നീരയെ യുക്തിസഹമല്ലാത്ത അബ്കാരി നിയമത്തിൽ നിന്ന്‌ മോചിപ്പിക്കുകബാബു ജോസഫ്‌
കർഷക പ്രതിനിധി, നീര ഉന്നതത്തലകമ്മറ്റി

കേരം തിങ്ങും കേരള നാട്ടിൽ പിറന്ന മലയാളിക്കും ഇനി കേരവൃക്ഷം ചുരത്തുന്ന നീരയെന്ന മധുരപാനീയം താമസംവിനാ നുകരാം. കേരളത്തിലെ 42 ലക്ഷത്തിൽപ്പരം വരുന്ന കേരകർഷകരുടെ ഉത്തമ താൽപര്യവും പ്രതീക്ഷകളും, ആയിരക്കണക്കിനുള്ള ചെത്തുതൊഴിലാളികളുടെ ആശങ്കകളും, കേരളത്തിലെ മദ്യവർജ്ജന പ്രസ്ഥാനങ്ങളുടെ സംശയങ്ങളും മുന്നിൽ കണ്ട്‌ അവരുടെ താൽപര്യങ്ങൾ പരിരക്ഷിക്കുന്നതിനുള്ള ശ്രമമായിരുന്നു കള്ള്‌ ചെത്ത്‌ വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരം നിർദ്ദേശിക്കുവാനും, നീരയുടെ ഉത്പാദനവും വിതരണവും സംബന്ധിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച ഉന്നതത്തല കമ്മിറ്റിയുടെ റിപ്പോർട്ടിൽ നടത്തിയിട്ടുള്ളത്‌. ഇതിലൂടെ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫെഡറേറ്റഡ്‌ കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ സോസൈറ്റികൾക്കും (സിപിഎസ്‌) അവയുടെ ഫെഡറേഷനുകൾക്കും, പ്രോഡ്യൂസേഴ്സ്‌ കമ്പനികൾക്കുമാണ്‌ എക്സൈസ്‌ വകുപ്പ്‌ നീരയും അതിന്റെ ഉൽപന്നങ്ങളും ഉണ്ടാക്കുവാൻ നൽകുന്ന ലൈസൻസിന്‌ അർഹത ലഭിക്കുന്നത്‌. ഇത്‌ നാളികേര ബോർഡിന്റെ കീഴിൽ രൂപീകരിച്ചുവരുന്ന സിപിഎസുകൾക്കുള്ള അംഗീകാരം കൂടിയാണ്‌. അമൂൽ മോഡലിൽ നീര സംഭരിച്ചും അതിൽനിന്ന്‌ മൂല്യാധിഷ്ഠിത ഉൽപന്നങ്ങൾ നിർമ്മിച്ചും കേരകർഷക കൂട്ടായ്മകൾ കേരള കാർഷികരംഗത്ത്‌ മാറ്റത്തിന്‌ തയ്യാറാവുകയാണ്‌. കേരശ്രീ ക്ലസ്റ്റേഴ്സ്‌ ഫെഡറേറ്റ്‌ ചെയ്യപ്പെടുകയാണെങ്കിൽ അവർക്കും നീര ഉത്പാദിപ്പിക്കാനാകും. കർഷകർക്ക്‌ വിൽപന വില നിയന്ത്രിക്കാനാകുമെന്നതിനാലും നീരയ്ക്ക്‌ 100 രൂപയ്ക്കുമേൽ മാർക്കറ്റ്‌ വിലയുള്ളതിനാലും 25 മുതൽ 50 രൂപ വരെ ലിറ്ററിന്‌ വില ലഭ്യമാക്കാം. ഇപ്പോൾ കള്ളിന്‌ ലഭിക്കുന്ന (ലിറ്ററിന്‌ 1.50 - 4.00 രൂപ വരെ) തുച്ഛമായ വിലയ്ക്ക്‌ പകരമാണിത്‌.
നീര ചെത്തുമേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും കേരള കള്ള്‌ ചെത്ത്‌ ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്‌. ഇപ്പോൾ കള്ള്‌ ചെത്ത്‌ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും നീര ഉത്പാദനത്തിൽ ഭാഗഭാക്കാകാവുന്നതാണ്‌. ഇതുമൂലം ഇപ്പോൾ ചെത്തു തൊഴിലാളികൾക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നതുകൂടാതെ ഫാർമേഴ്സ്‌ പ്രോഡ്യൂസേഴ്സ്‌ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതവും ലഭ്യമാക്കാവുന്നതാണ്‌. കള്ള്‌ ചെത്ത്‌ മേഖലയിൽ പ്രവർത്തിക്കുന്ന നല്ല തൊഴിലാളിസമിതികൾക്കും നീര ഉത്പാദനത്തിന്‌ എക്സൈസ്‌ ലൈസൻസ്‌ ലഭിക്കുന്നതാണ്‌. നീര ഉത്പാദനത്തിൽ ഇടത്തട്ടുകാർ ഇല്ലാത്തതിനാൽ കർഷകർക്കും തൊഴിലാളികൾക്കും മികച്ച പ്രതിഫലം ലഭിക്കും. ഇതുമൂലം കേരളത്തിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ തുറക്കപ്പെടുകയാണ്‌. നാളികേര ബോർഡും കേരള കാർഷിക സർവ്വകലാശാലയും നീര ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളും ആരംഭിക്കുന്നതാണ്‌.
