21 Jun 2013

നീരയും കേരവും കേരളവും


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്

കേരളത്തിലാകമാനം കേരകർഷകർ നീരയുത്പാദനത്തിനുള്ള സംസ്ഥാന ഗവണ്‍മന്റിന്റെ അനുമതിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. തെങ്ങിൻ പൂക്കുലയിൽ നിന്നുത്പാദിപ്പിക്കുന്ന, മദ്യാംശം തീരെയില്ലാത്ത പ്രകൃതിദത്ത ജ്യൂസ്‌ ആണ്‌ നീര. അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടേയും കലവറയാണ്‌ ഈ ഉൽപന്നം. കാർബോളിക്‌ അമ്ലമായ ഫിനോളിന്റെ സാന്നിദ്ധ്യവും ഏറ്റവും കുറഞ്ഞ  ഗ്ലൈസെമിക്‌ ഇൻഡക്സും (GI 35) ഉള്ള ഈ ഉൽപന്നത്തെ ആരോഗ്യരംഗവും ഉറ്റുനോക്കുന്നു.
94 നാളികേരോത്പാദക രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമേ നീര ഉത്പാദിപ്പിക്കുവാൻ നിയമ തടസ്സമുള്ളു. ബാക്കിയുള്ള 93 രാജ്യങ്ങളിൽ കോക്കനട്ട്‌ നെക്ടർ, കോക്കനട്ട്‌ ഫ്ലവർസാപ്‌, കോക്കനട്ട്‌ വൈൻ എന്നീ പേരുകളിൽ നീരയുത്പാദിപ്പിക്കുന്നുണ്ട്‌. പല വിദേശരാജ്യങ്ങളും നീര ഉത്പാദനത്തിലൂടെയും വിപണനത്തിലൂടേയും അതുവഴി വിദേശനാണ്യം നേടിയെടുക്കുന്നതിലും മുൻപന്തിയിലാണ്‌. ഇന്ത്യയിൽ തന്നെ മഹാരാഷ്ട്രയിലും ഗോവയിലും നീര ഉത്പാദനത്തിന്‌ നിയമതടസ്സമില്ല. ലക്ഷ്വദ്വീപിലും, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, പോണ്ടിച്ചേരിയിലും നീര അബ്കാരി ആക്ടിന്റെ പരിധിയിലല്ല.  കർണ്ണാടക ഗവണ്‍മന്റിന്റെ ഹോർട്ടിക്കൾച്ചർ ഡിപ്പാർട്ട്‌മന്റിന്റെ കീഴിൽ രണ്ടു ജില്ലകളിൽ കർഷകരുടെ കൂട്ടായ്മകൾ നീരയുത്പാദിപ്പിച്ച്‌, സംസ്ക്കരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള 128 ലക്ഷം രൂപയുടെ പ്രോജക്ട്‌ പെയിലറ്റ്‌ അടിസ്ഥാനത്തിൽ ആരംഭിക്കുകയുണ്ടായി. നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതി പ്രകാരം ഇതിനുള്ള സാങ്കേതികവിദ്യയും  ചെലവിന്റെ 25 ശതമാനം സാമ്പത്തിക സഹായവും  ബോർഡ്‌ നൽകി കഴിഞ്ഞു. ഇവിടെയുത്പാദിപ്പിക്കുന്ന നീര വാണിജ്യാടിസ്ഥാനത്തിൽ  ഖാദി ആന്റ്‌ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ ബോർഡ്‌ വഴി വിപണനം നടത്താനാണുദ്ദേശിക്കുന്നത്‌.  മഹാരാഷ്ട്രയിൽ നിന്നും ഗോവയിൽ നിന്നും നീരയുത്പാദിപ്പിച്ച്‌ സംസ്ക്കരിച്ച്‌  സോഫ്ട്ഡ്രിങ്ക്സായും കോക്കനട്ട്‌ പാം ഷുഗറായും കയറ്റിയയയ്ക്കാനുള്ള നാല്‌ പ്രോജക്ടുകൾ വന്നു കഴിഞ്ഞു.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നീരയും കള്ളും ഒന്നുതന്നെയാണെന്നാണ്‌ ധാരണ. കള്ള്‌ എന്ന പാനീയം തെങ്ങിന്റെയും പനയുടെയും പൂങ്കുലയിൽ നിന്ന്‌ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികൾ പ്രത്യേക വൈദഗ്ദ്ധ്യം ഉപയോഗിച്ചു ടാപ്പ്‌ ചെയ്തെടുക്കുന്ന, പൂജ്യം ശതമാനം മദ്യാംശമുള്ള നീര പുളിപ്പിച്ച്‌ ഉണ്ടാവുന്ന ഉൽപന്നമാണ്‌. നീരയിൽ അൽപം പോലും