സി.രാധാകൃഷ്ണൻ
പ്രായപൂർത്തി ആയി എന്നു മനുഷ്യരെപ്പറ്റി പറയാറ് യൗവനം തികയുമ്പോഴാണ്. കൃത്യത്തിലത് പ്രായപൂർത്തി അല്ല, വെറുമൊരു ദശാപരിണാമമാണ്, ശൈശവപൂർത്തിയും ബാല്യപൂർത്തിയും കൗമാരപൂർത്തിയും പോലെ. വിഹിതമായ ആയുസ്സു പൂർത്തിയായി ശരീരം ഭൗതികപ്രപഞ്ചത്തിന്റെ വല്ലരിയിൽനിന്ന് സ്വയം ഞെട്ടറ്റ് വേറിടാൻ നേരമടുക്കുമ്പോഴാണ് മനുഷ്യന് ശരിയായ പ്രായപൂർത്തി കൈവരുന്നത്.
ആ ഞെട്ടറ്റുപോക്കും സ്വാഭാവികമായ ഒരു ദശാപരിണിതിയാണെന്നാലും അതിലൂടെ ജീവസംക്രമണ ചക്രം ഒരു താളവും പൂർത്തിയാക്കുന്നതിനാൽ, അതു നിർണ്ണായകമാണ്. ഇന്ദ്രിയമനോബുദ്ധികളുടെ നൈരന്തര്യം അറ്റുപോകുന്നു. ഇവയുടെ സംയുക്തസന്തതിയും ഭൗതികപ്രതിഭാസവുമായ ഞാൻ എന്ന സ്വത്വമേ യാഥാർത്ഥ്യമായി ആകെ ഉള്ളൂ എന്നു കരുതുന്നവരെ സംബന്ധിച്ചിടത്തോളം അവർ ഉള്ളതെല്ലാമെല്ലാം മരണത്തോടെ ഇല്ലാതാകുന്നു എന്നർത്ഥം. അപ്പോൾ ആ ബോധത്തിൽനിന്ന് അതിശക്തമായ ഭയം ജനിക്കുന്നു.
അന്തിപ്പേടിയുടെ ഒരു വകഭേദംതന്നെ ഇതും. നേരം ഇരുളുമ്പോൾ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഉള്ളിന്റെ ഉള്ളിൽ പേടിക്കുന്നു. ഗുഹാജീവിതകാലത്തിന്റെ ബാക്കിപത്രമായി വെറുതെ നിലനിൽക്കുന്ന ഒരു പേടി. ശക്തിയേറിയ വിളക്കുകളുള്ള ഇക്കാലത്തും സ്വന്തം മനസ്സിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ഇത് തിരിച്ചറിയാനാവും. അരിച്ചുകയറുന്ന അസ്വാസ്ഥ്യം അറിയാതുയരുന്ന നെടുവീർപ്പ്. വിളക്കു കൊടുത്തുക എന്നതാണ് ഇതിന് പ്രതിവിധി. ആ തിരിവെട്ടം ഉദയത്തിന്റെ അതായത് ഉയിർപ്പിന്റെ പ്രതീക്ഷയും ഇടവേളയിലെ ഇരുളിൽ വഴി കാണാനുള്ള ഉപാധിയുമാണ്.
ജീവിതം അന്തിയോടടുക്കുമ്പോഴുണ്ടാകുന്ന അങ്കലാപ്പകറ്റാനും ഒരു കൈത്തിരിതന്നെ പ്രതിവിധി. അതായത്, നേരറിവിന്റെ തിരിവെട്ടം. അവനവനുതന്നെ ഇതു കൊളുത്താം. മറ്റാരെങ്കിലും കൊളുത്തിയതിനെ കൂപ്പി അതിന്റെ വെളിച്ചത്തിരുന്നാലും ഫലം ഒന്നുതന്നെ.
