21 Jun 2013

നീര - സമീപനത്തിൽ സമഗ്ര മാറ്റം അനിവാര്യം


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

വരദായിനിയാണ്‌ കൽപവൃക്ഷമെന്ന്‌ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. മനുഷ്യരാശിക്കു വേണ്ടുന്നതെന്തും കനിഞ്ഞരുളുന്ന കൽപവൃക്ഷം. എന്നിട്ടും സംരക്ഷിക്കുന്നവർക്ക്‌ പകർന്നു നൽകാൻ ഈ കൽപവൃക്ഷം കരുതി വച്ചിരിക്കുന്ന നീര മാത്രമെന്തേ ഇങ്ങനെ ഊരാക്കുടുക്കിൽപ്പെട്ടുഴലുന്നു? നീരയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും സന്ദേഹങ്ങളും ഈ ഉൽപന്നത്തെ അടുത്തറിയാവുന്നവരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. കാരണം മറ്റൊന്നുമല്ല, മദ്യവൽക്കരണം മരണതുല്യമെന്നു കണ്ട മഹാത്മജിപോലും ഗ്രാമീണജനതയുടെ ദുരിതങ്ങൾക്കറുതി വരുത്താൻ കഴിയുന്ന ഒരു മറുമരുന്നെന്ന്‌ വിശേഷിപ്പിച്ച മഹത്തായ ഉൽപന്നമാണ്‌ നീര. അദ്ദേഹത്തിന്റെ വാക്കുകൾ ദാരിദ്രനിർമ്മാർജ്ജനം നീരയിൽക്കൂടി സാധ്യമാകുമെന്നായിരുന്നു. 1939ൽ മഹാത്മജി ഇങ്ങനെ പ്രവചിച്ചിട്ട്‌ 74 വർഷം കഴിഞ്ഞിട്ടും നമ്മുടെ മനസ്സാക്ഷി ഉണർന്നില്ല. കാരണം ലഹരി നുരയുന്ന പാനീയത്തെ ഇതിനകം മനസ്സാ വരിച്ചു കഴിഞ്ഞു ജനങ്ങളിൽ ഏറിയപങ്കും. എന്നാൽ ഇനിയും വൈകിയിട്ടില്ല. ഇത്തരം കീറാമുട്ടി ന്യായവാദങ്ങൾക്കൊരറുതി വരുത്തി കേരളത്തിന്റെ, നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സാക്കി നീര വ്യവസായം എങ്ങനെ വളർത്തിക്കൊണ്ടു വരാമെന്നു ഏവരും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
നീര - എന്ത്‌, എന്തിന്‌?
വിരിയാത്ത തെങ്ങിന്റെ പൂങ്കുലയിൽ നിന്നാണ്‌ നീര ചെത്തിയെടുക്കുന്നത്‌. വിരിയുമ്പോൾ അത്യാകർഷകമായ, ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഒരേ കുലയിൽ കാണുന്ന തെങ്ങിന്റെ പൂക്കുല, ഈ വൃക്ഷവിളപോലെ തന്നെ അനേകം നിഗോ‍ൂഢതകൾ ഉൾക്കൊള്ളുന്ന സസ്യഭാഗമാണ്‌.
ആരോഗ്യമുള്ള ഓരോ തെങ്ങിൻ ഓലക്കവിളിലും ഓരോ പൂങ്കുല വിരിയും. ജാനസ്സ്‌, സംരക്ഷണം, സ്ഥലകാല വ്യത്യാസങ്ങൾ എന്നിവയ്ക്കനുസരിച്ച്‌ ഓലകളെപ്പോലെത്തന്നെ പൂക്കുലകളുടെ ഉത്പാദനത്തിലും വ്യത്യാസങ്ങൾ കാണാം. ചില പ്രതികൂല സാഹചര്യങ്ങളിൽ പൂക്കുലകൾ വിടരാതെയുമിരിക്കും. പൂക്കുല പ്രത്യക്ഷപ്പെടുന്നതിന്‌ ഏകദേശം 32 മാസങ്ങൾക്കുമുൻപുതന്നെ അതിന്റെ ആദ്യകുല (primordium) രൂപം കൊണ്ടിരിക്കും. പൂക്കുലയുണ്ടാകുന്നത്‌ ബലമുള്ളതും ഇരട്ട ഉറയുള്ളതുമായ കൊതുമ്പ്‌  എന്ന ആവരണത്തിലുള്ളിലാണ്‌. പൂർണ്ണവളർച്ചയെത്തിയ ഒരു കൊതുമ്പിന്‌ 1-1.2 മീറ്റർ വരെ നീളവും മദ്ധ്യഭാഗത്തിന്‌ 4-16 സെ.മീ. വരെ വ്യാസവും ഉണ്ടായിരിക്കും. പൂക്കുല പ്രത്യക്ഷപ്പെട്ട്‌ 75-90 ദിവസങ്ങൾക്കുശേഷം കൊതുമ്പിന്റെ കീഴ്ഭാഗം പൊട്ടി പൂക്കുല പുറത്തുവരുന്നു.