മദ്യാംശമില്ലെന്നുള്ള കാര്യം അധികമാർക്കും അറിയില്ല. ഉയർന്ന പോഷകമൂല്യം നീരയെ നല്ല ആരോഗ്യപാനിയമെന്ന ഗണത്തിലുൾപ്പെടുത്തുന്നു. ഒരു സമ്പൂർണ്ണ ശീതള പാനീയമായും, വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിന്‌ ശുപാർശ ചെയ്യുന്ന ഫുഡ്‌ സപ്ലിമന്റ്‌ ആയും, ആസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ, അർശ്ശസ്‌ എന്നീ അസുഖങ്ങൾക്ക്‌ ഔഷധമായും നീര ശുപാർശ ചെയ്യപ്പെടുന്നു. മൂത്രതടസ്സത്തിനും മഞ്ഞപ്പിത്തത്തിനും നീര ഔഷധമാണെന്ന്‌ പറയപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണത്തിന്‌ സഹായിക്കുന്ന ഗ്ലൂട്ടാമിക്‌ ആസിഡ്‌ എന്ന അമിനോ ആസിഡ്‌ ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുന്നു.  നേത്രരോഗങ്ങൾക്കും എക്സിമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കുമുപയോഗിക്കുന്ന 'ഇനോസിറ്റോൾ' ധാരാളമായി നീരയിൽ അടങ്ങിയിരിക്കുന്നുവേന്ന്‌ കണ്ടിട്ടുണ്ട്‌. മറ്റു രാജ്യങ്ങളിലെല്ലാം നീര ഒരു ആരോഗ്യപാനീയമായിട്ടാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അതിനു പുറമെ പാം ജാഗറി, പാം ഷുഗർ, ഐസ്ക്രീം, ബിസ്ക്കറ്റ്‌, മിഠായി തുടങ്ങിയ നിരവധി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായും നീര ഉപയോഗിക്കപ്പെടുന്നു.
കേരളത്തിൽ യുക്തിരഹിതമായ നിയമങ്ങൾ, കൃഷിക്കാരെ ഈ രംഗത്തേക്ക്‌ കടന്നുവരാൻ അനുവദിക്കുന്നില്ല. മലയാള വർഷം 1077ലെ കൊച്ചിൻ അബ്കാരി നിയമം (Act  1 of  1077) 1967ലെ കേരള അബ്കാരി നിയമം (Act 10 of  1967) എന്ന്‌ പുനർ നാമകരണം നടത്തി, സംസ്ഥാനത്ത്‌ 11.5.1967 മുതൽ നിലവിൽ വന്നു. 111 വർഷം പഴക്കമുള്ള നിയമത്തിലെ തെറ്റായ നിർവചനങ്ങൾ പുതുക്കിയ കേരള അബ്കാരി നിയമത്തിലും ഇന്നും തുടരുന്നു.
അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകളാണ്‌ ഇന്ന്‌ ഈ രംഗത്ത്‌ നിലനിൽക്കുന്ന തടസ്സം. അബ്കാരി നിയമത്തിൽ, "വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന എല്ലാ ദ്രാവകങ്ങളും" മദ്യത്തിന്റെ നിർവ്വചനത്തിൽപ്പെടുന്നു. എന്നാൽ കള്ളിന്റെ നിർവചനത്തിൽ "തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളും" ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്‌ മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകവും കള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നീര തെങ്ങിന്റെ പൂങ്കുലയിൽ നിന്നും ടാപ്‌ ചെയ്തെടുക്കുന്ന പുളിക്കാത്ത ജ്യൂസ്‌ ആണ്‌. നീരയെ കള്ളിന്റെ ഗ്രൂപ്പിൽപ്പെടുത്തി നിർവ്വചനം നൽകിയിരിക്കുകയാണ്‌. ആയതിനാൽ അബ്കാരി നിയമത്തിന്‌ കീഴിൽ ലൈസൻസുള്ള അംഗീകൃത ചെത്തുതൊഴിലാളികൾക്ക്‌ മാത്രമേ ഇന്നത്തെ നിലയിൽ നീര ചെത്തുവാൻ അനുവാദമുള്ളൂ. ഇത്‌ നീതി നിഷേധവും യുക്തിരഹിതവുമാണ്‌.
