19 Jul 2013

പശ്ചിമ ഭാരതത്തിൽ തെങ്ങിൻ തൈകളുടെ ആവശ്യകതയിൽ വർദ്ധന


ടി. ഐ. മാത്യുക്കുട്ടി
ഡയറക്ടർ, നാളികേര വികസന ബോർഡ്‌, ബാംഗ്ലൂർ

തെങ്ങ്‌ പോലെ വൈവിദ്ധ്യമാർന്ന ഉപയോഗങ്ങൾക്കിണങ്ങുന്ന മറ്റൊരു ഉദ്യാനവിള സസ്യപ്രപഞ്ചത്തിൽ വേറൊന്നില്ല തന്നെ.  മനുഷ്യജീവിതത്തിന്‌ ആവശ്യമുള്ളതെല്ലാം തന്നെ തെങ്ങിൽ നിന്ന്‌ ലഭിക്കുന്നു. അതിനാൽ തെങ്ങിനെ കൽപവൃക്ഷമെന്ന്‌ വിളിക്കുന്നത്‌ അന്വർത്ഥമാണ്‌. തെങ്ങുകൃഷിയിൽ ഇന്ത്യ ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌. ഇവിടെ 18.95 ലക്ഷം ഹെക്ടർ സ്ഥലത്താണ്‌ തെങ്ങുകൃഷിയുള്ളത്‌. നാളികേരോത്പാദനം 1694.30 കോടി നാളികേരവും ഉത്പാദനക്ഷമത ഹെക്ടറൊന്നിന്‌ 8965 നാളികേരവുമാണ്‌.
നമ്മുടെ രാജ്യത്ത്‌ തെങ്ങുകൃഷി ചെയ്യുന്ന പതിനെട്ട്‌ സംസ്ഥാനങ്ങളിൽ കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നിവിടങ്ങളിലായി 4.82 ലക്ഷം ഹെക്ടറിലാണ്‌ തെങ്ങുകൃഷിയുള്ളത്‌; ഇത്‌ രാജ്യത്തെ മൊത്തം തെങ്ങുകൃഷിയുടെ 25.40 ശതമാനം വരും. തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം ദേശീയ വിസ്തീർണ്ണത്തിന്റെ നാലിലൊന്നോളം വരുമെങ്കിലും നാളികേരോത്പാദനം 16.70 ശതമാനം മാത്രമാണുള്ളത്‌. അതായത്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും കൂടി നാളികേരോത്പാദനം 181.3 ലക്ഷം മെട്രിക്‌ ടൺ നാളികേരമാണ്‌ (പട്ടിക 1). ജനിതകപരമായ കാരണങ്ങളും ജലസേചനത്തിലും പരിപാലന രീതികളിലുമുള്ള കുറവും കുറഞ്ഞ ഉത്പാദനക്ഷമതയ്ക്ക്‌ കാരണമാകുന്നു. ഈ പ്രദേശത്ത്‌ പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ പശ്ചിമ തീര നെടിയ ഇനവും, തീപ്തൂർ ടാൾ, ബെനോളീം ടാൾ, കലൻഗുട്ടെ (ഗോവൻ ടാൾ) എന്നിവയുമാണ്‌. അത്യുത്പാദനശേഷിയുള്ള ഡി ഃ ടി സങ്കരയിനവും കുറിയ ഇനങ്ങളായ ചാവക്കാട്‌ ഓറഞ്ച്‌, ചാവക്കാട്‌ പച്ച, മലയൻ മഞ്ഞ,  മലയൻ പച്ച, ഗംഗാബോന്തം തുടങ്ങിയവയ്ക്ക്‌ പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ ഇനിയും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടില്ല. കർണ്ണാടകത്തിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 15 ശതമാനവും കരിക്കിനാണ്‌ ഉപയോഗിക്കുന്നതെങ്കിലും മലയൻ പച്ച, ഗംഗാബോന്തം എന്നീ കുറിയ ഇനങ്ങൾ ഇനിയും ഇവിടെ വൻതോതിൽ കൃഷി ചെയ്യാൻ തുടങ്ങിയിട്ടില്ല.
