21 Jun 2013

കേരളത്തിന്റെ കാർഷിക സമ്പട്‌വ്യവസ്ഥയ്ക്ക്‌ ഊർജ്ജം പകരാൻ നീര


കെ.എം. ചന്ദ്രശേഖർ
വൈസ്‌ ചെയർമാൻ, കേരള സംസ്ഥാന ആസൂത്രണ ബോർഡ്‌

ആമുഖം
കേരളത്തിലെ തനതു കാർഷികവിളകളിൽ പരമപ്രധാനസ്ഥാനമാണ്‌ തെങ്ങുകൃഷിക്കുള്ളത്‌. ഏതാണ്ട്‌ 42 ലക്ഷം കർഷക കുടുംബങ്ങളുടെ ജീവസന്ധാരണമാർഗ്ഗം. കേവലം തേങ്ങ ലഭിക്കുന്ന ഒരു വിളയായിട്ടല്ല മലയാളി തെങ്ങിനെ കാണുന്നത്‌. തങ്ങളുടെ സാമൂഹിക- സാംസ്ക്കാരിക-സാമ്പത്തിക തലങ്ങളിൽ ഒഴിച്ചു നിർത്താനാവാത്ത, ഓരോ മലയാളിയും നെഞ്ചോടു ചേർത്തു നിർത്തിയിരിക്കുന്ന ഇഷ്ട വിള-പോയ പ്രതാപം വീണ്ടു കിട്ടി ഒരു നല്ല വരുമാനമാർഗ്ഗമായാൽ മറ്റേതു വിളയെക്കാളും മലയാളി തെങ്ങിനെ സ്വീകരിക്കുമെന്നുറപ്പാണ്‌. കൽപവൃക്ഷത്തിന്റെ അക്ഷയ ഖാനിയിൽ നിന്നും ഏറ്റവുമൊടുവിൽ ഏവരുടേയും സംസാരവിഷയമായി, ശ്രദ്ധാകേന്ദ്രമായി,  കലവറയില്ലാത്ത സാദ്ധ്യതകളുമായെത്തിയിരിക്കുന്ന ഒരുൽപന്നമാണ്‌ നീര.
എന്താണ്‌ നീര ?
തെങ്ങിൻ പൂക്കുലയിൽ നിന്നുത്പാദിപ്പിക്കുന്ന, മദ്യാംശം തീരെയില്ലാത്ത പ്രകൃതിദത്ത ജ്യൂസ്‌ ആണ്‌ നീര.  അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടേയും കലവറയാണ്‌ ഈ ഉൽപന്നം. കാർബോളിക്‌ അമ്ലമായ ഫിനോളിന്റെ സാന്നിദ്ധ്യവും ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സും (ഏക 35) ഉള്ള ഈ ഉൽപന്നത്തെ ആരോഗ്യരംഗവും ഉറ്റുനോക്കുന്നു.
തെങ്ങ്‌ സസ്യശാസ്ത്രത്തിൽ ഏക ബീജപത്രവിഭാഗത്തിലും, തെങ്ങിന്റെ പൂക്കുല ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഒരേ പൂക്കുലയിൽ കാണുന്ന മൊണീഷ്യസ്‌ വിഭാഗത്തിലും പെടുന്നു. കൊതുമ്പ്‌ എന്ന കട്ടിയുള്ള ആവരണത്തിൽ പൊതിഞ്ഞിരിക്കുന്ന പൂക്കുല, വിരിയുന്നതിനുമുമ്പ്‌ കെട്ടിപരുവപ്പെടുത്തി അഗ്രം ചെത്തിയാണ്‌ ഊറിവരുന്ന നീര ശേഖരിക്കുന്നത്‌. പൂക്കുല വിടർന്ന്‌ കഴിഞ്ഞാൽ ആൺപൂവുകൾ പൊഴിയുകയും പെൺപൂക്കൾ കാറ്റ്‌ മൂലമോ പരാദങ്ങൾ വഴിയോ പരാഗണം നടന്ന്‌ കായ്പിടുത്തം നടക്കുകയും ചെയ്യുന്നു. വിരിയാത്ത പൂങ്കുല അഗ്രം ചെത്തുമ്പോൾ മുറിവേൽക്കുന്ന ഭാഗത്തെ ഫ്ലോയം (​‍ുവഹീലാ) കോശങ്ങളിലൂടെ ഊറിവരുന്ന ദ്രാവകമാണ്‌ നീരയായി ശേഖരിക്കുന്നത്‌. ആരോഗ്യമുള്ള ഓരോ തെങ്ങിൻ ഓലക്കവിളിലും ഓരോ പൂങ്കുല വിരിയുന്നതിനാൽ നീര ചെത്താൻ പ്രത്യേക കാലക്രമമില്ല. അതിനാൽ ഒരേ തെങ്ങിലോ അഥവാ വിവിധ തെങ്ങുകളിലോ ഒരേസമയം നീര ചെത്താം. എന്നിരുന്നാലും നവംബർ മുതൽ മാർച്ച്‌ വരെയുള്ള ശൈത്യകാല ടാപ്പിംഗ്‌, ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാല ടാപ്പിംഗ്‌, ഇങ്ങനെ രണ്ട്‌ ടാപ്പിംഗ്‌ സീസൺ നിലനിൽക്കുന്നുണ്ട്‌.