അബ്കാരി നിയമപ്രകാരം കർഷകർക്ക്‌ നീര ടാപ്പു ചെയ്യാനാവില്ല. അബ്കാരി നിയമത്തിൽ ഇക്കാര്യത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ നിയമതടസ്സങ്ങൾ മാറ്റിയെടുക്കേണ്ടത്‌ കേരളത്തിലെ കേരകർഷകരുടേയും കാർഷിക സമ്പട്‌ വ്യവസ്ഥയുടെയും ആവശ്യമാണ്‌. അബ്കാരി നിയമത്തിൽ, മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകമായ നീരയെ മദ്യത്തിന്റെ നിർവ്വചനത്തിൽ നിന്നും പുറത്തെടുത്ത്‌ ഒരു ആരോഗ്യപാനീയമായ കാർഷികോൽപന്നമെന്ന്‌ മാറ്റിയെടുക്കേണ്ടതുണ്ട്‌. വിവിധ ആശയസംഹിതകളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികൾ തമ്മിൽ നീരയുടെ കാര്യത്തിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടാകേണ്ടതുണ്ട്‌. മറ്റൊന്നുമല്ല ,മദ്യാംശം തീരെയില്ലാത്ത നീരയെ അബ്കാരി ആക്ടിന്റെ പരിധിയിൽ നിന്നും മുക്തമാക്കുക. ഇനി അതിന്‌ വിഷമമാണെങ്കിൽ നമുക്ക്‌ നീരയെ ഒരു പോഷക സമൃദ്ധമായ ആരോഗ്യപാനീയം (Nutritious health drink) എന്ന്‌ അബ്കാരി ആക്ടിൽ നിർവ്വചിക്കാം. ശാസ്ത്രീയമായി സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്യുന്ന നീര  ഒരു പോഷകപാനീയമായി വിതരണം ചെയ്യുന്നതിന്‌ യാതൊരു ബുദ്ധിമുട്ടുമില്ലെന്നിരിക്കേ, അബ്കാരി നിയമത്തിന്റെ പേരും പറഞ്ഞ്‌ ഇത്രമാത്രം സാധ്യതകളുറങ്ങിക്കിടക്കുന്നൊരു കാർഷികോൽപന്നത്തെ ഉപയോഗപ്പെടുത്താതിരിക്കുന്നതെന്
തെന്ന ചോദ്യം വളരെ പ്രസക്തമാണ്‌.
കേരളത്തിൽ നീരയുത്പാദനത്തിനും മൂല്യവർദ്ധനവിലൂടെ നിരവധി നീര ഉൽപന്നങ്ങൾ നിർമ്മിക്കുവാനും വിറ്റഴിക്കുവാനും വലിയ സാദ്ധ്യതകളാണുള്ളത്‌. കേരളത്തിൽ ഏകദേശം 18 കോടി തെങ്ങുകളുള്ളതായിട്ടാണ്‌ കണക്ക്‌. ഇതിൽ 10 ശതമാനമെങ്കിലും നീര ചെത്താൻ ഉപയോഗിച്ചാൽ പത്ത്‌ ലക്ഷത്തോളം പേർക്ക്‌ നേരിട്ട്‌ പുതിയ തൊഴിലവസരങ്ങളും, കർഷകർക്ക്‌ കുറഞ്ഞത്‌ ഒരു തെങ്ങിൽ നിന്ന്‌ പ്രതിമാസം 1500 രൂപ വരുമാനവും ലഭ്യമാക്കാൻ കഴിയും.
