22 Sept 2013

കുലപതികൾ/13




സണ്ണി തായങ്കരി 


അമ്മയായ സാറായുടെ ഓർമ്മകളിൽനിന്ന്‌ മുക്തനാകാൻ എത്ര ശ്രമിച്ചിട്ടും ഇസഹാക്കിന്‌ കഴിഞ്ഞില്ല. അവൻ കാനാനിലെ പിതാവിന്റെ കൂടാരത്തിൽനിന്ന്‌ യാത്രതിരിച്ച്‌ അലഞ്ഞുതിരിഞ്ഞ്‌ ബേർലഹായ്‌റോയിലെത്തി. അവിടെ ആലോചനാനിമഗ്നനായി ദിവസങ്ങൾ കഴിച്ചുകൂട്ടി. മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ വൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു, അവൻ.
വിശപ്പ്‌ അസഹ്യമായി അനുഭവപ്പെട്ടുതുടങ്ങി. ഭക്ഷിക്കാൻ കൈവശമൊന്നുമില്ലെന്ന കാര്യം അപ്പോഴാണ്‌ അവൻ ഓർത്തത്‌. പെട്ടെന്ന്‌ ഒരു ആട്ടിൻകുട്ടിയുടെ കരച്ചിൽകേട്ടു. ഉത്ക്കണ്ഠയോടെ മിഴികളുയർത്തുമ്പോൾ തൊട്ടരുകിൽ ഒരു മുട്ടാട്‌...! പണ്ട്‌ മോറിയാദേശത്തെ യാഹ്‌വെയിരെ മലമുകളിൽ തനിക്കുപകരം ദഹനബലിയായ, മുൾപ്പടർപ്പിൽ കൊമ്പുടക്കികിടന്ന മുട്ടാടിന്റെ മുഖമാണ്‌ അതിനെന്ന്‌ അവനുതോന്നി. സമീപം ഒരു തോൽക്കുടവും ഉണ്ടായിരുന്നു!
ഇസഹാക്ക്‌ ആട്ടിൻകുട്ടിയെ അറുത്തു. വൃക്ഷച്ചുവട്ടിൽ തീകൂട്ടി അത്‌ പാകംചെയ്തു. അന്നുവരെ ഭക്ഷിച്ചിട്ടുള്ളതിൽവച്ച്‌ ഏറ്റവും രുചികരമാണ്‌ അതെന്ന്‌ അവനുതോന്നി. തോൽക്കുടത്തിലെ വെള്ളം അമൃതംപോലെ തോന്നിച്ചു. അത്‌ വീഞ്ഞാണെന്ന്‌ പിന്നീടാണ്‌ അവന്‌ മനസ്സിലായത്‌.
ഭക്ഷിച്ച്‌ തൃപ്തനായപ്പോൾ അവൻ കൂടാരത്തിലേയ്ക്ക്‌ നടക്കാൻ ശ്രമിച്ചു. പക്ഷേ, സ്വയം നടക്കാൻ കഴിഞ്ഞില്ല. വീഞ്ഞിന്റെ ലഹരി തലക്ക്‌ പിടിച്ചിരുന്നു. വേച്ചുപോയ അവന്റെ കരംപിടിച്ച്‌ ആരോ ഒരാൾ ഒപ്പം നടന്നു. കൂടാരത്തിലെത്തിയപ്പോൾ ഇസഹാക്കിന്‌ സുബോധമുണ്ടായി. ആരാണ്‌ തന്നെ കൂടാരത്തിലെത്തിച്ചതെന്നറിയാൻ നാലുപാടും തെരഞ്ഞെങ്കിലും ആരേയും കാണാനായില്ല.
ഉറക്കത്തിൽ ദൂതൻ അവന്‌ പ്രത്യക്ഷണായി.
"ഇസഹാക്ക്‌..."
"പ്രഭോ... അടിയൻ..."
"പ്രഭാതത്തിൽ നീ ബേർലഹായ്‌റോയ്‌വിട്ട്‌ നേഗബിലേയ്ക്കു പോകുക. അവിടെവച്ച്‌ നിന്റെ ജീവിതം ഗതിമാറ്റപ്പെടും."