പൂങ്കുല കെട്ടി മൂന്നാഴ്ചയ്ക്കകം നീര ഊറിത്തുടങ്ങും. നീരയുടെ അളവിൽ പൂക്കുലകൾ തമ്മിലും തെങ്ങുകൾ തമ്മിലും സീസൺ അനുസരിച്ചും ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ശരാശരി ഒരു തെങ്ങ്‌ 2.1 ലിറ്റർ നീര ഉത്പാദിപ്പിക്കുമെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ 4.5 ലിറ്റർ മുതൽ 5 ലിറ്റർ വരെ ലഭിക്കുന്ന തെങ്ങുകളുമുണ്ട്‌.
നീരയിൽ അൽപം പോലും മദ്യാംശമില്ലെന്നുള്ള കാര്യം അധികമാർക്കും അറിയില്ല. ഉയർന്ന പോഷക മൂല്യം നീരയെ നല്ല ആരോഗ്യ പാനീയമെന്ന ഗണത്തിലുൾപ്പെടുത്തുന്നു. ഒരു സമ്പൂർണ്ണ ശീതള പാനീയമായും- വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിന്‌ ശുപാർശ ചെയ്യുന്ന ഫുഡ്‌ സപ്ലിമന്റ്‌ ആയും, ആസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ, അർശ്ശസ്‌ എന്നീ അസുഖങ്ങൾക്ക്‌ ഔഷധമായും നീര ശുപാർശ ചെയ്യപ്പെടുന്നു. മൂത്ര തടസ്സത്തിനും മഞ്ഞപ്പിത്തത്തിനും നീര ഔഷധമാണെന്ന്‌ പറയപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണത്തിന്‌ സഹായിക്കുന്ന ഗ്ലൂട്ടാമിക്‌ ആസിഡ്‌ എന്ന അമിനോ ആസിഡ്‌ ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുന്നു. നേത്രരോഗങ്ങൾക്കും എക്സിമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കുമുപയോഗിക്കുന്ന ഇനോസിറ്റോൾ? ധാരാളമായി നീരയിൽ അടങ്ങിയിരിക്കുന്നുവേന്ന്‌ കണ്ടിട്ടുണ്ട്‌.

കേരളത്തിൽ നീരയുടേയും നീര ഉൽപന്നങ്ങളുടേയും സാദ്ധ്യതകൾ
കേരളത്തിൽ നീരയുത്പാദനത്തിനും മൂല്യവർദ്ധനവിലൂടെ നിരവധി നീര ഉൽപന്നങ്ങൾ നിർമ്മിക്കുവാനും വിറ്റഴിക്കുവാനും വലിയ സാദ്ധ്യതകളാണുള്ളത്‌. കേരളത്തിൽ ഏകദേശം 18 കോടി തെങ്ങുകളുള്ളതായിട്ടാണ്‌ കണക്ക്‌. ഇതിൽ 10 ശതമാനമെങ്കിലും നീര ചെത്താൻ ഉപയോഗിച്ചാൽ പത്ത്‌ ലക്ഷത്തോളം പേർക്ക്‌ നേരിട്ട്‌ പുതിയ തൊഴിലവസരങ്ങളും, കർഷകർക്ക്‌ കുറഞ്ഞത്‌ ഒരു തെങ്ങിൽ നിന്ന്‌ പ്രതിമാസം 1200 രൂപ വരുമാനവും ലഭ്യമാക്കാൻ കഴിയും.