ഒരു വർഷം തെങ്ങിലുണ്ടാകുന്ന പന്ത്രണ്ടു പൂക്കുലകളിൽ മൂന്നു പൂക്കുലകൾ നീര ടാപ്പു ചെയ്യുവാൻ ഉപയോഗിച്ചാൽ ലഭിക്കുന്ന പ്രയോജനങ്ങൾ കണക്കാക്കാം. നീര, നീരയെ അടിസ്ഥാനമാക്കിയുള്ള മറ്റുൽപന്നങ്ങൾ, വിപണിയിൽ കൊപ്രയുടെ കുറഞ്ഞ വരവ്‌ ഇവയെല്ലാം ആത്യന്തികമായി നാളികേരത്തിന്റെ വിലവർദ്ധനവിനും കേര കർഷകരുടെ വരുമാന വർദ്ധനവിനും വഴിയൊരുക്കും. ഒരു ഹെക്ടറിലെ 175 തെങ്ങുകളിൽ 80 എണ്ണത്തിൽ നിന്നും പ്രതിദിനം ഒരു ലിറ്റർ നീരയുത്പാദനം നടന്നാൽ പ്രതിവർഷം ഒരു ഹെക്ടറിൽ നിന്നുള്ള അധികവരുമാനം 3.60 ലക്ഷം രൂപയാണ്‌. ദിവസം തെങ്ങോന്നിന്‌ മൂന്ന്‌ ലിറ്ററാണ്‌ ഉത്പാദനമെങ്കിൽ, ഇത്‌ 10.80 ലക്ഷം രൂപ വരെ പോകാം.  ഒരു ലിറ്റർ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താൽ ലഭ്യമാകുന്നത്‌ 9 ലക്ഷം രൂപയുടെ അധികവരുമാനമാണ്‌. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകൾ 3.00-4.5 ലിറ്റർ വരെ നീര നൽകുന്ന കണക്കുകൾ പല ജില്ലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്‌. ഇങ്ങനെ സമ്പത്ത്‌ ഒളിഞ്ഞിരിക്കുന്ന ഒരു അക്ഷയഖനിയായി തെങ്ങിനെ കണക്കാക്കാം.

കേരളത്തിലെ ഒരു ശതമാനം തെങ്ങുകളിൽ നിന്ന്‌ നീര ഉത്പാദിപ്പിക്കാൻ ഒരു ലക്ഷം നീര ടെക്നീഷ്യന്മാരെങ്കിലും വേണ്ടിവരുമെന്നാണ്‌ കണക്ക്‌. സംസ്ക്കരണത്തിനും പായ്ക്കിംഗ്‌ മേഖലയിലും വേറെയും. 18 കോടി തെങ്ങുകളുള്ള കേരളത്തിൽ കേവലം അഞ്ചുലക്ഷം തെങ്ങുകൾ മാത്രമേ നിലവിൽ കള്ള്‌ ചെത്തലിന്‌ ഉപയോഗപ്പെടുത്തുന്നുള്ളൂ. യാതൊരു കാരണവശാലും നീരയുത്പാദനം കള്ള്‌ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയില്ലെന്ന പരമാർത്ഥം ഇതുമായി ബന്ധപ്പെട്ടവർ അറിയേണ്ടതുണ്ട്‌. തെങ്ങിൽ നിന്നുള്ള വരുമാനം കൂടിക്കഴിഞ്ഞാൽ കർഷകരുടെ കുടുംബങ്ങളിലും, തൊഴിലാളികളുടെ കുടുംബങ്ങളിലും ഗ്രാമീണ സമ്പട്‌വ്യവസ്ഥയിലുമൊക്കെ അത്‌ പ്രതിഫലിക്കും. ഒരു ശതമാനം തെങ്ങുകൾ നീര ചെത്തുവാൻ മാറ്റി വെച്ചാൽ 5400 കോടിയുടെ അധികവരുമാനം കേരളത്തിലുണ്ടാക്കാൻ സാധിക്കും. നാളികേരോത്പാദനം ഒട്ടും കുറയ്ക്കാതെ 10 ശതമാനം വരെ തെങ്ങുകൾ ടാപ്പ്‌ ചെയ്താലും ഒട്ടും കുഴപ്പമില്ലെന്നതാണ്‌ കാർഷിക വിദഗ്ദ്ധർ പറയുന്നത്‌. 5,400ന്റെ പത്ത്‌ മടങ്ങ്‌ എന്നാൽ 54,000 കോടി രൂപയുടെ വരുമാനമാണ്‌. കാസർകോഡ്‌ മുതൽ പാറശ്ശാല വരെ നീണ്ടുകിടക്കുന്ന കർഷക കൂടുംബങ്ങളിലേക്ക്‌ വരുമാനത്തിന്റെ പങ്ക്‌ എത്തിക്കാൻ ഇതിലൂടെ കഴിയും.
