21 Jun 2013

ദൈവത്തിന്റെ സ്വന്തം നാട്‌ 'നീര'യ്ക്കായി കേഴുന്നു


ആർ. ഹേലി
മുൻ കൃഷിവകുപ്പ്‌ ഡയറക്ടർ, പേൾഹിൽ, ആറ്റിങ്ങൽ, തിരുവനന്തപുരം

നീരയുടെ അത്ഭുതകരമായിട്ടുള്ള വ്യാപാര-വാണിജ്യ-വ്യവസായിക സാദ്ധ്യതകൾ കണ്ടറിഞ്ഞതോടെ ആഗോള കേരകൃഷി രംഗത്ത്‌ നവോത്ഥാനത്തിന്റെ ഒരു പുതിയ ശക്തി രൂപം കൊണ്ടിരിക്കുന്നു. 'കരിക്കിൻ വെള്ളവും വെർജിൻ കോക്കനട്ട്‌ ഓയിലും' സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ്‌ 'നീര' നൽകിയിരിക്കുന്ന വമ്പിച്ച പ്രതീക്ഷകളും വിപുലമായ അവസരങ്ങളും ഉദിച്ചിരിക്കുന്നത്‌.
'ആൽക്കഹോൾ' ഇല്ലാതെ, പുളിക്കാൻ അനുവദിക്കാതെ, മൂന്നുമുതൽ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം മാത്രമല്ല അതുവഴി കേരപഞ്ചസാരയും ശർക്കരയും തുടങ്ങി ആധുനിക ലോകത്തിന്‌ പ്രിയങ്കരമായ നൂഡിൽസ്‌ (​‍ി​‍ീ​‍ീറഹല​‍െ) പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്നഉറപ്പുകളാണ്‌ പുതിയ നീര പ്രതീക്ഷകളുടെ സജീവ യാഥാർത്ഥ്യങ്ങൾ.
ഇന്തോനേഷ്യയാണ്‌ നീര ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുൻപിൽ നിൽക്കുന്ന രാഷ്ട്രം. പ്രതിമാസം അരലക്ഷം ടൺ കേരപഞ്ചസാര അവർ ഉത്പാദിപ്പിക്കുന്നു. വർഷത്തിൽ 6 ലക്ഷം ടൺ! ഒരു വർഷം ഒന്നര ബില്ല്യൺ ഡോളറിന്റെ ബിസിനസ്സാണ്‌ അവർക്ക്‌ ഇതുവഴി കിട്ടുന്നത്‌. പഞ്ചസാരയുടെ ആറ്‌ ഇരട്ടി സിറപ്പും ഉത്പാദിപ്പിച്ച്‌ അവർ വിൽക്കുന്നു. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഇന്ത്യയിലേക്കും ഇത്‌ വരാവുന്നതാണ്‌. തിരുവനന്തപുരം പട്ടണത്തിൽ ഇപ്പോൾ തായ്‌ലന്റിൽ നിന്നും ടിന്നിൽ പായ്ക്ക്‌ ചെയ്ത 'ഇളനീർ' സമൃദ്ധമായി വിൽക്കുന്നത്‌ പോലെ വിദേശ നിർമ്മിത നീരയും നീര ഉൽപന്നങ്ങളും ഇന്ത്യയിലും കേരളത്തിലും വിൽക്കുന്നത്‌ വേഗം കാണാൻ നമുക്ക്‌ കഴിഞ്ഞെന്നുവരാം!
കാരണം നീരയുടേയും അതിൽ നിന്നുള്ള ഉൽപന്നങ്ങളുടേയും ഗുണങ്ങൾ ഇന്തോനേഷ്യയിലേയും ഫിലിപ്പീൻസിലേയും ഗവേഷകരും ഇന്ത്യയിലെ ശാസ്ത്രജ്ഞരും പറയുന്നത്‌ കേൾക്കുക
* ഇതിൽ ആൽക്കഹോൾ ഇല്ല
* നീരയിൽ കൊഴുപ്പും കൊളസ്ട്രോളും ഇല്ല
* പൊട്ടാസ്യവും സോഡിയവും സമൃദ്ധം
* കേര പഞ്ചസാരയും ശർക്കരയും പ്രമേഹ സൗഹൃദങ്ങളായ വിഭവങ്ങളാണ്‌.