മറ്റു രാജ്യങ്ങളിലെല്ലാം നീര ഒരു ആരോഗ്യപാനീയമായിട്ടാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ആരോഗ്യപാനീയമെന്നതിനുപരി പാം ജാഗറി, പാം ഷുഗർ, ഐസ്ക്രീം, ബിസ്ക്കറ്റ്‌, മിഠായി തുടങ്ങിയ നിരവധി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായും നീര ഉപയോഗിക്കപ്പെടുന്നു.
ഒരു വർഷം തെങ്ങിലുണ്ടാകുന്ന പന്ത്രണ്ടു പൂക്കുലകളിൽ മൂന്നു പൂക്കുലകൾ നീര ടാപ്പു ചെയ്യുവാൻ ഉപയോഗിച്ചാൽ ലഭിക്കുന്ന പ്രയോജനങ്ങൾ കണക്കാക്കാം. നീര, നീരയെ അടിസ്ഥാനമാക്കിയുള്ള മറ്റുൽപന്നങ്ങൾ, വിപണിയിൽ കൊപ്രയുടെ കുറഞ്ഞ വരവ്‌ ഇതെല്ലാം ആത്യന്തികമായി നാളികേരത്തിന്റെ വില വർദ്ധനവിനും  കേര കർഷകരുടെ വരുമാന വർദ്ധനവിനും വഴിയൊരുക്കും. ഒരു ഹെക്ടറിലെ 175 തെങ്ങുകളിൽ 80 എണ്ണത്തിൽ നിന്നും പ്രതിദിനം ഒരു ലിറ്റർ നീരയുത്പാദനം നടന്നാൽ പ്രതിവർഷം ഒരു ഹെക്ടറിൽ നിന്നുള്ള അധികവരുമാനം 3.6 ലക്ഷം രൂപയാണ്‌. ദിവസം തെങ്ങോന്നിന്‌  മൂന്ന്‌  ലിറ്ററാണ്‌ ഉത്പാദനമെങ്കിൽ, ഇത്‌ 10.8 ലക്ഷം രൂപവരെ പോകാം. ഒരു ലിറ്റർ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താൽ ലഭ്യമാകു ന്നത്‌  9 ലക്ഷം രൂപയുടെ അധിക വരുമാനമാണ്‌. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകൾ 3.00-4.5 ലിറ്റർ വരെ നീര നൽകും. ഇങ്ങനെ സമ്പത്ത്‌ ഒളിഞ്ഞിരിക്കുന്ന ഒരു അക്ഷയഖനിയായി തെങ്ങിനെ കണക്കാക്കാം. തെങ്ങ്‌ കർഷകന്റെ  ഉടമസ്ഥതയിലാണ്‌. നീര ടെക്നീഷ്യന്മാരുടെ സഹായത്തോടെ ചെത്തിയെടുക്കുന്ന നീരയ്ക്ക്‌ ഒരു നിശ്ചിത അനുപാതത്തിൽ വരുമാനം കർഷകരും  ടെക്നീഷ്യന്മാരും  പങ്കിട്ടെടുക്കുന്ന ഒരു ഉത്പാദന മാതൃകയാണ്‌ ഇന്തോനേഷ്യയിൽ പിൻതുടരുന്നത്‌. കേരളത്തിന്‌ ഈ മാതൃക അനുയോജ്യമാണ്‌.
നീരയുത്പാദനം വിദേശ രാജ്യങ്ങളിൽ
പല വിദേശരാജ്യങ്ങളും നീര ഉത്പാദനത്തിലും വിപണനത്തിലും അതുവഴി വിദേശനാണ്യം നേടിയെടുക്കുന്നതിലും മുൻപന്തിയിലാണ്‌. ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, മലേഷ്യ, ശ്രീലങ്ക, വിയറ്റനാം തുടങ്ങിയ രാജ്യങ്ങൾ ഈ ഗണത്തിൽപ്പെടും. വൻതോതിൽ നീര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അമേരിക്ക, കാനഡ, നോർവേ, ഫ്രാൻസ്‌, ഗൾഫ്‌ രാജ്യങ്ങൾ, തെക്കൻ കൊറിയ, ജപ്പാൻ, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിവയാണ്‌.