തെങ്ങിൻ തൈകളുടെ ആവശ്യകത
തെങ്ങ്‌ ഒരു ബഹുവർഷ വിളയാണ്‌. തെങ്ങിൽ നിന്ന്‌ 60 വർഷത്തിലധികം കാലത്തേക്ക്‌ വിളവ്‌ ലഭിക്കുന്നു. തൈ നട്ട്‌ നാല്‌ മുതൽ ഏഴ്‌ വർഷം വരെ കഴിഞ്ഞാണ്‌ കായ്ക്കാൻ തുടങ്ങുക.  നെടിയ ഇനങ്ങൾ പൂർണ്ണതോതിൽ കായ്ഫലം തരുന്നതിന്‌ 8 മുതൽ 12 വർഷം വരെ വേണ്ടിവരും. അതേസമയം കുറിയയിനങ്ങൾ 6 മുതൽ 8 വർഷത്തിനുള്ളിൽ പൂർണ്ണതോതിൽ വിളവ്‌ നൽകാൻ തുടങ്ങും. സങ്കരയിനങ്ങളിൽ എട്ട്‌ മുതൽ പത്ത്‌ വർഷം വരെയാണ്‌ വേണ്ടിവരിക. ഗുണമേന്മ കുറഞ്ഞ നടീൽ വസ്തുക്കൾ ഉപയോഗിച്ചാൽ കൃഷി തന്നെ ലാഭകരമല്ലാതായി മാറും, കർഷകരാകട്ടെ നഷ്ടത്തിലേക്ക്‌ കൂപ്പ്‌ കുത്തും. തെങ്ങുകൃഷിയിൽ വിളവ്‌ ലഭിച്ചുതുടങ്ങുന്നതിനു മുൻപ്‌ തന്നെ ഗണ്യമായ പണച്ചെലവ്‌ ആവശ്യമായി വരുന്നതിനാൽ  അഭികാമ്യമായ ഇനത്തിന്റെ ഗുണനിലവാരമുള്ള നടീൽ സാമഗ്രികൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. തെങ്ങിന്റെ കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട മാതൃവൃക്ഷങ്ങളിൽ നിന്ന്‌ ശേഖരിക്കുന്ന വിത്തുതേങ്ങ പാകി കിളിർപ്പിച്ചെടുക്കുന്ന തെങ്ങിൻ തൈകൾ മുഖേന മാത്രമേ വംശവർദ്ധന നടക്കുകകയുള്ളൂ.  കോശസംവർദ്ധനം മുഖേനയുള്ള വംശവർദ്ധനയ്ക്കായുള്ള പ്രയത്നങ്ങൾ പല തലങ്ങളിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇപ്പോൾ വികസിപ്പിച്ചുവരുന്ന ഭ്രുണസംവർദ്ധന (പ്ലൂമ്യൂൾ കൾച്ചർ) സാങ്കേതികവിദ്യയിൽ ഒരു വിത്തുതേങ്ങയുടെ ഭ്രൂണത്തിൽ നിന്ന്‌ പതിനെട്ട്‌ വരെ തൈകൾ ഉത്പാദിപ്പിച്ചെടുക്കാൻ സാധിക്കും. അത്യുത്പാദനശേഷിയുള്ള ഡിതടി സങ്കരയിനം തെങ്ങിൻ തൈകളുടെ ആവശ്യകത വർദ്ധിച്ച്‌ വരുന്നുണ്ടെങ്കിലും രാജ്യത്ത്‌ കുറിയയിനം മാതൃവൃക്ഷങ്ങൾ പരിമിതമായ തോതിൽ മാത്രം ലഭ്യമായതിനാൽ ആവശ്യകത പൂർത്തീകരിക്കുവാൻ നമുക്ക്‌ കഴിയുന്നില്ല.
