19 Jul 2013

ആത്മപഥങ്ങൾ


                                        


ഇന്ദിരാബാല
ൻ  
       ദുഃഖശൈലങ്ങളെമറികടന്ന്
ജീവിതത്തിന്റെ അപ്രതീക്ഷിതമുഹൂർത്തങ്ങളിൽ നേരിടുന്ന മാനസിക-ശാരീരിക ക്ഷതങ്ങളിൽ നിന്നും മനസ്സിനേയും, ശരീരത്തേയും ഒരു പോലെ മോചിപ്പിച്ച്‌ ,സഹജീവികള്‍ക്ക്  ആശ്രയവും, കരുണയുമായിത്തീരുന്ന നിരവധി സ്ത്രീവ്യക്തിത്വങ്ങൾ ഈ ലോകത്തിൽ പലയിടത്തും ജീവിക്കുന്നു.ജീവിതാഘാതത്തിൽ നോവിന്റെ അവസാന അത്താണിയും താണ്ടി ജീവിതത്തിന്റെ പ്രകാശരേഖകളിലേക്ക് നടന്നടുത്ത വനിതയാണ്‌ പാക്കിസ്ഥാനിലെ മുസാഫിർ ജില്ലയിലെ മീർവാലയിൽ 1972-ൽ ജനിച്ച മുക്താര്‍മായി. ജാതീയതയുടെയും, വംശീയതയുടെയും അധിനിവേശത്തിന്നിരയായവൾ.

പ്രതീക്ഷയുടെ മേഘചാർത്തുകൾ നഷ്ടപ്പെടുന്നവരിൽ, പലരും ജീവിതത്തോടു വിട പറയുന്നു.മറ്റു ചിലർ സ്വയം വെളിച്ചം തേടുകയും, മറ്റുള്ളവര്‍ക്ക്  വെളിച്ചമായിപരിണമിക്കുകയും ചെയ്യുന്നു. ഇതിൽ രണ്ടാമത്തെ ഗണത്തിലാണ് `മുക്താർമായിയുടെസ്ഥാനം നിർണ്ണയിക്കേണ്ടത്‌.ജീവിതത്തിന്റെ നക്ഷത്രക്കൂട്ടങ്ങളെല്ലാം ചിതറിത്തെറിച്ചപ്പോഴും ,ഫീനിക്സ് പക്ഷി കണക്കെ പുതിയൊരൂർജ്ജത്താൽ സൂര്യവെളിച്ചത്ത്ലേക്ക് നടന്നടുത്തവരാണവർ. ഗോതമ്പുവയലുകൾ വിളഞ്ഞുകിടക്കുന്ന ,വിശുദ്ധരുടെ നാടെന്നറിയപ്പെടുന്ന പഞ്ചാബിൽ വളർന്ന പെൺകുട്ടി. മീർവാല ഗ്രാമത്തിലെ കർഷകജാതിയായ ഗുജാർവംശത്തിൽ പിറന്നവൾ. പെൺപള്ളിക്കൂടമില്ലാത്തതിനാൽ അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാതെ, സ്വന്തമായി ഖുറാൻ വായിച്ചു പഠിച്ചു  തന്റെ ഗ്രാമത്തിലുള്ളവരെ ഖുറാൻ പഠിപ്പിക്കുന്നവൾ. 16 ആം വയസ്സിൽ പരിചയമില്ലാത്ത,അലസനും, കാര്യശേഷിയുമില്ലാത്ത ഒരാളുമായി വീട്ടുകരുറപ്പിച്ച വിവാഹത്തിൽ നിന്നും മോചനം നേടിയവൾ.ഇതിൽ നിന്നൊക്കെ അവളുടെ    സ്വതന്ത്രവ്യക്തിത്വത്തിന്റെ ഒരേകദേശ രൂപം ലഭിക്കുന്നു.