കേരളത്തിലെ മദ്യ വർജ്ജന പ്രസ്ഥാനങ്ങളുടെ സംശയങ്ങളും പരിഗണിക്കേണ്ടതുണ്ട്‌. ഇന്ത്യയിൽ ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ നിയന്ത്രിക്കുന്നതിന്‌ എഫ്‌എസ്‌എസ്‌എഐ നിയമം ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ട്‌ എന്നതിനാൽ ദുരുപയോഗം പൂർണ്ണമായും തടയപ്പെടുന്നതാണ്‌. കള്ളും ഈ നിയമത്തിനു കീഴിലാക്കുവാൻ എക്സൈസ്‌ വകുപ്പ്‌ തയ്യാറായാൽ വ്യാജക്കള്ള്‌ പൂർണ്ണമായും നിലയ്ക്കുന്നതാണ്‌. കള്ള്‌ വ്യവസായത്തിൽ ഇപ്പോൾ നടക്കുന്നത്‌ നഗ്നമായ നിയമലംഘനമാണ്‌.
നീരയും അതിന്റെ ഉൽപന്നങ്ങളും ലോകമെങ്ങും കാർഷികോൽപന്നങ്ങളായി പരിഗണിക്കുന്നതിനാൽ 1.4.2014 മുതൽ ആസിയാൻ രാജ്യങ്ങളിൽ നിന്ന്‌ മറ്റെല്ലാ കാർഷിക ഉൽപന്നങ്ങളും പോലെ നീരയും ഇന്ത്യയൊട്ടാകെ ഇറക്കുമതി ചുങ്കം കൂടാതെ ഇറക്കുമതി ചെയ്യും. സമാന ഉൽപന്നങ്ങൾക്ക്‌ തദ്ദേശീയമായി ഈടാക്കുന്ന നികുതിയേക്കാൾ കൂടിയ നികുതി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്‌ ഈടാക്കുവാൻ കരാർ അനുവദിക്കാത്തതിനാൽ സർക്കാരിനു സാമ്പത്തിക നഷ്ടവും വരുന്നതാണ്‌. ആയതിനാൽ നീര 2014 മാർച്ച്‌ 31നകം തദ്ദേശീയ മാർക്കറ്റിൽ ഇറക്കേണ്ടതുണ്ട്‌.
റിപ്പോർട്ടിൽ നിർദ്ദേശിച്ച പ്രകാരം കേരള അബ്കാരി ആക്ടിലും റൂൾസിലും അടിയന്തിരമായി ഭേദഗതി വരുത്തേണ്ടതുണ്ട്‌. കേരളാ അബ്കാരി ആക്ടിൽ നീരയെ സംബന്ധിച്ച പരാമർശങ്ങൾ താഴെ ചേർക്കുന്നു.
വകുപ്പ്‌ 3 (10)
വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന എല്ലാ ദ്രാവകങ്ങളും മദ്യത്തിലുൾപ്പെടുന്നു.
വകുപ്പ്‌ 3(8)
കള്ള്‌ എന്നാൽ തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളുമാണ്‌.
വകുപ്പ്‌ 3(12)
നാടൻ മദ്യമെന്നാൽ കള്ളോ, ചാരായമോ ആണ്‌.
ഇവിടെ വകുപ്പ്‌ 3(3)ൽ പറയുംപോലെ നീര മദ്യമല്ല, പകരം പൂജ്യം ശതമാനം ആൾക്കഹോൾ ഉള്ള ശുദ്ധമായ ശീതളപാനീയമാണ്‌. 3(8)ഉം, 3(10) പ്രകാരം നീരയെ കള്ളായിതന്നെ നിർവ്വചിച്ചിരിക്കുന്നു. നീര ഉത്പാദനം കർഷക സംഘടനകൾ ഏറ്റെടുക്കുന്നതിനു മുമ്പായി നീരയെ കൺട്രിലിക്കറും, കള്ളുമാക്കുന്ന ദുഷ്പേര്‌ ഒഴിവാക്കേണ്ടതുമുണ്ട്‌. ചക്കര, പാനി, കോക്കനട്ട്‌ ഷുഗർ എന്നിവയും ഈ ദുഷ്പേരിൽനിന്നും ഒഴിവാക്കണം.
നീര നൂറു ശതമാനവും ശുദ്ധമായി നില നിർത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇപ്പോൾ ലഭ്യമാണ്‌. ആയതിനാൽ യുക്തിസഹമല്ലാത്ത നിബന്ധനകൾ കേരള അബ്കാരി നിയമത്തിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്‌. 20-​‍ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ്‌ ഇന്ത്യയിൽ രൂപപ്പെടുത്തിയ (1902) അബ്കാരി നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ച്‌ ആസിയാൻ കരാർ പ്രാബല്യത്തിൽ വരുന്ന 1.4.2014 എന്ന അന്തിമസമയത്തിനു മുമ്പായി നീര യാഥാർത്ഥ്യമാക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