകുട്ടിയുടെ ആത്മാവിനെ കാഞ്ഞിരമരത്തിൽ ആവാഹിച്ച്‌ ആണി തറയ്ക്കുമെന്ന്‌ പാറുവമ്മ പറഞ്ഞു...മരണം ശാശ്വതസമാധാനമാണെന്നിരിക്കെ അതിനെ ആണിമുനകളിൽ നിത്യമായി പിടയാൻ വിടുക! ആലോചിച്ചപ്പോൾ മൃദുലയ്ക്ക്‌ തലചുറ്റി...
    ആ രാത്രി സ്വന്തംമുറിയുടെ ജനാലയിലൂടെ അവൾ ഒന്നേ നോക്കിയുള്ളു! കത്തുന്ന പന്തങ്ങൾ. അവിലും മലരും പൂവും നിറനാഴിയും പഴപ്പടലയും ചന്ദനത്തിരിയും! അരയിലും തലയിലും പട്ടുകെട്ടിയ ഭീകരന്റെ മന്ത്രങ്ങളും. ഭൂം ഭൂം ഹൂങ്കാരശബ്ദങ്ങൾ. പന്തങ്ങൾ കാവിനെ ലക്ഷ്യമാക്കി നീങ്ങുന്നു.
    പിറ്റേദിവസം കുളിച്ചൊരുങ്ങാതെ പ്രാതൽ കഴിക്കാതെ പുസ്തകങ്ങൾ അടുക്കി അവൾ സ്കൂളിലേയ്ക്ക്‌ പോയത്‌ എല്ലാം തീരുമാനിച്ചുകൊണ്ടായിരുന്നു.
    കൊല്ലന്റെ കയ്യിൽ നിന്ന്‌ കൊടിലുകിട്ടിയപ്പോൾ സമാധാനമായി. ശിവൻകുട്ടിയുടെ ഓർമ്മ മാത്രമായി അവൾ മാറിയപ്പോൾ കാവിലേയ്ക്കുള്ള വഴിയേ ആരോ അവളെ നയിക്കാൻ തുടങ്ങി. കാവിലെത്തിയപ്പോൾ മാമരങ്ങൾക്ക്‌ മുകളിൽ തൂങ്ങിക്കിടക്കുന്ന പകലിന്റെ ജഡം അവിടെ ഇരുട്ടുപരത്തിയിരുന്നു. പരുക്കൻ ചില്ലുകളുടെ നിശ്ശബ്ദതപോലെ അനങ്ങാത്ത ഇലകളുമായി ഒറ്റയാൻ രാക്ഷസൻ കാഞ്ഞിരമരം!
    ഞരമ്പുകളിൽ മിന്നലുകൾ പാഞ്ഞുകയറി കണ്ണുകൾ കത്തിയപ്പോൾ അവളുടെ കൊടിൽ ആണിയിൽ ബലമായി മുറുകി. അവൾ പല്ല്‌ ഞെരിച്ച്‌ കണ്ണടച്ചു പിടിച്ച്‌ കൊടിൽ ശക്തിയായി മുകളിലേയ്ക്ക്‌ വലിച്ചു...കൊടിലിൽ ക്രൂരതയുടെ പരുക്കൻ മുനപോലെ തുറിച്ചുനോക്കി ഇരുന്ന ചോരപ്പാടുള്ള ആണി അവൾ വലിച്ചെറിഞ്ഞു...
    അപ്പോഴതാ കാഞ്ഞിരത്തിന്റെ ഇലകൾ അനങ്ങിത്തുടങ്ങുന്നു. ചില്ലകൾ ഉലയുന്നു. കെട്ടിപ്പുണർന്ന്‌ നൃത്തമാടുന്നു...
    വീട്ടിലെത്തിയ മൃദുല കുളിച്ച്‌ കണ്ണെഴുതി പൊട്ടുതൊട്ട്‌ വളകളണിഞ്ഞ്‌ കൊലുസിട്ട്‌ വാസനത്തൈലം പുരട്ടി പട്ടുകിടക്കവിരിച്ച്‌ മുറിയടച്ച്‌ കാത്തിരുന്നു.
    ജനലഴികളിലൂടെ വന്ന കാറ്റിന്റെ മൃദുസ്പർശം ഇക്കിളിയിട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി. ശുഭ്രവസ്ത്രങ്ങളണിഞ്ഞ്‌ തിരിനീട്ടുന്ന കണ്ണുകളുമായി ശിവൻകുട്ടി അവളെ വിളിക്കുന്ന ഒരു വ്യംഗ്യഭാഷപോലെ നിൽക്കുന്നു...
    വാതിൽപ്പാളികൾ സ്വയം തുറക്കപ്പെട്ടപ്പോൾ അവൾ പുറത്തിറങ്ങി.
    പുഴക്കരയിലെത്തിയപ്പോൾ നമുക്ക്‌ പോകാം എന്ന്‌ മൃദുവായിപ്പറഞ്ഞുകൊണ്ട്‌ ശിവൻകുട്ടി അവളെ വിലങ്ങനെ എടുത്തു. അവൻ പുഴയിലിറങ്ങിയപ്പോൾ അക്കരയ്ക്ക്‌ പോവുകയാണെന്നോ പടവുകളിറങ്ങി താഴേയ്ക്ക്‌ പോവുകയാണെന്നോ എന്നവൾക്കറിയില്ലായിരുന്നു...പക്ഷെ പോകുന്നത്‌ ശിവൻകുട്ടിയിലേയ്ക്കാണെന്ന്‌ അവൾക്ക്‌ നിശ്ചയമുണ്ടായിരുന്നു!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...