മീർവാല ഗ്രാമത്തിലെ മറ്റൊരു വംശമാണ്‌ മസ്തോയിക്കാർ. ആൾബലംകൊണ്ടും, പണം കൊണ്ടും ശക്തരായവർ. ഗുജാർവംശക്കാർക്കെപ്പോഴും മസ്തോയികള്‍ക്കു മുൻപിൽ തലകുനിക്കേണ്ടി വരുന്നു. കാരണം അവർ മസ്തോയികളെക്കാൾ ജാതിയിൽ താഴ്ന്നവരും, നിസ്വരുമാണ്‌. ഇപ്പോഴും പല സംസ്ഥാനങ്ങ ളി ലും ഗോത്രങ്ങൾ നിലവിലുണ്ട്‌. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ ഗോത്രത്തലവന്മാരാണ്‌.ഇരുളടഞ്ഞുപോയ ഒരു കാലത്തിന്റെ പ്രതിനിധികൾ. സദാ ആയുധധാരികളായ മസ്തോയികൾക്കു മുന്നിൽ സമവായത്തിന്റെ ഭാഷക്ക് ജയിക്കാനാകാറില്ല. തെറ്റ് ചെയ്തില്ലെങ്കിലും നിരപരാധികളെ കുറ്റം ചുമത്തി ശിക്ഷ വിധിക്കുന്നു. നിർബന്ധകുറ്റം ചുമത്തുന്ന  രാഷ്ട്രീയം ഏതാണ്‌? സ്വേച്ഛാധിപത്യത്തിന്റെ തന്നെ. ഈയവസ്ഥയിൽ സ്വയം വേദനിക്കാനും, ആത്മരോഷംകൊള്ളാനും മാത്രമേ ഗുജാർ വംശക്കാർക്കായുള്ളു. ഗുജാർ ഗോ ത്രത്തിൽ പെട്ട ഒരാൺകുട്ടി എന്തെങ്കിലും തെറ്റു ചെയ്താൽ ആ വംശത്തിലെ ഒരു സ്ത്രീയായിരിക്കണം മസ്തോയികള്‍ക്കു  മുമ്പിൽ ഹാജരാകേണ്ടത്‌.അതിൽ ആദരണീയയും, പക്വമതിയുമായപെണ്ണിനെ തിരഞ്ഞെടുക്കുന്നു.

ഇവിടെ മുക്താർമായിക്കെതിരെ ശിക്ഷവിധിക്കുവാൻ ആരോപിക്കപ്പെട്ട കുറ്റം തന്റെ ഇളയ അനുജൻ മസ്തോയിവിഭാഗത്തിലെ ഒരു പെൺകുട്ടിയോടു സംസാരിച്ചുവെന്നതാണ്‌ ..സംസാരത്തിനെ അവർ പ്രണയമാക്കി മുദ്ര കുത്തി അതിന്നെതിരെയായിരുന്നു വിധിപ്രസ്താവം. 12 വയസ്സുകാരൻ 20 വയസ്സുകാരിയോടു സംസാരിച്ചതിനെയാണ് ` അപരാധമായി കണക്കാക്കിയിട്ടുള്ളത്‌. അതു വെറും സംസാരമല്ലെന്നും, അവളെ അപമാനിച്ചുവെന്നുമായിരുന്നു അവരുടെ നിലപാട്‌. ഈ നിലപാ ടു തെറ്റാണെന്നു ഗുജാർ വംശക്കാർ പറഞ്ഞെങ്കിലും തെല്ലും വിലപ്പൊയില്ലെന്നതാണ്  പരമാർത്ഥം. സ്വാധീനശക്തിയും, ആക്രമസ്വഭാവവുമുള്ള മസ്തോയികൾക്കു മുന്നിൽ ഗുജാര്‍ വംശക്കാര്‍ക്ക് പിടി ച്ചുനില്ക്കാൻ ബുദ്ധിമുട്ടായിരുന്നു.

