ഇന്ദുലേഖ ടി. എസ്.
തുണ്ടിയിൽ, നായരമ്പലം, എറണാകുളം-682509
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
ഹൈസ്ക്കൂൾ വിഭാഗത്തിൽ സമാശ്വാസ സമ്മാനം നേടിയ കഥ)
പ്രഭാതസൂര്യന്റെ പ്രഥമകിരണങ്ങൾക്കൊപ്പമുണർന്നിരു
പുറത്ത് ആളുകൾ സംഭാഷണം തുടർന്നു. മുത്തശ്ശി ശരിക്കൊന്നു ശ്രദ്ധിച്ചപ്പോഴാണ് സംഭാഷണം വീടുപണിയിൽ നിന്നു മറ്റെന്തിലേക്കോ ചേക്കേറിയെന്ന് മനസ്സിലായത്. മുത്തശ്ശി പതുക്കെ കട്ടിലിൽ നിന്നും അടുക്കളവശത്തേക്ക് ചെന്നു. മകന്റ ഭാര്യ തിരക്കുപിടിച്ച ജോലിയിലാണ്. ഒഴിവ് ദിവസമായതിനാൽ കുട്ടികൾ രണ്ടുപേരും ഉണർന്നിട്ടില്ല. മുത്തശ്ശി ഉമിക്കരിയും ഈർക്കിലിയുമെടുത്ത് മുറ്റത്തേക്കിറങ്ങി. പ്രായം ഒരുപാടായെങ്കിലും മുത്തശ്ശിയുടെ പല്ലുകൾക്കിപ്പോഴും ചെറുപ്പമായിരുന്നു. മുത്തശ്ശി പല്ലുതേപ്പിനുശേഷം മൊന്തയിൽ വെള്ളമെടുത്ത് ഒരു തെങ്ങിന് സമീപത്തേക്ക് നീങ്ങി. എന്നും പല്ലുതേക്കുമ്പോൾ അവർ മുഖം കഴുകുന്നത് ആ തെങ്ങിന് ചുവട്ടിൽ നിന്നായിരുന്നു. അടുക്കള വാതിലിനോട് തൊട്ടുരുമി നിന്നിരുന്ന പ്രായം ചെന്ന ആ തെങ്ങിന്റെ ചുവട്ടിൽ നിന്ന് മുത്തശ്ശി മുഖം കഴുകി. തെങ്ങിനെ സസൂക്ഷ്മം നിരീക്ഷിച്ച് അൽപ്പം ഗൗരവത്തോടെ അടുക്കളയിൽ ജോലി ചെയ്യുന്ന മകന്റെ ഭാര്യയോട് പറഞ്ഞു "ഗീതേ.... ഈ തെങ്ങു കയറാറായീ ട്ടോ.....തേങ്ങ ശരിക്കു മൂത്തിരിക്കണൂ........"
ജോലിയുടെ തെരക്കിൽപ്പെട്ടുഴലുന്ന ഗീതയ്ക്ക് അമ്മയുടെ വാക്കുകൾ അസഹ്യമായിത്തോന്നി "ഓ തെങ്ങുകയറാൻ ഇനി ഒരാളെ അന്വേഷിച്ചു നടക്കാൻ സമയമില്ല, സൗകര്യവുമില്ല. അല്ലെങ്കിൽ തന്നെ ആ തെങ്ങ് വീടുപണിയുമ്പോൾ വെട്ടാനുള്ളതല്ലേ?"
ഒരു കൊടുംകാറ്റിന്റെ ശക്തിയോടെയാണ് ആ വാക്കുകൾ മുത്തശ്ശിയുടെ കാതിലടിച്ചതു. താൻ ജനിച്ച നാൾ മുതൽ കാണുന്ന, പൂർവ്വികരുടെ ചൈതന്യം നിറഞ്ഞ, പൈതൃക സുഗന്ധം വഹിക്കുന്ന ഈ തെങ്ങിനെ വെട്ടുകയോ? മുത്തശ്ശിയുടെ ചിന്തകൾ കൂരമ്പുകൾ പോലെ പാഞ്ഞു...
"എന്ത്? ഈ തെങ്ങ് വെട്ടുകയോ? ഗീതേ.....; അരുതാത്തത് ഒന്നും പറയാതെ.... എന്നോടുള്ള ദേഷ്യത്തിനല്ലേ നീ അങ്ങനെ പറഞ്ഞത്?"