ഈ വെളിച്ചം എന്തിനെല്ലാം പ്രതിവിധിയാകുമെന്നു നോക്കാം. ഈ വെളിച്ചത്തിൽ കണ്ടാൽ, മരണം എന്നത് ഉടുപ്പു മാറ്റുന്നപോലയെ ഉള്ളൂ. ഈ ജന്മത്തിലെ അനുഭവങ്ങൾ കാരണം ഭേദഗതി ചെയ്യപ്പെട്ട വാസനാസഞ്ചയവുമായി ജീവൻ, കാലഹരണം സംഭവിച്ച ദേഹത്തെ ഉപേക്ഷിക്കുന്നു. ആ വാസനകളുടെ തുടർന്നുള്ള ആവിഷ്കാരത്തിനുതകുന്ന പുതിയ ദേഹം നിർമ്മിച്ചെടുക്കുന്നു. ഈ ആശയം ഭോഷ്കാണെന്നായിരുന്നു ഇതുവരെ ശയൻസിന്റെ ധാരണം. ഇപ്പോൾ ജീവൻ ദേഹഭിന്നമാണെന്നും അതൊരു രൂപനിർമ്മാണക്ഷേത്രമാണെന്നും റുപർട്ട് ഷെൽഡ്രേക്ക് എന്ന ബയോളജിസ്റ്റ് ന്യൂ ശയൻസ് ഓഫ് ലൈഫ് എന്ന ഗവേഷണകൃതിയിൽ സ്ഥാപിച്ചിരിക്കുന്നു. അതായത്, ആരും മരിക്കുന്നില്ല. ആരും പുതുതായി ഉണ്ടാകുന്നുമില്ല. അതിനാൽ വയസ്സാകുമ്പോൾ പേടിക്കാനല്ല ശ്രദ്ധിക്കാനാണ് ഉള്ളത്. അന്നോളമുള്ള ജീവിതംകൊണ്ട് വാസനകൾ ശുദ്ധമാണോ ആയത് എന്നു തിരിഞ്ഞുനോക്കി അറിഞ്ഞ് കൂടുതൽ ശുദ്ധമാക്കാൻ ശ്രദ്ധിക്കാം. പ്രാരാബ്ധങ്ങളൊഴിയുമ്പോൾ സമയം ധാരാളം. അതിനാൽ, മരണ ഭീതി ഉപേക്ഷിക്കുക, ആത്മശുദ്ധിക്കായി കഴിവതും യത്നിക്കുക.
ഭൗതികമായി നേടിയത് മതിയായില്ല എന്ന വല്ലായ്മയാണ് പ്രായമാകുമ്പോഴത്തെ മറ്റൊരു അങ്കലാപ്പ്. ജീവിതം ചീറ്റിപ്പോയി എന്നൊരു തോന്നൽ. എന്തെല്ലാം നേടിയാലും ഈ തോന്നൽ ഉണ്ടാകുമെന്നതാണ് നേരറിവിന്റെ വെളിച്ചത്തിൽ കാണാവുന്ന മറ്റൊരു സത്യം. സ്വത്ത് എത്ര തന്നെ ഉണ്ടായാലും പോരാതെ, രണ്ടാമതൊരു കാറില്ല, വില്ലയിലെ ഒരു മുറിയിൽ ഏസിയില്ല. ബാങ്കിലുള്ള കോടികൾ ഒന്നിനും തികയില്ല എന്നിങ്ങനെ ദാരിദ്ര്യം അനുഭവിക്കാം. മറുപുറത്ത് ഒന്നും കാര്യമായി ഇല്ലെന്നാലും എല്ലാമുണ്ട് എന്നു കരുതിയാൽ സമൃദ്ധിയുമായി. എങ്ങനെ കരുതിയാലും വിശേഷമില്ല, ഉള്ളതേ ഉണ്ടാവൂ എന്നത് മറ്റൊരു കാര്യം. ഒന്നു ധന്യതയുടെ വഴി, മറ്റേത് വ്യർഥതാബോധത്തിന്റെയും നികത്താനാവാത്ത മോഹഭംഗങ്ങളുടെയും പടുകുഴി. ഏതും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കു സ്വന്തം!!