ആസന്നഭാവിയറിയാതെ അസ്പഷ്ടമായ ഒരു മൌനത്തിന്റെ ഇരമ്പലിലൂടെയവൾ സഞ്ചരിച്ചു അനുജൻ ചെയ്ത തെറ്റിന്‌ സഹോദരിയെ കൂട്ടബലാൽസംഗം ചെയ്യുക എന്ന ക്രൂരകൃത്യമാണ്‌ ശിക്ഷ യെന്നറിഞ്ഞ്‌, കുത്തനെ പെയ്യാൻ വിതുമ്പിനില്ക്കുന്ന കാർമേഘങ്ങൾ പേറിയ ഹൃദയവുമായാണ്‌ മുക്താർമായി അവർക്കു മുന്നിൽ ഹാജരായത്‌.കരളിന്റെ കരകാണാക്കയങ്ങളി ൽ ബാക്കിജീവിതത്തെ കുഴിച്ചുമൂടാൻ തയ്യാറായി അവൾ നിന്നു. നീലവിഹായസ്സിലെ നക്ഷത്രങ്ങളെ തൊടാനും, വിണ്ണിൽ വെള്ളില്‍ ചിറകുകൾ വീശി പറന്ന് ഉയരങ്ങൾ കീഴടക്കാനും കൊതിച്ച ഒരു പെൺകുട്ടിയുടെ ദുരവസ്ഥയിൽ നിഷ്ക്രിയരായി നില്ക്കുന്ന ഒരു സമൂഹം നിശ്ശബ്ദത പൂണ്ടു നിന്നു.മാത്രമല്ല ഈയവസ്ഥയിൽ എതിരിട്ടാൽ തന്റെ അനുജന്റെ ജീവനു തന്നെ അപകടമായേക്കാം.വിവിധ വികാരവിചാരങ്ങളാൽ ബുദ്ധി കെട്ടുപോയിരിക്കുന്നു. മഴക്കോളു നിറഞ്ഞ് ഈ അന്തരീക്ഷത്തിൽ ഏതു നിമിഷവും കനത്ത ഇടിയും, മിന്നലും, മഴയുമുണ്ടായേക്കാം.. ശരിതെറ്റുകള്‍ക്കിടംനല്കാതെഅനുജനെ കയ്യാമംവെച്ച് പോലീസ്പരിധിക്കുള്ളിലാക്കിയിരിക്കുന്നു. എവിടെയും അധികാരത്തിന്റെ വടം വലികൾ. മസ്തോയികള്‍ക്ക്   അവരുടെ കുടിപ്പക തീർക്കാൻ കിട്ടിയ വസരം അവർ വേണ്ടവിധം വിനിയോഗിക്കുന്നു. ഗ്രാമസഭക്കു മുമ്പിൽ മാപ്പിരന്നിട്ടും അവൾക്കു നീതിലഭിച്ചില്ല. അവരുടെ അവസാന ആയുധം തന്നെ അവൾക്കു മേൽ പ്രയോഗിച്ചു. ആ നരാധമർ സ്വന്തക്കാരുടേയും,, നാട്ടുകാരുടെയും മുന്നിൽ വെച്ചവളെ പിച്ചിച്ചീന്തി. ബാക്കിയായ അഭിമാനബോധത്തോടെ ധൈര്യമാർജ്ജിക്കാൻ പൊരുതുമ്പോഴും മുന്നിലെ പൈശാചികമുഖങ്ങള്‍ അവളിൽ അവശേഷിച്ച ശക്തിയേയും ചോർത്തി. “മാനം നിലനിർത്താൻ കൂട്ടബലാൽസംഗം” എന്ന കരാള നിയമം നടപ്പിലാക്കുമ്പോൾ കശാപ്പുചെയ്യാൻ കൊ ണ്ടുപോകുന്ന ഒരാടിനു കൊടുക്കു ന്ന കരുണ പോലും അവൾക്കു ലഭിച്ചില്ല.

 ചോദ്യങ്ങൾ ഉത്തരങ്ങളല്ലാതെ തിരയടിച്ചു.....ശബ്ദിക്കാനാകാതെ.....ആഴിയുടെ ചുഴികൾക്കുള്ളിൽ മുങ്ങിത്താഴുമ്പോലെ ഈ ലോകം തന്നെ അവളെ വലിച്ചുതാഴ്ത്തി. സ്വന്തം വീട്ടുകാർക്കുമുന്നിൽ വെച്ചു മുക്താർമായി കീഴടക്കപ്പെടുമ്പോൾ അവർ ഒരു സമൂഹത്തെത്തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. പുറത്തെ വെളിച്ചം പോലും  അവൾക്കു ചുറ്റും ഇരുട്ടായി പരിണമിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാൻ ഒരു വാതിലുപോലും മുന്നിലില്ല. സ്ത്രീയെന്നാൽ പുരുഷന്റെ അധീനത്തിൽ വെക്കാനും, പകരം വീട്ടനുമുള്ള ഒരു പാഴവസ്തുവാണെന്ന ബോധത്തിന്റെ അടിവേരു പറിച്ചുകളയാതെ ഈ കാലത്തും അനാചാരങ്ങൾ നടമാടുന്നു എന്നതെത്ര അപമാനകരം, അപലപനീയം!മാനഭംഗം സ്ത്രീയെ മാനസികമായും, ശാരീരികമായും കൊല്ലുന്നു. എന്നന്നേക്കുമായുള്ള നാണം കെടുത്തലായി...സമൂഹത്തിനു മുന്നിൽ ഊരും പേരും മറച്ച്‌ ജീവിക്കേണ്ടിവരുന്നതിന്റെ അവസ്ഥ മനശ്ശക്തിയെ തന്നെ നിർവീര്യമാക്കുന്നു. 

