മിനി മാത്യൂ
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്
കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടാൻ പര്യാപ്തമായ സാമ്പത്തിക വിപ്ലവത്തിന് നീര നിദാനമാകും. റബ്ബറിന്റെ ആവിർഭാവം കേരളത്തിലുണ്ടാക്കിയ പുരോഗതിയേക്കാളും ശക്തമായ സ്വാധീനമായിരിക്കും നീരയിലൂടെ സമൂഹം ദർശിക്കാൻ പോകുന്നത്. റബ്ബറുണ്ടാക്കിയ മാറ്റം ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നുവേങ്കിൽ നീരയുടേത് കേരളത്തിലെ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നതായിരിക്കും. കാരണം ഒന്ന് രണ്ട് തെങ്ങുകളെങ്കിലും നട്ടുവളർത്താത്ത വീടുകൾ ഇല്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ വൻ സാമ്പത്തിക വളർച്ചയ്ക്കും അതുവഴി ശക്തമായ സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിനും 'നീര' നൽകാൻ പോകുന്ന പങ്ക് വളരെ വലുതാണ്. നീരയുടെ ടാപ്പിംഗ് പ്രാബല്യത്തിലാകുന്നതോടെ വൻതൊഴിൽ സാദ്ധ്യതകൾക്കാണ് വഴിതുറക്കുന്നത്.
നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നമായ 'തെങ്ങിൻ ചക്കര' ഗ്രാമീണ ജനതയുടെ ദാരിദ്ര്യത്തിനുള്ള മറുമരുന്നായി നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഏഴു ദശാബ്ദങ്ങൾക്കു മുമ്പ് വിഭാവനം ചെയ്തിരുന്നു. 'നീര' ഉത്പാദനത്തിലൂടെ ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു. കൽപവൃക്ഷത്തിന്റെ വിടരാത്ത പൂങ്കുലയിൽ നിന്നൂറി വരുന്ന ഔഷധ ഗുണവും രുചിയുമുള്ള പാനീയമാണ് നീര. അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും മെച്ചപ്പെട്ട കലവറയാണിത്. ഈ പാനീയത്തെ പുളിക്കുവാൻ അനുവദിച്ചാൽ ലഹരിയുള്ള കള്ളാകും. ഇത് നൈസർഗികമായി നടക്കുന്ന പ്രക്രിയയാണ്.നീരയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളാണ് തെങ്ങിൻ ചക്കര, പാം ഷുഗർ, സിറപ്പ്, പാം ഹണി, സിപ്-അപ,് മിഠായി എന്നിവ. വിലയിടിവിനാൽ നട്ടം തിരിയുന്ന ലക്ഷോപലക്ഷം കേരകർഷകരുടെയും തെങ്ങുചെത്തുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ടാപ്പിംഗ് തൊഴിലാളികളുടെയും ശോചനീയമായ ഭാവി മാറ്റിമറിക്കുവാൻ ഉതകുന്ന ഉൽപന്നങ്ങളാണിവയെല്ലാം. തെങ്ങ് ലോകത്തെമ്പാടുമുള്ള ഫലവൃക്ഷങ്ങളിൽ ഏറ്റവും ആദായം നൽകാൻ കഴിവുള്ള വിളയാവാനുള്ള സാദ്ധ്യതയ്ക്കാണിവിടെ വഴി തുറക്കുന്നത്. 'കൽപവൃക്ഷത്തിന്റെ നാടായ കേരളം ദൈവത്തിന്റെ സ്വന്തം നാട്' തന്നെയെന്ന കവി ഭാഷ്യം അന്വർത്ഥമാവുകയാണിവിടെ.
നീരയും കള്ളും വ്യത്യസ്തമായി നിർവചിക്കപ്പെടാത്ത സാഹചര്യത്തിൽ തെങ്ങ്, പന, ഈന്തപ്പന തുടങ്ങിയ ജാനസ്സിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നുത്പാദിപ്പിക്കുന്ന പുളിച്ചതും പുളിക്കാത്തതുമായ എല്ലാ പാനീയങ്ങളും അബ്കാരി ആക്ടിന്റെ പരിധിയിലാണ്. അതുകൊണ്ടു തന്നെ നീര കേരളത്തിൽ യാഥാർത്ഥ്യമാകണമെങ്കിൽ സംസ്ഥാനം രൂപീകൃതമാകുന്നതിനു മുൻപ് നിർമ്മിക്കപ്പെട്ട ഈ നിയമത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തണം.