കാര്യമായ ഒരു അസുഖവുമില്ലെന്നാലും പ്രായമായി എനിക്കിനി ഒന്നിനും വയ്യ. എന്റെ എല്ലാ കാര്യങ്ങളും ആരെങ്കിലും ചെയ്തുതരണം എന്ന നിലപാടിലെ പോഴത്തവും നേരറിവ് തിരുത്തിത്തരും. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് ആയുർവേദം പണ്ടേ പറയുന്നു. ഇപ്പോൾ മോഡേൺ മെഡിസിനും ഇതുതന്നെ പറയുന്നു. കർമ്മങ്ങൾ നന്നായി ചെയ്ത് നൂറു വർഷം സൗഭാഗ്യത്തോടെ ഇരിക്കുക എന്നാണ് ഉപനിഷത്കാലത്തെ ആശംസ-ശരദശ്ശതം! മനസ്സാണ് കാര്യം. വയ്യ എന്നു തോന്നിയാൽ വയ്യാതാവും. വയ്ക്കുമെന്നു തോന്നിയാൽ വയ്യായ്മകൾ നീങ്ങും. വീണ്ടും, എവ്വിധവും ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുതന്നെ!
രോഗങ്ങളാണ് മറ്റൊരു ദുഃഖകാരണം. യഥാർത്ഥത്തിൽ ഉള്ള രോഗങ്ങളും ഉണ്ടെന്നു വെറുതെ തോന്നുന്ന രോഗങ്ങളും കാണും. ഇല്ലെന്നു തിരിച്ചറിഞ്ഞാൽ രണ്ടാമത്തേതു പോയിക്കിട്ടി. ചികിത്സിക്കാവുന്നത്ര ചികിത്സിക്കുകയും ആഹാര-വിഹാരാദികളിൽ ആവശ്യമായ നിയന്ത്രണം പാലിക്കുകയുമില്ലാതെ ആദ്യ ഇനത്തിനെച്ചൊല്ലി സങ്കടപ്പെട്ടിട്ട് ഒരു പ്രയോജനവുമില്ല. ജീവൻ മുജ്ജന്മവാസനകളുടെ ആവിഷ്കാരം സാധിക്കുന്നതിനിടെ ദേഹത്തിനു വരുന്ന അപചയങ്ങളാണ് രോഗങ്ങൾ. രാഗാനുരോഗാൻ എന്നാണല്ലോ ആയുർവേദം തുടങ്ങുന്നത്. അവ തടയാവതല്ല. ഈ ജന്മത്തിൽ കിട്ടിയ വാസനകളുടെ ഫലവുമാകാം ഇത്. വാസനകൾ കർമ്മഫലങ്ങളാണ്. അതായത്, കർമ്മയോഗംവഴി ആത്മശുദ്ധീകരണമാണ് ഏതു രോഗത്തിനും ആദ്യചികിത്സ. വൈദ്യനോ മരുന്നോ വേണ്ട. ഇത് സ്വയം ചെയ്യാം. പക്ഷെ തന്നെത്താൻ ഉദ്ധരിക്കണൊ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടതും മറ്റാരുമല്ലല്ലോ!
മക്കൾക്കും മരുമക്കൾക്കും മറ്റു ബന്ധുമിത്രാദികൾക്കും നൽകിയ സ്നേഹത്തിനും പരിചരണത്തിനും സേവനത്തിനും പ്രതിഫലം പ്രതീക്ഷിക്കുകയും അതു കിട്ടാതെ വന്നും കിട്ടിയത് മതിയാകാഞ്ഞും സങ്കടപ്പെടുകയുമാണ് മറ്റൊരു ദുരവസ്ഥ. കേട്ടിട്ടില്ലേ പഴയ ഒരു തമാശ? ഞാൻ എന്റെ ഉണ്ണിയെ കാണാൻ പോവുക, എന്റെ ഉണ്ണി എനിക്കു വല്ലതും തരിക, എന്റെ ഉണ്ണി എന്നെ കാണാൻ വരിക, എന്റെ ഉണ്ണി എനിക്കു വല്ലതും തരിക! അതായത് എപ്പോഴും വൺവെ ട്രാഫിക് മാത്രം! മറിച്ച് കിട്ടാത്തതൊക്കെ ഉപേക്ഷിക്കാത്തത്താണ്, കിട്ടിയതൊക്കെ ആശാസ്യവുമാണ്- ആയാതമായാതം അപേക്ഷണീയം, ഗതംഗതം സർവം ഉപേക്ഷണീയം- എന്നു കരുതിയാൽ സർവം ശുഭം, മംഗളം!