രാജ്യത്ത്‌ കഴിഞ്ഞ ദശകത്തിൽ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണത്തിൽ 0.8 ശതമാനം വർദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. വരും വർഷങ്ങളിലും ഇതേ നിലയ്ക്ക്‌ തന്നെ വർദ്ധനയുണ്ടാകാം. കൂടാതെ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്‌, ആസ്സാം, മറ്റ്‌ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം തെങ്ങുകൃഷി വ്യാപിപ്പിക്കുന്നതിന്‌ സാദ്ധ്യതകളുണ്ട്‌.  രാജ്യത്തെ മൊത്തം തെങ്ങുകൃഷി ഭൂമിയുടെ 25 ശതമാനം (4.82 ലക്ഷം ഹെക്ടർ) കയ്യാളുന്ന ഈ നാല്‌ സംസ്ഥാനങ്ങളിൽ ശരാശതി 1 ശതമാനം കൃഷി സ്ഥലത്തേക്ക്‌ അതായത്‌ 4820 ഹെക്ടറിലേക്ക്‌ കൂടി തെങ്ങുകൃഷി വ്യാപിപ്പിച്ചാൽ തന്നെ ഹെക്ടറൊന്നിന്‌ 160 തെങ്ങുകൾ എന്ന തോതിൽ ഒരുവർഷത്തേക്ക്‌ 7.70 ലക്ഷം തെങ്ങിൻ തൈകൾ ആവശ്യമായി വരും. അടിത്തൈ വയ്ക്കുന്നതിനോ, വെട്ടിമാറ്റുന്ന തെങ്ങുകൾക്ക്‌ പകരം നട്ടുപിടിപ്പിക്കുന്നതിനോ ഒരു ശതമാനം കൂടി ആവശ്യമായി വന്നാൽ കർണ്ണാടക, ഗോവ, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ ആവശ്യമായ്‌ വരും. 15 ലക്ഷം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ 23 ലക്ഷം വിത്തുതേങ്ങകൾ ശേഖരിച്ച്‌ നഴ്സറിയിൽ പാകേണ്ടതായിട്ട്‌ വരും.
കരിക്കിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച്‌ കരിക്കിന്‌ അനുയോജ്യമായ ഇനങ്ങളായ ചാവക്കാട്‌ ഓറഞ്ച്‌, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്‌, ഗംഗാബോന്തം മുതലായ കുറിയ ഇനങ്ങൾ പ്രചരിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രസ്തുത സംസ്ഥാനങ്ങളിൽ പുതുതായി നട്ട്‌ പിടിപ്പിക്കുന്ന തെങ്ങിൻ തൈകളിൽ 30 മുതൽ 40 ശതമാനം വരെ കുറിയ ഇനങ്ങളും സങ്കരയിനങ്ങളും ആയിരിക്കണം. ഇതിനായി പ്രതിവർഷം 5 ലക്ഷത്തോളം സങ്കരയിനത്തിലും കുറിയ ഇനത്തിലുംപെട്ടതുമായ തെങ്ങിൻ തൈകളുടെ ആവശ്യമുണ്ടാകും. നാളികേര വികസന ബോർഡിന്റെ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ നിന്നും ഗോവയിലെ ഡീജെഫാം, ബോർഡ്‌ സഹായം നൽകിയിട്ടുള്ള ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡനുകൾ, സ്വകാര്യ വിത്തുത്പാദന തോട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നുമെല്ലാം കുറിയയിനം തൈകൾ ലഭിക്കുന്നതാണ്‌.
അഞ്ച്‌ ലക്ഷം കുറിയ ഇനങ്ങളുടേയും സങ്കരയിനങ്ങളുടേയും വാർഷിക ആവശ്യകത പൂർത്തീകരിക്കുന്നതിന്‌ പ്രസ്തുത സംസ്ഥാനങ്ങളിൽ ലഭ്യമായിട്ടുള്ള മാതൃവൃക്ഷങ്ങളുടെ സ്ഥിതിവിവരകണക്കുകൾ ശേഖരിച്ച്‌ ഡാറ്റാബേസ്‌ ഉണ്ടാക്കേണ്ടതുണ്ട്‌. അയൽ സംസ്ഥാനമായ തമിഴ്‌നാടിനേയും ഈ ആവശ്യത്തിനായി സമീപിക്കാവുന്നതാണ്‌.
