ശ്രീജിത്ത് മൂത്തേടത്ത്
ചേര്‍പ്പ് എഴുത്തുകൂട്ടം പ്രതിനിധികള്‍ കാതിക്കുടം നിറ്റാജലാറ്റിന്‍ സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍...
കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ പ്രധാന ഗേറ്റ് |
കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി |
സമരാന്തരീക്ഷം
കനത്തുനില്‍ക്കുന്ന കാതിക്കുടത്ത്
ഞങ്ങളെത്തുമ്പോള്‍ സമയം
മൂന്നുമണിയായിരുന്നു.
വാഹനം പാര്‍ക്ക്
ചെയ്ത് സമരപ്പന്തല്‍
അന്വേഷിച്ചുചെന്ന ഞങ്ങളെ
എതിരേറ്റത് യുദ്ധം കഴിഞ്ഞതുപോലെ
തോന്നിക്കുന്ന വാരിവലിച്ചെറിയപ്പെട്ട
സമരപ്പന്തലിന്റെ ഓലകളും,
മുളകളും മറ്റവശിഷ്ടങ്ങളും.
പോലീസ് നരനായാട്ടിനിടയില്‍
അടിച്ചുതകര്‍ക്കപ്പെട്ടവ..
പിഞ്ചുകുഞ്ഞുങ്ങളെപ്പോലും
വെറുതെവിടാതെ തല്ലിച്ചതച്ച
പോലീസ് കാടത്തം അതിജീവനസമരത്തിന്റെ
പ്രതീകമായ സമരപ്പന്തലിന്റെ
തൂണുകള്‍ പോലും അടിച്ചുതകര്‍ത്തിരുന്നു.
പന്തല്‍ പുനഃസ്ഥാപിക്കാനുള്ള
ശ്രമത്തിലായിരുന്നു
സമരഭടന്‍മാര്‍.. നേരത്തെ
ഫോണില്‍ ബന്ധപ്പെട്ടിരുന്ന
സമരസമിതി കണ്‍വീനര്‍
അനില്‍കുമാറിനെ അന്വേഷിച്ച
ഞങ്ങളെ അവിട കൂടിനിന്നവര്‍
സമരപ്പന്തലിന്റെ പിന്നിലെ
ചായക്കടപോലെ തോന്നിക്കുന്ന
ഒരു ഷെഡ്ഡിലേക്ക് കൊണ്ടുപോയി.
ഇതു തന്നെയാണ്
അനില്‍കുമാറിന്റെ വീടെന്ന്
പിന്നീടറിയാന്‍ കഴിഞ്ഞു.
അകത്ത് സമരസമിതി
ചെയര്‍മാന്‍ പ്രേം കുമാര്‍
എന്തൊക്കെയോ എഴുതിത്തയ്യാറാക്കുന്ന
തിരക്കിലായിരുന്നു. തങ്ങളെ
സ്വീകരിച്ചിരുത്തിയ പ്രേംകുമാര്‍
എഴുത്ത് മാറ്റിവച്ച് ഞങ്ങളോട്
സംസാരിക്കാന്‍ തയ്യാറായി.
സ്ഥലം എം.എല്‍.എ
ക്ക് കൊടുക്കാനാവശ്യമായ ചില
നോട്ടുകള്‍ തയ്യാറാക്കുകയായിരുന്നുവത്രേ
അദ്ദേഹം.
“ഇവിടുത്തെ
സ്ഥിതിഗതികളൊക്കെ
അറിയാമായിരിക്കുമല്ലോ?
പ്രേം കുമാര്‍
സംസാരിച്ചുതുടങ്ങി. നിറ്റാ
ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്
കമ്പനിക്കെതിരെ നടന്നുവരുന്ന
സമരത്തിന്റെ ഭാഗമായി ഇപ്പോള്‍
നടക്കുന്നത് ഉപരോധ സമരമാണ്.
ദിവസവും രാവിലെമുതല്‍
അഞ്ചുപേര്‍ വീതം ഉപരോധമിരിക്കുന്നു.