വിലയിടിവിലേക്ക് കൂപ്പു കുത്തുന്ന കേരവിപണിയിൽ കാര്യക്ഷമമായ ഉണർവുണ്ടാകണമെങ്കിൽ നീര യാഥാർത്ഥ്യമായേ മതിയാകൂ. നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ മാത്രം വിലസ്ഥിരത കൈവരിക്കുവാൻ സാധിക്കുന്ന കേരവിപണിയിൽ നീര വിപ്ലവകരമായ മാറ്റങ്ങൾ തന്നെ സൃഷ്ടിക്കും. തെങ്ങുകൃഷിയുള്ള കർണ്ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും നീര അബ്കാരി ആക്ടിന്റെ പരിധിയിൽപ്പെടുന്നില്ല. ലോകത്തിലെ 94 നാളികേരോത്പാദക രാജ്യങ്ങളിൽ ഇന്ത്യയൊഴികെ 93 രാജ്യങ്ങളും നീരയെ അബ്കാരി ആക്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. 111 വർഷങ്ങൾക്കു മുൻപുണ്ടാക്കിയ അബ്കാരി ആക്ട് 1967ൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പകർത്തിയെഴുതിയപ്പോൾ നിർവചനത്തിലുണ്ടായ അശ്രദ്ധ കൊണ്ട് നീര മദ്യത്തിന്റെ ഗണത്തിൽ ഉൾപ്പെട്ടതിനാൽ കേരളത്തിൽ നീര ഉത്പാദനം അസാദ്ധ്യമാകുകയും അതോടൊപ്പം ലക്ഷക്കണക്കിന് തൊഴിൽ സാധ്യതകൾ ഇതിനോടകം നഷ്ടപ്പെടുകയും ചെയ്തു.
കള്ള് ചെത്ത് വ്യവസായമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം നിർദ്ദേശിക്കുവാനും നീരയുടെ ഉത്പാദനവും വിപണനവും സംബന്ധിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ഇക്കഴിഞ്ഞ ജനുവരി 15ന് പ്രത്യേക ഉത്തരവിലൂടെ സർക്കാർ നിയോഗിച്ച കമ്മിറ്റി ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. തുടർ നടപടിയായി ഗവൺമന്റ് തലത്തിൽ എടുക്കുന്ന അനുകൂല തീരുമാനത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ ലക്ഷോപലക്ഷം കർഷകരും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടാപ്പിംഗ് തൊഴിലാളികളും.
സാമ്പത്തിക നേട്ടവും തൊഴിൽ
സാദ്ധ്യതകളും
കേരളത്തിലെ 18 കോടി തെങ്ങുകളിൽ ഒരു ശതമാനം തെങ്ങിൽ നിന്നെങ്കിലും നീര ഉത്പാദിപ്പിച്ചാൽ 5400 കോടി രൂപയുടെ അധിക വരുമാനം കേരളത്തിന്റെ സമ്പട് വ്യവസ്ഥയിലുണ്ടാവും. 10 ശതമാനവും തെങ്ങുകൾ നീരയുത്പാദനത്തിനായി മാറ്റിവെച്ചാൽ 54,000 കോടിയുടെ അധിക വരുമാനമാണുണ്ടാവുക. നീര ടാപ്പിംഗും, സംസ്ക്കരണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിന്റെ ആദ്യപടിയായി ബഹുമാനപ്പെട്ട ധനമന്ത്രി കേരളത്തിലെ 10 പ്രമുഖ കേരോത്പാദക ജില്ലകളിൽ പെയിലറ്റ് പ്ലാന്റ് ആരംഭിക്കുന്നതിനായി ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 15 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.