ഉറക്കത്തിൽനിന്ന്‌ അവനുണർന്നു. സ്വപ്നത്തിന്റെ പൊരുളെന്തെന്ന്‌ ആലോചിച്ച്‌ പ്രഭാതംവരെ കഴിച്ചുകൂട്ടി. ദൂതന്റെ നിർദേശപ്രകാരം പുലർച്ചെതന്നെ ഇസഹാക്ക്‌ കഴുതയേയുംകൂട്ടി നേഗബിലേയ്ക്ക്‌ യാത്രയായി. യാത്രയിലുടനീളം കഴിഞ്ഞ രാത്രിയിൽ ദൂതൻ തന്നോട്‌ നിർദേശിച്ചതിനെപ്പറ്റിയായിരുന്
നു അവൻ ചിന്തിച്ചതു.
നേഗബിൽ എത്തിയിട്ടും ഇസഹാക്ക്‌ അസ്വസ്ഥനായിരുന്നു. അവൻ ഗോതമ്പ്‌ വയലിലൂടെ ലക്ഷ്യമില്ലാതെ നടന്നു. നടന്നുക്ഷീണിച്ചപ്പോൾ വൃക്ഷത്തണലിൽ ഇരുന്നു. വീണ്ടും കൂടാരത്തിലേയ്ക്ക്‌... എങ്ങും ഏറെനേരം ഉറച്ചിരിക്കാനോ വിശ്രമിക്കാനോ അവന്‌ കഴിഞ്ഞില്ല.
ചിന്താനിമഗ്ധനായി വയലിലൂടെ നടക്കുമ്പോൾ ദൂരെനിന്ന്‌ ഒട്ടകക്കൂട്ടങ്ങൾ വരുന്നതുകണ്ടു. ചെറിയ പൊട്ടുപോലെ മാത്രമേ ആദ്യം ദൃശ്യമായുള്ളു. സാവധാനം രൂപം വ്യക്തമാകവേ, അശുഭചിന്തകൾ അവനെ കീഴടക്കി. നേഗബിലെ കൃഷിഭൂമി പിടിച്ചെടുക്കാൻ ജ്യേഷ്ഠനായ ഇസ്മായേൽ അനുയായികളുമായി വരികയാണെന്നാണ്‌ തോന്നിയത്‌. പിതാവിനോടുള്ള പകമുഴുൻ അയാൾ തീർക്കുക അനന്തരവകാശിയായി കർത്താവ്‌ തെരഞ്ഞെടുത്ത തന്നോടാവും. കൊല്ലാനും അയാൾ മടിച്ചേക്കില്ല. അത്രയ്ക്ക്‌ പകയുണ്ട്‌ തന്നോട്‌. സഹോദരഹത്യയിലൂടെ കളങ്കമേറ്റ ചരിത്രമാണല്ലോ മുൻതലമുറയ്ക്കുള്ളത്‌. എന്തുചെയ്യണമെന്നറിയാതെ പകച്ച്‌ ഇസഹാക്ക്‌ വയൽ വരമ്പിൽതന്നെനിന്നു.
ഒട്ടകക്കൂട്ടം കുറെക്കൂടി അടുത്തപ്പോൾ അത്‌ ഇസ്മായേലിന്റെ ആൾക്കാരല്ലെന്ന്‌ ബോധ്യമായി. ശ്വാസം നേരെവീണു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ നോക്കുമ്പോൾ അതാ ഒട്ടകപ്പുറത്തുനിന്ന്‌ ഒരു സ്ത്രീ ഇറങ്ങുന്നു! കേവലമായ ജിജ്ഞാസയോടെ അവൻ മുമ്പോട്ട്‌ ചുവടുകൾവച്ചു.
റെബേക്കാ ഏലിയേസറിന്റെ ഒട്ടകത്തിന്റെ സമീപമെത്തി ചോദിച്ചു-
"അതാരാണ്‌ വയലിലൂടെ നടന്നുവരുന്നത്‌?"
"അത്‌ എന്റെ യജമാനപുത്രൻ ഇസഹാക്കാണ്‌. റെബേക്കയുടെ വരൻ."
