ശ്രീകൃഷ്ണദാസ് മാത്തൂർ
കാറ് പോലുള്ള വീട് തുറന്നു
യമയാനങ്ങള്‍ക്ക് നേരെ
കുര തെറിപ്പിച്ചു വെറുപ്പിച്ച
നായ്ക്കളെ കല്ലെറിഞ്ഞോടിക്കാന്‍...
ശ്രവണപരിധിക്ക് മേലെയും
താഴെയും ചെന്നോളിച്ചു കളിക്കും
അഗോചര മൃഗതൃഷ്ണയെ ഭയന്ന്
ഉറക്കപ്പിച്ചു പോലെ രാത്രി,
ഇടക്ക് നിര്‍ത്തിയ സുന്ദരകാന്ധം
വായന പിടിയ്ക്കാതെ, കല്ലും,
വടക്കെ പറമ്പിന്റെ തട്ടുതട്ടും
കയറ്റവും ഇറക്കവും നായ്ക്കുരവയും,
പൊഴിഞ്ഞു വീണ കണ്ണുകളും
കുത്തിക്കുഴിച്ചിട്ട ശൂന്യതയുമായ്
നാവു കയറി തീരാതെ കിടക്കുമ്പോല്‍
നാട് .....
മുറ്റത്തിന്‍ അതിര്‍വരമ്പിന്‍ കല്ലുകള്‍
'നിഠാരി'യിലെ കുഞ്ഞു തലയോട്ടികള്‍,
ഞെരിഞ്ഞു കരയും ചരല്‍ തരികള്‍
തോലുരിഞ്ഞതിന്‍ ബാക്കി എല്ലും പല്ലും,
ചായ്പില്‍ ഒരുകലം ചിതയൂതി
പകതേട്ടി, അയവെട്ടി നീലിച്ചിരിക്കും
മരിച്ച പെണ്ണുങ്ങടെ തുറിച്ച മിഴികള്‍.
ഉറങ്ങാതെ തക്കം പാര്‍ത്ത് ...
ആകാശത്തേക്ക് പത്തിവിടര്‍ത്തിയ
സര്‍പ്പഗന്ധിത്തലപ്പില്‍ വിഷം പോലെ
നിലാവ് നുരഞ്ഞിരിക്കുന്നു, ദംശനത്തി-
ന്നാസന്നകാലത്തേക്കിനി എത്ര വാര?
ഇരുട്ടാര്‍ന്ന ചുറ്റുവട്ടത്തിന്റെ കൈകളില്‍
കരിങ്കൊടി, ചുറ്റിക്കൂടി ഘരാവോ.
ജീവനില്ലാത്ത ചിരിക്കിട്ടു കരണത്തടി.
ഭീതിദം പ്രതിഛായുടെ ഈ ഭൂപടം,
കുര നിര്‍ത്തൂ നായ്ക്കളെ ....
ജനായത്ത ധൂര്‍ത്തിനെ വിരട്ടിയോടിച്ച്, ഒരുവിധം
കാറടച്ച് ഉറക്കത്തിനു കൂര്‍ക്കമിടുമ്പോള്‍,
ജീവിതത്തില്‍ നിന്ന്
രാജി വച്ച് പോകൂ എന്നു കേട്ടു
ഓടിച്ചിട്ടും പോകാത്തൊരു നായുടെ
കുരപിടിച്ചു നശിച്ച മോങ്ങല്‍ ...
വെടിയേല്‍ക്കാത്ത ജന്നല്‍ ചില്ലില്‍
പന്തം കൊളുത്തിപ്പോന്ന ചാവേറുകള്‍,
ഇടിച്ചു വീഴ്ചകളുടെ നിര്‍ഘാതം..!
ഒരു രാത്രികൂടി ഉറക്കമില്ലാതെ ഞാനീ
കൊടിവച്ച കാറില്‍, നിന്നെ ചവുട്ടിയരച്ചു`
ഉത്തരം പറയാത്ത ഫോണ്‍ വിളികളുടെ
കൂവലും മോങ്ങലും കേട്ട്...
എനിക്കൊന്നുറങ്ങണം എന്നുണ്ട് ഭൃത്യ,
എന്നാലീ ബൂമറാങ്ങെന്നെ ചുറ്റിക്കുന്നു....!!
-----------