കേരളത്തിൽ ആകെയുള്ള തെങ്ങുകളുടെ 1 ശതമാനം നീരയുത്പാദനത്തിന് വിധേയമാക്കിയാൽതന്നെ സംസ്ഥാനത്ത് 1 ലക്ഷം നീര ടെക്നീഷ്യന്മാരെ ആവശ്യമായി വരും. 10 ശതമാനം തെങ്ങുകൾ ടാപ്പിംഗിനായി നൽകിയാൽ 10 ലക്ഷം നീര ടെക്നീഷ്യന്മാരെ കേരളത്തിൽ സൃഷ്ടിക്കേണ്ടി വരും. ടാപ്പിംഗിനുശേഷം വ്യക്തമായ ഒരു ഉത്പാദന പ്രക്രിയയിലൂടെ കടന്നുപോയിട്ടാണ് പായ്ക്കറ്റിലാക്കിയ നീരയായി ഉപഭോക്താവിലെത്തുന്നത്. ഉത്പാദന മേഖല കേന്ദ്രീകരിച്ച് പ്രാഥമിക സംഭരണ കേന്ദ്രങ്ങൾ ആവശ്യമാണ്. നീര ടാപ്പിംഗിനുശേഷം പ്രാഥമിക സംഭരണ കേന്ദ്രത്തിലെത്തിച്ച് അവിടെ ആദ്യപടിയായുള്ള സംസ്ക്കരണം നടത്തിയതിനു ശേഷം ജില്ലാടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഒരു സംസ്ക്കരണ, പായ്ക്കിംഗ് യൂണിറ്റിലേക്ക് കൊണ്ടുപോയി തുടർ സംസ്ക്കരണവും പായ്ക്കിംഗും ചെയ്യുന്ന രീതി അവലംബിക്കാവുന്നതാണ്. ഇത്തരത്തിൽ പ്രാഥമിക സംസ്ക്കരണ കേന്ദ്രങ്ങളിലും പായ്ക്കിംഗ് യൂണിറ്റുകളിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലൂടെ ഗ്രാമീണ മേഖലയ്ക്ക് ലഭിക്കുന്ന വരുമാനം വളരെ വലുതാണ്. കൂടുതൽ വരുമാനം വരുന്നതിനനുസൃതമായി കാർഷിക മേഖലയിലെ നിക്ഷേപങ്ങളും വർദ്ധിക്കുന്നു. കാർഷിക മേഖലയിലെ നിക്ഷേപങ്ങളിലൂടെ വ്യവസായ പുരോഗതിയും ഉയർന്ന വളർച്ചാ നിരക്കും സാക്ഷാത്കരിക്കാവുന്നതാണ്. ഇത്തരത്തിൽ ഗ്രാമീണ മേഖലയ്ക്കു തൊഴിലും പുരോഗതിയും വരുമാനവും പ്രദാനം ചെയ്യുന്ന വിളയായി തെങ്ങു മാറുമ്പോൾ കർഷക വിലാപങ്ങൾക്കും അറുതി വരും.
12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആസൂത്രിതമായ രീതിയിൽ നീരയുത്പാദനവും വിപണനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ പുരോഗതിയാണ് കൈവരിയ്ക്കുക. അന്തരീക്ഷ മലിനീകരണമോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളോ തീരെയില്ലാത്ത ഒരു കാർഷിക വ്യവസായമാണ് നീരയിലൂടെ ലക്ഷ്യമിടുന്നത്.
ചെത്ത് തൊഴിലാളി സംഘടനകളുടെ ഭയാശങ്കകൾ അടിസ്ഥാനരഹിതം
കേരളത്തിലെ ക്ഷേമനിധി ബോർഡുകളിൽ പ്രഥമസ്ഥാനം വഹിച്ചിരുന്നതും സർക്കാരിന്റെ സാമ്പത്തിക കാര്യ പ്രവർത്തനങ്ങൾക്ക് ഏറെ താങ്ങും തണലുമായി നിന്ന ഏക ക്ഷേമനിധി ബോർഡാണ് ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ്. ശുദ്ധമായ കള്ള് വിപണിയിലെത്തിച്ച് പകലന്തിയോളം പാടത്തും പറമ്പിലുമായി പണിയെടുത്തിരുന്ന കർഷകനും തൊഴിലാളിക്കും ഊർജ്ജവും ഉണർവ്വും നൽകിയിരുന്ന ഒരു സുവർണ്ണകാലഘട്ടം കേരളത്തിന്റെ കള്ള് ചെത്ത് വ്യവസായ മേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ഊർജ്ജസ്വലത മറ്റ് മേഖലകളിലേക്ക് വഴിമാറിയിരിക്കുന്നു. ഏതാനും വർഷങ്ങളായി 'കള്ള് വ്യവസായം' നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ച ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചു. നിലവിൽ തിരുവന്തപുരം ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ 'കള്ള് വ്യവസായം' തന്നെ നിലച്ച മട്ടാണ്. ഇതുമൂലം തൊഴിലാളികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടപ്പെടുന്നൊരു സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രവണതയ്ക്കൊരു മാറ്റത്തിന് കൂടിയാണ് നീര ഉത്പാദനത്തിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്.
