21 Jun 2013

കാലന്മഴ.


ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.

ഓല കുതിര്‍ക്കാനിട്ടതേയുള്ളൂ
മടയില്‍നിന്നോരും പുളിയും
കിനിഞ്ഞതില്ലാ, ദേഹം നനഞ്ഞൊട്ടി,
ഭോഗിക്കുവാനാര്‍ത്തിപൂണ്ടെത്തു
ന്നു
കാലന്മഴ, കരുണയില്ലാത്തോന്‍  ..

കിഴിവുകള്‍ നോക്കി നിരങ്ങിനീങ്ങും
ഒരു പാത്രം ചോര്‍ച്ച വെള്ളമേ, കണ്ണീര്.
ഇടിത്തീയിട്ടു ചുട്ട ഒറ്റത്തെങ്ങിനെ കണ്ടു
ഭയന്ന് നില്‍കുമിടിമഴയിലെ വീട് ഞാന്‍.

കെട്ടുറപ്പില്ലാത്ത വാതില്‍കൊളുത്തില്‍ നോക്കി
ജീവിച്ചു, ജീവിച്ചില്ലെന്ന മട്ടില്‍ ,
മുക്കിപ്പിഴിഞ്ഞു കളയുന്നു, പെയ്ത്തുവെള്ളം ,
മിന്നല്‍ ചില്ല് തറയ്ക്കാതിരിക്കാന്‍
നിലം തൊടാതെ നടക്കുന്നു ജിവിതം .
മണ്ണുമണക്കും കൈലിക്കോന്തല
മിന്നല്‍ രക്ഷാചാലകം,...
പാതിദേഹം മഴ, പാതി ദേഹം വെയില്‍,
നടുക്ക് മഴപ്പൂപോലെ സിന്ദൂരപ്പൊട്ട് ,
നാഗത്തുള്ളികള്‍ ദംശിച്ചിട്ടും ചിരി,
അമ്മ നെരിപ്പോട്, ഞാനൂതിത്തെളിക്കും,
പുരമേയാത്ത മഴക്കാലത്തെ
ചുട്ടുചുട്ടു വര്‍ത്തമാനമഗ്നി.


ഇടയ്ക്ക് നെഞ്ചിലിടത്തേക്ക് ചരിഞ്ഞിരുന്ന്‍
പുളിച്ചോരോല മേടയുന്നു, ഹൃദയം
ഒരറ്റമാകുമ്പോള്‍, മറ്റെയറ്റമഴിയുന്നു.
നിരപ്പിലെത്താത്ത മേച്ചിലോലയുടെ
അറ്റം തൊട്ടറ്റം വരെ മിടിച്ചു നീങ്ങുന്നു.
ഉള്ളു തുളുമ്പി ചുവന്നു കരയുന്നു...

സമുദ്രത്തിലേക്ക് പിഴുതുപോയ വീടിന്റെ
വിടവുകളില്‍, മഴ നാവ്, മഴക്കൊള്ളി,
നൂറ്റാണ്ടിന്റെ ഏറ്റവും വിശപ്പുള്ള എത്തിനോട്ടങ്ങള്‍,
പുഷ്പിതാഗ്രങ്ങളില്‍ നിന്ന്‍
തുള്ളിക്കൊരുകുടം പൂവീഴ്ചകള്‍,
മഴ സമുദ്രം, ഇറങ്ങിയോടാന്‍ ഇടമില്ലാതെ ഞാന്‍
ഇടിച്ചു നില്കും വെറും വെരുകുപുര വീട്,
ഉള്ളിലും പുറത്തും നിന്നോരെ പെയ്ത്ത് ,
കാലന്മഴ..

എന്റെ പിഞ്ചു പ്രാക്ക് നിനക്കേറ്റിരിക്കും
എനിക്കതല്ലേ വളയന്‍ ചുണ്ടുകളിറങ്ങി
ഇനിമേല്‍ പെയ്യാത്തവണ്ണം നിന്റെ
മിടിപ്പുകള്‍ കൊത്തിപ്പൊളിക്കാനായത് ,

ജീവനിട്ടു വരുമ്പോഴൊക്കെ അവസാനത്തെ
ആളല്‍ കണ്ടു കുളിര്‍ത്തു ചിരിക്കാനീ ചില്ലയില്‍
ഒരു ബാല്‍ക്കണി വിതച്ചു മുളപ്പിക്കാനായത് ,

തോന്നിയപടി പെയ്തു നെഗളിച്ച
നിനക്കങ്ങിനെ തന്നെ വേണം,
എനിയ്ക്കിങ്ങനെയും,
കാലന്മഴ...
******

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...