നീര വന്നുകഴിഞ്ഞാൽ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നുള്ളതായിരുന്നു പ്രാഥമിക പരാതി. കേരളത്തിലാകെയുള്ളത്‌ 29,465 മാത്രം കള്ള്‌ ചെത്തുതൊഴിലാളികളാണ്‌. ചെത്താൻ പെർമിറ്റുള്ള തെങ്ങുകൾ 5 ലക്ഷം മാത്രവും. ഇവിടെയുള്ള 18 കോടി തെങ്ങുകളിൽ 10 ശതമാനം തെങ്ങുകളിൽ നീര ഉത്പാദനത്തിന്‌ 10 ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്‌. എന്നാൽ ഇന്നുള്ളത്‌ കേവലം 29,465 തൊഴിലാളികൾ മാത്രമാണ്‌. ഈ കണക്കുകൾ തന്നെ ഇവിടുത്തെ ചെത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ആശങ്ക അസ്ഥാനത്താണെന്ന്‌ മനസ്സിലാക്കി തരുന്നു.  ഇപ്പോഴുള്ള തൊഴിലവസരങ്ങൾ ചുരുങ്ങിയത്‌ പത്ത്‌ മടങ്ങായെങ്കിലും വർദ്ധിക്കപ്പെടും. പത്ത്‌ മടങ്ങ്‌ തൊഴിലാളികൾക്ക്‌ 'ഗ്രീൻ കോളർ ജോലി' ലഭിക്കാനുള്ള സാഹചര്യം. പരിസ്ഥിതി സൗഹൃദ കാർഷിക അനുബന്ധ സംസ്ക്കരണ രംഗത്ത്‌ നിന്നുള്ള തൊഴിലിനെയാണ്‌ ഗ്രീൻ കോളർ ജോലി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഒരു ശതമാനം ആളുകൾ നീര ടാപ്പ്‌ ചെയ്താൽ ഒരു ലക്ഷം, പത്ത്‌ ശതമാനമാണെങ്കിൽ പത്ത്‌ ലക്ഷം 'ഗ്രീൻ കോളർ ജോലികൾ'.
നീര ഉത്പാദനവും മൂല്യവർദ്ധനവും വിപണനവും വഴി കേരളത്തിലെ സാമ്പത്തിക നിലയിൽ ആശാവഹമായ ഉയർച്ച ഉണ്ടാക്കാനാവും. നീരയുത്പാദിപ്പിക്കുമ്പോൾ ഉപഭോക്തൃ വിലയുടെ 50 ശതമാനം കർഷകനും, 25 ശതമാനം നീര ടെക്നീഷ്യൻമാർക്കും, ബാക്കി 25 ശതമാനം സംഭരണ-സംസ്ക്കരണ- വിപണന പ്രവർത്തനങ്ങൾക്കുമായി വകയിരുത്താം. സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളിൽ നിന്നും നീര ടാപ്പ്‌ ചെയ്ത്‌ ലിറ്ററിന്‌ നൂറു രൂപ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ലഭ്യമാകുന്ന പ്രതിവർഷ വരുമാനം 54000 കോടി രൂപയാണ്‌. ഇതിൽ കർഷകന്‌ ലഭിക്കുന്നത്‌ 27000 കോടിയും ടെക്നീഷ്യൻസിന്‌ 13500 കോടിയും സംസ്ഥാനത്തിന്‌ അധിക നികുതി വരുമാനമായി 4050 കോടിയും കണക്കാക്കാം. നീരയുത്പാദനത്തിൽ നിന്നും കർഷകർക്ക്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പിയിലേക്കു മുതൽക്കൂട്ടാകുമെന്നതാണ്‌ പ്രത്യേകത.