ഓരോ പൂക്കുലയിലും 30-35വരെ ശാഖോപശാഖകളായി പിരിഞ്ഞ കണ്ണികളും (spikelets) അവയുടെ അഗ്രഭാഗത്തേയ്ക്ക്‌ അടുക്കിയിരിയ്ക്കുന്ന ആൺപൂക്കളും കാണാം. ഓരോ കണ്ണിയിലും 250-300 വരെയും ഓരോ പൂക്കുലയിലും 8000-10,000 വരെയും ആൺപൂക്കൾ ഉണ്ടായിരിക്കും.
ചൊട്ട വിരിയുന്നതിനുമുമ്പ്‌ കെട്ടിപരുവപ്പെടുത്തി അഗ്രം ചെത്തിയാണ്‌ ഊറിവരുന്ന നീര ശേഖരിക്കുന്നത്‌. പൂങ്കുലകൾ തമ്മിലും തെങ്ങുകൾ തമ്മിലും സീസൺ അനുസരിച്ചും നീരയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ശരാശരി ഒരു തെങ്ങ്‌ 2.1 ലിറ്റർ നീര ഉത്പാദിപ്പിക്കുമെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ 4.5 ലിറ്റർ മുതൽ 5 ലിറ്റർ വരെ ലഭിക്കുന്ന തെങ്ങുകളുമുണ്ട്‌.
ആരോഗ്യരംഗം ഉറ്റുനോക്കുന്ന നാളെയുടെ പാനീയം
മദ്യാംശം തീരെയില്ലാത്ത പ്രകൃതിദത്ത ജ്യൂസ്‌ ആണ്‌ നീര. അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടേയും കലവറ. കൂടാതെ കാർബോളിക്‌ അമ്ലമായ ഫിനോളുകളും. ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സും (GI 35) നീരയുടെ പ്രത്യേകതയാണ്‌. ഇത്തരം ഉയർന്ന പോഷകമൂല്യം നീരയെ നല്ല ആരോഗ്യപാനിയമെന്ന ഗണത്തിലുൾപ്പെടുത്തുന്നു. ഒരു സമ്പൂർണ്ണ ശീതള പാനീയമായും- വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിന്‌ ശുപാർശ ചെയ്യുന്ന ഫുഡ്‌ സപ്ലിമന്റ്‌ ആയും, ആസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ, അർശ്ശസ്‌ എന്നീ അസുഖങ്ങൾക്ക്‌ ഔഷധമായും നീര ശുപാർശ ചെയ്യപ്പെടുന്നു. മൂത്രതടസ്സത്തിനും മഞ്ഞപ്പിത്തത്തിനും നീര ഔഷധമാണെന്ന്‌ പറയപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണത്തിന്‌ സഹായിക്കുന്ന ഗ്ലൂട്ടാമിക്‌ ആസിഡ്‌ എന്ന അമിനോ ആസിഡ്‌ ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുതായി കണ്ടിട്ടുണ്ട്‌.
നൂറു മില്ലിലിറ്റർ നീരയിൽ 0.15മി.ഗ്രാം ഇരുമ്പും 7.50 മി. ഗ്രാം ഫോസ്ഫറസും 16-30 മി.ഗ്രാം അസ്കോർബിക്‌ ആസിഡും, 0.23-0.32 ഗ്രാം പ്രോട്ടീനുമടങ്ങിയിരിക്കും.
പ്രമേഹരോഗികളുടെ എണ്ണം മറ്റെന്തിനേക്കാളും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സുള്ള പഞ്ചസാരയെന്നാൽ അതിന്റെ സ്വീകാര്യത പ്രതീക്ഷക്കുമപ്പുറമായിരിക്കും, തീർച്ചയായും ആരോഗ്യരംഗം ഉറ്റുനോക്കുന്ന നാളെയുടെ ഉൽപന്നമാകാം നീര.

