സലോമി ജോൺ വൽസൻ
പറയാനേറെയുണ്ട്
പറയാതെ പോയതും
പറയാൻ മറന്നതും
പറയരുതെന്ന് 'നിനച്ചതും,
പറയാതെ-
പലതും ഹൃദയത്തിൽ സൂക്ഷിച്ച്
പാതിവഴിയിൽ ആയുസിന്റെ
പടിപ്പുരയടച്ച്
പടിയിറങ്ങിപ്പോയവർ
നമുക്കുമുന്നേ നടയടച്ചു-
പറയാനവർക്കാവതില്ലായിരുന്നിരിക്
അല്ലെങ്കിൽ
പാതയോരത്തൊടുങ്ങുമെന്ന്
അറിഞ്ഞതില്ലായിരിക്കാം-
ജീവിതത്തിന്റെ അവസാന
വിനാഴികകളിലും ഇനിയും
ജീവിതപാത നീണ്ടുകിടക്കുന്നുവേന്ന
വ്യർത്ഥചിന്തകളും
നമ്മെ പലപ്പോഴും
സാവകാശരാക്കുന്നില്ലേ...?
നോവുകളുടെ കടമ്പ കടന്ന്
ജീവിതത്തിന്റെ അനന്തമായ
അകത്തളങ്ങളിലേക്ക്
പതുക്കെ നീങ്ങും മുൻപ്
പറയാൻ മടിച്ച്
ബാക്കിയായ കുറേവചനങ്ങൾ,
ഹൃദയച്ചുമർചിത്രങ്ങൾ,
നിരാലംബ ലിഖിതങ്ങൾ...
കാലം കനിവോടെറിഞ്ഞ
കൊച്ചുകൊച്ചു ആനന്ദമുത്തുകൾ
പിന്നെ ഹൃദയപ്പഴുതുകളിലേക്കെറിഞ്ഞ
വലിയ വലിയ നൊമ്പരക്കല്ലുകൾ...
അവയേൽപ്പിച്ച മുറിപ്പാടുകൾ...
കരുവാളിച്ച് കറുത്ത വടുക്കൾ...!
ആരോട് ഞാൻ നിശ്വാസങ്ങൾ
പങ്കുവെക്കേണ്ടിയിരിക്കുന്നു...
ആകാശപ്പരപ്പിൽ
എപ്പോഴൊക്കെയോ വന്ന്
മിന്നിമറഞ്ഞ്പോകുന്ന
ഉൽക്കകൾ പോലെ,
ചില മനുഷ്യർ...
നമുക്ക് ചുറ്റും അവർ
സ്നേഹത്തിന്റെ,
വെറുപ്പിന്റെ-കന്മതിലുകൾ കെട്ടി
കടന്നു പോവുന്നു...
ചിലനേരങ്ങളിൽ അവർ
നാം തന്നെയായി മാറുന്നു.
നമ്മുടെ ഉള്ളറയിലേക്ക്
ഒരപരിചിതനെപ്പോലെ
നാം നോക്കുമ്പോൾ
അവരിൽ നമ്മുടെ പ്രതിഛായകൾ
മുഗ്ധമായി-മിഴിവോടെ കാണുന്നു.
ഇതൊരു തുടക്കമാവട്ടെ
എന്നിൽ നിന്നും
അപരനിലേക്കുള്ള യാത്രയുടെ
ആദ്യകാൽവെയ്പ്പ്
ഒരു നിരാംലംബയാത്രികന്റെ
ആർദ്രതാളത്തോടെ
ആരംഭിക്കുന്നു...ഒടുവിൽ
അപരിചിത പാതകളിൽ
ഒറ്റപ്പെടുമ്പോഴുള്ള
ആത്മനൊമ്പരം പോലെ
ചിന്തകളിൽ നഷ്ടപ്പെടലിന്റെ
വിനാഴികകൾ കൊഴിഞ്ഞു വീഴുന്നു...
ആരാണ് നീ
നിനക്കെന്താണ് പറയേണ്ടത്?
ആരോടാണ് സംവദിക്കേണ്ടത്?
പറയൂ...ഒരായിരം നാവോടെ...
ഒരാത്മാന്വേഷണത്തിന്റെ
പുറപ്പാടിന് സമയമായിരിക്കുന്നു.