ഗീത പറഞ്ഞ അവിശ്വസനീയമായ സത്യത്തിന് നേരെ മുത്തശ്ശി തന്റെ നിസ്സഹായമായ ചോദ്യമെറിഞ്ഞു. എന്നാൽ താൻ കേട്ടത് സത്യമാണെന്ന് അടുക്കളയിലേക്ക് അപ്പോൾ കയറിവന്ന മകന്റെ നാവിൽ നിന്നുതന്നെ മുത്തശ്ശി അറിഞ്ഞപ്പോൾ അവർക്കൊന്നും ഉരിയാടാനായില്ല. പക്ഷേ അവർക്കൊന്നറിയാമായിരുന്നു. തന്റെ ജഡം വീണതിനുശേഷമേ തെങ്ങുവെട്ടാൻ അനുവദിക്കുകയുള്ളൂവേന്ന്.
സ്തബ്ധയായി നോക്കിനിൽക്കുന്ന മാതാവിന് നേരെ അധികാരത്തിന്റെ ഗാംഭീര്യം നിറഞ്ഞ സ്വരത്തിൽ മകൻ പറഞ്ഞു "ദേ... ആ പൂറത്ത് വന്നിരിക്കുന്നത് തെങ്ങുവെട്ടുകാരാ, തെങ്ങുവെട്ടാതെ വീടു പണിയുവാൻ കഴിയില്ലെന്നാണ് കോൺട്രാക്ടർ പറഞ്ഞിരിക്കുന്നത്. അമ്മ ഇതിനിടയിൽ വന്ന് വെറുതേ നാശമുണ്ടാക്കരുത്". മകന്റെ വാക്കുകൾ കേട്ട അമ്മയ്ക്ക് വിഷമമല്ല, സഹതാപമാണ് തോന്നിയത്. തന്റെ പുത്രൻ ഇത്രയും സംസ്ക്കാരശൂന്യനായിപ്പോയല്ലോ എന്നോർത്ത്. അവർക്ക് ഒന്നു നിശ്ചയമായിരുന്നു. തെങ്ങുവെട്ടുവാൻ അനുവദിക്കില്ലായെന്ന്.
മുണ്ട് മടക്കിക്കുത്തി, തലയിൽ തോർത്ത് കെട്ടി ആയുധങ്ങളുമായി ആ മരംവെട്ടുകാർ തെങ്ങിനടുത്തേക്ക് നീങ്ങി. പിന്നെയൊരു നിമിഷം ചിന്തിക്കേണ്ടി വന്നില്ല മുത്തശ്ശിക്ക്, അവർ ഓടി തെങ്ങിനടുത്ത് ചെന്ന് അതിനെ ചുറ്റിപ്പിടിച്ച് നിന്നു. മരം വെട്ടുകാർ ഒന്നു സ്തബ്ധരായി. അസഹനീയമായി, ക്രുദ്ധഭാവത്തിൽ മകൻ അങ്ങോട്ടോടിയെത്തി. അമ്മയെ അവിടെ നിന്നും പിടിച്ചുമാറ്റുവാൻ നോക്കി. പക്ഷേ ആ വൃദ്ധഹൃദയത്തിന്റെ ബലത്തിനു മുമ്പിൽ മകന് തലകുനിക്കേണ്ടിവന്നു.
"മകനെ നീ ചെയ്യുന്നത് കടുത്ത അപരാധമാണ്. നിന്റെ പൂർവ്വീകരോട് ചെയ്യുന്ന അപരാധം. ഇത്രയും നാൾ നിനക്കും നിന്റെ പൂർവ്വികർക്കും താങ്ങും തണലുമായി നിന്ന കൽപ്പവൃക്ഷത്തെ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി ഇത്രവേഗം നശപ്പിക്കുവാൻ നിനക്കെങ്ങനെ തോന്നി? അല്ലെങ്കിൽ തന്നെ സമൃദ്ധമായി പൂത്തു കായ്ച്ചു നിൽക്കുന്ന ഈ വൃക്ഷത്തെ വെട്ടിമാറ്റുവാൻ തക്ക നിഷ്ഠുരനാണോ എന്റെ മകൻ?"
മുത്തശ്ശി കണ്ണീർ വാർത്തു. ഉറക്കത്തിൽ നിന്ന് അപ്പോൾ എണീറ്റ് വന്ന ചെറുമകൾ മുത്തശ്ശിയുടെ അടുത്ത് ചെന്ന് കണ്ണീർ തുടച്ചു.
"മോനേ...... നിനക്കുവേണ്ടി.... നിന്റെ പൂർവ്വികർ ഈ കൽപ്പവൃക്ഷത്തെ കരുതിവെച്ചു.... പക്ഷേ നിന്റെ മക്കൾക്കുവേണ്ടി ഒന്നും നീ നൽകുന്നില്ല എന്നത് എത്ര പരിതാപകരമാണ്....."