ഉണരാൻ വൈകിയ കേരളം
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്‌, ആൻഡമാൻ ദ്വീപ്‌ സമൂഹത്തിലും നീര ടാപ്പിംഗ്‌ അനുവദനീയമാണ്‌. കർണ്ണാടകത്തിൽ ഹോർട്ടികൾച്ചർ വകുപ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദനം തുടങ്ങിയിട്ടുണ്ട്‌. കേരളത്തിൽ യുക്തിരഹിതമായ നിയമങ്ങളും, ഈ രംഗത്തെ നിക്ഷിപ്ത താൽപര്യക്കാർ പ്രകടിപ്പിക്കുന്ന അടിസ്ഥാന രഹിതമായ ആശങ്കകളും പ്രസ്താവനകളും കൃഷിക്കാരെ ഈ രംഗത്തേക്ക്‌ കടന്നുവരാൻ അനുവദിക്കുന്നില്ല.
കേരളത്തിലെ 18 കോടി തെങ്ങുകളിലെ 10 ശതമാനമെങ്കിലും നീര ചെത്താൻ ഉപയോഗിച്ചാൽ പത്ത്‌ ലക്ഷത്തോളം പേർക്ക്‌ നേരിട്ട്‌ പുതിയ തൊഴിലവസരങ്ങളുണ്ടാകും. കർഷകർക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ പ്രതിമാസം കുറഞ്ഞത്‌ 1200 രൂപ വരുമാനവും. ഒരു വർഷം തെങ്ങിലുണ്ടാകുന്ന പന്ത്രണ്ടു പൂക്കുലകളിൽ മൂന്നു പൂക്കുലകൾ നീര ടാപ്പു ചെയ്യുവാൻ ഉപയോഗിച്ചാൽ പ്രതിവർഷം ഒരു ഹെക്ടറിൽ നിന്നുള്ള അധികവരുമാനം 3.6 ലക്ഷം രൂപയാണ്‌. ഒരു ഹെക്ടറിലെ 175 തെങ്ങുകളിൽ 80 എണ്ണം ചെത്തുകയും പ്രതിദിനം ഒരു ലിറ്റർ നീര ഉത്പാദനം ലഭിക്കുകയും ചെയ്യുമ്പോഴാണ്‌ ഈ വരുമാനം. ദിവസം തെങ്ങോന്നിന്‌ മൂന്ന്‌ ലിറ്റർ ഉത്പാദനം ലഭിച്ചാൽ, ഇത്‌ 10.8 ലക്ഷം രൂപവരെ പോകാം. ഒരു ലിറ്റർ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താൽ ലഭ്യമാകുന്നത്‌ 9 ലക്ഷം രൂപയുടെ അധികവരുമാനമാണ്‌. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകൾ 3.00-4.5 ലിറ്റർ വരെ നീര നൽകും. ഐടി പാർക്കുകൾക്കുപോലും നൽകാൻ കഴിയാത്ത സംഭാവനയാണിത്‌. കർഷകന്റെ ഉടമസ്ഥതയിലുള്ള തെങ്ങ്‌  നീര ടെക്നീഷ്യന്മാരുടെ സഹായത്തോടെ ചെത്തിയെടുക്കുമ്പോൾ ഒരു നിശ്ചിത അനുപാതത്തിൽ വരുമാനം കർഷകരും ടെക്നീഷ്യന്മാരും പങ്കിട്ടെടുക്കുന്ന ഒരു ഉത്പാദന മാതൃകയാണ്‌ ഇന്തോനേഷ്യയിൽ പിൻതുടരുന്നത്‌, കേരളത്തിനും ഈ മാതൃക അനുവർത്തിക്കാം.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ നീര ഉത്പാദനത്തിലും വിപണനത്തിലും അതുവഴി വിദേശനാണ്യം നേടിയെടുക്കുന്നതിലും മുൻപന്തിയിലാണ്‌. വൻതോതിൽ നീര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അമേരിക്ക, കാനഡ,നോർവേ, ഫ്രാൻസ്‌, ഗൾഫ്‌ രാജ്യങ്ങൾ, തെക്കൻ കൊറിയ, ജപ്പാൻ, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിവയാണ്‌.