ഇന്തോനേഷ്യ 2006ൽ കേവലം 11.5 മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പി ച്ചുകൊണ്ട്‌ തുടങ്ങി, 2011ൽ ആറ്‌ ലക്ഷം മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചു. 2012ൽ ഇത്‌ 10 ലക്ഷം മെട്രിക്‌ ടൺ കടന്നിരിക്കുന്നു എന്നാണ്‌ ആദ്യ സൊ‍ാചനകൾ. ഇൻഡോഫുഡ്‌, യൂണിലിവർ തുടങ്ങിയ കമ്പനികൾ അവരുടെ സോയാ സോസ്‌ ഉൽപന്നത്തിന്‌ ചേരുവയായി 30,000 മെട്രിക്‌ ടൺ വീതം ഉൽപന്നമാണ്‌ ഇവരിൽ നിന്നും വാങ്ങുന്നത്‌.
കേരളത്തിലെ സാഹചര്യങ്ങൾ
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്‌, ആൻഡമാൻ ദ്വീപ്‌ സമൂഹത്തിലും നീര ടാപ്പിംഗ്‌ അനുവദനീയമാണ്‌.  കർണ്ണാടകത്തിൽ ഹോർട്ടികൾച്ചർ വകുപ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദനം തുടങ്ങിയിട്ടുണ്ട്‌.
കേരളത്തിൽ നീര ഉത്പാദന രംഗത്തെ നിക്ഷിപ്ത താൽപര്യക്കാർ പ്രകടിപ്പിക്കുന്ന ചില ആശങ്കകൾ കൃഷിക്കാരെ ഈ രംഗത്തേക്ക്‌ കടന്നുവരാൻ അനുവദിക്കുന്നില്ല.
1967-ലെ കേരള അബ്കാരി നിയമമനുസരിച്ച്‌ ?വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്ക ഹോൾ അടങ്ങിയിരിക്കുന്ന എല്ലാ  ദ്രാവകങ്ങളും?മദ്യത്തിന്റെ നിർവചന ത്തിൽ പെടുന്നു. എന്നാൽ കള്ളിന്റെ നിർവചനത്തിൽ തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്‌ മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകവും കള്ളിൽ ഉൾപ്പെടുത്തി യിരിക്കുന്നു.
പുളിക്കാത്ത ജ്യൂസ്‌ ആയ നീര അബ്കാരി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ അബ്കാരി നിയമത്തിന്‌ കീഴിൽ ലൈസൻസുള്ള അംഗീകൃത ചെത്തു തൊഴിലാളികൾക്ക്‌ മാത്രമേ ഇന്നത്തെ നിലയിൽ നീര ചെത്തുവാൻ അനുവാദമുള്ളൂ.
അബ്കാരി നിയമ പ്രകാരം കർഷകർക്ക്‌ നീര ടാപ്പു ചെയ്യാനാവില്ല. അബ്കാരി നിയമത്തിലെ വ്യവസ്ഥകളെ ക്കുറിച്ച്‌ പഠിക്കാൻ ഒരു സമിതിയെ കേരള ഗവണ്‍മന്റ്‌ നിയോഗിച്ചിട്ടുണ്ട്‌. എക്സൈസ്‌ കമ്മീഷണർ അദ്ധ്യക്ഷണായുള്ള കമ്മിറ്റിയെ നീര ചെത്ത്‌ കർഷകർക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം, നീരയുടെ വ്യവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം, നീര ചെത്തുകൊണ്ട്‌ കള്ള്‌ ചെത്ത്‌  പ്രതിസന്ധിക്ക്‌ പരിഹാരം കാണാ നാകുമോ, നീരയിലെ ആൽക്കഹോളിന്റെ അളവ്‌, നീരയുടെ ഉത്പാദനം, വിപണനം, വിപണന ഏജൻസി, കയറ്റുമതി സാദ്ധ്യതകൾ, നീരയിൽ മായം ചേർക്കാനുള്ള സാദ്ധ്യതകൾ എന്നീ വിഷയങ്ങൾക്കൊപ്പം കേരളത്തിലെ കള്ള്‌ ചെത്ത്‌ വ്യവസായം നേരിടുന്ന പ്രതിസന്ധി, ശുദ്ധമായ കള്ളിന്റെ ലഭ്യത എന്നിവയെപ്പറ്റിയും പഠനം നടത്തി റിപ്പോർട്ട്‌  സമർപ്പിക്കുന്നതിന്‌ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്നു. നീരയുത്പാദനം സംബന്ധിച്ച പഠന റിപ്പോർട്ട്‌ സമർപ്പിക്കുന്നതനുസരിച്ചായിരിക്കും സർക്കാരിന്റെ നയപ്രഖ്യാപനമുണ്ടാകുക.
