എ.വി. ചന്ദ്രൻ
തെങ്ങുകൾ ചൊല്ലുന്നിതിപ്പോഴും സസ്മിതം:
"പൊന്മലനാടിന്റെ മക്കളേ, കേൾക്കുവിൻ.
ഞങ്ങളെയാവോളം ഓമനിച്ചീടാനും
ഞങ്ങളെ നന്നായി പാലിക്കാനും
എന്നും മനസ്സുവച്ചീടുകിൽ നിർണ്ണയം
വന്നിടും നിങ്ങൾക്കു സൗഭാഗ്യങ്ങൾ!
കൽപതരുക്കളാം ഞങ്ങളീ നാടിന്റെ
സൽപേരിനെന്നും നിദാനമാകുന്നവർ.
മാവേലി നാടിൻ മികവ് കാത്തീടുന്നു
മാനിനീരത്നങ്ങളായി മേവുന്നവർ.
ഞങ്ങളെ വെട്ടിമുറിക്കാതെ മക്കളേ
ഞങ്ങളെയൊട്ടും വെറുക്കാതെ മക്കളേ
ഞങ്ങളെന്നും തണലായിടും നിങ്ങൾക്കു
ഞങ്ങൾക്ക് സ്നേഹവും രക്ഷയുമേകുകിൽ".
തെങ്ങുകൾ ചൊല്ലുമീ വാക്കുകൾ കേൾക്കുവാൻ
നമ്മൾക്കൊരിത്തിരി നേരമുണ്ടാകുമോ?
റിട്ട. ടീച്ചർ, കല്യാശ്ശേരി-കണ്ണപുരം, പി.ഒ., ചെറുകുന്ന്, കണ്ണൂർ