ഇന്തോനേഷ്യ 2006ൽ കേവലം 11.5 മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചുകൊണ്ട്‌ തുടങ്ങി, 2011ൽ ആറ്‌ ലക്ഷം മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചു. 2012ൽ ഇത്‌ 10 ലക്ഷം മെട്രിക്‌ ടൺ കടന്നിരിക്കുന്നു എന്നാണ്‌ സൊ‍ാചനകൾ. ഇൻഡോഫുഡ്‌, യൂണിലിവർ തുടങ്ങിയ കമ്പനികൾ അവരുടെ സോയാസോസ്‌ ഉൽപന്നത്തിന്‌ ചേരുവയായി 30,000 മെട്രിക്‌ ടൺ വീതം ഉൽപന്നമാണ്‌ ഇവരിൽ നിന്നും വാങ്ങുന്നത്‌.
അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകളാണ്‌ ഇന്ന്‌ ഈ രംഗത്ത്‌ നിലനിൽക്കുന്ന തടസ്സം. അബ്കാരി നിയമത്തിൽ, "വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന എല്ലാ ദ്രാവകങ്ങളും" മദ്യത്തിന്റെ നിർവ്വചനത്തിൽപ്പെടുന്നു.
തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളും കള്ളിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്‌ മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകവും കള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നീര തെങ്ങിന്റെ പൂങ്കുലയിൽ നിന്നും ടാപ്‌ ചെയ്തെടുക്കുന്ന പുളിക്കാത്ത ജ്യൂസ്‌ ആണ്‌. പുളിക്കാത്ത ജ്യൂസ്‌ ആയ നീരയെ കള്ളിന്റെ ഗ്രൂപ്പിൽപ്പെടുത്തി തെറ്റായ നിർവ്വചനം നൽകിയിരിക്കുകയാണ്‌. ആയതിനാൽ അബ്കാരി നിയമത്തിന്‌ കീഴിൽ ലൈസൻസുള്ള അംഗീകൃത ചെത്തുതൊഴിലാളികൾക്ക്‌ മാത്രമേ ഇന്നത്തെ നിലയിൽ നീര ചെത്തുവാൻ അനുവാദമുള്ളൂ. ഇത്‌ ന്യായീകരിക്കാനാവില്ല.
അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ കേരകർഷകരുടേയും കാർഷിക സമ്പട്‌ വ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിന്‌ ഈ നിയമതടസ്സങ്ങൾ  മാറ്റിയെഴുതേണ്ടത്‌ ആവശ്യമാണ്‌. ഇന്നു കേവലം അഞ്ചുലക്ഷം തെങ്ങുകൾ മാത്രമേ  കള്ള്‌ ചെത്തിന്‌ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഇത്‌ ഗണ്യമായുയർത്തണം.
നീര ചെത്ത്‌ അനുവദിച്ചാൽ കള്ള്‌ വ്യവസായം തകരുമെന്ന ധാരണ അസ്ഥാനത്താണെന്ന്‌ തെളിയിക്കണം. ചെത്ത്‌ തൊഴിലാളികൾക്ക്‌ കൂടുതൽ അവസരങ്ങൾക്കുള്ള സാദ്ധ്യതയുണ്ടെന്ന്‌ തിരിച്ചറിയണം.
കർഷക കൂട്ടായ്മ തെളിച്ച വഴിയേ....
ചിന്നിചിതറിക്കിടക്കുന്ന ചെറുകിട, നാമമാത്ര കേരകർഷകരുടെ കൂട്ടായ്മകൾ രുപീകരിച്ചു വരികയാണ്‌ ബോർഡ്‌. 40 മുതൽ 100 വരെ കർഷകരടങ്ങുന്ന നാളികേര ഉത്പാദക സംഘങ്ങളും 15 മുതൽ 25 വരെ സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷനുകളും 10 ഫെഡറേഷനുകൾ ചേർന്ന്‌ ഉത്പാദക കമ്പനികളുമാണ്‌ നാളികേര ബോർഡ്‌ ലക്ഷ്യമിടുന്നത്‌. നീര ശേഖരണം ഉത്പാദക സംഘങ്ങൾ വഴിയും പ്രാഥമിക സംസ്ക്കരണം ഫെഡറേഷനുകൾ വഴിയും, കൂടുതൽ മൂല്യവർദ്ധനവും മാർക്കറ്റിംഗും ഉത്പാദക കമ്പനികളും ഏറ്റെടുക്കണം.