ശേഷിക്കുന്ന പത്ത്‌ ലക്ഷം ഗുണനിലവാരമുള്ള നെടിയ ഇനം തൈകൾ ലഭ്യമാക്കുന്നതിന്‌ ബോർഡും അതാത്‌ സംസ്ഥാന സർക്കാരുകളും സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ട്‌. കേരകർഷകരും, നാളികേരോത്പാദക സംഘങ്ങളും, കേരകർഷക സംഘടനകളും വിത്തുതേങ്ങ ശേഖരിക്കുന്നതിനും നഴ്സറികൾ തുടങ്ങുന്നതിനും മുൻകൈ എടുക്കേണ്ടത്‌ അനിവാര്യമാണ്‌. ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ആവശ്യകത നികത്തുന്നതിന്‌ ഉത്തമ മാതൃവൃക്ഷങ്ങളുടെ തോട്ടങ്ങൾ കണ്ടെത്തി മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്‌. കർണ്ണാടകയിൽ നിന്ന്‌ 30,000 മാതൃവൃക്ഷങ്ങളും മഹാരാഷ്ട്രയിൽ നിന്ന്‌ പതിനായിരവും ഗോവയിൽ നിന്ന്‌ മൂവായിരവും മാതൃവൃക്ഷങ്ങളും കണ്ടെത്താമെന്ന്‌ കണക്കാക്കിയിരിക്കുന്നു (പട്ടിക 3).
ഒരു വൃക്ഷത്തിൽ നിന്ന്‌ കുറഞ്ഞത്‌ 40 വിത്തുതേങ്ങകൾ വീതം വർഷംതോറും ശേഖരിക്കാവുന്നതാണ്‌. മേൽപ്പറഞ്ഞ 43,000 മാതൃവൃക്ഷങ്ങളിൽ നിന്ന്‌ 17 ലക്ഷം വിത്തുതേങ്ങ ശേഖരിക്കാവുന്നതാണ്‌. ഛത്തീസ്ഗഢ്‌, ബീഹാർ, ആസ്സാം മുതലായ സംസ്ഥാനങ്ങളിൽ നെടിയ ഇനം വിത്തുതേങ്ങകളുടെ ആവശ്യകതയുള്ളതിനാൽ ഈ രണ്ട്‌ സംസ്ഥാനങ്ങളിലേക്ക്‌ രണ്ടോ, മൂന്നോ ലക്ഷം വിത്തുതേങ്ങകൾ നൽകേണ്ടിവരും. തെരഞ്ഞെടുക്കപ്പെട്ട മാതൃവൃക്ഷങ്ങളിൽ നിന്ന്‌ ശേഖരിക്കുന്ന വിത്തുതേങ്ങകൾ മുഴുവൻ പാകി കിളിർപ്പിച്ചാൽ നെടിയ ഇനം തെങ്ങിൻ തൈകളുടെ ആവശ്യം നികത്താവുന്നതേയുള്ളൂ.
 കർണ്ണാടകയിലെ അരസിക്കര, കഡൂർ താലൂക്കുകളിൽ നിന്ന്‌ തെരഞ്ഞെടുത്ത 22 മാതൃവൃക്ഷത്തോട്ടങ്ങളുടെ കർഷകരുടെ പേര്‌, മാതൃവൃക്ഷങ്ങളുടെ എണ്ണം, മൊബെയിൽ നമ്പർ എന്നിവ പട്ടിക 4 ൽ നൽകിയിരിക്കുന്നു.