ഗ്രാമത്തിലെ മുഴുവന്‍
ജനങ്ങളും ആ സമയത്ത് ഇവിടുണ്ടാവും.
ഉപരോധം തീര്‍ക്കുന്ന
അഞ്ചുപേരെ പോലീസ് അറസ്റ്റ്
ചെയ്ത് നീക്കിക്കഴിഞ്ഞാല്‍
ഉച്ചയോടെ എല്ലാവരും
പിരിഞ്ഞുപോവുന്നു. വീണ്ടും
ഭക്ഷണംകഴിഞ്ഞ് എല്ലാവരും
വൈകിട്ട് അഞ്ച് മണിയോടെ
സമരപ്പന്തലിനുമുന്നിലെത്തുന്നു. ”
ഇന്നാട്ടിലെ ജനങ്ങള്‍
ഒരനുഷ്ഠാനം പോലെ നടത്തുന്ന
സഹനസമരത്തിന്റെ ഇപ്പോഴത്തെ
അവസ്ഥയെപ്പറ്റി പ്രേംകുമാര്‍
പറഞ്ഞുനിര്‍ത്തി.
“രാഷ്ട്രീയപ്പാര്‍ട്ടികളില്‍
സി.പി.എം.
ആണ് ഞങ്ങളെ ഏറ്റവും
കൂടുതല്‍ എതിര്‍ക്കുന്നത്.
എന്തിനുവേണ്ടിയാണ്
ഈ എതിര്‍പ്പ് എന്നു ഞങ്ങള്‍ക്ക്
മനസ്സിലാവുന്നില്ല.
കെട്ടുകണക്കിന്
പണം എണ്ണിവാങ്ങിയിട്ടുണ്ടാവും.
മുഖ്യമന്ത്രിയുടെയും
വ്യവസായമന്ത്രിയുടെയും
കാര്യവും ഇതുപോലെത്തന്നെ.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്
ഏറ്റവും കൂടുതല്‍ പണം സംഭാവന
നല്‍കുന്ന തൃശൂര്‍ ജില്ലയിലെ
രണ്ട് സ്ഥാപനങ്ങളാണല്ലോ ഈ
കമ്പനിയും (നിറ്റാ
ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്),
ടോള്‍ പ്ലാസയും
(പാലിയേക്കര ടോള്‍
പ്ലാസ). അപ്പോള്‍
അവര്‍ക്ക് പണം നല്‍കുന്ന
യജമാനന്‍മാരുടെ മുന്നില്‍
വാലാട്ടാതിരിക്കാന്‍
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്
പറ്റില്ലല്ലോ?” പ്രേംകുമാര്‍
അമര്‍ഷം മറച്ചുവയ്ക്കുന്നില്ല.
“പക്ഷെ കോണ്‍ഗ്രസിന്റെ
പഞ്ചായത്ത് നേതൃത്വം ഞങ്ങള്‍ക്ക്
അനുകൂലമാണ്. അവര്‍
ഞങ്ങളോട് സഹകരിക്കുന്നുണ്ട്.
പക്ഷെ സി.പി.എം.ന്റെ
പ്രാദേശിക നേതൃത്വം പോലും
ഞങ്ങളോട് ശത്രുതാപരമായ
നിലപാടാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞയാഴ്ച പോലീസ്
അതിക്രമമുണ്ടായതിനെത്തുടര്‍ന്ന്
പബ്ലിസിറ്റിക്കുവേണ്ടി അവര്‍
ഒരു പ്രതിഷേധപ്രകടനം നടത്തി.
കമ്പനിക്ക് മുന്നില്‍
വേണമായിരുന്നു അവര്‍ പൊതുയോഗം
നടത്തേണ്ട്ത്. അല്ലെങ്കില്‍
സമരപ്പന്തലിന് സമീപം.