ഇതിനകം 3013 ഉത്പാദക സംഘങ്ങളും അവയുടെ 103 ഫെഡറേഷനുകളും നിലവിൽ വന്നു (പട്ടിക-1). നീര ഉത്പാദനം ഈ ഫെഡറേഷനുകളെ ഏൽപിക്കാവുന്നതാണ്‌. ഉത്പാദിപ്പിക്കുന്ന നീര സംസ്ക്കരിക്കുന്നതിനും പായ്ക്ക്‌ ചെയ്യുന്നതിനുമെല്ലാം വിവിധ തലങ്ങളിൽ സൗകര്യമൊരുക്കേണ്ടതുണ്ട്‌. ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കുക; ഉത്പാദനമേഖല കേന്ദ്രീകരിച്ച്‌ സംഭരണ കേന്ദ്രങ്ങൾ തുടങ്ങുക; ജില്ലാ അടിസ്ഥാനത്തിൽ വിപുലമായ സജ്ജീകരണങ്ങൾ സൃഷ്ടിക്കുക. ഇങ്ങനെ തൊഴിലവസരങ്ങൾ നിരവധിയാണ്‌. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം തന്നെ മാറ്റിയെഴുതാൻ നീരവ്യവസായത്തിനു കഴിയും.
നാളികേര ബോർഡും കേരള കാർഷിക സർവ്വകലാശാലയും നീര ഉത്പാദനത്തിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകും. നീര ഉത്പാദനം മാത്രമല്ല, അതിന്റെ സംസ്ക്കരണവും, സംഭരണവും, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവുമെല്ലാം പ്രായോഗികമാക്കുന്നതിന്‌ ബോർഡ്‌ സാങ്കേതികവിദ്യകൾ ലഭ്യമാക്കും. ബോർഡിന്റെ നാളികേര ടെക്നോളജി മിഷൻ പദ്ധതി പ്രകാരം ഇത്തരം യൂണിറ്റുകൾക്ക്‌ 25 ശതമാനം സാമ്പത്തിക സഹായം നൽകാനും സാധിക്കും.
കേരളത്തിനകത്തും പുറത്തും വിദേശത്തും വിപണന സാദ്ധ്യതയേറെയുള്ള ഉൽപന്നമാണ്‌ നീരയെന്ന്‌ മറ്റ്‌ നീരയുത്പാദക രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നുണ്ട്‌. കരിക്കിൻ വെള്ളത്തിന്‌ ആരോഗ്യപാനീയമെന്ന നിലയ്ക്ക്‌ അടുത്തിടെ ലഭിച്ച അംഗീകാരത്തേക്കാൾ കൂടുതൽ പ്രചാരം നീരക്കും ലഭ്യമാകുമെന്നതിൽ ആശങ്കവേണ്ട. കൂടുതൽ സ്വാദിഷ്ടമായ പോഷക പാനീയമെന്ന നിലയ്ക്ക്‌ നീരയുടെ സ്വീകാര്യത ഏറിയിരിക്കും.
2014 ഏപ്രിൽ ഒന്നു മുതൽ ആസിയാൻ രാജ്യങ്ങളിലെ കാർഷിക ഉൽപന്നങ്ങളും നമ്മുടെ വിപണിയിലേക്ക്‌ എത്തിതുടങ്ങും. നീര മാത്രമല്ല, എല്ലാ കാർഷികോൽപന്നങ്ങളും അവയുടെ മൂല്യവർദ്ധിതോൽപന്നങ്ങളും ഇറക്കുമതിച്ചുങ്കമില്ലാതെയായിരിക്കും നമ്മുടെ വിപണികളിൽ ലഭ്യമാകുക. നീരയുൽപന്നങ്ങളും ഇതേരീതിയിൽ നമ്മുടെ വിപണിയിൽ നിരന്നുകഴിഞ്ഞാൽ നമ്മുടെ സംസ്ഥാനത്തിന്റെ നീരയുത്പാദന സാദ്ധ്യതയ്ക്ക്‌ മങ്ങലേൽക്കുകയാണ്‌ ചെയ്യുന്നത്‌.
നേട്ടങ്ങൾ വേറെയും!