കേരകർഷകർക്കും തൊഴിലാളിക്കും സ്ഥിരവും മാന്യവുമായ വരുമാനം ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട ഏറ്റവും മികച്ച നടപടിയാണ് നീര ഉത്പാദിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത്. നീര ഉത്പാദനം സംബന്ധിച്ച ആശങ്കകൾക്കൊപ്പം തെറ്റിദ്ധാരണകളും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തീർത്തും കേരകർഷക-തൊഴിലാളി ദ്രോഹ നടപടിയാണ്. യഥാർത്ഥത്തിൽ ടാപ്പിംഗിനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കിയവരെയാണ് നീര ടാപ്പിംഗിനായി നിയോഗിക്കുക. നാളികേരവുമായി ബന്ധപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനോടൊപ്പം നാടിന്റെ സമ്പട്‌വ്യവസ്ഥയ്ക്ക് നാളികേരമെന്ന വിളയെ ഒരു മുതൽകൂട്ടാക്കുകയാണ് നാം ചെയ്യേണ്ടത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കൽപതരുവിനെ ലോകത്തെമ്പാടുമുള്ള ഫലവൃക്ഷങ്ങളിൽ ഏറ്റവും ആദായം നൽകുന്ന വിളകളിലൊന്നാക്കാനുള്ള താക്കോൽ നമ്മുടെ കയ്യിലുണ്ട്. ടാപ്പിംഗ് തൊഴിലാളികളുടെ വേതനത്തിൽ പ്രകടമായ വർദ്ധനവിനാണ് നീര പ്രാബല്യത്തിലാക്കുന്നതിലൂടെ പരിഹാരം കാണപ്പെടുന്നത്. ശരിയായ രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്താൽ 10 ലക്ഷത്തിൽ പരം "ഗ്രീൻ കോളർ" തൊഴിൽ അവസരങ്ങളാണ് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നത്. ഇപ്പോൾ തന്നെ ചെത്തു തൊഴിലാളികളുടെ വേതനം മറ്റുമേഖലകളിലുള്ളതിനേക്കാൾ കുറവാണ്. എന്നാൽ കാലോചിതമായ പരിഷ്കാരമുണ്ടാക്കുന്നതിനു നീര സഹായിക്കും.
കേരളത്തിൽ കള്ള് ചെത്ത് വ്യവസായ മേഖലയിൽ 29465 രജിസ്റ്റേർഡ് തൊഴിലാളികൾ മാത്രമാണ് തൊഴിൽ ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത് (അവ ലംബം: എക്സൈസ് ഡിപ്പാർട്ട്‌മന്റ്). എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചെത്തു തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം അപര്യാപ്തമാണെന്ന് ഈ മേഖലയിൽ നിന്നും ആളുകൾ പൈന്തിരിയുന്നതിൽ നിന്നും മനസ്സിലാക്കാം. അതേ സമയം പാലക്കാട് ജില്ലയിൽ ചെത്തുന്ന മൊത്തം തെങ്ങുകളുടെ എണ്ണം 5,22,755. ഒരു ചെത്തുതൊഴിലാളിക്ക് എക്സൈസ് മാനുവൽ പ്രകാരം ചെത്താവുന്ന പരമാവധി തെങ്ങുകളുടെ എണ്ണം 15 ആണ്. കണക്ക് പ്രകാരം പാലക്കാട് ജില്ലയിലുണ്ടാവേണ്ട തൊഴിലാളികളുടെ എണ്ണം 34,850. പാലക്കാട് ജില്ലയൊഴികെ മറ്റു ജില്ലകളിൽ ചെത്തുന്ന തെങ്ങുകളുടെ എണ്ണം 1,57,800 ഓളം മാത്രം. വിവരാവകാശ നിയമമനുസരിച്ച് എക്സൈസ് ഡിപ്പാർട്ട്‌മന്റിൽ നിന്നും ലഭ്യമായ കണക്കുകളിൽ പാലക്കാട് ജില്ലയിലെ തൊഴിലാളികളുടെ എണ്ണം കേവലം 5796 മാത്രം. തിരുവനന്തപുരം-414, കൊല്ലം-806, പത്തനംതിട്ട-422, ആലപ്പുഴ-2906, ഇടുക്കി-938, എറണാകുളം-4527, തൃശ്ശൂർ-4902, പാലക്കാട് 5796, വയനാട് -282, കോഴിക്കോട് -1163, കണ്ണൂർ-4517, കാസർകോട്-946. മലപ്പുറം-1127, കോട്ടയം-1000ലേറെ.