ഇതിനുപകരം അപ്പുറത്തെ
വളപ്പില്‍ പൊതുയോഗം ചേര്‍ന്ന്
സമരസമിതിയെ തെറിവിളിക്കുകയാണ്
അന്നവിടെ പ്രസംഗിച്ച എം.ബി.രാജേഷ്
ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത്
. പക്ഷെ ബി.ജെ.പി.യുടെയും,
ആര്‍.എസ്.എസ്.ന്റെയും,
ഹിന്ദു ഐക്യവേദിയുടെയും
പ്രവര്‍ത്തകര്‍ ഇവിടെ സജീവമാണ്.”
പ്രേംകുമാര്‍
പറയുന്നു.
“ലാത്തി
ചാര്‍ജ്ജ് ഒന്നുമല്ല ഇവിടെ
നടന്നത്. ആസൂത്രിതമായ
അടിച്ചമര്‍ത്തല്‍ ശ്രമമായിരുന്നു.
പ്രാദേശിക സമരപ്രവര്‍ത്തകരെ
തിരഞ്ഞുപിടിച്ച് അവര്‍
തല്ലിച്ചതച്ചു. ചെറിയ
കുട്ടികളെപ്പോലും വെറുതവിട്ടില്ല.
വീടുകള്‍ തോറും
കയറി വീട്ടുകാരെ മുഴുവന്‍
തല്ലിയോടിച്ചു. വീട്ടുസാമാനങ്ങളും
പാചകം ചെയ്തുവച്ചിരുന്ന
ചോറും കറികളും വരെ തട്ടിത്തെറിപ്പിച്ചു.
ടി.വി.യില്‍
നിങ്ങള്‍ കണ്ടുകാണുമല്ലോ?”
പാറക്കടവ് മൂഴിക്കുളം
പുഴസംരക്ഷണസമിതി പ്രവര്‍ത്തകനായിരുന്ന
പ്രേംകുമാര്‍ ഇപ്പേള്‍
കാതിക്കുടം സമരസമിതിയുടെ
ചെയര്‍മാന്‍ ആണ്. എന്നും
രാവിരെ കാതിക്കുടത്ത്
സമരപ്പന്തലിലെത്തുന്നു.
രാത്രിയേറെ വൈകിമാത്രം
തിരിച്ചുപോവുന്നു. ജീവിതം
തന്നെ ജീവനുവേണ്ടിസമരംചെയ്യുന്ന
ജനങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച
ഈ സമരഭടന് പ്രായമിത്രയായിട്ടും
വിശ്രമമില്ല.
“ജനകീയ
സമരങ്ങള്‍ വിജയിച്ചുകാണാന്‍
മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍
ചിലര്‍ ഇഷ്ടപ്പെടുന്നില്ല.
അവരുടെ വോട്ടുബാങ്ക്
രാഷ്ട്രീയത്തിന്
അതുവെല്ലുവിളിയായിരിക്കുമെന്നതു കൊണ്ടാണതെന്നു
തോന്നുന്നു. സി.പി.എം.
ഏറ്റെടുത്ത സമരങ്ങളെല്ലാം
തന്നെ അവസാനം അവര്‍തന്നെ
ഒറ്റുകൊടുത്ത ചരിത്രമാണു
നമുക്ക് കാണാന്‍ കഴിയുക.”ഇതിനിടെ
ഓഫീസിലേക്ക് വന്ന പാലിയേക്കര
സമരസമിതി കണ്‍വീനറും
ആക്ടിവിസ്റ്റുമായ സ്വാമി
എന്നുവിളിക്കപ്പെടുന്ന സാബു
പറഞ്ഞു.
“നിറ്റാജലാറ്റിന്‍
ഇന്ത്യാ ലിമിറ്റിഡ് എന്നത്
ഒരു ജപ്പാനീസ് കമ്പനിയാണ്.
