പ്രമോദ് പുനലൂർ
നേർവരയെന്നുതോന്നും മായയാണിത്.
അഴിയാക്കുരുക്കുകൾ ഒന്നൊന്നായി-
നിവർന്നു വരികയാണ്
ഭൂപടങ്ങൾക്കു മീതെയാണ് നടത്തം.
വേഗവും കാലവും ഒച്ചയടക്കി ഉൾവലിഞ്ഞതുകൊണ്ടാണ്
ചിലർ അങ്ങനെ വിളിച്ചതു
കർമ്മഫലം എന്നെയാണ് ചുമന്നത്
ഒരു വൃത്തം വരച്ചു പൂർത്തിയാക്കേണ്ടത്
എന്റെ വിധിയല്ല.
കലി അകാലത്തിൽ വന്നെന്റെ മുന്നിൽപ്പെട്ടു
എന്റെ കൊമ്പുകളാണ് കുടക്കല്ലുകളായത്
ശിലയലിഞ്ഞാൽ ഞാനാവുകയുമില്ല
വാരിയെടുത്താലും കമ്മ്യൂണിസ്റ്റുപച്ചയുമല്ല
നിഴലിന്റെ പരാതിപോലുള്ള ചില
ശബ്ദങ്ങളെ ചിലപ്പോൾ ഇഷ്ടവുമാണ്.