തിരുവനന്തപുരം ജില്ലയിൽ കള്ള് ഷാപ്പുകളൊന്നും പ്രവർത്തിക്കുന്നില്ലെന്നും ഇവിടെയുള്ള ചെത്തുതൊഴിലാളികൾ തൊഴിൽ രഹിതരാണെന്നും അറിയുന്നു. കൊല്ലം, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ നാമമാത്രമായി മാത്രമേ കള്ള് ചെത്തുന്നുള്ളൂ. മെച്ചപ്പെട്ട തെങ്ങുകൃഷിയുള്ള തിരുവനന്തപുരം ജില്ലയിൽ നീരയുത്പാദനത്തിന് അനന്തസാദ്ധ്യതകളാണുള്ളത്. നീര ചെത്തുന്നതിന് വൻ സാദ്ധ്യതകളാണ് കേരോത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ ഉള്ളത്. മലപ്പുറത്തും, കോഴിക്കോട്ടും ഉള്ളവർ പ്രമുഖ മതവിഭാഗങ്ങൾ നിഷ്കർഷിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന മതാചാരങ്ങൾ നിമിത്തം കള്ളു ചെത്തുന്നതിൽ വിമുഖരായിരുന്നു. എന്നാൽ മദ്യാംശം ഒട്ടുമില്ലാത്ത നീര പ്രാബല്യത്തിലായാൽ ഈ പ്രദേശത്തെ പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും ഈ രംഗത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ തൊഴിൽ രംഗത്ത് സ്വദേശി വത്ക്കരണത്തിലേക്ക് കടന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ വരും കാലങ്ങളിൽ ഗൾഫിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളുടെ എണ്ണത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുള്ള തൊഴിൽ രഹിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കാം. ഇങ്ങനെ തിരികെ നാട്ടിൽ എത്തുന്ന ഭൂരിപക്ഷം വരുന്ന യുവാക്കൾക്കും തൊഴിൽ പുനരധിവാസം നൽകേണ്ടിയിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ പുതിയ തൊഴിൽ മേഖലകളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന നീരയ്ക്ക് പ്രാധാന്യം ഏറുന്നത്. വിദേശ രാജ്യങ്ങളിൽ കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുത്താൽ ഒരു മാസം കൊണ്ട് ലഭിക്കുന്ന തുക ഇവിടെ ഒരാഴ്ച നീര ടാപ്പിംഗിലൂടെ നേടുവാൻ സാധിക്കും.
കഴിഞ്ഞ 10 വർഷമായി കാലാനുസൃതമായ വില വർദ്ധനവില്ലാതെ കള്ള് വിൽക്കുന്നതും നാടിന്റെ സമ്പട്‌വ്യവസ്ഥയ്ക്ക് കോട്ടമേൽപിക്കുന്ന സംഗതിയാണ്. നീരയ്ക്ക് ലിറ്ററിന് 150 മുതൽ 200 രൂപ വില ലഭിക്കുമ്പോൾ കള്ളിനും ന്യായമായും ഈ വില ലഭിക്കേണ്ടതാണ്. അതിനാൽ നീര ഫലത്തിൽ കള്ളു വ്യവസായത്തേയും ചെത്തു തൊഴിലിനെയും പോഷിപ്പിക്കുക മാത്രമാണ് ചെയ്യുക.