കേരള വ്യവസായ വികസന
കോര്‍പ്പറേഷന്(K.S.I.D.C.) ഇതില്‍
33 ശതമാനം ഓഹരികള്‍
മാത്രമേയുള്ളൂ... അഞ്ച്
ശതമാനം മറ്റ് സ്വകാര്യവ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും. ബാക്കി
62 ശതമാനവും ജപ്പാനീസ്
കമ്പനിയുടെ ഓഹരിയാണ്. 51%
ല്‍ കൂടുതല്‍
ഗവണ്‍മെന്റ് ഓഹരിയുണ്ടെങ്കില്‍
മാത്രമേ പൊതുമേഖലാ സ്ഥാപനമായി
ഒരു സ്ഥാപനത്തെ കാണാന്‍ കഴിയൂ
എന്നിരിക്കെ വെറും 33 ശതമാനം
മാത്രം കെ.എസ്.ഐ.ഡി.സി.
ഓഹരിയുള്ള ഈ കമ്പനിയെ
പൊതുമേഖലാ സ്ഥാപനമാണ് എന്നു
പറഞ്ഞ് പൊതുജനത്തെ കബളിപ്പിച്ച്,
കമ്പനിക്കെതിരെ
നടക്കുന്ന സമരത്തെ
ഗവണ്‍മെന്റിനെതിരെയുള്ള
സമരമായി പ്രചരിപ്പിക്കുകയാണ്
രാഷ്ട്രീയക്കാരും ഗവണ്‍മെന്റും
പോലീസും. ഒരു
വിദേശ കമ്പനിക്കെതിരെ അതിന്റ
കെടുതിയനുഭവിക്കുന്ന
ഗ്രാമവാസികള്‍ നടത്തുന്ന
അതിജീവനസമരത്തെ ഗവണ്‍മെന്റിനെതിരെയുള്ള
സമരമായി വ്യാഖ്യാനിച്ച്
പ്രചരിപ്പിക്കാനുള്ള ആസൂത്രിതമായ
ശ്രമത്തിന്റെ ഭാഗമാണിത്.”
“കമ്പനി
സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങളെ
ക്കുറിച്ച് നിരവധി പഠനങ്ങള്‍
നടന്നുകഴിഞ്ഞു. എക്സ്പേര്‍ട്ട്
കമ്മറ്റി, ജനനീതി
സമിതി, നെതര്‍ലാന്റ്
യൂണിവേഴ്സിറ്റി സംഘം എന്നിവയെല്ലാം
നടത്തിയ പഠനങ്ങളില്‍ കമ്പനി
മാരകമായ മാലിന്യങ്ങളാണ്
പുറന്തള്ളുന്നത് എന്ന്
തെളിഞ്ഞിട്ടുണ്ട്. നമ്മുടെ
സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്
(kerala pollution controll board)മാത്രമാണ്
കമ്പനിക്ക് ക്ലീന്‍ ച്റ്റ്
നല്‍കുന്നത്. പണത്തിന്റെ
സ്വാധീനമാണ് ഇവിടെ കാണാന്
കഴിയുന്നത്. കോടതിയിലും
നീതികിട്ടുമോ എന്ന്
പ്രതീക്ഷയില്ലാതായിരിക്കുകയാണ്.
അവി ഏത് ബെഞ്ചിലേക്ക്
കേസ് പരിഗണിക്കപ്പെടണമെന്ന്
നിശ്ചയിക്കുന്നത് പണമാണല്ലോ?
മുമ്പ് മരണം വിതച്ച
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്
കമ്പനിയുടെ വക്കീല്‍ ആയിരുന്ന
ആന്റണി ഡോമിനിക് ആണ് ഇപ്പോഴത്തെ
ഹൈക്കോടതി ജഡ്ജി. അദ്ദേഹത്തിന്റെ
മുന്നില്‍ ഈ കേസ് കിട്ടിക്കഴിഞ്ഞാല്‍
അതിന്റെ വിധി എന്താവുമെന്ന്
ഊഹിക്കാവുന്നതേയുള്ളൂ.”
പ്രേംകുമാര്‍ പറഞ്ഞു.
സമരസമിതി
ചെയര്‍മാന്‍ പ്രേംകുമാര്‍
തൃശൂരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ
സമിതി രൂപീകരണയോഗത്തിലേക്ക്
പുറപ്പെട്ടു. അപ്പോഴേക്കും
സമരസമിതി കണ്‍വീനര്‍ ആയ
കെ.എ.അനില്‍
കുമാര്‍ എത്തി. അദ്ദേഹം
സന്തോഷത്തോടെ സമരസമിതിക്ക്
പിന്തുണയുമായി എത്തിയ ഞങ്ങളോട്
സംസാരിക്കാന്‍ തയ്യാറായി.