തന്റെ മക്കളെച്ചൂണ്ടിയുള്ള മുത്തശ്ശിയുടെ വാക്കുകൾ മകന്റെ ചിന്തയിലേക്ക് തുളച്ചുകയറി. അയാൾ ആ വൃക്ഷം വെട്ടുന്നതിൽ നിന്ന് പൈന്തിരിഞ്ഞു. തെങ്ങുവെട്ടാതെ തന്നെ താൻ ആഗ്രഹിച്ച മണിമാളിക തീർത്തു. അപ്പോഴും ആ കുടുംബത്തിന്റെ ഉയർച്ച താഴ്ച്ചകളെല്ലാം ദർശിച്ച് ആ കൽപ്പവൃക്ഷം മന്ദഹാസത്തോടെ നിലകൊണ്ടു. കാലമേറെ കടന്നുപോയി....
പകലിരുണ്ട ഒരു ദിവസം. പ്രഭാതം കാറ്റും മഴയുമായി ആകെ കറുത്തിരുണ്ടിരിക്കുന്നു. മുത്തശ്ശി പതിവുപോലെ ആ തെങ്ങിൻ ചുവട്ടിൽ നിന്ന് പല്ലുതേപ്പ് കഴിഞ്ഞ് മുഖം കഴുകുകയായിരുന്നു. സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കുവാൻ പോകുന്നു എന്ന ഭാവത്തിൽ ആകാശം ഒന്നുകൂടി ഇരുണ്ടു. പെട്ടെന്ന് ഒരു തേങ്ങ മുത്തശ്ശിയുടെ തലയിൽ വന്ന് വീണു. തെങ്ങു ചതിക്കില്ല എന്ന വാമൊഴി തിരുത്തിക്കൊണ്ട് തെങ്ങുചതിച്ചുവോ?
മകനും ഭാര്യയും കുട്ടികളും ഓടി വന്നു. മണ്ണിൽ ബോധമറ്റു കിടന്നിരുന്ന മുത്തശ്ശിയെ താങ്ങിയെടുത്തവർ ആശുപത്രിയിലേക്കോടി. ഒപ്പം തെങ്ങിനെ അടങ്ങാത്ത രോഷത്താൽ പഴിക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ സൂക്ഷ്മനിരീക്ഷണത്തിനുശേഷം അമ്മൂമ്മയ്ക്കൊന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞു.
"ഇന്നുതന്നെ വീട്ടിലേക്ക് കൊണ്ടുപോകാം കുറച്ചു മരുന്നുകൾ മാത്രം മതി മുറിവിന്". ഡോക്ടറുടെ ആശ്വാസ വാക്കുകൾ കുടുംബത്തെ സമാധാനിപ്പിച്ചു. കരിങ്കൽ കെട്ടുകൾ പോലെ കനം തൂങ്ങിനിന്നിരുന്ന മേഘങ്ങൾ അപ്പോഴും പെയ്തിറങ്ങുകയായിരുന്നു. എന്നുമില്ലാത്തവിധം കാറ്റ് ആഞ്ഞുവീശി. കാറ്റിന്റേയും മഴയുടേയും ഈ കോളിളക്കം മൂലം ആ കുടുംബം അന്ന് തന്നെ വീട്ടിലേക്ക് മടങ്ങിയില്ല. മുത്തശ്ശിക്കാവശ്യമായ മരുന്നുകളും പരിചരണങ്ങളും സ്വരുക്കൂട്ടി അവർ പിറ്റേദിവസം മാനം തെളിഞ്ഞപ്പോൾ വീട്ടിലേക്ക് മടങ്ങി. മകൻ പക്ഷേ; തീരുമാനമെടുത്തിരുന്നു തെങ്ങ് ഇന്ന് തന്നെ വെട്ടണം.
വീട്ടിലെത്തിയപ്പോൾ അവരെ സ്വീകരിച്ചതു അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. മകന്റെ മണിമാളിക ഇന്നലത്തെ പ്രകൃതിയുടെ കലിതുള്ളലിൽ തകർന്ന് വീണിരിക്കുന്നു. ഒരു നെടുവീർപ്പോടെ പരസ്പരം നോക്കി നിന്ന ആ കുടുംബത്തെ സ്നേഹോഷ്മളമായ മന്ദഹാസത്തോടെ കടാക്ഷിച്ചുകൊണ്ട് കൽപവൃക്ഷം അപ്പോഴും അവിടെ തലയാട്ടി നിൽക്കുന്നു. മനുഷ്യരോടുള്ള തന്റെ അണമുറിയാത്ത സ്നേഹബന്ധത്തേയും, കടമകളേയും ശിരസ്സിലേറ്റിക്കൊണ്ട്........