ഏകീകൃത വേതനത്തിന്റെ ആവശ്യകത
ഏകീകരിക്കപ്പെടേണ്ട ചെത്തു തൊഴിലാളി വേതന വ്യവസ്ഥ (ജില്ലാടിസ്ഥാനത്തിൽ)
കൊല്ലം 250 രൂപ
പത്തനംതിട്ട 398 രൂപ
ആലപ്പുഴ 300 രൂപ
എറണാകുളം 500 രൂപ
പാലക്കാട് 110 രൂപ
വയനാട് 462 രൂപ
കോഴിക്കോട് 346 രൂപ
ശരാശരി വേതനം 338 രൂപ
പാലക്കാട് ജില്ലയിൽ പണിയെടുക്കുന്ന ഭൂരിഭാഗം പേരും രജിസ്ട്രേഷൻ ഇല്ലാത്തവരും താൽക്കാലിക ജീവനക്കാരുമാണ്. ലിറ്ററിന് 5 രൂപ മുതൽ പരമാവധി 16 രൂപ വരെ മാത്രമാണ് ഇവർക്ക് ലഭിക്കുന്ന വേതനം. എക്സൈസ് ഡിപ്പാർട്ടുമന്റിന്റെ കണക്കനുസരിച്ച് 8,35,397 ലിറ്റർ കള്ള് കേരളത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം കണക്കാക്കിയാൽ പാലക്കാട് ജില്ലയിൽ മാത്രം കള്ളുത്പാദനം കാര്യക്ഷമമായി നടക്കുന്നു. 36000ൽ പരം തൊഴിലവസരങ്ങളാണ് പാലക്കാട് ജില്ലയിൽ മാത്രമുള്ളത്. നാളികേരോത്പാദനത്തിൽ ആറാം സ്ഥാനത്ത് മാത്രം നിൽക്കുന്ന പാലക്കാട,് ടാപ്പിംഗ് മേഖലയിൽ മാത്രം ഇത്രയേറെ തൊഴിലവസരങ്ങളുള്ളപ്പോൾ ഉത്പാദനരംഗത്ത് ആദ്യ അഞ്ചു സ്ഥാനത്ത് നിൽക്കുന്ന ജില്ലകളിൽ എത്രയേറെ തൊഴിലവസരങ്ങൾ ഉണ്ടാക്കാം! പാലക്കാട് ജില്ലയിൽ രജിസ്റ്റ്രേഷൻ ഇല്ലാത്ത താൽക്കാലിക ജീവനക്കാരെ നീര ടാപ്പിംഗ് മേഖലയിലേയ്ക്ക് ഉപയോഗപ്പെടുത്തിയാൽ എത്രയേറെ തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷയും നിർധനരായ ടാപ്പിംഗ് തൊഴിലാളികൾക്കുറപ്പാക്കാം. ഇത് കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞാൽ ലക്ഷത്തിൽപരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
'നീര ടെക്നീഷ്യൻ' ഭാവിയുടെ താരം
ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ബോർഡ് നടത്തുന്നത്. തെങ്ങു ചെത്തുന്നതിന് പ്രത്യേക വൈദഗ്ദ്യം ആവശ്യമാണ്. ഇതു മനസ്സിലാക്കിയാണ് വിവിധ ഏജൻസികളിലൂടെ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ച് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ആറു ദിവസത്തെ താമസിച്ചുള്ള യന്ത്രവത്കൃത തെങ്ങുകയറ്റ പരിശീലനത്തിലൂടെ 13,000ൽ പരം തെങ്ങിന്റെ ചങ്ങാതിമാരാണ് കേര ളത്തിൽ ഇപ്പോഴുള്ളത്. ഇവരിൽ മികച്ച ചങ്ങാതിമാരിൽ നിന്നും താൽപര്യമുള്ളവർക്ക് പരിശീലനം നൽകി നീര ടെക്നീഷ്യൻമാരാക്കാനാണ് തീരുമാനം.