പതിമൂന്നു വയസ്സുമുതല്‍
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന
വ്യക്തിയാണ് അനില്‍കുമാര്‍.
സി.പി.എം.
കുടുംബം ആയിരുന്നു
അദ്ദേഹത്തിന്റെത്. നേരത്തെ
കമ്പനിയില്‍ ജീവനക്കാരനായിരുന്ന
അനില്‍കുമാര്‍ ജോലിരാജിവച്ച്
ഗള്‍ഫില്‍ ജോലിക്ക്
പോയതായിരുന്നു. കമ്പനിയോട്
ചേര്‍ന്ന് തന്നെയായിരുന്നു
അനില്‍കുമാറിന്റെ വീടും.
(അവിടെയാണ് ഈ സമരസമിതി
ഓഫീസ് പ്രവര്‍ത്തിക്കുന്നതും)
അമ്മ ക്യാന്‍സര്‍
ബാധിച്ച് മരണപ്പെട്ടതോടെയാണ്
അനില്‍കുമാര്‍ സമരത്തില്‍
സജീവമാവുന്നത്. തുടര്‍ന്ന്
കമ്പനി അനില്‍കുമാറിനെ
വിലക്കെടുക്കാന്‍ ശ്രമിക്കുകയും
വീണ്ടും ജോലിനല്‍കാന്‍
ശ്രമിക്കുകയും ചെയ്തുവെങ്കിലും
അതിനുവഴങ്ങാതെ സമരരംഗത്ത്
സജീവമാവുകയായിരുന്നു.
ഇപ്പോള്‍ ആക്ഷന്‍
കൗണ്‍സില്‍ കണ്‍വീനര്‍ ആണ്
അദ്ദേഹം. കഴിഞ്ഞ
പോലീസ് അതിക്രമത്തില്‍ ഉണ്ടായ
മര്‍ദ്ധനത്തില്‍ അനില്‍കുമാറിന്റെ
നട്ടെല്ലിന് ക്ഷതമേറ്റിരുന്നു.
ബെല്‍ട്ട് ധരിച്ചാണ്
അദ്ദേഹം ഇപ്പോള്‍
സമരപ്പന്തലിലെത്തുന്നത്.
സമരത്തിനാവശ്യമായ
പണം കണ്ടെത്താനും അറസ്റ്റിലാവുന്നവരെ
ജാമ്യത്തിലെടുക്കാനുള്ള
നികുതി റസീറ്റുകള്‍ സംഘടിപ്പിക്കാനും
ജയിലില്‍ കിടക്കുന്ന സമരഭടന്‍മാരെ
സന്ദര്‍ശിക്കാനുമൊക്കെ
അദ്ദേഹം ഇതിനിടയില്‍ സമയം
കണ്ടെത്തുന്നു. അനില്‍കുമാറിനും
പറയാനുള്ളത് രാഷ്ട്രീയപാര്‍ട്ടികളുടെ
വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരായ
പരാതി തന്നെയാണ്. ആരും
സഹായിക്കാനില്ലാതെ സമരം
പരാജയപ്പെടുമോ എന്ന ഭീതിയുമുണ്ട്
അദ്ദേഹത്തിന്റെ വാക്കുകളില്‍.
“ഈ സമരം
പരാജയപ്പെട്ടാല്‍ പിന്നെ
കാതിക്കുടം എന്ന ഗ്രാമമില്ല.
ഇവിടുത്തെ ജനങ്ങള്‍
മാരകരോഗങ്ങള്‍ വന്ന്
പുഴുക്കളെപ്പോലെ നരകിച്ച്
മരിക്കും.” അനില്‍കുമാറിന്റെ
കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന് നു.