 അവൾ ശിരോവസ്ത്രംകൊണ്ട്‌ മുഖം മറച്ചു. ആ കവിളുകൾ ചുവന്നു. നാണിച്ച്‌ അവൾ അവിടെത്തന്നെ നിന്നതേയുള്ളു.
ഏലിയേസർ ഒട്ടകപ്പുറത്തുനിന്ന്‌ ഇറങ്ങി. മുന്നോട്ടുചെന്ന്‌ ഇസഹാക്കിനെ നമസ്കരിച്ചു. ഏലിയേസർ നടന്ന കാര്യങ്ങളെല്ലാം അയാളെ ധരിപ്പിച്ചു.
കർത്താവ്‌ തനിക്കായി തെരഞ്ഞെടുത്ത പെണ്ണാണ്‌ വയൽവരമ്പിൽ നിൽക്കുന്നതെന്നഅറിവ്‌ അവനിൽ അതുവരെയില്ലാത്ത ഒരുണർവ്വ്‌ നിറച്ചു. തന്റെ ഏകാന്തജീവിതത്തിലേക്ക്‌ പ്രത്യാശയുടെയും പ്രകാശത്തിന്റെയും നിറകുംഭവുമേന്തി ഒരുവൾ കടന്നുവരുന്നുവേന്ന ബോധം മറ്റെല്ലാ അശുഭചിന്തകളെയും നിർവീര്യമാക്കി. ഇസഹാക്ക്‌ ഓടി റെബേക്കയുടെ അടുത്തെത്തി.
"റെബേക്കാ..." അവന്റെ സ്വരത്തിൽ പ്രേമം പൂത്തുലഞ്ഞു. അവൾ ശിരസ്സുയർത്തിയില്ല. കടമിഴികളാൽ ഒരു നോട്ടമെറിയുകമാത്രം ചെയ്തു.
ഇസഹാക്ക്‌ അവളുടെ കരം സ്പർശിച്ചു. അവൾ പുളകിതയായി. 
"കർത്താവായ ദൈവം എനിക്കായി കരുതി വളർത്തിയ എന്റെ പെണ്ണ്‌..." നാണത്തിൽ കൂമ്പിയ മിഴികളിൽനോക്കി വാചാലമായ നിശബ്ദതയിലൂടെ അവൻ പ്രഖ്യാപിച്ചു.
റെബേക്കയെ തന്നോട്‌ ചേർത്തുപിടിച്ചുകൊണ്ട്‌ അവൻ ഏലിയേസറിന്റെ സമീപത്തേയ്ക്ക്‌ നടന്നു.
"എനിക്കുവേണ്ടി വധുവിനെ കണ്ടെത്തി കൂട്ടിക്കൊണ്ടുവന്ന നിങ്ങൾ വലിയ കാര്യമാണ്‌ ചെയ്തത്‌. ദയവായി അവളുടെ തോഴിമാരുമായി മക്പലായിലേക്ക്‌ വരിക. എന്റെ അമ്മയുടെ കല്ലാര്റയിൽവച്ച്‌ ഞാനിവളെ ഭാര്യയായി സ്വീകരിക്കട്ടെ..."
ഏലിയേസർ തലയാട്ടി. മുമ്പിൽ കഴുതപ്പുറത്ത്‌ ഇസഹാക്കും റെബേക്കയും സഞ്ചരിച്ചു. പുറകിൽ ഒട്ടകങ്ങളും.
മക്പലായിലെ സാറായുടെ കല്ലാര്റയ്ക്കുമുന്നിൽ ഇസഹാക്കും റെബേക്കയും തൊഴുകൈകളോടെ നിന്നു. അമ്മയുടെ ഓർമയിൽ ഇസഹാക്ക്‌ നിയന്ത്രണംവിട്ട്‌ കരഞ്ഞു. റെബേക്കയ്ക്ക്‌ അവനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. അപരിചിതത്വം അവർക്കിടയിൽ ഒരു വിടവ്‌ അവശേഷിപ്പിച്ചിരുന്നു.