തെങ്ങുകയറ്റ പരിശീലനം പൂർത്തിയാക്കിയ ഇവർ 500 മുതൽ 2000 രൂപ വരെ വരുമാനം നേടുന്നുണ്ട്. ഇവരിലൂടെ നാട്ടിലെ ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുകയുമാവാം. ടാപ്പ് ചെയ്തെടുക്കുന്ന നീരയുടെ വിലയുടെ 50 ശതമാനം തുക കർഷകർക്കും, 25 ശതമാനം തുക തൊഴിലാളിക്കും 25 ശതമാനം സംസ്ക്കരണ പ്രവർത്തനങ്ങൾക്കും എന്ന രീതിയിലാണ് കണക്കാക്കിയിരിക്കുന്നത്. ഇത് വേതനത്തിൽ വൻ വർദ്ധനവിന് കാരണമാക്കും. ഇതോടൊപ്പം നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്പാദക സംഘങ്ങൾക്കും അവയുടെ ഫെഡറേഷനുകൾക്കും നീര ഉത്പാദിപ്പിക്കാൻ അനുമതി നൽകിയാൽ കർഷകർക്കും തൊഴിലാളികൾക്കും കൂട്ടുത്തരവാദിത്വത്തിലൂടെ നീര ഉത്പാദനവും സംസ്ക്കരണവും സാധ്യമാക്കാം.
നീര ടാപ്പിംഗിൽ ബോർഡിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ എല്ലാ കൃഷിക്കാർക്കും നീര ടാപ്പിംഗിന് അനുവാദം നൽകണമെന്നല്ല ബോർഡ് നിഷ്കർഷിക്കുന്നത്, മറിച്ച് നാളികേര ബോർഡിൽ രജിസ്റ്റർ ചെയ്ത 3000ത്തോളം സിപിഎസുകളിൽ അംഗങ്ങളായ കേരകർഷകർക്കും അവയുടെ അപ്പെക്സ് ബോഡിയായ 125 ഫെഡറേഷനുകൾക്കും നീര ചെത്തുവാൻ അനുവാദം നൽകിയാൽ മതിയെന്നാണ്. ഇപ്രകാരം ചെയ്യുകയാണെങ്കിൽ യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ നീര സംസ്ക്കരണം പ്രാബല്യത്തിലാക്കാവുന്നതാണ്.
ഇതോടൊപ്പം നീര പ്രാബല്യത്തിൽ വരുമ്പോൾ ദേശീയ ഭക്ഷ്യ സുരക്ഷ ആക്ട് (എഫ് എസ് എസ്‌എ) പ്രകാരം മായം ചേർത്തതോ പുളിച്ചതോ ആയ നീര മാർക്കറ്റിൽ വിൽക്കുവാൻ സാധ്യമല്ല. ഇപ്രകാരം ചെയ്താൽ കടുത്ത ശിക്ഷാ നടപടികളാണ് ആക്ടിൽ നിഷ്കർഷിച്ചിട്ടുള്ളത്. സാധാരണ സി ക്ലാസ് കടകളിൽപോലും എഫ്‌എസ്‌എസ്‌എ നിയമം (എടടഅ അരി) നിർബന്ധമാക്കിയ സംസ്ഥാനമാണ് കേരളം. വിൽപന നടത്തുന്ന ഭക്ഷ്യോൽപന്നങ്ങളുടെ ഗുണമേന്മയോടൊപ്പം അതിലടങ്ങിയ ഘടകങ്ങളെ സംബന്ധിച്ചും അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്.
ലൈസൻസ് എടുത്തിട്ടുള്ള തെങ്ങ് ടാപ്പ് ചെയ്യുന്ന നീര ടെക്നീഷ്യന്മാർക്ക് കള്ള് ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡിലും രജിസ്റ്റർ ചെയ്യാം. ഇതു വഴി ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങൾ കൂടി ലഭിയ്ക്കും. ഈ രീതികൾ പ്രാബല്യത്തിലാക്കിയാൽ ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിന് ഗതകാല പ്രൗഢി വീണ്ടെടുക്കാനുള്ള സാഹചര്യമൊരുങ്ങുകയും സർക്കാർ ഖജനാവിന് വൻ മുതൽകൂട്ടാവുകയും ചെയ്യും.