നാലുമണിയായതോടെ
നാടിന്റെ പലഭാഗത്തുനിന്നുമായി
പലരും വന്നുതുടങ്ങി. സമരസമിതി
ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ
ഞങ്ങള്‍ പോലീസ് അതിക്രമത്തില്‍
തകര്‍ന്ന വീടുകളും അതിക്രമത്തില്‍
പരിക്കേറ്റ ജനങ്ങളേയും
സന്ദര്‍ശിച്ചു. ആക്ഷന്‍
കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍
സിന്ധുവിന്റെ ഭര്‍ത്താവ്
സന്തോഷ് ഞങ്ങളെ കമ്പനി
പുറന്തള്ളുന്ന മാലിന്യം
സൃഷ്ടിക്കുന്ന ഭീകരത നേരിട്ട്
കാണിച്ചുതന്നു. ശരീരമാസകലം
പോലീസ് ലാത്തിയടിയേറ്റ
പാടുകളുള്ള സന്തോഷ് കഴിഞ്ഞ
ദിവസമാണ് മെഡിക്കല്‍ കോളേജില്‍
നിന്ന് ഡിസ്ചാര്‍ജ്ജ്
ചെയ്യപ്പെട്ടത്.
“കണ്ടില്ലേ?
മഴക്കാലത്തു തെഴുത്ത്
തഴച്ചുനില്‍ക്കേണ്ടിയിരുന്ന
പുല്ലുകളൊക്കെ കരിഞ്ഞിരിക്കുന്നതു
കണ്ടില്ലേ?” സന്തോഷ്
കാണിച്ചുതന്നു. കമ്പനി
മതില്‍ക്കെട്ടിനോട് ചേര്‍ന്ന
പാടങ്ങളിലെല്ലാം കറുത്ത്
കൊഴുത്ത മലിനജലം കെട്ടിക്കിടക്കുന്നു.
രൂക്ഷമായ ഗന്ധം
അതില്‍നിന്നും മൂക്കിലേക്കടിച്ചുകയറുന്നു.
മൂക്കുപൊത്തിയല്ലാതെ
ഞങ്ങള്‍ക്ക് നടക്കാന്‍
കഴിഞ്ഞില്ല.
“ഇവിടെയല്ലാം
വീടുകളുണ്ടായിരുന്നു.”
ഒഴിഞ്ഞ പറമ്പുകള്‍
ചൂണ്ടിക്കാണിച്ച് സന്തോഷ്
പറഞ്ഞു.
“രോഗപീഢയും
കുടിക്കാന്‍ ശുദ്ധജലവുമില്ലാതെയും
വീടുകള്‍ ഉപേക്ഷിച്ചു
നാടുവിട്ടുപോയതാണവര്‍.”
ആള്‍ത്താമസമില്ലാത്ത
നിരവധി വീടുകള്‍ ഞങ്ങള്‍ക്ക്
കാണാന്‍ കാണാന്‍ കഴിഞ്ഞു.
ജീവനുംകൊണ്ട് പാലായനം
ചെയ്തവര്‍.. ഒരു
വ്യവസായസ്ഥാപനം ഒരു ഗ്രാമത്തെ
ഒഴിപ്പിച്ചെടുക്കുന്നതെങ്ങിനെയെ ന്ന്
ഞങ്ങള്‍ക്ക് കാണാന്‍ പറ്റി.
“ഇവിടെയാണ്
മാലിന്യക്കുഴല്‍ തുറക്കുന്നത്.”
ചാലക്കുടിപ്പുഴയിലേക്ക്
മൂന്നടി വ്യാസമുള്ള മാലിന്യക്കുഴല്‍
തുറക്കുന്ന ഭാഗം സന്തോഷ്
ഞങ്ങള്‍ക്ക് കാണിച്ചുതന്നു.
വെള്ളം കറുത്ത്
കൊഴുത്തു പരക്കുന്നു.
“മഴക്കാലമായതുകൊണ്ട്
ജലനിരപ്പുയര്‍ന്നതിനാല്‍
മനസ്സിലാവാഞ്ഞിട്ടാണ്.