* എല്ലാ പ്രായക്കാർക്കും ഇത്‌ കഴിയ്ക്കാമത്രേ!
* ഇതൊരു പ്രകൃതിദത്ത ആരോഗ്യപാനീയമാണ്‌. മദ്യമായി ഇതിനെ ചിത്രീകരിക്കുന്നില്ല.
ഇന്തോനേഷ്യ ഇതിന്റെ വ്യാപാരം വൻ വ്യവസായമാക്കുന്നു. തദ്ദേശീയരും വിദേശികളും വ്യവസായ രംഗത്തുണ്ട്‌. വമ്പൻ ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവർ' പ്രതിവർഷം 30000 ടൺ കേര പഞ്ചസാര വാങ്ങുന്നുണ്ട്‌. മധുരമുള്ള "സോയാ സോസ്‌" ഉണ്ടാക്കാനാണിത്‌. അതുപോലെ 'ഇന്തോഫുഡ്‌' എന്നപേരിൽ ഒരു തരം നൂഡിൽസ്‌  ഉണ്ടാക്കാൻ 30000 ടൺ കേരപഞ്ചസാര ഉപയോഗിക്കുന്നുണ്ടത്രേ! ഇപ്പോൾ ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങളാണ്‌.
ഇതിന്റെ ചുവട്‌ പിടിച്ച്‌ ഇന്ത്യയിലും ഈ വ്യവസായം ക്രമേണ രൂപം കൊള്ളുന്ന വിവരം നാം മറക്കരുത്‌. ഇന്ത്യയിൽ കേരകൃഷി തമിഴകത്തിലും കർണ്ണാടകത്തിലും ആന്ധ്രയിലും ഒറീസ്സയിലും മാത്രമല്ല വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലും പെരുകുകയാണ്‌. വളരെ ശാസ്ത്രീയമായിട്ടാണ്‌ പുത്തൻ കേരകൃഷി.

കർണ്ണാടക സർക്കാർ നാളികേര വികസന ബോർഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 'നീര' തയ്യാറാക്കി വിൽപ്പന തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവേന്ന വാർത്ത വന്നു കഴിഞ്ഞു! കൂടുതൽ യൂണിറ്റുകൾ തുടങ്ങുമ്പോൾ അത്‌ കേരളത്തിലേക്ക്‌ പ്രവഹിക്കും. ഇപ്പോൾ കർണ്ണാടക ഇളനീർ കേരളീയരുടെ ദാഹം ശമിപ്പിക്കുന്നത്‌ സർവ്വയിടത്തും കാണാം. കരിക്കിൻ കോർണർ പോലെ നാളെ 'നീര കോർണർ' നടത്താൻ അവർ ആസൂത്രണ പദ്ധതികൾ വഴി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതായും വാർത്തകളുണ്ട്‌.
ഒരു തെങ്ങിൽ നിന്നും ദിനംപ്രതി രണ്ടുലിറ്റർ നീര സാധാരണ ഗതിയിൽ തന്നെ ലഭിക്കും.175 തെങ്ങുകളുള്ള ഒരു ഹെക്ടർ തെങ്ങിൻ തോപ്പിലെ 80 തെങ്ങുകളുടെ മൂന്ന്‌ പൂങ്കുലകൾ വീതം ചെത്തിയാൽ വാർഷിക ആദായം 7 ലക്ഷം  രൂപയിലധികം വരുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. നീരയിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ കൂടി പുറത്ത്‌ വരുമ്പോൾ ആദായവും തൊഴിൽ സാദ്ധ്യതയും വ്യവസായിക ഉയർച്ചയും മറ്റു പലതും ഇതിന്‌ പുറമേ സൃഷ്ടിക്കപ്പെടും.