തെങ്ങോന്നിന്‌ ഒരു ലിറ്റർ നീര ലഭിക്കുകയും ഉപഭോക്തൃ വിലയുടെ 50 ശതമാനം കർഷകനും, 25 ശതമാനം നീര ടെക്നീഷ്യൻമാർക്കും, ബാക്കി 25 ശതമാനം സംസ്ക്കരണത്തിനും വിപണനത്തിനുമെന്നു കരുതാം.കേരളത്തിലെ സാമ്പത്തിക നിലയിൽ ആശാവഹമായ ഉയർച്ച ഇതുവഴി ഉണ്ടാകും.
സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളിൽ നിന്നും നീര ടാപ്പ്‌ ചെയ്ത്‌ ലിറ്ററിന്‌ നൂറു രൂപ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ലഭ്യമാകുന്ന പ്രതിവർഷ വരുമാനം 54,000 കോടി രൂപയാണെന്നു കണക്കാക്കുന്നു. ഇതിൽ കർഷകന്‌ ലഭിക്കുന്നത്‌ 27,000 കോടിയും ടെക്നീഷ്യൻസിന്‌ 13,500 കോടിയും സംസ്ഥാനത്തിന്‌ അധിക നികുതി വരുമാനമായി 4,050 കോടിയും കണക്കാക്കാം. നീരയുത്പാദനത്തിൽ നിന്നും കർഷകർക്ക്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പിയിലേക്കു മുതൽക്കൂട്ടാകുന്നു. കർഷകരുടെ സാമ്പത്തിക നേട്ടത്തിനുപുറമേ ഗ്രാമീണ പുരോഗതിയും സാമൂഹ്യനേട്ടങ്ങളും ഒപ്പമുണ്ടാകും. സുസ്ഥിര കാർഷികാദായവും അതുവഴി ജീവിതനിലവാര ഉയർച്ചയും നമ്മുടെ കൃഷിക്കാരേയും തൊഴിലാളികളേയും തേടിയെത്തും.
കേരളത്തിലാകെയുള്ളത്‌ മുപ്പതിനായിരത്തിൽ താഴെ മാത്രം കള്ള്‌ ചെത്തുതൊഴിലാളികളാണ്‌. ചെത്താൻ പെർമിറ്റുള്ള തെങ്ങുകൾ 5 ലക്ഷം മാത്രവും. ഇവിടുത്തെ ചെത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ആശങ്ക അസ്ഥാനത്താണ്‌. 10 ശതമാനം തെങ്ങുകളിൽ നീര ഉത്പാദനത്തിന്‌ 10 ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്‌. എന്നാൽ ഇന്നുള്ളത്‌ കേവലം 29500 തൊഴിലാളികൾ മാത്രമാണ്‌. മാത്രമല്ല ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ നീരയിലൂടെ പുതിയതായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ടൊരു മുന്നേറ്റത്തിനും നീര വഴിയൊരുക്കും. കൊച്ചുകുട്ടികൾ തുടങ്ങി, ഏതുപ്രായക്കാരിലും ആരോഗ്യപാനീയമെന്ന നിലയിലും, ആരോഗ്യ സംരക്ഷണ വസ്തുക്കളെന്നനിലയിലും പരിഗണിക്കപ്പെടുമ്പോൾ, മാറുന്നത്‌ നമ്മുടെ സാമൂഹ്യരംഗം അപ്പാടെയാണ്‌. സാമൂഹ്യവളർച്ചയ്ക്ക്‌ നാന്ദികുറിക്കാനുതകുന്ന ഭക്ഷ്യസംരക്ഷണവും ആരോഗ്യ സുരക്ഷയുമല്ലേ നമുക്കുവേണ്ടത്‌? ഗ്രാമീണ ജനതയുടെ സാമ്പത്തികസ്ഥിതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പ്രാപ്തിയുള്ള ഒരു ഭക്ഷ്യ സംസ്ക്കരണ  വ്യവസായമെന്ന നിലയിൽ നീരയെ ഏവരും കാണണം.
വരാനിരിക്കുന്നത്‌ സമൃദ്ധിയുടെ നാളുകൾ എന്ന്‌ തിരിച്ചറിഞ്ഞ്‌, സമീപനത്തിൽ സമഗ്രമാറ്റം വരുത്തി നീര സ്വപ്നം നമുക്ക്‌ സാക്ഷാത്ക്കരിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...