ആത്മധൈര്യത്തിലടിയുറച്ച ഒരു ജീവിതത്തിൽ നിന്നാണ്  മുക്താര്‍മായി അടർത്തിയെറിയപ്പെട്ടിരിക്കുന്നത്. അവൾക്കു മുന്നിൽ കാക്കകളായും, വെള്ളപ്രാവുകളായും വാക്കുകൾ പറന്നുനടന്നു. നീതി ലഭിക്കാൻ പണമാവശ്യപ്പെട്ടവർക്കു മുന്നിൽ ദയാരഹിതയായി സകലരുടെയും മുന്നിൽ വെച്ച്‌ ബലാല്‍സംഗത്തിന്നിരയാക്കപ്പെട്ടപ്പോൾ അനുജന്റെ തെറ്റിനു മാപ്പു തന്ന ഒരു സമൂഹത്തിനെന്തു  പേരിട്ടു വിളിക്കും?സത്യത്തിൽ ഈയൊരവസ്ഥയിൽ പെടുന്ന  ഏതൊരു സ്ത്രീയും ഒരു പക്ഷെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച്‌ ആലോചിച്ചെന്നു വരില്ല. കാരണം അവൾ മരണത്തിനു കീഴടങ്ങും. ഇവിടെയാണ് മുക്താർമായിയുടെ മഹത്വം  ശക്തിയാർജ്ജിക്കുന്നത്`. മനസ്സിനും ശരീരത്തിനും ഏറ്റ  ക്ഷതങ്ങളിൽ നിന്നെല്ലാം പതിയെ അവർ മുക്തയായി, അസാധാരണമായ  ഇച്ഛാശക്തിയോടും, ആത്മധൈര്യത്തോടും ജിവിതത്തിലേക്കു തിരിച്ചു വന്നു. , ഒപ്പം മാതാപിതാക്കളുടെ പിന്തുണയും ആത്മബലമേകാൻ തുണയായി. എപ്പോഴും സമൂഹത്തിൽ ഒരു ദുർബ്ബലപക്ഷം സത്യത്തിനുവേണ്ടി വാദിക്കുന്നവരുണ്ടാവുമല്ലോ,. അത്തരം ആളു കൾ മുക്താർമായിയുടെ വിവരമറിഞ്ഞ്‌ മുറവിളി കൂട്ടി. തന്നെത്തന്നെ അല്‍ഭുതപ്പെടുത്തക്കവിധമായിരുന്നു മുക്താർമായിയുടെ തിരിച്ചുവരവ്. നീതിക്കായി തികച്ചും പുതിയ ഒരു ദിശയിലേക്ക്  യാത്ര തിരിക്കാൻ അവരുടെ രണ്ടാം ജന്മം  തയ്യാറായി. 