ഇവിടെ ഇപ്പോൾ ഉയർന്ന്‌ വരേണ്ട ഒരു ശക്തിയാണ്‌ കർഷക താൽപര്യം. 'നീര കർഷകർ' എന്ന ഒരു വിഭാഗം തന്നെ ഈ രംഗത്ത്‌ വേഗം രൂപം കൊള്ളും. കേരകർഷകരുടെ 'ഫാർമർ കമ്പനി' ക്കാരായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ സംഘാടകരും നടത്തിപ്പുകാരും. അല്ലെങ്കിൽ കൃഷിക്കാരുടെ താൽപര്യം ഇല്ലാതായിപ്പോകും. നിലവിൽ കള്ളുവ്യവസായത്തിൽ കൃഷിക്കാർ പാടെ ശക്തിഹീനരാണ്‌. ശക്തരായ വ്യവസായികളും സംഘടിതരായ തൊഴിലാളികളും അതിശക്തമായ സർക്കാർ വകുപ്പും കൂടിച്ചേരുമ്പോൾ കർഷകർക്ക്‌ അതിൽ താൽപര്യമില്ലാതാകുന്നതിനു കാരണം തെങ്ങിന്റെ ഉടമയ്ക്ക്‌ തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതുമൂലമാണ്‌.
'കർഷക രക്ഷ' ഉണ്ടായാൽ മാത്രമേ 'കേരരക്ഷ' ഉണ്ടാകൂ. അതില്ലെങ്കിൽ കേരകൃഷിയും അനുബന്ധവ്യവസായങ്ങളും വരണ്ട്‌ നശിക്കും. ഇന്ത്യയിലെ മറ്റ്‌ പ്രമുഖ കേരകൃഷി സംസ്ഥാനങ്ങളായ കർണ്ണാടകവും തമിഴകവും ആന്ധ്രയും, മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ വിപുലമായി 'നീര' ഉത്പാദനത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ പുതിയ റീജിയണൽ കരാറുകളുടെ പഴുതുകളിലൂടെയും അല്ലാതെയും ശ്രീലങ്കയും ഇന്തോനേഷ്യയും ഫിലിപ്പീൻസും നീരയും നീര വിഭവങ്ങളും ഇന്ത്യയിലേക്കും അങ്ങനെ കേരളത്തിലേക്കും എത്തിക്കും എന്നത്‌ ഉറപ്പാണ്‌.
ഈ കാഴ്ചപ്പാടിൽ കേരളം വളരെ വേഗം നീര ഉത്പാദനത്തിലും മൂല്യവർദ്ധിത ഉൽപന്നങ്ങളിലും ശ്രദ്ധിക്കണം. ഇതിന്‌ സാങ്കേതിക വിദഗ്ദ്ധരുടേയും ഗവേഷകരുടേയും കർഷകരുടേയും തൊഴിലാളികളുടേയും വൻകൂട്ടായ്മ സർക്കാർ നേതൃത്വത്തിൽ തന്നെ രൂപമെടുക്കണം. അപ്പോഴും ഒരു കാര്യം മറക്കരുത;​‍്‌ കൃഷിക്കാരുടെ തെങ്ങുകൃഷിയിൽ നിന്നുള്ള ആദായമാകണം മുഖ്യലക്ഷ്യം. കാരണം 60 ലക്ഷം ചെറുകിട കൃഷിയിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന തെങ്ങുകൃഷി ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്‌.
ഇത്‌ ഇന്തോനേഷ്യയിൽ എങ്ങനെ നടക്കുന്നു എന്നത്‌ പഠിക്കാൻ ഒന്നോ രണ്ടോ പഠന സംഘങ്ങളെ അങ്ങോട്ട്‌ കേരളം അയയ്ക്കണം. മന്ത്രിമാരും മുഖ്യഉദ്യോഗസ്ഥരും കർഷകരും ഗവേഷകരും ട്രേഡ്‌ യൂണിയൻ നേതാക്കളുമൊക്കെ അതിൽ അംഗങ്ങളായി കൊള്ളട്ടെ. കാര്യങ്ങൾ വേഗതയോടെ നടത്തണം. മറ്റ്‌ സംസ്ഥാനങ്ങൾ വ്യവസായികളുടേയും കർഷകരുടേയും സംഘത്തെ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഇനിയുമെന്തേ കേരളം മടിച്ചു നിൽക്കുന്നു.