വേനല്‍ക്കാലത്തുവന്നാല്‍
ഇതിന്റെ യഥാര്‍ത്ഥ മുഖം
കാണാന്‍ സാധിക്കും. പുഴമുഴുവന്‍
വെഴുത്തു പാടപോലെ കമ്പനി
മാലിന്യം മൂടിക്കിടക്കും.”
സന്തോഷ് പറയുന്നു.
“ഞങ്ങളുടെ
കിണറുകളും അതുപോലെത്തന്നെയാണ്.
വെള്ളം കുടിക്കാന്‍
പറ്റണമെങ്കില്‍ കോരിവച്ച്
മാലിന്യപ്പൊടിയൊക്കെ
അടിത്തട്ടിലേക്ക് ഊറിയതിനുശേഷം
മുകളിലത്തെ തെളിഞ്ഞവെള്ളമെടുത്ത്
തിളപ്പിച്ചുമാത്രമേ കുടിക്കാന്‍
പറ്റൂ.”
വിഷം
കലര്‍ന്ന കിണര്‍വെള്ളം
കുടിക്കേണ്ടിവരുന്ന ജനങ്ങളുടെ
നിസ്സഹായാവസ്ഥ കണ്ണുനനയിപ്പിക്കുന്നതാണ്.
മനംപുരട്ടലുണ്ടാക്കുന്നതും.
“നേരത്തെ
ഈ പുഴയില്‍ കരമനക്കാവ്
ക്ഷേത്രത്തില്‍നിന്നും
പൂരത്തിന്റെ ഭാഗമായി
ആറാട്ടുണ്ടാവാറുണ്ടായിരുന്നു.
ഇപ്പോള്‍ ആറാട്ടുപോയിട്ട്
ആടിനെപ്പോലും ഈ പുഴയിലിറക്കാന്‍
പറ്റില്ല. ചടങ്ങിന്
പുഴക്കരയില്‍ നിന്ന് ചെണ്ടയും
കൊട്ടി തിരിച്ചുപോവും.
പുഴയെക്കാണാന്‍
ഇപ്പോള്‍ ഞങ്ങള്‍ക്ക്
വെറുപ്പാണ്.”
പുഴയില്‍തള്ളുന്ന
മാലിന്യത്തിന്റെ ഭീകരത
സന്തോഷിന്റെ വാക്കുകളില്‍
വ്യക്തമാവുന്നു. ഇവിടെ
നിന്നാണ് കമ്പനി ജലമൂറ്റുന്നത്.
പുഴയുടെ കുറച്ച്
മുകള്‍ ഭാഗത്തുനിന്നും
കമ്പനിയിലേക്ക് ജലമൂറ്റിയെടുക്കുന്ന
പമ്പ് ഹൈസ് സന്തോഷ് കാണിച്ചുതന്നു.
“ദിവസേന
രണ്ടുകോടി ലിറ്റര്‍ വെള്ളമാണ്
കമ്പനി ഊറ്റിയെടുക്കുന്നത്.
ലിറ്ററിന് ഒരു രൂപ
കണക്കാക്കിയാല്‍ത്തന്നെ
(നമ്മള്‍ കടയില്‍നിന്നും
വെള്ളം വാങ്ങുമ്പോള്‍ ലിറ്ററിന്
പതിനഞ്ച് രൂപ കൊടുക്കണം)
ദിവസവും കമ്പനി
രണ്ടുകോടു രൂപ സര്‍ക്കാരില്‍
കെട്ടണം. പക്ഷെ
ഒരു പൈസപോലും കൊടുക്കുന്നില്ലായെന്നതാണ്
യാഥാര്‍ത്ഥ്യം. പഞ്ചായത്തിന്റെ
അനുമതിയില്ലാതെ നടത്തുന്ന
ഈ ജലമൂറ്റല്‍ തടയാന്‍ പോലും
ഗവണ്‍മെന്റിന് സാധിക്കുന്നില്ല.”
“വെള്ളത്തിന്
ലിറ്ററിന് 30 പൈസ
വച്ച് സര്‍ക്കാരില്‍
അടക്കുന്നുണ്ടെന്നായിരുന്നു
കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നത്.