തെങ്ങിൻ തൈ ഉത്പാദനം
സാധാരണ നെടിയ ഇനം തെങ്ങുകളെ അപേക്ഷിച്ച്‌ വിവിധ മാതൃ-പിതൃ വൃക്ഷങ്ങളിൽ നിന്ന്‌ വികസിപ്പിച്ചെടുക്കാവുന്ന അത്യുത്പാദനശേഷിയുള്ള സങ്കരയിനങ്ങളായ ഡിX ടി, ടി X ഡി എന്നിവ  25 മുതൽ 40 ശതമാനം വരെ അധികം വിളവ്‌ തരുന്നു. നിരവധി ഡിX ടി സങ്കരയിനങ്ങൾ വികസിപ്പിച്ച്‌ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അവയുടെ ലഭ്യത വളരെ പരിമിതമാണ്‌. ഡിX ടി സങ്കരയിനങ്ങൾ വളരെ നേരത്തെ കായ്ക്കുന്നതിനാലും ഉയരം കുറവായതിനാലും ഉയർന്ന വിളവ്‌ തരുന്നതിനാലും കേരകർഷകർ അവ നട്ടുപിടിപ്പിക്കാൻ അധികം താൽപര്യം കാണിക്കുന്നു. കുറിയയിനം മാതൃവൃക്ഷങ്ങളുടെ ദൗർലഭ്യമാണ്‌ ഡി ഃ ടി സങ്കരയിനങ്ങളുടെ ഉത്പാദനത്തിനുള്ള വലിയൊരു പരിമിതി. കുറിയ ഇനം മാതൃവൃക്ഷങ്ങളുള്ള തോട്ടങ്ങൾ പരിമിതമായ എണ്ണം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. രാജ്യത്ത്‌ നെടിയ, കുറിയ, സങ്കരയിനം തെങ്ങുകളുടെ ഇനം തിരിച്ചുള്ള അനുപാതം 50:30:20 എന്നായിരിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ പുതുതായി തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുമ്പോൾ കുറിയ ഇനം തൈകൾ കൂടുതലായി നടുന്നതിന്‌ അത്യധികം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌.
പശ്ചിമ ഭാരതത്തിൽ തെങ്ങിൻ തൈകളുടെ മുഖ്യസ്രോതസ്സുകൾ ബോർഡിന്റെ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദനതോട്ടം, സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്റെ നഴ്സറികൾ, സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, സ്വകാര്യ നഴ്സറികൾ എന്നിവയാണ്‌. ചുരുക്കം ചില കർഷകർ അവരുടെ ആവശ്യത്തിനായി സ്വന്തം തോട്ടങ്ങളിൽ നിന്ന്‌ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്ന്‌ വിത്തുതേങ്ങ ശേഖരിച്ച്‌ തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നുണ്ട്‌.  സംസ്ഥാന കൃഷിവകുപ്പിന്‌ ബോർഡിന്റെ ടി ഃഡി സങ്കരയിനങ്ങളുടേയും മെച്ചപ്പെട്ട മറ്റ്‌ ഇനങ്ങളുടേയും ഉത്പാദനം, പ്രാദേശിക തെങ്ങിൻ നഴ്സറികൾ എന്നീ പദ്ധതികൾക്ക്‌ കീഴിൽ ധനസഹായം നൽകുന്നുണ്ട്‌. ബോർഡിന്റെ ന്യൂക്ലിയസ്‌ വിത്തുതോട്ടം, സ്വകാര്യ നഴ്സറി പദ്ധതി എന്നിവയ്ക്ക്‌ കീഴിൽ നാളികേരോത്പാദക സംഘങ്ങൾക്കും നഴ്സറി തുടങ്ങുന്നതിന്‌ ധനസഹായം നൽകുന്നുണ്ട്‌.
സ്വകാര്യ നഴ്സറി പദ്ധതിയിൽ 25,000 തെങ്ങിൻ തൈകൾ ഉത്പഠിപ്പിക്കുന്നതിന്‌ പ്രതിവർഷം 1 ലക്ഷം രൂപ വീതം മൊത്തം 2 ലക്ഷം രൂപ ധനസഹായം നൽകുന്നു. 6250 തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറിക്ക്‌ 25,000 രൂപ വീതം രണ്ട്‌ വാർഷിക തവണകളായി നൽകുന്നു. ഗുണനിലവാരമുള്ള കുറിയ ഇനത്തിൽപ്പെട്ടതും നെടിയ ഇനവും മാതൃ,പിതൃ വൃക്ഷങ്ങളെ വളർത്തി അത്യുത്പാദനശേഷിയുള്ള
ഡി X ടി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുകയെന്നതാണ്‌ ന്യൂക്ലിയസ്‌ വിത്തുതോട്ടങ്ങൾ സ്ഥാപിക്കുന്നതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ന്യൂക്ലിയസ്‌ വിത്തുതോട്ടം സ്ഥാപിക്കുന്ന പദ്ധതിക്ക്‌ കീഴിൽ ചുരുങ്ങിയത്‌ 600 തെങ്ങിൻ തൈകൾ മൂന്ന്‌ വർഷക്കാലയളവിൽ 40 ഹെക്ടർ സ്ഥലത്ത്‌ നട്ടുപിടിപ്പിക്കുന്നതിന്‌ 4 ലക്ഷം രൂപ ബോർഡ്‌ ധനസഹായമായി നൽകുന്നു.