ഒരു കുളിർതെന്നൽ അവരെ തലോടി കടന്നുപോയി. അത്‌ അവർക്കിടയിലുണ്ടായിരുന്ന അപരിചിതത്വത്തിന്റെ അദൃശ്യതിരശ്ശീലയെയും പറത്തിക്കൊണ്ടുപോയി. അവർ ഏക ശരീരവും മനസ്സുമായിമാറി. സാറായുടെ കൈകളാണ്‌ അവരുടെ ശിരസ്സിൽ അനുഗ്രഹത്തിന്റെ കുളിർകാറ്റായി തലോടിയതെന്ന്‌ ഇസഹാക്ക്‌ തിരിച്ചറിഞ്ഞു.
ഇസഹാക്ക്‌ തന്റെ ഭാര്യ റെബേക്കയും തോഴിമാരും ഭൃത്യന്മാരുമായി അബ്രാഹത്തിന്റെ ഭവനത്തിലേക്ക്‌ യാത്രയായി.
അവർ ഭവനത്തിൽ എത്തുമ്പോൾ പ്രഭാതമായിരുന്നു. കൊയ്ത്തുകഴിഞ്ഞ ഗോതമ്പ്‌ വയലിൽ അടിമകൾ നിലം ഉഴുതുകൊണ്ടിരുന്നു. ഇസഹാക്കും റെബേക്കയും എത്തിയെന്നറിഞ്ഞ്‌ വയലിൽനിന്ന്‌ അബ്രാഹം തിടുക്കത്തിൽ ഭവനത്തിലേയ്ക്ക്‌ നടന്നു. അപ്പോഴേയ്ക്കും അവർ എതിരെ ചെന്നു. റെബേക്കാ ശിരോവസ്ത്രംകൊണ്ട്‌ മുഖം മറച്ചിരുന്നു. അവൾ അബ്രാഹത്തിന്റെ പാദങ്ങൾ തൊട്ടുവന്ദിച്ചു. അദ്ദേഹം അവളെ പിടിച്ചെഴുന്നേൽപിച്ച്‌ മൂർധാവിൽ ചുംബിച്ചു.
"നീ എന്റെ സഹോദരപുത്രൻ ബത്തുവേലിന്റെ മകളാണ്‌, റെബേക്കാ..."
അവൾ അതേയെന്ന്‌ തലയാട്ടി. രണ്ടുപേരെയും കൂട്ടിച്ചേർത്തുകൊണ്ട്‌ അബ്രാഹം അവരെ അനുഗ്രഹിച്ചു.
"എന്റെ മകൻ ഇസഹാക്കിന്‌ നീ ഭാര്യയായിരിക്കുക. മരണം നിങ്ങളെ വേർപെടുത്തുവോളം പരസ്പരം തുണയായിരിക്കുക."
അബ്രാഹം ഭവനത്തിലുള്ളവർക്കും ചാർച്ചക്കാർക്കുമായി ഒരു വിരുന്നൊരുക്കി. വീഞ്ഞുകുടിച്ച്‌ മദോന്മത്തനായി ഇരിക്കുന്ന അബ്രാഹത്തിന്റെ അടുത്തേയ്ക്ക്‌ ഏലിയേസർ കടന്നുചെന്നു.
"ദൈവം എന്നെ വളരെയധികം അനുഗ്രഹിച്ചു. എന്റെ ആഗ്രഹപ്രകാരം പിതൃഭവനത്തിൽനിന്ന്‌ ഒരു പെൺകുട്ടിയെ ഇസഹാക്കിന്‌ ഭാര്യയായി കിട്ടി. ഇപ്പോൾ ഞാൻ സന്തോഷവാനാണ്‌."
"അതേ യജമാനനേ. അങ്ങയുടെ ദൈവം കാരുണ്യവാനാണ്‌."
"എന്റെ അനുവാദം ചോദിക്കാതെ കടിഞ്ഞൂൽപുത്രൻ ആ നെറികെട്ടവരിൽ ഒരുവളെ ഭാര്യയായി സ്വീകരിച്ചു." അബ്രാഹം പുലമ്പി. ഏലിയേസർ നിശ്ശബ്ദം നിന്നതേയുള്ളു.
"എന്റെ സകല സമ്പത്തിന്റെയും അവകാശി ഇസഹാക്കും റെബേക്കയും അവർക്കു ജനിക്കുന്ന മക്കളുമാണ്‌. അവരെന്നും ഈ ഭവനത്തിൽ എനിക്കു തുണയായി ഉണ്ടാകും."