ആകട്ടെ, വാസനകൾ ശുദ്ധമാകുന്നിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? ശാഠ്യങ്ങൾ കുറയും, പരാതികൾ ഇല്ലാതാവും, സങ്കടം നീങ്ങും, ആരോഗ്യം കൂടുതൽക്കൂടുതൽ മെച്ചപ്പെടും, പ്രസാദം മനസ്സിന്റെ സ്ഥായീഭാവമാവും, ചുറ്റുമുള്ളവരെല്ലാം നമ്മെ ഇഷ്ടപ്പെടും.
പ്രസാദം എന്നത് വല്ല അമ്പലത്തിൽനിന്നും എറിഞ്ഞുകിട്ടുന്ന പൂവോ ചന്ദനമെന്ന പേരിൽ കൈവെള്ളയിൽ വീഴുന്ന വല്ല രാസപദാർത്ഥപ്പൊടിയോ കഴുകാതെയും എലിക്കാട്ടംപോലും കളയാതെയും അടുപ്പത്തു ചൊരിയുന്ന ഉണക്കലരിയുടെ പാൽപ്പായസമോ ഒക്കെ ആണെന്നാണ് പൊതുവേ ധാരണ.
ഇന്ദ്രിയഗോപുരം കടന്ന്, മനസ്സിന്റെ ചുറ്റമ്പലത്തിൽ ഈശ്വരാകർഷണവിധേയമായി പ്രദക്ഷിണം കഴിഞ്ഞ്, ശ്രീകോവിലിനകത്തും സ്വന്തം ഉള്ളിലും ഒരേസമയം കുടികൊള്ളുന്ന ആളെ തിരിച്ചറിഞ്ഞ് അവിടെ സ്വയം സമർപ്പിച്ച് ലയിച്ചാൽ കിട്ടുന്ന മനോഭാവമാണത്. ഇതിനായി ആസൂത്രണം ചെയ്യപ്പെട്ടതാണ് തന്ത്രസമുച്ചയം എന്ന മഹാശാസ്ത്രം. അമ്പലത്തിൽ പോകണൊ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടതും പോയാൽ എന്താണ് നേടേണ്ടതെന്നു തീരുമാനിക്കേണ്ടതും നാം തന്നെയാണല്ലോ.
വൃദ്ധനായി ഇനി എന്നെക്കൊണ്ട് ആർക്കുമൊരു കാര്യവുമില്ല എന്ന വ്യർഥതാബോധം അതു വച്ചു പുലർത്തുന്നവർക്ക് ആപൽക്കാരിയും സമൂഹത്തിന് വൻനഷ്ടം വരുത്തുന്നതുമാണ്. പ്രായത്തിന്റെ പക്വതയ്ക്ക് ഏറെയുണ്ട് കർത്തവ്യവും പ്രയോജനവും പക്വതയുള്ള മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണ് ഈ ലോകത്തിലെ സർവോത്തമാധ്യാപകർ. കുട്ടിയായ എന്നെ എടുത്തു മടിയിൽ വയ്ക്കുന്ന ആളുടെ ഉടുതുണിയിൽ ഞാൻ മൂത്രമൊഴിക്കുന്നത് ബോധപൂർവമാണെങ്കിൽ പാപമാണെന്ന ബാലപാഠം മുതൽ പിന്നെപ്പിന്നെ ഉപനിഷത്തിന്റെ ഉള്ളുകള്ളികൾവരെ എനിക്കു പറഞ്ഞുതന്നത് എന്റെ മുത്തച്ഛനാണ്.