പക്ഷെ വിവരാവകാശനിയമപ്രകാരം
ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍
കമ്പനിയുടെ കള്ളം പൊളിഞ്ഞത്.
ഒരു പൈസപോലും
ഇത്രനാളായിട്ടും കമ്പനി
അടച്ചിട്ടില്ല.” - സന്തോഷ്
പറയുന്നു.
കോണ്‍ഗ്രസ്
ആണ് കാതിക്കുടം ഉള്‍പ്പെടുന്ന
കാടുകുറ്റിപഞ്ചായത്ത്
ഭരിക്കുന്നത്. കോണ്‍ഗ്രസ്
പ്രതിനിധിയായ ഡേസി ഫ്രാന്‍സിസ്
ആണ് പഞ്ചായത്ത് പ്രസിഡണ്ട്.
കമ്പനി നിലനില്‍ക്കുന്ന
വാര്‍ഡായ ഒന്‍പതാം വാര്‍ഡിനെ
പ്രതിനിധീകരിക്കുന്നത്
ആക്ഷന്‍കൗണ്‍സില്‍ പ്രതിനിധിയായ
ഷെര്‍ലി പോള്‍ ആണ്. പഞ്ചായത്ത്
സര്‍വ്വവിധ പിന്തുണയുമായി
സമരത്തോടൊപ്പമുണ്ട്. മുമ്പ്
കനകക്കുടമായിരുന്ന കാതിക്കുടത്തെ
കാളകൂടമാക്കിമാറ്റിയ കമ്പനിയെ
കെട്ടുകെട്ടിക്കാനുള്ള
ശ്രമത്തിലാണ് പ്രതീക്ഷകൈവെടിയാതെ
നാട്ടുകാര്‍. പക്ഷെ
അവര്‍ ദുര്‍ബ്ബലരാണ്.
സമരത്തിനാവശ്യമായ
ധനശേഷിയും സംഘടനാശേഷിയും
അവര്‍ക്കില്ല. പ്രധാന
രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ
നേതാക്കളുടെയോ പിന്തുണയില്ല.
കേരളത്തിന്റെ
പൊതുമനസ്സ് നിറ്റാജലാറ്റിന്‍
കമ്പനിയുടെ കാട്ടാളത്തിനെതിരെ
ഉണര്‍ന്നേ മതിയാവൂ.. പക്ഷെ
മാധ്യമങ്ങള്‍ ജനമനസ്സുണര്‍ത്താന്‍
മെനക്കെടുന്നില്ല. അവര്‍ക്ക്
സരിതയുടെ സാരിയുടെ നിറവും,
ശാലുമേനോന്റെ
ശാലീനതയും, തെറ്റയിലിന്റെ
തെറ്റുകളുമൊക്കെയാണ് കാര്യം.
അതു പ്രക്ഷേപണം
ചെയ്യാന്‍തന്നെ അവര്‍ക്ക്
സമയം കിട്ടുന്നില്ലത്രേ!
പിന്നെയാണ് ഇവിടെ
ചാവാന്‍കിടക്കുന്ന ഗ്രാമവാസികളുടെ
കാര്യം.
കാതിക്കുടത്തെ
രക്ഷിക്കാന്‍ മുഴുവന്‍
ബ്ലോഗര്‍മാരുടെയും ധാര്‍മ്മികപിന്തുണ
ആവശ്യമാണ്. കാതിക്കടത്തെക്കുറിച്ച്
സാഹിത്യസൃഷ്ടികള്‍ രചിച്ചും,
പ്രചരിപ്പിച്ചും,
പറ്റിയാല്‍ ഒരു
ബ്ലോഗേഴ്സ് സമ്മിറ്റ്
കാതിക്കുടത്ത് സംഘടിപ്പിച്ച്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും
അതിജീവനത്തിനായി സഹനസമരം
ചെയ്യുന്ന ജനതയെ സഹായിക്കണമെന്ന്
എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു.
--