"പക്ഷേ... പ്രഭോ..."
"എന്താണ്‌?" വീഞ്ഞിന്റെ ലഹരിയിൽ അടഞ്ഞുപോയ മിഴികൾ ശ്രമപ്പെട്ടുതുറന്നു,അബ്രാഹം.
"ഇസഹാക്കും റെബേക്കയും ബേർലഹായ്‌റോയിലേക്ക്‌ താമസം മാറ്റുകയാണത്രെ..."
"ങേഹേ...?" ഒരു ഞെട്ടലോടെയാണ്‌ അദ്ദേഹമത്‌ കേട്ടത്‌.
"ബേർലഹായ്‌റോയിലെ വയലുകൾ ഗോതമ്പും ചോളവും വിളഞ്ഞ്‌ കൊയ്ത്തിനുപാകമായല്ലോ. ഇത്തവണ കേമമായ വിളവുമാണ്‌."
"അത്‌ കർത്താവിന്റെ അനുഗ്രഹമല്ലേ...?"
"അതെ. ഹാഗാറിന്‌ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്‌ നീരുറവ കാട്ടിക്കൊടുത്ത ബേർലഹായ്‌റോയ്‌ ഇസ്മായേലിന്‌ അവകാശപ്പെട്ടതാണെന്നും അത്‌ പിടിച്ചടക്കാൻ അവൻ ആളെക്കൂട്ടി എത്തുമെന്നും ഇസഹാക്ക്‌ ഭയപ്പെടുന്നു."
വീഞ്ഞിന്റെ ലഹരി ഒന്നോടെ ഇറങ്ങിപ്പോയതുപോലെ! അബ്രാഹം പിടഞ്ഞെഴുന്നേറ്റു.
"എന്നാരു പറഞ്ഞു...?"
"അങ്ങനെ ഒരു കിംവദന്തി ഉണ്ടായി. ജ്യേഷ്ഠാനുജന്മാരെ തെറ്റിക്കാൻ ഏതോ കുബുദ്ധികൾ മെനഞ്ഞുണ്ടാക്കിയതാണ്‌. ഇസഹാക്ക്‌ അതിൽ വീഴുകയും ചെയ്തു."
"കടിഞ്ഞൂൽപുത്രാവകാശം കൊടുക്കാമെന്ന്‌ അറിയിക്കാനാണ്‌ പോയത്‌. അതിനുള്ള അവസരംപോലും തന്നില്ല. തടഞ്ഞുവയ്ക്കുകയോ തടവിലാക്കുകയോ ചെയ്യാമായിരുന്നു. അതും ഉണ്ടായില്ല. അതിനർഥം എന്റേതായ ഒന്നും അവന്‌ വേണ്ടെന്നല്ലേ...?"
"അതേ പ്രഭോ... അതാണ്‌ ശരിയെന്നാണ്‌ അടിയനും തോന്നുന്നത്‌."
"ഇല്ല. ഇസ്മായേൽ അങ്ങനെ ചെയ്യില്ല... ചെയ്യില്ല." പിറുപിറുത്തുകൊണ്ട്‌ അബ്രാഹം കിടക്കയിൽ ഇരുന്നു. ഏലിയേസർ തിരിഞ്ഞുനടക്കുമ്പോൾ കേട്ടു-
"ഞാൻ വീണ്ടും ഈ കൂടാരത്തിൽ ഏകനായി മാറും അല്ലേ?" യജമാനന്റെ വാക്കുകളിലെ വിറയൽ ഏലിയേസർ തിരിച്ചറിഞ്ഞു. തിരിഞ്ഞുനിന്നെങ്കിലും ആ മുഖത്തേക്ക്‌ നോക്കാനോ ഉത്തരം നൽകാനോ അയാൾക്കായില്ല.
ഏതാനും ദിവസങ്ങൾക്കുശേഷം ഇസഹാക്കും റെബേക്കയും ബേർലഹായ്‌റോയിലേക്ക്‌ യാത്ര തിരിച്ചു. അവരോടൊപ്പം തോഴിമാരും ഭൃത്യന്മാരും അനേകം കന്നുകാലികളും ഉണ്ടായിരുന്നു.
തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...