അകത്ത് പ്രസാദമുണ്ടാക്കുകയും അത് പ്രസരിപ്പിക്കുകയും ചെയ്തുനോക്കുക. എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വയ്യായ്മകളും മാറും. എല്ലാരുമെല്ലാരും നമുക്കും നാം അവർക്കും പ്രിയപ്പെട്ടവരാവും. പക്ഷെ, നമുക്കു മാത്രമായി നേടാൻ ഒന്നുമില്ലെന്ന ആത്മാർത്ഥമായ തിരിച്ചറിവുണ്ടായാലെ ഈ മഹാനേട്ടം കൈവരൂ.
മനസ്സിനകമേ പ്രസാദമുണ്ടാക്കാൻ ഋഷീശ്വരന്മാർ നമുക്കു യോഗവിദ്യ ഉപായമായി തന്നിരിക്കുന്നു. യോഗവിദ്യ എന്നാൽ, അതിസങ്കീർണ്ണമായ ഒരു സാധനാരീതി എന്നൊന്നും അല്ല അർത്ഥം. അവനവനിൽത്തന്നെയുള്ള ഈശ്വരനോട് ചേർന്നിരിക്കാൻ ശീലിക്കുക, അത്രതന്നെ. ഇത് ജാതിമതഭേദം കൂടാതെ ആർക്കുമാകാം, എത്ര അവശമായ അവസ്ഥയിലുമാകാം. നന്നെ കുറഞ്ഞ സമയംകൊണ്ടും ആ ചേർന്നിരിപ്പ് ഉറപ്പിക്കാം. ഋതുവാർന്ന പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയചനം ചെയ്ത ബ്രാഹ്മണനും-ആബാലവൃദ്ധം-ഇതിന് തുല്യാവസരമാണുള്ളത്. ആരും ഒട്ടുംതന്നെ കൂടുതലോ കുറച്ചോ തുല്യരല്ല!
നമ്മുടെ വീടുകളെല്ലാം പ്രസാദസ്രോതസ്സുകളായ മുത്തച്ഛന്മാരും മുത്തശ്ശിമാരും ശ്രീകോവിലിൽ പൂജിക്കപ്പെടുന്ന ക്ഷേത്രങ്ങളാവുംകാലം ഈ നാട് സ്വർഗഭൂമിയാവും. പിന്നെ, ഒരൊറ്റ വൃദ്ധസദനവും ഇവിടെയെങ്ങും ആവശ്യം വരില്ല.
സാക്ഷ്യം
എനിക്കിപ്പോൾ പ്രായം എഴുപത്തിനാലായി. ഇതുവരെ പോന്ന വഴിയിൽനിന്ന് കിട്ടിയ വെളിപാടാണ് ഇപ്പറഞ്ഞത്. അതിന്റെ ഗുണഫലങ്ങൾകൂടി കേൾക്കണോ? ഈ ഞാൻ യഥാർത്ഥത്തിൽ ആരുമല്ല, ഒന്നുമല്ല എന്ന് അറിയാവുന്നതിനാൽ പേടികൾ ഇല്ല. ശത്രുക്കൾ ഇല്ല. സങ്കടങ്ങളോ കാര്യമായ രോഗങ്ങളോ ഇല്ല. നിരാശത ഇല്ല. ഞാൻ തന്നെയാണ് പ്രപഞ്ചം എന്നു തീർച്ചപ്പെട്ടതിനാൽ ആരും അന്യരല്ല, ഒന്നും അന്യമല്ല. ഈ പ്രപഞ്ചത്തിലെ എല്ലാരും എന്റെയാണെന്നിരിക്കെ ഒന്നും പ്രത്യേകമായി എനിക്ക് ആവശ്യമില്ല. ശേഷിക്കുന്നത് ഒരു പ്രാർത്ഥന മാത്രം- അനുഭവത്തിൽ ഒന്നുമല്ലാതായി എല്ലാമാകാനുള്ള സർഗാത്മകപരിശ്രമം ഈ ജന്മംകൊണ്ട് പൂർത്തിയായിക്കിട്ടണം. അതിനായുള്ള അക്ഷരപൂജ എന്ന ജോലി തീരുന്നില്ല. അതു ചെയ്യുന്നതിൽ അലംഭാവവും ഇല്ല.
ലോകം പ്രസാദപൂർണ്ണമാകട്ടെ!