നാളികേരോത്പാദക സംഘങ്ങൾ വഴിയും ഫെഡറേഷനുകൾ വഴിയും ഉത്പാദക കമ്പനികൾ വഴിയും നീര ഉത്പാദനം സാദ്ധ്യമാക്കണമെന്നാണ്‌ ബോർഡിന്റെ ആവശ്യം. ബോർഡിന്റെ മേൽനോട്ടത്തിൽ ഇതിനകം 3013 ഉത്പാദക സംഘങ്ങളും അവയുടെ 106 ഫെഡറേഷനുകളും നിലവിലുണ്ട്‌. 10-15 പ്രോഡ്യൂസർ കമ്പനികൾ ഈ വർഷത്തോടെ രജിസ്റ്റർ ചെയ്യപ്പെടും. രണ്ടെണ്ണം രജിസ്റ്റർ ചെയ്ത്‌ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. നീര ശേഖരണം ഉത്പാദക സംഘങ്ങൾ വഴിയും പ്രാഥമിക സംസ്ക്കരണം ഫെഡറേഷനുകൾ വഴിയും കൂടുതൽ മൂല്യവർദ്ധനവും മാർക്കറ്റിംഗും ഉത്പാദക കമ്പനികളും ഏറ്റെടുക്കുന്നതാവും ഉചിതം. ഉത്പാദിപ്പിക്കുന്ന നീര സംസ്ക്കരിക്കുന്നതിനും പായ്ക്ക്‌ ചെയ്യുന്നതിനുമെല്ലാം വിവിധ തലങ്ങളിൽ സൗകര്യമൊരുക്കേണ്ടതുണ്ട്‌. ഗ്രാമങ്ങളിൽ നീര ഉത്പാദിപ്പിച്ച്‌ കഴിഞ്ഞാൽ രണ്ട്‌ മണിക്കൂറിനുള്ളിൽ അത്‌ ശാസ്ത്രീയമായി ശേഖരിച്ച്‌ പുളിക്കാതെ ശീതികരിച്ച്‌ ഫെഡറേഷനുകളിൽ എത്തിക്കുന്ന ഒരവസ്ഥ നമുക്ക്‌ സംജാതമാക്കാൻ സാധിക്കും. ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കണം. ഉത്പാദനമേഖല കേന്ദ്രീകരിച്ച്‌ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം. കൂടാതെ ജില്ലാ അടിസ്ഥാനത്തിലും ഇതേ സജ്ജീകരണങ്ങൾ വിപുലമായ തോതിൽ വേണ്ടിവരുന്നു.
നീര, നീരയുടെ ഉപോൽപന്നങ്ങൾ, തെങ്ങിൻ ചക്കര, തെങ്ങിൻ പഞ്ചസാര എന്നിങ്ങനെ വൈവിദ്ധ്യവൽക്കരിക്കാൻ നമുക്ക്‌ സാധിക്കും. ഇതിനെല്ലാമുള്ള സാങ്കേതികവിദ്യ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. നാളികേര വികസന ബോർഡ്‌ ഡിഎഫ്‌ആർഎൽ,  സിഎഫ്ടിആർഐ യുമായും ചേർന്നും സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്‌. ബോർഡിന്റെ നാളികേര ടെക്നോളജി മിഷൻ പദ്ധതി പ്രകാരം ഇത്തരം യൂണിറ്റുകൾക്ക്‌ 25 ശതമാനം സാമ്പത്തിക സഹായവും ലഭിക്കാൻ അർഹതയുണ്ട്‌. ഇവിടെയെല്ലാം സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ നിരവധിയാണ്‌. ഗ്രാമീണ മേഖലയിൽ പുരോഗതിയുടെ, പുത്തനുണർവ്വിന്റെ നാന്ദി കുറിക്കുവാൻ നീരയുത്പാദനത്തിന്‌ കഴിയും.

ഇങ്ങനെ തെങ്ങുകൃഷിയുടെ ഈറ്റില്ലമായ കേരളം നീരയേയും സ്വീകരിക്കുമെന്നുറപ്പുണ്ട്‌. പക്ഷേ, അതു കേവലമൊരു കേരോൽപന്നം മാത്രമായിട്ടായിരിക്കരുത്‌. മറിച്ച്‌ കേരളത്തിന്റെ സമ്പട്‌ വ്യവസ്ഥയേയും കേരകർഷകരുടെ, നീര ടെക്നീഷ്യൻമാരുടെ, ഗ്രാമീണ ജനതയുടെ സാമ്പത്തികസ്ഥിതി മികച്ചതാക്കാൻ പ്രാപ്തിയുള്ള ഒരു ഭക്ഷ്യ സംസ്ക്കരണ  വ്യവസായമെന്ന നിലയിലായിരിക്കണം. അങ്ങനെയൊരു വിപ്ലവകരമായ മാറ്റം മുന്നിൽക്കണ്ടുകൊണ്ട്‌ ഇതുമായി ബന്ധപ്പെട്ടവരെല്ലാം ഉണർന്ന്‌ ചിന്തിക്കണമെന്നാണ്‌ ഇത്തരുണത്തിൽ അഭ്യർത്ഥിക്കാനുള്ളത്‌.
സ്നേഹാദരങ്ങളോടെ,

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...