ടി X ഡി സങ്കരയിനം തൈകളും മറ്റ്‌ അത്യുത്പാദനശേഷിയുള്ള ഇനങ്ങളും ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക്‌ കീഴിൽ ബോർഡ്‌ കർണ്ണാടക സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്‌ ധനസഹായം നൽകുന്നുണ്ട്‌. മാണ്ഡ്യ കൃഷ്ണരാജ സാഗറിലുള്ള വിത്തുതോട്ടത്തിൽ പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ 25,000 സങ്കരയിനം തെങ്ങിൻ തൈകളാണ്‌ വർഷംതോറും ഉത്പാദിപ്പിക്കുന്നത്‌. ഈ പദ്ധതിക്ക്‌ കീഴിൽ 2012-13 വർഷത്തിൽ 3.125 ലക്ഷം രൂപയാണ്‌ ബോർഡിന്റെ വിഹിതമായി നൽകിയത്‌. കർണ്ണാടക ഹോർട്ടികൾച്ചർ വകുപ്പിന്റെ പദ്ധതികൾക്ക്‌ കീഴിൽ പ്രധാനമായും നെടിയയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറികൾ സംസ്ഥാനത്ത്‌ തെങ്ങുകൃഷിയുള്ള വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്‌.
ബോർഡിന്റെ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ കുറിയയിനം, നെടിയയിനം, സങ്കരയിനം തെങ്ങിൻ തൈകൾ ലഭ്യമാണ്‌. മാണ്ഡ്യയിലെ തോട്ടത്തിലെ വാർഷിക ഉത്പാദന ലക്ഷ്യം 2.40 ലക്ഷം തെങ്ങിൻ തൈകളായി നിജപ്പെടുത്തിയിരിക്കുന്നു. 2007-08 മുതൽ മാണ്ഡ്യ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്ത തെങ്ങിൻ തൈകളുടെ എണ്ണം പട്ടിക 5 ൽ കൊടുത്തിരിക്കുന്നു
കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ നാല്‌ പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യമായി വരുന്ന നെടിയ ഇനം തെങ്ങിൻ തൈകളുടെ ആവശ്യകത നികത്തുന്നത്‌ പ്രധാനമായും കർണ്ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും.  ഈ സംസ്ഥാനങ്ങളിൽ കുറിയയിനം, സങ്കരയിനം തെങ്ങിൻ തൈകൾ കൂടുതലായി നട്ടുപിടിപ്പിക്കേണ്ടതുണ്ട്‌. കുറിയ ഇനം തൈകൾ നട്ടുപിടിപ്പിക്കുന്നതിന്‌ കർഷകരുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ട്‌. മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിലെ തെങ്ങിൻ തൈകൾ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അതിനാൽ, പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർക്ക്‌ കുറിയയിനം, സങ്കരയിനം തൈകളുടെ ആവശ്യകത നികത്തുന്നതിന്‌ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടതായി വരും. ബോർഡിന്റെ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ വകുപ്പുകൾക്കും നാളികേരോത്പാദക സംഘങ്ങൾക്കും, നാളികേരോത്പാദക ഫെഡറേഷനുകൾക്കും സ്വകാര്യ നഴ്സറികൾക്കും പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യമുള്ളത്ര ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാൻ സാധിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...