പി.ഒ
കേരളത്തിൽ 42 ലക്ഷത്തോളം വരുന്ന കേരകർഷകരുടെ പുരോഗതിയ്ക്കൊപ്പം ചെത്തുതൊഴിലാളികൾക്കും നീര നേട്ടമുണ്ടാക്കും. ചെത്തു തൊഴിലാളികളുടെ നിലവിലുള്ള തൊഴിൽ നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല; തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാൻ മാത്രമേ നീര ഉപകരിക്കൂ. കാരണം നീര ചെത്തുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിൽ ചെത്തു തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുകൊണ്ടു മാത്രമേ 'നീര പദ്ധതി' മുന്നോട്ടു കൊണ്ടു പോകാനാവുകയുള്ളു. അതുകൊണ്ട് ചെത്തു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നോ, തൊഴിൽ കുറയുമെന്നോ ഉള്ള ആശങ്ക അടിസ്ഥാനരഹിതമാണ്. അവരവരുടെ പ്രദേശത്ത് നീര ചെത്തുമ്പോൾ അതിനുവേണ്ട മാർഗ്ഗനിർദ്ദേശം നൽകാനും ചെത്തു തൊഴിലാളികളുടെ സേവനം ആവശ്യമായി വരും. അതിലൂടെ ലഭിക്കുന്ന വരുമാനം ഈ തൊഴിലാളികൾക്ക് അധിക വരുമാനമായിരിക്കും.
നീര ഫലപ്രദമായി നടപ്പാക്കിക്കഴിഞ്ഞാൽ നിലവിലുള്ള മുഴുവൻ ചെത്തു തൊഴിലാളികൾക്കും അവരവരുടെ പ്രദേശങ്ങളിലെ നീര ചെത്താൻ സാഹചര്യമൊരുങ്ങും. നിയമപ്രകാരം ഒരു തൊഴിലാളിയ്ക്ക് ചെത്താവുന്ന തെങ്ങുകളുടെ പരമാവധി എണ്ണം 15 ആണ്. 18 ലക്ഷം തെങ്ങുകൾ നീര ചെത്തുന്നതിനായി മാറ്റിവെച്ചാൽ, ഫലത്തിൽ നിലവിലുള്ള ചെത്തു തൊഴിലാളികൾക്കു പുറമേ മറ്റനേകം തൊഴിലാളികളെ ഈ മേഖലയിലേക്ക് കണ്ടെത്തുകയോ ആകർഷിക്കുകയോ ചെയ്യേണ്ടതായി വരും. കള്ള് വ്യവസായം നിലച്ചതിനാൽ തിരുവനന്തപുരം ജില്ലയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും തൊഴിൽ രഹിതരായി മറ്റുതൊഴിൽ മേഖലകൾ തേടിപ്പോയ നിരവധി ചെത്തു തൊഴിലാളികളുടെ തിരിച്ചുവരവിന് ഇതൊരു സുവർണ്ണാവസരം കൂടിയാണ്. ഇതോടൊപ്പം നീര സംസ്ക്കരണ-വിപണന രംഗത്തും ഏറെ തൊഴിലാളികളെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇത് നീര ടാപ്പിംഗ് പ്രാബല്യത്തിലുള്ളിടത്തോളം കാലം ഒരു സ്ഥിരമായ സ്ഥിതി വിശേഷമായിരിക്കും. അതുകൊണ്ടുതന്നെ ചെത്തു തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാണല്ലോ. ചെത്തു തൊഴിലാളികൾക്ക് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വരുമാനവും സാമ്പത്തികാഭിവൃദ്ധിയും ഉണ്ടാകുമെന്ന കാര്യവും ഉറപ്പാണ്.