കള്ളിന്‌ പകരക്കാരൻ നീരയോ നീരയ്ക്ക്‌ പകരക്കാരൻ കള്ളോ അല്ല. രണ്ടുൽപന്നങ്ങളും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നു. അതിനാൽ ഉത്പാദനത്തിനും സംസ്ക്കരണത്തിനും വിപണ നത്തിനും പ്രത്യേകം പ്രത്യേകം നിയമം കൊണ്ടു വരികയും രണ്ടു തലങ്ങളിൽ ഇവയെ പ്രതിഷ്ഠിക്കുകയും വേണം. അങ്ങനെയായാൽ ഈ സംശയങ്ങളും, ആശങ്കകളും ദൂരീകരിക്കാം.
കർഷകർക്ക്‌ ന്യായമായ വരുമാനം ലഭ്യമായാൽ ചെത്താൻ ലഭിക്കുന്ന തെങ്ങുകളുടെ ദൗർലഭ്യവും കുറയും. നീര ടെക്നീഷ്യന്മാർക്ക്‌ പ്രത്യേകം പരിശീലനം നൽകാനും സംവിധാനം ഒരുക്കണം.
കർഷക കൂട്ടായ്മകളിലൂടെ നീര ?
കഴിഞ്ഞ രണ്ടുവർഷങ്ങളായി ചിന്നിചിതറിക്കിടക്കുന്ന ചെറുകിട, നാമമാത്ര കേരകർഷകരുടെ കൂട്ടായ്മകൾ നാളികേര ബോർഡ്‌ രൂപീകരിച്ചു വരികയാണ്‌. നീരയുടെ ശേഖരണവും സംസ്ക്കരണവും നാളികേര വികസന ബോർഡിന്റെ ഉത്പാദകസംഘങ്ങളും സംസ്ഥാന കൃഷിവകുപ്പ്‌ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകളും വഴി നടപ്പിലാക്കാവുന്നതാണ്‌.
നീര ഉത്പാദനത്തിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും നാളികേര ബോർഡും, കൃഷിവകുപ്പും, കേരള കാർഷിക സർവ്വകലാശാലയും നൽകുന്നതായിരിക്കും. നീര ഉത്പാദനം മാത്രമല്ല, അതിന്റെ സംസ്ക്കരണവും, സംഭരണവും മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവുമെല്ലാം പ്രായോഗികമാക്കുന്നതിന്‌ ബോർഡ്‌ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
നീര സംസ്ക്കരണത്തിൽ വിജയകരമായ ഗവേഷണഫലങ്ങൾ ഉണ്ടായിട്ടുണ്ട്‌. പ്രാഥമിക ഗവേഷണങ്ങൾ കേരള കാർഷിക സർവ്വകലാശാലയും, സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടും, ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയുമെല്ലാം വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു.
വിപണന സാദ്ധ്യത
കേരളത്തിനകത്തും പുറത്തും വിദേശത്തും വിപണന സാദ്ധ്യത യേറെയുള്ള ഉൽപന്നമാണ്‌ നീരയെന്ന്‌ മറ്റ്‌ നീരയുത്പാദക രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നുണ്ട്‌. കരിക്കിൻവെള്ള ത്തിന്‌ ആരോഗ്യ പാനീയമെന്ന നിലയ്ക്ക്‌ അടുത്തിടെ ലഭിച്ച അംഗീകാരത്തേക്കാൾ കൂടുതൽ പ്രചാരം നീരക്കും ലഭ്യമാകുമെന്നതിൽ ആശങ്ക വേണ്ട. കൂടുതൽ സ്വാദിഷ്ടമായ പോഷക പാനീയമെന്ന നിലയ്ക്ക്‌ നീരയുടെ സ്വീകാര്യത ഏറിയിരിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌.
സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ
നീര ഉത്പാദനവും, മൂല്യവർദ്ധനവും, വിപണനവും വഴി കേരളത്തിലെ തെങ്ങുകൃഷിക്കാർക്കും നീര ടെക്നീഷ്യൻമാർക്കും കേരവ്യവസായ രംഗത്തിനുമുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി സൂചിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ സാമ്പത്തിക നിലയിൽ ആശാവഹമായ ഉയർച്ച ഇതുവഴി ഉണ്ടാകും. തെങ്ങോന്നിന്‌ ഒരു ലിറ്റർ നീര ലഭിക്കുമ്പോൾ ഉപഭോക്തൃ വിലയുടെ 50 ശതമാനം കർഷകനും, 25 ശതമാനം നീര ടെക്നീഷ്യൻമാർക്കും, ബാക്കി 25 ശതമാനം സംസ്ക്കരണത്തിനും വിപണനത്തിനുമെന്നു കരുതാം.
സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളിൽ നിന്നും നീര ടാപ്പ്‌ ചെയ്ത്‌ ലിറ്ററിന്‌ നൂറു രൂപ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ലഭ്യമാകുന്ന പ്രതിവർഷ വരുമാനം 54000 കോടി രൂപയാണ്‌. ഇതിൽ കർഷകന്‌ ലഭിക്കുന്നത്‌ 27000 കോടിയും ടെക്നീഷ്യൻസിന്‌ 13500 കോടിയും സംസ്ഥാനത്തിന്‌ അധിക നികുതി വരുമാനമായി 4050 കോടിയും കണക്കാക്കാം (പട്ടിക-1 കാണുക). നീരയുത്പാദനത്തിൽ നിന്നും കർഷകർക്ക്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പി.യിലേക്കു മുതൽക്കൂട്ടാകുമെന്നതാണ്‌ പ്രത്യേകത. കർഷകരുടെ സാമ്പത്തിക നേട്ടത്തിനു പുറമേ ഗ്രാമീണ പുരോഗതിയും സാമൂഹ്യ നേട്ടങ്ങളും ഒപ്പമുണ്ടാകും. സുസ്ഥിര കാർഷികാദായവും അതുവഴി ജീവിതനിലവാര ഉയർച്ചയും നമ്മുടെ കൃഷിക്കാരേയും തൊഴിലാളികളേയും തേടിയെത്തും.
ഉത്പാദിപ്പിക്കുന്ന നീര സംസ്ക്കരിക്കുന്നതിനും പായ്ക്ക്‌ ചെയ്യുന്നതിനുമെല്ലാം വിവിധ തലങ്ങളിൽ സൗകര്യമൊരുക്കേണ്ടതുണ്ട്‌. ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കണം. ഉത്പാദന മേഖല കേന്ദ്രീകരിച്ച്‌ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം. കൂടാതെ ജില്ലാടിസ്ഥാനത്തിലും ഇതേ സജ്ജീകരണങ്ങൾ വിപുലമായ തോതിൽ വേണ്ടിവരുന്നു. ഇവിടെയെല്ലാം സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ നിരവധിയാണ്‌. ഗ്രാമീണമേഖലയിൽ പുരോഗതിയുടെ, പുത്തനുണർവിന്റെ  നാന്ദി കുറിക്കുവാൻ നീരയുത്പാദനത്തിന്‌ കഴിയും. ഗാന്ധിജി വിഭാവനം ചെയ്ത വികസനം ഗ്രാമങ്ങളിൽ നിന്നാകട്ടെയെന്ന തത്വത്തിൽ സുഷുപ്തിയിലായിരിക്കുന്ന കേരളത്തിലെ കേര കർഷകരെ മുന്നേറ്റത്തിന്റെ പാതയിലേക്ക്‌ നയിക്കാൻ നീരയിലൂടെ സാദ്ധ്യമാകുമെന്ന്‌ പ്രത്യാശിക്കുന്നു.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ടൊരു മുന്നേറ്റത്തിനും നീര വഴിയൊരുക്കുമെന്നാണ്‌ ഇതിന്റെ പോഷക നിലവാരം സൂചിപ്പിക്കുന്നത്‌. കൊച്ചുകുട്ടികൾ തുടങ്ങി, ഏതു പ്രായക്കാരിലും ആരോഗ്യസംരക്ഷണ വസ്തുക്കളെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോൾ, മാറുന്നത്‌ നമ്മുടെ സാമൂഹ്യരംഗം അപ്പാടെയാണ്‌. ഭക്ഷ്യസംരക്ഷണവും ആരോഗ്യ സുരക്ഷയും സാമൂഹ്യവളർച്ചയ്ക്ക്‌ നാന്ദി കുറിക്കും.
ഇപ്രകാരം നാളികേര വികസന ബോർഡിന്റേയും, കൃഷി വകുപ്പിന്റേയും ശ്രമങ്ങൾ ഏകോപിപ്പിച്ച്‌ കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയേയും, കേരകൃഷിയുടെ വികസനവും മെച്ചപ്പെടുത്തുകയും അതുവഴി കേരകർഷകന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പ്രാപ്തിയുള്ള ഒരു ഉൽപന്നമായി നീരയെ ഉയർത്തി ക്കൊണ്ടു വരേണ്ടതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...