ആ അപരിചിതമായ യാത്രയിൽ മറ്റൊരു ദുഃശ്ചിന്തകൾക്കും അവർ മനസ്സിന്നിടം നല്കിയില്ല. അതോടെ അവരിൽ മാറ്റങ്ങളും ഉളവായി. മുമ്പ് എത്രത്തോളം വിധേയയായിരുന്നുവോ അത്രതന്നെ എതിർദിശയിലേക്ക് അനുഭവങ്ങൾ അവരെ തിരിച്ചുവിട്ടു. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു പെണ്ണിനും ഈ ഗതികേടു വരുത്തരുതെന്നായിരുന്നു അവരുടെ കടുത്ത തീരുമാനം. അസാധാരണ മനോധൈര്യത്തോടെ പല പ്രതിസന്ധികളേയും തരണം ചെയ്തു. പാക്കിസ്ഥാനിലെ ഇസ്ളാമികഭരണകൂടത്തിന്റെ നിയമങ്ങളനുസരിക്കുന്നില്ലെന്ന് പറഞ്ഞ പല ഭീകരരും വഴിമുടക്കികളായി വന്നെങ്കിലും അതിനെതിരെ  ഇരട്ടി ശക്തിയോടെ ആൾബലത്തോടെ അവരെ ചെറുത്തുനിന്നു. എന്നും അവസാനം ധർമ്മത്തിനായിരിക്കും ജയം. അതുപോലെ രാപ്പകലില്ലാതെ തീച്ചൂളയിൽ വെന്തുരുകിയ അവർക്കനുകൂലമായി ജുഡീഷ്യറി വിഭാഗത്തിന്റെ കണ്ണു തുറന്നു,അനുകൂലനിയമം പാസ്സായി. ഒരു പെണ്ണിനെ നശിപ്പിക്കുക എന്നതിലുപരി ഭീകരവാദം അഴിച്ചുവിടുക എന്ന ലക്ഷ്യമായിരുന്നു ശത്രുക്കള്‍ക്ക് .ഈ കൊടും ഭീകരക്കെതിരെയാണ് ` മുക്താർമായി നിരായുധയായി പട വെട്ടിയത്‌. രാജ്യത്ത്‌ അതിക്രമങ്ങൾക്കിരയായ എല്ലാ സ്ത്രീകൾക്കും വേണ്ടിയായിരുന്നു അവരുടെ പടനീക്കം.“ഒരു സ്ത്രീയെ അവൾ വിദ്യാസമ്പന്നയോ, നിരക്ഷരയോ, ആകട്ടെ,തന്നോടു ചെയ്ത അന്യായത്തെ എതിർത്തുസംസാരിക്കാനനുവദിക്കുന്നതിലാണ്  മാതൃരാജ്യത്തിന്റെ യഥാർത്ഥമാനമെന്ന്‌ മുക്താര്‍മായി വിശ്വസിച്ചു.

പുരുഷന്റെ മാനം സ്ത്രീയിലാണ് ` നില കൊള്ളുന്നതെങ്കിൽ എന്തിനാണ് ` പുരുഷന്മാർ “ആ മാനത്തെ ബലാൽസംഗം ചെയ്യുകയും,കൊല്ലുകയും ചെയ്യുന്നത്‌? എന്നതായിരുന്നു അവരുടെ ധീരമായ ചോദ്യം.  പാക്കിസ്ഥാനിലെ സ്ത്രീപ്രവർത്തകയും, പരസ്പരസ്വാതന്ത്ര്യത്തോടും ,സമാധാനത്തോടും  കൂടീ സ്ത്രീപുരുഷന്മാർ കഴിയുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഒരു തലമുറക്കു വെളിച്ചമേകിയ കാരുണ്യദീപവുമാണ്‌ ഇന്ന് ഈ ബഹുമാന്യ വനിത.


ഇങ്ങിനെ അറിഞ്ഞും, അറിയാതേയും ഏതൊക്കെ തരത്തിലും  അവസ്ഥയിലും  സ്ത്രീകൾ ജീവിക്കുന്നു!ഓർക്കാനിഷ്ടപ്പെടാത്തതാണെങ്കിലും ചിലപ്പോൾ കഴിഞ്ഞ ഇരുണ്ട അദ്ധ്യായങ്ങളായിരിക്കാം പുതിയജീവിതത്തിനു കരുത്തേകുക.  വേദനയുടെയും,ധീരതയുടെയും,  ലോകത്തിൽ നിന്നും നേടിയ തിരിച്ചറിവുകളുടെ  അദ്ധ്യായങ്ങളാണ്‌ മുക്താര്‍മായിയുടെ ജീവിതത്തിൽ നിന്നും നമുക്കുലഭിക്കുന്നത്‌. പീഡിപ്പിക്കപ്പെട്ട്  ഈലോകത്തു താനാരുമല്ല എന്നു ചിന്തിക്കുന്നവർക്കും, അപമാനഭാരത്താല്‍ ജീവിതത്തിനോട്   പുറം തിരിഞ്ഞുനില്‍ക്കുന്നവർക്കും വെളിച്ചം നല്കുന്ന പാഠമാവട്ടെ മുക്താർമായിയുടെ ജീവിതപുസ്തകം. !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...