തെങ്ങും നീരയും ഒക്കെ പ്രാഥമികമായി കർഷക ബന്ധുക്കളാണ്‌. തെങ്ങ്‌ പത്തുവർഷം ആറ്റുനോറ്റു വളർത്തിയാൽ മാത്രമേ അതു നീരശേഖരണത്തിന്‌ യോഗ്യമാകൂ എന്ന പ്രശ്നം! നീര എടുത്തു തുടങ്ങിയാൽ അതിനുള്ള സർവ്വ പരിചരണവും കർഷക ചുമതലയത്രേ. അപ്പോൾ കർഷക താൽപര്യമാണ്‌ ഇതിൽ മുഖ്യം. അതേസമയം തേങ്ങയും കൊപ്രയുമൊക്കെ ആവശ്യത്തിന്‌ കിട്ടുന്ന വിധത്തിലും കയറിന്‌ തൊണ്ട്‌ ലഭ്യമാകുന്ന വിധത്തിലും ഉത്പാദനം ക്രമീകരിക്കുന്നതും കർഷകർ തന്നെ!
അപ്പോൾ ഈ രംഗത്തെ സജീവ താൽപര്യസംരക്ഷകർ കൃഷിക്കാർ തന്നെയാണ്‌. ഇത്‌ വ്യവസായികമായി മാറുമ്പോൾ നാട്ടിലെ നിയമങ്ങളും നയങ്ങളും കർഷകസഹായി ആയിരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല.
നീരയുടെ രംഗത്ത്‌ കേരള സർക്കാരിന്റെ പുതിയ ബജറ്റ്‌ പ്രഖ്യാപനം വളരെ താൽപര്യം ജനിപ്പിച്ചിട്ടുണ്ട്‌. മദ്യവ്യവസായത്തെക്കുറിച്ച്‌ പഠിച്ച പ്രസിദ്ധമായ 'ഉദയഭാനു കമ്മീഷനും'  ലോകവ്യാപരക്കാറാറിനെക്കുറിച്ചുള്ള സ്വാമിനാഥൻ കമ്മീഷനും നീര ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കർഷകരെ സഹായിക്കുവാനും ശക്തമായ ശുപാർശകൾ നൽകിയിട്ടുണ്ട്‌ എന്നകാര്യം ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്‌.
'നീര'യുടെ വ്യാവസായിക വാണിജ്യ സാദ്ധ്യതകളും കാർഷിക - വാണിജ്യ, വ്യവസായ, തൊഴിൽ സൗകര്യ വർദ്ധനവും എത്രമാത്രം അനുകൂലമാണെന്ന കാര്യത്തെക്കുറിച്ച്‌ സാർവ്വത്രികമായ അഭിപ്രായ ഐക്യവും പ്രതീക്ഷയും സൃഷ്ടിച്ച്‌ മുന്നോട്ട്‌ പോകേണ്ട സമയമാണിത്‌. അല്ലെങ്കിൽ മറ്റുള്ളവർ ഇറക്കുമതി ചെയ്തു തരുന്നതും മറ്റ്‌ സംസ്ഥാനങ്ങൾ ഉത്പാദിപ്പിച്ച്‌ വിൽക്കുന്നതുമായിരിക്കും "കേരത്തിന്റെ സ്വന്തം നാട്ടിലെ" ജനങ്ങൾ ആസ്വദിക്കാൻ പോകുന്നത്‌. പ്രതിവർഷം പതിനായിരക്കണക്കിന്‌ കോടി രൂപ മറിയുന്ന ഒരു വ്യവസായമായി 'നീര' മാറുന്ന ദിവസം കാണാൻ അധികവർഷങ്ങൾ കാത്തിരിക്കേണ്ടതില്ല.  ആ 'ധനത്തിന്റെ' ഒരു വലിയ പങ്ക്‌ കേരളീയർക്ക്‌ സ്വന്തമാക്കാൻ കഴിയും. പക്ഷേ; അതിന്‌ നാം ശ്രമിച്ചേ മതിയാകൂ. അതും ഒരുമയോടെ, കൂട്ടായ്മകൾ സൃഷ്ടിച്ച്‌.......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...